സലഫീ പ്രബോധനം മർമബോധത്തോടെയുള്ളത്

കെ. പി. മുഹമ്മദ് ബിൻ അഹ്‌മദ്

2022 ആഗസ്റ്റ് 20, 1442 മുഹർറം 21

സമുദായത്തിന്റെ പുരോഗതിയിൽ താൽപര്യമുള്ളവർ അതിനെ സമുദ്ധരിക്കാൻ വേണ്ടി പ്രവർത്തിക്കുക സ്വാഭാവികമാണ്. സമുദായത്തെ അടിസ്ഥാനപരമായി ഏതേതു രംഗങ്ങളിലാണ് സമുദ്ധരിക്കേണ്ടത് എന്ന താണ് പിന്താവിഷയം. ഇക്കാര്യത്തിൽ പലർക്കും പല കാഴ്ചപ്പാടുകളാണുള്ളത്. രാഷ്ട്രീയമായ അധികാര ശക്തി നേടാൻ കഴിഞ്ഞാൽ എല്ലാം ശരിപ്പെടുമെന്ന് കാണുന്നവരുണ്ട്. അവർ എല്ലാ നിലയ്ക്കും അധികാരം നേടിയെടുക്കാനായി ശ്രമിക്കുന്നു. ഈ കാഴ്ചയിൽ കഴമ്പില്ലെന്നു കണ്ടെത്താൻ ഒട്ടും പ്രയാസമില്ല. അധികാരത്തിലൂടെ ജനതയെ സമുദ്ധരിക്കാം; പക്ഷേ, അതിന് ആദ്യമായി ഏകദൈവത്തിലുള്ള ഉറച്ചവിശ്വാസവും തുടർന്ന് പരലോകത്തുവെച്ച് അവന്റെ മുമ്പിൽ എല്ലാറ്റിനും ഉത്തരം പറയേണ്ടിവരുമെന്ന വിചാരവും താൻ ചെയ്ത അനീതിക്ക് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന ഭയവും ഭരണാധികാരികൾക്കുണ്ടായിരിക്കണം. ജനങ്ങൾക്കുമുണ്ടായിരിക്കണം. മറിച്ചാണെങ്കിൽ ഭരണം ലഭിക്കുന്നതുകൊണ്ട് ഭരണാധികാരികൾക്കല്ലാതെ ജനങ്ങൾക്ക് ഒരു പ്രയോജനവുമുണ്ടാവുകയില്ല. ഫിർഔനിന്റെയും മറ്റും ചരിത്രം പരിശുദ്ധ ക്വുർആൻ തന്നെ നമ്മെ പഠിപ്പിച്ചിട്ടുള്ളതാണല്ലോ. ആധുനികകാലത്തുതന്നെയും നടന്ന പല ഭരണമാറ്റങ്ങളെ പ്പറ്റിയും ഇവിടെ ചിന്തിക്കാവുന്നതാണ്. ആ മാറ്റങ്ങൾകൊണ്ട് ഭൗതികമായിതന്നെയും സമൂഹത്തിന് ലഭിച്ച നേട്ടങ്ങൾ പഠനവിധേയമാക്കേണ്ടതായിട്ടാണിരിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ കുറവോ?

