ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍

അബൂഫായിദ

2021 ജനുവരി 22, 1442 ജുമാദൽ ആഖിർ 19

സ്വഫിയ്യ(റ) നിവേദനം; നബി ﷺ പറഞ്ഞു: ‘‘വല്ലവനും ജ്യോത്സ്യ   ന്റെ അടുത്തു ചെല്ലുകയും എന്തെങ്കിലും ചോദിക്കുകയും അവന്‍ പറഞ്ഞതിനെ സത്യപ്പെടുത്തുകയും ചെയ്താല്‍ അവന്റെ നാല്‍പതു ദിവസത്തെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല'' (മുസ്‌ലിം)

ഭാവിയെപ്പറ്റി ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്ന ഏകജീവി മനുഷ്യനാണ്. നല്ലൊരു ജോലി ലഭിക്കുമോ? വിവാഹം എന്നു നടക്കും? തന്റെ ആശകളെല്ലാം സഫലമാകുമോ? ദീര്‍ഘായുസ്സുണ്ടാകുേമാ? ജീവിതത്തില്‍ വല്ല വിപത്തും നേരിടേണ്ടിവരുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉള്ളില്‍ വെച്ചുകൊണ്ടുനടക്കുന്നവനാണ്  മനുഷ്യന്‍. അതിന്റെയെല്ലാം ഉത്തരമറിയാന്‍ അടങ്ങാത്ത കൊതി അവനുണ്ടായിരിക്കും. അതുകൊണ്ടുതന്നെ അതെല്ലാം പ്രവചിക്കുന്നവരുണ്ടെന്നു കേള്‍ക്കുമ്പോള്‍ അവരുടെയടുക്കലേക്ക് അവന്‍ ഓടിച്ചെല്ലുന്നു.

ജ്യോത്സ്യനോ, കൈനോട്ടക്കാരനോ, മുഖലക്ഷണം പറയുന്നവനോ, ആള്‍ദൈവം ചമഞ്ഞു നടക്കുന്നവനോ, കപടസിദ്ധനോ... ഇങ്ങനെയുള്ള ആരുമാവട്ടെ അവന് ‘കാണപ്പെട്ട ദൈവ'മായിത്തീരുന്നു. അവരുടെ വായില്‍നിന്നും തന്റെ ഭാവിയെക്കുറിച്ചുള്ള പ്രവചനം കേള്‍ക്കാന്‍ അവന്‍ അത്യാര്‍ത്തി കാണിക്കുന്നു. സന്തോഷകരമായ പ്രവചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവന്‍ സംതൃപ്തനാകുന്നു. നിശ്ചിത ഫീസിനെക്കാള്‍ വലിയ തുക നല്‍കി പ്രവചനക്കാരെ പ്രീതിപ്പെടുത്താന്‍ അവന്‍ തയ്യാറാവുന്നു. അല്‍പം മോശമാണ് ഭാവി എന്ന നിലയ്ക്കാണ് പ്രവചനമെങ്കിലോ? അതിന് പരിഹാരക്രിയകള്‍ ചെയ്യണം! ഒരുപാട് ചെലവുവരും. സാരമില്ല. ദോഷം നീങ്ങിക്കിട്ടേണ്ടേ? പണച്ചെലവു കരുതി ഒന്നും ചെയ്യാതിരുന്നാല്‍ മുടിഞ്ഞുപോകില്ലേ! അവിടെയും മെച്ചം ‘ഭാവി ച്രവചിച്ച' ചൂഷകന്!

ഇങ്ങനെ ഭാവിയെക്കുറിച്ചുള്ള വ്യാകുലതകളും മോഹങ്ങളുമായി പണവും ജീവിതവും തുലയ്ക്കുന്ന  ഇയ്യാംപാറ്റകള്‍ നമുക്കു ചുറ്റും എമ്പാടുമുണ്ട്. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളും അബദ്ധധാരണകളൂം വെച്ചുപുലര്‍ത്തുന്നതില്‍ ജാതി-മത വ്യത്യാസമില്ല.

എന്നാല്‍ ഇതെല്ലാം ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് സ്രഷ്ടാവാണ്. ഓരോ ജീവിയുടെയും ഭാഗധേയം നിര്‍ണയിക്കുന്നത് അവനാണ്. അതില്‍ നക്ഷത്രങ്ങള്‍ക്കോ ഗ്രഹങ്ങള്‍ക്കോ യാതൊരു പങ്കുമില്ല. അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍ അവനാണ്. അതുകൊണ്ടുതന്നെ ഭാവി പ്രവചിക്കുന്നവരെ സമീപിക്കല്‍ ഇസ്‌ലാം വിലക്കി. ഒരു മുസ്‌ലിം അത്തരക്കാരെ സമീപിച്ച് അവരുടെ പ്രവചനത്തെ സത്യപ്പെടുത്തിയാല്‍ അവന്റെ നാല്‍പതുദിവസതെ നമസ്‌കാരം അല്ലാഹു സ്വീകരിക്കില്ല എന്നാണ് മുകളില്‍ കൊടുത്ത നബിവചനത്തില്‍ പറയുന്നത്. മ‌െറ്റാരു റിപ്പോര്‍ട്ടില്‍ അവന്‍ വിശുദ്ധ ക്വൂര്‍ആനില്‍ അവിശ്വസിച്ചവനാണ് എന്നാണുള്ളത്.

മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെല്ലാം ൈദവവിധിക്കനുസൃതമായാണ് നടക്കുന്നത്. അവന്റെ വിധിയില്‍നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കും കഴിയില്ല. അവന്‍ വിധിച്ചത് അതിന്റെ സമയത്ത് സംഭവിക്കും. കര്‍മം ചെയ്യലാണ് മനുഷ്യന്റെ കര്‍ത്തവ്യം. ഫലം നല്‍കുന്നത് സ്രഷ്ടാവാണ്. ഈ വിശ്വാസം ഉദ്ദിഷ്ടകാര്യം നടക്കുമ്പോള്‍ മനുഷ്യനെ അഹങ്കാരിയല്ലാതാക്കുന്നു. ഉദ്ദിഷ്ടഫലം ലഭിക്കാതിരുന്നാല്‍ നിരാശനാകാതെ ദൈവവിധിയെന്നു കരുതി സമാധാനമടയുന്നവനാക്കി അവനെ മാറ്റുകയും െചയ്യുന്നു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

‘‘അവന്റെ പക്കലാകുന്നു അദൃശ്യജ്ഞാനത്തിന്റെ താക്കോലുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലെ ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല'' (6:59).