ജീവകങ്ങൾ കുറയുമ്പോൾ

ഡോ. അർഷദ് മുനവ്വർ

2023 മാർച്ച് 11, 1444 ശഅ്ബാൻ 18

ഭാഗം 2

വൈറ്റമിൻ ബി: ഇത് വെള്ളത്തിൽ ലയിക്കുന്നതാണ്. അതുകൊണ്ട് ഇത് ശരീരത്തിൽ അമിതമായി സ്‌റ്റോക്ക് ചെയ്യപ്പെടുകയില്ല. ഗുളിക, ടോണിക്ക് രൂപത്തിൽ ഇത് കൂടുതൽ കഴിച്ചാൽ രക്തത്തിൽ ലയിച്ച് മൂത്രത്തിലൂടെ പുറത്തുപോകും.

Vitamin B Complex എന്ന ജീവകത്തിൽ B1, B2, B4, B6, B11, B12 എന്നിങ്ങനെ പല ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. B1 എന്ന ഘടകത്തെ Thiamine എന്ന് വിളിക്കുന്നു. B1ന്റെ കുറവുകൊണ്ട് ഞരമ്പിനും ഹൃദയത്തിനും ശക്തിക്കുറവു വരാം. ധാന്യങ്ങളുടെ തവിട്, പയറുവർഗങ്ങളുടെയും അണ്ടിപ്പരിപ്പുകളുടെ യും പുറന്തോട് എന്നിവയിലും ഇത് അടങ്ങിയിരിക്കുന്നു. തവിടുകളഞ്ഞ അരി ഉപയോഗിക്കുന്നവർക്ക് ഈ കുറവു വരാം. B2 എന്ന ജീവകത്തെ Ribo Flavin എന്നു പറയുന്നു. പാൽ, പാൽ ഉൽപന്നങ്ങൾ, മുട്ട, കരൾ, പച്ചിലക്കറികൾ, ഗോതമ്പ് എന്നിവയിലാണ് ഇതുള്ളത്. Ribo Flavinന്റെ കുറവുകൊണ്ട് വായ്പ്പുണ്ണ്, ചിരിയുടെ കോണുകളിലും നാക്കിലും പൊട്ടൽ എന്നിവ ഉണ്ടാകാം. അരിയാഹാരം മാത്രം കഴിക്കുന്ന ദക്ഷിണേന്ത്യക്കാരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. എന്നാൽ ഗോതമ്പും പാലും കൂടുതലായി കഴിക്കുന്ന ഉത്തരേന്ത്യക്കാരിൽ ഇതിന്റെ കുറവ് അധികമായില്ല.

B11 എന്ന Folic Acid ഇലക്കറികൾ, പയറുവർഗങ്ങൾ, കരൾ എന്നിവയിൽ അടങ്ങിയിരിക്കുന്നു. കുട്ടികളിലും ഗർഭിണികളിലും കാണുന്ന വിളർച്ചരോഗത്തിന്റെ പ്രധാന കാരണം ഇതിന്റെ കുറവാണ്. ഇരുമ്പിന്റെ കുറവുകൊണ്ടും വിളർച്ച വരും. ഗർഭാവസ്ഥയിൽ തലച്ചോറ്, സ്‌പൈനൽ കോഡ് എന്നിവയുടെ രൂപാന്തരത്തിൽ ഫോളിക് ആസിഡിന്റെ പങ്ക് പ്രധാനമാണ്. തലച്ചോറിന്റെയും പൈനൽ കോഡിന്റെയും അസുഖമുള്ള ഒരു കുഞ്ഞ് ജനിച്ച അമ്മമാർ അടുത്ത ഗർഭത്തിന് മുമ്പ് ഫോളിക് ആസിഡ് ഗുളിക കഴിക്കുന്നത് അടുത്ത കുഞ്ഞിന് ഈ സ്ഥിതി വരാതെ സൂക്ഷിക്കാൻ സഹായിക്കും. ഗർഭിണികൾക്കും കുട്ടികൾക്കും സർക്കാർ ആശുപത്രികളിൽനിന്ന് നൽകുന്ന ഗുളികയിൽ ഇരുമ്പും ഫോളിക് ആസിഡുകളും അടങ്ങിയിരിക്കുന്നു.

വൈറ്റമിൻ സി: ഇത് വെള്ളത്തിൽ ലയിക്കുന്ന ജീവകമാണ്. എല്ലിന്റെ വളർച്ച, മുറിവുകൾ ഉണക്കുന്നതിനുള്ള കഴിവ്, പ്രതിരോധശക്തി എന്നിവയിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു. എല്ലിന് വൈകല്യം, മോണയിൽനിന്ന് രക്തസ്രാവം എന്നിവ ഉൾപ്പെടുന്ന Scurvy രോഗം വൈറ്റമിൻ സിയുടെ അഭാവത്തിൽ ഉണ്ടാകുന്നു. പുളിയുള്ള പഴങ്ങൾ, പയറുവർഗങ്ങൾ എന്നിവയിൽ ഇത് ധാരാളമായുണ്ട്. വൈറ്റമിൻ സി പ്രതിരോധശക്തി കൂട്ടും എന്ന ധാരണയിൽ അമിതമായി കഴിച്ചാൽ മൂത്രത്തിൽ കല്ലുണ്ടാകാൻ സാധ്യതയുണ്ട്.

ജീവകങ്ങളുടെ കുറവു നികത്താൻ ഗുളികകളെയും ടോണിക്കുകളെയും ആശ്രയിക്കുന്നത് ചിലപ്പോൾ വിപരീതഫലം ചെയ്യും. കൊഴുപ്പിൽ ലയിക്കുന്ന ജീവവകങ്ങളുടെ അമിത സ്‌റ്റോക്ക് മൂലം Hyper Vitaminosis എന്ന രോഗാവസ്ഥ വരാനും സാധ്യതയുണ്ട്. അതുകൊണ്ട് ജീവകങ്ങളുടെ ലഭ്യതക്കായി ആഹാരത്തിൽ പലതരം ഘടകങ്ങളും പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറമുള്ള പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുന്നതാണ് നല്ലത്.