മഴക്കാലം പനിക്കാലമോ?

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2023 ജൂലൈ 01 , 1444 ദുൽഹിജ്ജ 13

വേനൽചൂടിന്റെ കാഠിന്യം വിടപറഞ്ഞു. മഴമേഘങ്ങൾ കാത്തുകിടക്കുന്ന ആകാശം നമുക്കേവർക്കും ആശ്വാസമേകുന്ന കാഴ്ചയാണ്. എന്നാൽ അതിനോടൊപ്പം മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ആശങ്കകൾ ചെറുതല്ല.

മഴക്കാലത്തെ ഒരു പനിക്കാലമായിട്ടാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നമുക്ക് കാണാൻ കഴിയുന്നത്. മഴ കനക്കുന്നതിന് മുന്നോടിയായി ഏതാനും ചില മുന്നൊരുക്കങ്ങൾ നാം നടത്തുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് മഴക്കാല രോഗങ്ങളെ ചെറുക്കാനാവും.

മഴക്കാല രോഗങ്ങളെ അവയുടെ ഉൽഭവാടിസ്ഥാനത്തിൽ പ്രധാനമായും നാലായി തരം തിരിക്കാം.

1. കൊതുകുകടിമൂലം ഉണ്ടാകുന്ന രോഗങ്ങൾ.

2. ജലജന്യ രോഗങ്ങൾ.

3. വായുവിലൂടെ പകരുന്ന രോഗങ്ങൾ.

4. മറ്റുള്ളവ.

1. കൊതുകുകടിമൂലം ഉണ്ടാകുന്ന രോഗങ്ങൾ

കൊതുകുകടിമൂലം ഉണ്ടാകുന്ന രോഗങ്ങളിൽ, നമ്മുടെ നാട്ടിൽ വളരെ പെട്ടെന്ന് പടർന്നുപിടിക്കുന്നതായി കാണുന്ന പ്രധാനപ്പെട്ട രണ്ട് രോഗങ്ങളാണ് ഡെങ്കിപ്പനിയും ചികൻ ഗുനിയയും.

ഇവയെ പ്രതിരോധിക്കാനായി നാം ചെയ്യേണ്ട പ്രധാന കാര്യം കൊതുകുകളെ പെരുകാൻ അനുവദിക്കാതിരിക്കുക എന്നതാണ്. ഓരോ വീട്ടിലും അതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്.

വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അവ ഒഴിവാക്കുകയും കാട് പിടിച്ചു കിടക്കുന്ന ചുറ്റുപാട് വൃത്തിയാക്കുകയും ചെയ്യുക.

ജനാലകളിൽ കൊതുകുവല ഉപയോഗിക്കുകയും കൊതുകു കടി ഏൽക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ പോകുമ്പോൾ mosquito repellent ക്രീമുകൾ ഉപയോഗിക്കുക, ശരീരം പരമാവധി മൂടുന്ന വസ്ത്രം ധരിക്കുക എന്നിവയും ചെയ്യാവുന്നതാണ്.

2. ജലജന്യ രോഗങ്ങൾ

മഴക്കാലത്ത് കുടിവെള്ള സ്രോതസ്സുകൾ മലിനമാവാനുള്ള സാധ്യത വളെരെയേറെയാണ്. അതുകൊണ്ട്തന്നെ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളായ കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവ മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു.

കുടിവെള്ള സ്രോതസ്സുകൾ മലിനമാവാതെ സൂക്ഷിക്കാനും പുറത്തുനിന്നുമുള്ള ഭക്ഷണം പരമാവതി ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും ചെയ്യുക. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ നന്നായി കഴുകി എന്നുറപ്പ് വരുത്തുകയും ചെയ്യുക.

3. വായുവിലൂടെ പകരുന്ന രോഗങ്ങൾ

വായുവിലൂടെ പകരുന്ന അസുഖങ്ങൾ പ്രധാനമായും upper respiratory tract infections, COVID, മറ്റു വൈറൽ പനികൾ എന്നിവയാണ്.

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നതും രോഗം ഉള്ളവരുമായി സമ്പർക്കം വരുമ്പോൾ അകലം പാലിക്കുകയും പുറത്ത് പോയി വന്നാൽ കൈകൾ നന്നായി കഴുകുകയുമാണ് ഇത്തരം അസുഖങ്ങളെ പ്രതിരോധിക്കാനുള്ള വഴികൾ.

4. മറ്റുള്ളവ

മറ്റു മഴക്കാല രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് എലിപ്പനി. എലിയുടെ വിസർജ്യം കലർന്ന ചുറ്റുപാടിൽനിന്നും ശരീരത്തിരത്തിലുള്ള മുറിവുകളിലൂടെയാണ് പ്രധാനമായും അണുക്കൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്.

അതുകൊണ്ട് എലികൾ പെരുകും വിധം ഭക്ഷണ പദാർഥങ്ങൾ ചുറ്റുപാടിൽ ഉപേക്ഷിക്കാതെ ശ്രദ്ധിക്കുകയും എന്തെങ്കിലും കാരണവശാൽ മലിനമായ സ്ഥലങ്ങളിൽ ഇടപഴകേണ്ടി വന്നാൽ ഗ്‌ളൗസ്, വലിയ കാലുറകൾ എന്നിവ ധരിക്കുകയും ചെയ്യുക.

മേൽപറഞ്ഞ ഓരോ അസുഖവും വ്യത്യസ്തമായ രോഗലക്ഷണങ്ങൾ ഉള്ളവയായതിനാൽ രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കുകയും അംഗീകൃത ആരോഗ്യ വിദഗ്ധനെ കണ്ട് ചികിത്സ തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ശരിയായ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കുന്നതിലൂടെ മഴക്കാല രോഗങ്ങളിൽനിന്ന് നമുക്ക് മുക്തി നേടാം.