സ്രഷ്ടാവിനെ സ്തുതിക്കുക

ഉസ്മാന്‍ പാലക്കാഴി

2022 ഒക്ടോബർ 15, 1444 റബീഉൽ അവ്വൽ 18

അനസുബ്‌നു മാലിക്(റ) പറയുന്നു. നബി ﷺ   പറഞ്ഞു: “തീർച്ചയായും ഒരു ദാസനെക്കുറിച്ച് അല്ലാഹു സംതൃപ്തനാണ്- അവൻ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്താൽ അല്ലാഹുവിനെ സ്തുതിക്കും’’ (ബുഖാരി).

പട്ടിണി കിടക്കുന്നവർക്കേ വിശപ്പിന്റെ കാഠിന്യവും അന്നത്തിന്റെ വിലയുമറിയൂ. ദാഹിച്ച് വലയുന്നവർക്കേ ദാഹത്തിന്റെ പരവശതയും വെള്ളത്തിന്റെ അമൂല്യതയുമറിയൂ. വിശപ്പും ദാഹവും അനുഭവിക്കുന്നവന് ആരെങ്കിലും ഭക്ഷണവും വെള്ളവും നൽകിയാൽ അത് നൽകിയവനോട് അയാൾ നന്ദി കാണിക്കുമെന്നതിൽ സംശയമില്ല. എന്നാൽ ഇതെല്ലാം ഒരുക്കിത്തരുന്ന സ്രഷ്ടാവിനെ ഓർക്കുവാനും അവനോട് നന്ദി കാണിക്കുവാനും സന്മനസ്സുള്ളവർ വിരളമാണ്.

തിന്നുന്നതും കുടിക്കുന്നതും അല്ലാഹുവിന്റെ നാമത്തിലായിരിക്കണമെന്നും ശേഷം അവനെ സ്തുതിക്കണമെന്നും ഇസ്‌ലാം അനുശാസിക്കുന്നു. ഭക്ഷണവും വെള്ളവും നൽകുന്നവൻ അല്ലാഹുവാണ്. അവ കിട്ടാതെ വലയുന്നവർ ധാരാളമുണ്ട്. എല്ലാം ഉണ്ടായിട്ടും ഭക്ഷണം കഴിക്കാനും വെള്ളം കുടിച്ച് ദാഹമകറ്റാനും സാധിക്കാത്ത എത്രയോ രോഗികളുണ്ട്. ഇതൊക്കെ ഓർക്കുന്ന ഒരു മനുഷ്യന് അത്തരത്തിലുള്ള തടസ്സങ്ങൾ ഒന്നുമില്ലാത്ത അവസ്ഥ നൽകിയ അല്ലാഹുവിനെ ഓർക്കാതെ എങ്ങനെ ഭക്ഷണം കഴിക്കാൻ കഴിയും? വെള്ളം കുടിക്കാൻ കഴിയും? വിശപ്പും ദാഹവുമകന്നാൽ എങ്ങനെ അല്ലാഹുവിനെ സ്തുതിക്കാതിരിക്കാൻ കഴിയും? ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽപോലും സത്യവിശ്വാസി റബ്ബിനെ സ്തുതിക്കും; കാരണം അവനാണത് നൽകിയത്. അതിന് അവൻ നന്ദി കാണിക്കേണ്ടതുണ്ട്. അങ്ങനെ നന്ദി സൂചകമായി അല്ലാഹുവിനെ സ്തുതിക്കുന്നവനെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുമെന്നാണ് നബി ﷺ   പഠിപ്പിച്ചിട്ടുള്ളത്.

അല്ലാഹു പറയുന്നു: “ആകയാൽ നിങ്ങൾ എന്നെ ഓർക്കുക. നിങ്ങളെ ഞാനും ഓർക്കുന്നതാണ്. എന്നോട് നിങ്ങൾ നന്ദി കാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്’’ (ക്വുർആൻ 2:152).

“സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നൽകിയതിൽനിന്ന് വിശിഷ്ടമായത് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങൾ നന്ദി കാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ’’ (ക്വുർആൻ 2:172).

ആരാണ് മനുഷ്യർക്ക് വിശപ്പടക്കുവാനും പോഷണം നേടാനും ആവശ്യമായ ധാന്യങ്ങളും പഴവർഗങ്ങളും പച്ചക്കറികളുമെല്ലാം ഉദ്പാദിപ്പിക്കുന്നത്? ആരാണ് ഉപരിലോകത്തുനിന്ന് ശുദ്ധമായ വെള്ളം മഴയായി ഇറക്കിത്തരുന്നത്? സമുദ്രങ്ങളും നദികളും മറ്റും സംവിധാനിച്ചത് ആരാണ്? കിണറുകൾ കുഴിക്കുമ്പോൾ വെള്ളം കിട്ടുന്നതരത്തിൽ ഭൂമിക്കുള്ളിൽ വെള്ളം തടഞ്ഞുനിർത്തുന്നത് ആരാണ്?

വിശുദ്ധ ക്വുർആൻ പറയുന്നു: “അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങൾക്ക് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവൻ ആരാണ്? എന്നിട്ട് അത് മുഖേന കൗതുകമുള്ള ചില തോട്ടങ്ങൾ നാം മുളപ്പിക്കുകയും ചെയ്തു. അവയിലെ വൃക്ഷങ്ങൾ മുളപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവർ വ്യതിചലിച്ചുപോകുന്ന ഒരു ജനതയാകുന്നു’’ (ക്വുർആൻ 27:60).

“അല്ലെങ്കിൽ അല്ലാഹു തന്റെ ഉപജീവനം നിർത്തിവെച്ചാൽ നിങ്ങൾക്ക് ഉപജീവനം (അന്നം) നൽകുന്നവനായി ആരുണ്ട്?....’’ (ക്വുർആൻ 67:21).

ഇതിലൊന്നും സൃഷ്ടികൾക്കാർക്കും യാതൊരു പങ്കുമില്ല. എല്ലാം സർവശക്തനായ അല്ലാഹുവിന്റെ കൃത്യമായ തീരുമാനവും ഉദ്ദേശവുമനുസരിച്ചാണ് നിലകൊള്ളുന്നത്. ഒരു ചെറിയ ധാന്യമണിപോലും മുളപ്പിക്കുവാൻ മനുഷ്യവർഗം ഒന്നിച്ചു ശ്രമിച്ചാലും അല്ലാഹുവിന്റെ തീരുമാനമില്ലെങ്കിൽ അത് സംഭവിക്കില്ല. അതുകൊണ്ടുതന്നെ സ്രഷ്ടാവിനെ സ്തുതിക്കലും അവനോട് നന്ദി കാണിക്കലും സൃഷ്ടികളുടെ കടമയാണ്.