വികൃതിക്കുട്ടികൾ!

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

കുട്ടികളാകുമ്പോൾ അൽപം വികൃതിയും കുസൃതിയുമൊക്കെ സ്വാഭാവികമാണ്. എന്നാൽ അപൂർവം ചില കുട്ടികളിൽ അമിതമായ വികൃതി കണ്ടുവരുന്നു. ഇതിനെ ADHD (Attention Deficit Hyperactivity Disorder) എന്നാണ് വൈദ്യശാസ്ത്രത്തിൽ പറയുന്നത്. എങ്ങനെയാണ് നമുക്ക് കുട്ടികളിൽ കണ്ടുവരുന്ന ഈ അവസ്ഥ തിരിച്ചറിയാനാവുക?

നമ്മുടെ വികാരം, ചലനം, ശ്രദ്ധ തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്ന Dopamine, Norepinephrine എന്നീ രാസപദാർഥങ്ങളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം സാരമായ ശ്രദ്ധക്കുറവും കൂടെ അമിതമായ വികൃതി, എടുത്തുചാട്ടം എന്നിവയും ഒന്നിച്ചു കാണുമ്പോഴാണ് അതിനെ ADHD ആയി കണക്കാക്കുന്നത്. കുട്ടികളിലാണ് ഇത് സാധാരണയായി കണ്ടുവരാറുള്ളതെങ്കിലും അപൂർവമായി ചിലരിൽ ഇത് യൗവനത്തിലും തുടരുന്നതായി കണ്ടുവരുന്നു.

കാരണങ്ങൾ

പാരമ്പര്യം: കുട്ടിയുടെ മാതാപിതാക്കളിൽ ആർക്കെങ്കിലും ഇത്തരം ഒരു അവസ്ഥയുണ്ടായിരുന്നെങ്കിൽ മക്കളിലും കാണാനുള്ള സാധ്യത ഏറെയാണ്. ഗർഭാവസ്ഥയിൽ മാതാവ് പുകവലിക്കുന്നതും മദ്യപിക്കുന്നതും കുട്ടികളിൽ ADHD ഉണ്ടാകാൻ കാരണമാകുന്നു. മാസം തികയാതെയുള്ള പ്രസവവും ചിലപ്പോൾ കുട്ടികളിൽ ഇത് ഉണ്ടാകാൻ ഇടയാക്കുന്നു

ലക്ഷണങ്ങൾ

ഏകദേശം 3-4 വയസ്സുമുതൽ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങാറുണ്ടെങ്കിലും സ്‌കൂളിൽ പോയിത്തുടങ്ങുമ്പോഴാണ് സാധാരണയായി കൂടുതൽ ലക്ഷണങ്ങൾ തിരിച്ചറിയപ്പെടുന്നത്. സ്‌കൂളിലും വീട്ടിലുമെല്ലാം കാര്യമായ ശ്രദ്ധക്കുറവ്, അമിതവികൃതി, എടുത്തുചാട്ടം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണിക്കുമ്പോഴാണ് ഇത് ചികിത്സ ആവശ്യമായി വരുന്ന ഒരു രോഗാവസ്ഥയായി പരിഗണിക്കപ്പെടുന്നത്. പഠനത്തിലും മറ്റുകാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ കുട്ടികൾ പ്രയാസപ്പെടുന്നത് പ്രധാനമായ ഒരു ലക്ഷണമാണ്.

സ്‌കൂളിൽ കൊണ്ടുപോകുന്ന പുസ്തകം, പേന തുടങ്ങിയവ തുടർച്ചയായി നഷ്ടപ്പെടുത്തിക്കളയുന്നത് അവരുടെ ശ്രദ്ധക്കുറവിന്റെ ഭാഗമാണ്. അതോടൊപ്പം അമിതമായ വികൃതി, അടങ്ങിയിരിക്കാതെയുള്ള പെരുമാറ്റം എന്നിവമൂലം ഇത്തരം കുട്ടികൾ പലപ്പോഴും വീഴുന്നതും ഒടിവോ മുറിവോ ഉണ്ടാകുന്നതും പതിവായിരിക്കും. അമിതമായ ആവേശവും എടുത്തുചാട്ടവും കാരണം കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ അവരെ തീർത്തും അക്ഷമരായി കാണാനാകും.

ക്ലാസ്സിൽ അടങ്ങിയിരിക്കുന്നില്ല, മറ്റു കുട്ടികളെ ശല്യം ചെയ്യുന്നു, ചോദ്യം മുഴുവനായി കേൾക്കാതെ അല്ലെങ്കിൽ ചോദ്യം ശ്രദ്ധിക്കാതെ ഉത്തരം പറയാൻ ധൃതി കാണിക്കുന്നു, സ്ഥലകാല ബോധമില്ലാതെ പ്രതികരിക്കുന്നു എന്നെല്ലാം ചില കുട്ടികളെക്കുറിച്ച് അധ്യാപകർ പരാതിപ്പെടാൻ കാരണമാകുന്നത് കുട്ടികളിലെ ഇത്തരം ഹൈപ്പർ ഇമ്പൾസിവ് ഡിസോർഡറാണ്.

ചികിത്സ

ADHD ചികിത്സ ആവശ്യമായി വരുന്ന ഒരു രോഗാവസ്ഥയാണ്. കുട്ടിക്ക് മരുന്നുകളും സൈക്കോ തെറാപ്പിയും കൊടുക്കണം. അതോടൊപ്പം കുട്ടിയുടെ മാതാപിതാക്കൾക്ക് കുട്ടിയെ പ്രത്യേകം മാനേജ് ചെയ്യേണ്ട രീതികൾ പഠിപ്പിച്ചുകൊടുക്കലും അനിവാര്യമാണ്. കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകർ കുട്ടിയുടെ രോഗവിവരം അറിഞ്ഞിരിക്കൽ അത്യാവശ്യമാണ്. അതിനനുസരിച്ചുള്ള പ്രത്യേകമായ ശ്രദ്ധയും പരിഗണനയും കുട്ടികൾക്ക് അധ്യാപകരിൽനിന്ന് ലഭിക്കേണ്ടതുണ്ട്.

മറ്റു കുട്ടികളെ അപേക്ഷിച്ച് ഇത്തരം കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുകയും അവർക്ക് എല്ലാ കാര്യങ്ങളും കുറച്ചുകൂടി വ്യക്തമായും ലളിതമായും പറഞ്ഞുകൊടുക്കുകയും ചെയ്യാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കുന്നത് നല്ലതാണ്. അവർക്ക് ഇഷ്ടപ്പെട്ട നല്ല കാര്യങ്ങളിൽ ഏർപ്പെടാൻ അവസരം കൊടുക്കുന്നത് അനാവശ്യമായ കാര്യങ്ങളിൽനിന്ന് വിട്ടു നിൽക്കാൻ അവരെ സഹായിക്കും. മൊബൈൽ ഉപയോഗം ഇത്തരക്കാരിൽ ഉത്കണ്ഠ വർധിപ്പിക്കുകയും അത് ADHD ലക്ഷണങ്ങൾ വർധിക്കാൻ കാരണമാവുകയും ചെയ്യുന്നു. അതിനാൽ മൊബൈൽ ഉപയോഗിക്കുന്ന സമയത്തിൽ നിയന്ത്രണം അനിവാര്യമാണ്.