സത്യവിശ്വാസിയുടെ വ്യതിരിക്തത

സിയാദ് അൽഹികമി

2022 നവംബർ 19, 1444 റബീഉൽ ആഖിർ 24

അബൂ അബ്ദുല്ല ജദലീ(റ)യിൽനിന്നും നിവേദനം: ഞാൻ ആഇശ (റ)യോട് നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ അവർ ഇങ്ങനെ മറുപടി പറഞ്ഞു: ‘നബി ﷺ  മ്ലേഛ വർത്തമാനങ്ങൾ മനപ്പൂർവമാേയാ അല്ലാതെയോ സംസാരിക്കുകയോ അങ്ങാടികളിൽ ഒച്ച വച്ച് സംസാരിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല. തിന്മയെ തിന്മ കൊണ്ടുതന്നെ പ്രതിരോധിക്കാതെ അത് പൊറുത്തുകൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് അവിടുന്ന് ചെയ്യുക’’ (തിർമിദി, അഹ്‌മദ്)

നബി ﷺ യുടെ സ്വഭാവം മാനവരാശിക്കാകമാനം മാതൃകയാണ്. പണിക്കാരനും പണക്കാരനും ഭരണാധികാരിക്കും ഭരണണീയർക്കും എന്നു തുടങ്ങി ഏതൊരു വ്യക്തിക്കും ഏതു മേഖലയിലും അവിടുത്തെ ജീവിതത്തിൽ ഉത്തമ മാതൃകയുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവം ക്വുർആൻ ആയിരുന്നു. അവിടുന്ന് പറഞ്ഞു: ‘നിശ്ചയം, ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് സൽസ്വഭാവത്തിന്റെ പൂർത്തീകരണത്തിനായാണ്’’(അഹ്‌മദ്).

ഈ ഹദീസ് പ്രധാനപ്പെട്ട ചില കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു:

1. സംസാരത്തിൽ നബി ﷺ  മാന്യത കാണിച്ചിരുന്നു: സഹജീവികളുമായി ഇടപഴകുമ്പോഴും അവരുമായി വിനിമയങ്ങളിൽ ഏർപ്പെടുമ്പോഴും മാന്യമായി സംസാരിക്കണം. മറ്റുള്ളവരിൽനിന്നും നീചമായ പ്രവൃത്തികളും അരോചകമായ വാക്കുകളും ഉണ്ടാകുമ്പോൾ മാന്യമായി പ്രതികരിക്കാൻ കഴിയണം. നബി ﷺ യോട് അല്ലാഹു പറയുന്നു: “അല്ലാഹുവിങ്കൽനിന്നുള്ള കാരുണ്യംകൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽനിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു’’ (ആലുഇംറാൻ: 159).

2. അനാവശ്യമായി ഒച്ചവച്ച് സംസാരിക്കരുത്: അമിതവും അനാവശ്യവുമായ സംസാരങ്ങൾ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. നബി ﷺ  പറഞ്ഞു: ‘ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ മൗനം അവലംബിക്കട്ടെ’ (ബുഖാരി).

3. അങ്ങാടികളിൽ ശ്രദ്ധിക്കേണ്ട മര്യാദകൾ: അങ്ങാടികളിൽ നിലമറന്ന് ഉച്ചത്തിൽ സംസാരിക്കുകയും അനാവശ്യമായി കച്ചവടവസ്തുക്കളെ പുകഴ്ത്തുകയും കള്ളസത്യം ചെയ്ത് വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നു.

4. വിട്ടുവീഴ്ചയെയും മാപ്പ് നൽകുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു: വിട്ടുവീഴ്ച കാണിക്കലും മാപ്പു നൽകലും ഉദാത്തമായ സ്വഭാവമാണ്. അല്ലാഹു തനിക്ക് മാപ്പുനൽകണമെന്ന് ആഗ്രഹിക്കുന്നവർ സഹജീവികൾക്ക് മാപ്പുനൽകാൻ തയ്യാറാകേണ്ടതുണ്ട്.

അബൂദർറ്(റ) നബി ﷺ യുടെ നിയോഗത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്റെ സഹോദരനെ നബിയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. ‘ആകാശത്തുനിന്നും വഹ്‌‌യ് ഇറങ്ങുന്നു എന്ന് വാദിക്കുന്ന ആ വ്യക്തിയുടെ അടുക്കൽ പോയി അദ്ദേഹം എന്താണ് സംസാരിക്കുന്നത് എന്നും അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ എന്താണ് എന്നുമെല്ലാം എനിക്ക് നീ അറിയിച്ചുതരണം.’ സഹോദരൻ നബിയുടെ അടുക്കൽ പോയി. അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ കേട്ട് തിരിച്ചു പോന്നു. തന്റെ സഹോദരന്റെ അടുക്കലേക്ക് ചെന്നുകൊണ്ട് പറഞ്ഞു: ‘അദ്ദേഹത്തെ സൽസ്വഭാവം പഠിപ്പിച്ചുകൊടുക്കുന്നവനായിട്ടാണ് എനിക്ക് കാണാൻ കഴിഞ്ഞത്’ (ബുഖാരി)