അഡിനോയിഡ് ഹൈപെർട്രോഫി

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2023 ജനുവരി 28, 1444 റജബ് 5

മൂക്കിന്റെ ഏറ്റവും പുറകിലായി കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് adenoid. Tonsil പോലെത്തന്നെ മൂക്കിലൂടെയും വായയിലൂടെയും ശരീരത്തിലേക്ക് പ്രവേശിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കുകയാണ് adenoidന്റെ ധർമം.

അഡിനോയിഡ് ഹൈപെർട്രോഫി

സാധാരണ അഞ്ച് അല്ലെങ്കിൽ ആറു വയസ്സ് കഴിയുമ്പോൾ മുതൽ adenoid ഗ്രന്ഥി ചുരുങ്ങി വരികയും കൗമാരപ്രായത്തിൽ എത്തുന്നതോടെ പൂർണമായി ചുരുങ്ങിപ്പോവുകയും ചെയ്യുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ചുരുങ്ങിപ്പോകാതിരിക്കുകയും സാധാരണയിൽ കവിഞ്ഞ് വലിപ്പം കൂടിവരികയും ചെയ്യുന്ന അവസ്ഥക്കാണ് adenoid hypertrophy എന്നു പറയുന്നത്.

ബാക്റ്റീരിയൽ / വൈറൽ അണുബാധ കാരണമായും അലർജി സംബന്ധമായും അഡിനോയിഡ് വീക്കം ഉണ്ടാവാറുണ്ട്. Hiv infection, ദഹന സംബന്ധമായ ചില പ്രശ്‌നങ്ങൾ, പുകവലി പോലുള്ളവ മറ്റു ചില കാരണങ്ങളാണ്. കുട്ടികളിലാണ് സാധാരണ ഈ അവസ്ഥ കാണുന്നതെങ്കിലും അപൂർവമായി മുതിർന്നവരിലും കാണാം

ലക്ഷണങ്ങൾ

മൂക്കിന് ഏറ്റവും പുറകിലായിട്ടാണ് adenoid സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ. സാധാരണയിൽ നിന്നും വലിപ്പം കൂടിവരുന്നതിന് അനുസരിച്ച് കുട്ടികളിൽ കണ്ടുവരുന്ന ലക്ഷണം ശ്വാസം എടുക്കാനുള്ള തടസ്സമാണ്. ക്രമേണ വായിലൂടെ ശ്വാസം വലിക്കുക, മൂക്ക് അടഞ്ഞതു പോലുള്ള സംസാരം, കൂർക്കം വലി തുടങ്ങിയ ബുദ്ധിമുട്ടുകൾ കണ്ടുവരുന്നു. കൂടാതെ ചുമ, തലവേദന, ചെവിയിൽ അണുബാധ തുടങ്ങിയ ലക്ഷണങ്ങളും കാണുന്നു.

തുടക്കത്തിൽ വേണ്ട ചികിത്സ ലഭിക്കാത്ത കുട്ടികളിൽ പിന്നീട് ഗൗരവതരമായ ബുദ്ധിമുട്ടുകൾ കണ്ടു വരാറുണ്ട്. തുടരെത്തുടരെ ചെവിയിൽ ഉണ്ടാകുന്ന അണുബാധ കേൾവിക്കുറവിനു കാരണമാവുകയും അത് സംസാരത്തെയും പഠനത്തെയും ബാധിക്കുകയും ചെയ്യുന്നു.

മുഖത്തിന്റെ ആകൃതിയിൽ വരുന്ന മാറ്റം മറ്റൊരു സങ്കീർണതയാണ്. ശ്വാസോച്ഛ്വാസത്തിൽ വരുന്ന തടസ്സങ്ങൾ കാരണം ഉറക്കത്തിൽ വരുന്ന തകരാറുകൾ കുട്ടികളിൽ തലച്ചോറിന്റെ വികാസത്തെ സാരമായി ബാധിക്കുന്നു. കൂടാതെ സ്വഭാവവൈകല്യങ്ങൾ, കിടക്കയിൽ മൂത്രമൊഴിക്കൽ, മാനസിക വൈകല്യങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾക്കും കാരണമാവുന്നു.

ചികിത്സ

വിട്ടുമാറാത്ത ചുമ, മൂക്കടപ്പ്, ചെവിവേദന, കൂർക്കംവലി തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഒരു അംഗീകൃത ആരോഗ്യ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടുക എന്നതാണ് പ്രധാനം.

ശരിയായ പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്ന ഒരു അവസ്ഥയാണ് adenoid hypertrophy അല്ലെങ്കിൽ adenoiditis. ആവശ്യമെങ്കിൽ മാത്രം x-ray imaging ചെയ്യാവുന്നതാണ്.

കൃത്യമായ രോഗനിർണയവും ശരിയായ ചികിത്സയും ലഭ്യമായാൽ adenoidectomy അഥവാ adenoid ഗ്രന്ഥി നീക്കം ചെയ്യുന്ന സർജറി ഇല്ലാതെ, മരുന്നുകൾകൊണ്ട് അസുഖം മാറ്റിയെടുക്കാൻ സാധിക്കും.