വിശ്വാസദാർഢ്യതയുടെ അടയാളം

ഉസ്മാന്‍ പാലക്കാഴി

2022 ഒക്ടോബർ 22, 1444 റബീഉൽ അവ്വൽ 25

അനസി(റ)ൽനിന്ന് നിവേദനം, നബി ﷺ  പറഞ്ഞു: “ആരെങ്കിലും തന്റെ വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ ‘അല്ലാഹുവിന്റെ നാമത്തിൽ. ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചിരിക്കുന്നു. അല്ലാഹുവിൽനിന്നല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല’ എന്നു പറഞ്ഞാൽ (മലക്കുകൾ വഴി) പറയപ്പെടും: ‘നീ സന്മാർഗം പ്രാപിച്ചിരിക്കുന്നു. നീ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.’ പിശാച് അവനിൽനിന്ന് അകന്നു പോകുകയും ചെയ്യും’’ (അബൂദാവൂദ്, തിർമുദി).

ദൈവചിന്തയാൽ സജീവമായിരിക്കണം വിശ്വാസിയുടെ മനസ്സ്. അവന്റെ അനുശാസനകൾ പാലിച്ച് എത്രത്തോളം അവന്റെ പ്രീതി നേടാൻ ശ്രമിക്കുന്നുവോ അത്രകണ്ട് അവൻ തന്റെ ദാസനോട് അടുക്കും.

വിശ്വാസകാര്യങ്ങളിൽ ഒന്നാമത്തേതാണല്ലോ അല്ലാഹുവിലുള്ള വിശ്വാസം. അത് കേവലമായ വിശ്വാസത്തിൽ ഒതുക്കേണ്ടതല്ല. അവന്റെ ഏകത്വത്തിലുള്ള ഉള്ളറിഞ്ഞ ദൃഢബോധം, അവൻ അനാദിയും അനന്തനും പ്രപഞ്ച സ്രഷ്ടാവും വിധാതാവും പരിപാലകനുമാണ് എന്ന അറിവും ഓർമയും, തനിക്ക് ജന്മവും ജീവിതവും മരണവും സുഖവും ദുഃഖവും രോഗവും ആരോഗ്യവും ക്ഷേമവും ക്ഷാമവും ആപത്തും അനുഗ്രഹവുമെല്ലാം നൽകുന്നത് ഏകനായ അല്ലാഹുവാണെന്ന നിതാന്ത ബോധവും വിശ്വാസിക്കുണ്ടായിരിക്കണം. അപ്പോൾ അവന്റെയുള്ളിൽ ശുഭപ്രതീകഷ വളരും. അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുവാനുള്ള അടങ്ങാത്ത താൽപര്യവുമുണ്ടായിത്തീരും. അതവനെ കർമനിരതനാക്കും. ദുരിതഘട്ടത്തിൽ അവൻ നിരാശനാകില്ല. അല്ലാഹുവിനോട് മാത്രം അവൻ വിളിച്ചുപ്രാർഥിക്കും. തന്റെ കാര്യത്തിൽ അല്ലാഹു നിശ്ചയിച്ചുവെച്ചതിനപ്പുറം യാതൊന്നും സംഭവിക്കില്ലെന്ന ബോധം അവനിൽ ദൃഢമാകും. അത് ധൈര്യവും പ്രത്യാശയും നൽകും. അത്തരക്കാർക്ക് പ്രയാസഘട്ടങ്ങളിൽ പരിഭ്രാന്തിയുണ്ടാകില്ല. ആലസ്യവും നൈരാശ്യവും അവരെ പൊതിയുകയില്ല. ജീവസ്സുറ്റ, കർമനിരതമായ, അന്തസ്സും നിർഭയത്വവുമുള്ള വിഭാഗമാകും അവർ.

മുഹമ്മദ് നബി ﷺ യും അബൂബക്‌റും(റ) ഹിജ്‌റയുടെ വേളയിൽ ഒളിച്ചിരുന്ന സൗർ ഗുഹയുടെ അടുത്തെത്തിയ ശത്രുക്കൾക്ക് ഗുഹയിലേക്കൊന്ന് പാളിനോക്കാൻ തോന്നിയില്ല. നോക്കിയാൽ അവരെ കണ്ടെത്തിയേനെ. അല്ലാഹുവിലുള്ള അചഞ്ചമായ വിശ്വാസം, അവനിലുള്ള ‘തവക്കുൽ’ അവരെ രക്ഷിച്ചു. സ്രഷ്ടാവിൽ ഭരമേൽപിച്ചവർ പിന്നെന്തു ഭയപ്പെടാൻ!

അല്ലാഹുവിൽ ഭരമേൽപിക്കാത്തവർക്ക് നിരാശയായിരിക്കും ആത്യന്തിക ഫലം. ഭയം അവരെ വലയം ചെയ്തിരിക്കും. അപകർഷതാബോധവും കർമവൈമുഖ്യവും അവരെ പിന്തുടർന്നുകൊണ്ടിരിക്കും. അതുകൊണ്ടു തന്നെ വിശുദ്ധ ക്വുർആനിൽ ധാരാളം സ്ഥലങ്ങളിൽ അല്ലാഹുവിൽ ഭരമേൽപിക്കാനുള്ള കൽ പന കാണാം.

“അല്ലാഹുവെപറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ച് നടുങ്ങുകയും അവന്റെ ദൃഷ്ടാന്തങ്ങൾ വായിച്ചു കേൾപിക്കപ്പെട്ടാൽ വിശ്വാസം വർധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവർ മാത്രമാണ് വിശ്വാസികൾ’’ (8:2). “...വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്നപക്ഷം അവന്ന് അല്ലാഹുതന്നെ മതിയാകുന്നതാണ്...’’ (65:3).