വിദ്യാഭ്യാസമാണ് പുരോഗതിയുടെ അടിസ്ഥാനമെന്നാണ് മറ്റൊരു കാഴ്ചപ്പാട്. വിദ്യാഭ്യാസ പ്രവർത്തനങ്ങളും പ്രചരണ പ്രബോധനങ്ങളും കാര്യമായെടുത്ത് നടത്തിയാലേ സമുദായ സമുദ്ധാരണം സാധ്യമാകൂ എന്ന വാശിയാണ് ചിലർക്കുള്ളത്. സമുദായം വിദ്യാസമ്പന്നമായാൽ എല്ലാം ശരിയായെന്നാണ് അവരുടെ ധാരണ. സംഘടനകൾ സ്ഥാപിച്ചും അവയ്ക്കു കീഴിൽ വിദ്യാലയങ്ങൾ നിർമിച്ചും ന്യായവും അന്യായവുമായ മാറ്റങ്ങളിലൂടെ അവയ്ക്കുവേണ്ടി പണം സമ്പാദിച്ചും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അവർ മുഴുകിയിരിക്കുന്നു. ദരിദ്രമായ നമ്മുടെ സമുദായത്തിന്റെ പൊതുനിലവച്ചു നോക്കിയാൽ സാമാന്യം മാന്യമായ നിലയിൽ ജീവിക്കുവാനുള്ള തുക ലഭിക്കുന്ന ഉദ്യോഗങ്ങളിൽ സമുദായത്തിലെ വളരെയേറെപ്പേരെ ഇന്നു കാണാൻ കഴിയും. ഭൗതികരംഗത്തുതന്നെ ഇവർ ധാരാളമാണ്. പൊതുവിൽ വിദ്യാഭ്യാസപരമായി സമൂഹത്തിന്റെ ആകപ്പാടെ നില പണ്ടത്തേതിലും എത്രയോ ഉയർന്നിട്ടുണ്ട്. ഇതേസമയം കൊള്ളരുതായ്മകൾ മുഴുവൻ ഈ വിദ്യാസമ്പന്നരിലാണ് കുടികൊള്ളുന്നത് എന്ന വസ്തുത എത്ര വ്യക്തമാണ്! കൈക്കൂലിയുടെയും കരിഞ്ചന്തയുടെയും വെട്ടിപ്പിന്റെയും തട്ടിപ്പിന്റെയും നിഷ്‌കരുണമായ പൊതുജന ചുണഷത്തിന്റെയും കഥകൾ നിത്യേന ഇവരിൽനിന്നും നാം കേട്ടുകൊണ്ടിരിക്കുന്നു. ദരിദ്രരായ വിദ്യാർഥികൾക്ക് വിദ്യാലയത്തിലും രോഗികൾക്ക് ആശുപത്രിയിലും ഇടം ലഭിക്കണമെങ്കിൽ കൈക്കൂലി വേണമെന്ന് വരുമ്പോൾ വിദ്യാസമ്പന്നരുടെ വളർച്ച അവർക്കും അവരുടെ കുടുംബത്തിനുമല്ലാതെ സമുദായത്തിന്റെ പൊതുവായ വളർച്ചക്ക് എന്തു നേട്ടമാണുണ്ടാക്കുന്നത്? വിശന്നുകഴിയുന്ന പാവപ്പെട്ട ദരിദ്രൻ തന്റെ മക്കളുടെ ആഹാരത്തിനുവേണ്ടി പണിയെടുത്തുണ്ടാക്കുന്ന ചില്ലിക്കാശ് വിദ്യാസമ്പന്നരുടെ ആർഭാടത്തിനുവേണ്ടി ആഹൂതി ചെയ്യേണ്ടിവരുന്ന അവസ്ഥ എത്ര ദയനീയമല്ല! വിദ്യാസമ്പന്നൻ പൊതുമുതൽ ഉപയോഗിച്ച് പഠിച്ചുണ്ടാക്കിയ കഴിവിന്റെ ഒരു ചെറിയ ഫലം സാധാരണക്കാരൻ അനുഭവിക്കുന്ന തിനു പകരം അവന്റെ വിയർപ്പിനെ തന്റെ സുഖത്തിനുവേണ്ടി വിദ്യാസമ്പന്നൻ നിർദയം ചൂഷണം ചെയ്യുകയാണിവിടെ. ഇത്രയേറെ വിദ്യാഭ്യാസമുണ്ടായിട്ടും ഇതാണ് നിലയെങ്കിൽ വിദ്യാഭ്യാസപരമായ പുരോഗതികൊണ്ട് സമുദായത്തെ എങ്ങനെ സമുദ്ധരിക്കാനാവുമെന്ന് ചിന്തിക്കേണ്ടതില്ലേ?

സാമ്പത്തിക പരാധീനതയോ?

അധഃപതനത്തിന് മൂലകാരണം സമുദായത്തിന്റെ സാമ്പത്തിക പരാധീനതയാണെന്ന് ചിന്തിക്കുന്നവരുമുണ്ട്. സമുദായ പുരോഗതിക്ക് ഒറ്റമൂലികയായി അവർ നിർദേശിക്കാറുള്ളത് സാമ്പത്തിക വളർച്ചയാണ്. സമുദായത്തിന് സാമ്പത്തികമായ കെട്ടുറപ്പുണ്ടാക്കാനാണ് അവരുടെ ശ്രമം.

പരിശുദ്ധ ക്വുർആൻ വിവരിച്ച സമ്പന്നനായ ഖാറൂന്റെ കഥ നമുക്കറിയാം. ഖാറൂന്റെ സമ്പത്തിനെക്കാൾ മൂസാ(അ)യുടെ ദാരിദ്ര്യമാണ് ഇസ്രാഈല്യരെ ഉയർത്തിയതെന്ന വസ്തുത ആർക്കാണ് നിഷേധിക്കാൻ സാധിക്കുക? ഇന്നത്തെ സ്ഥിതിതന്നെ നോക്കാം. അറബ് ലോകത്തോളം സമ്പത്ത് മറ്റാർക്കുണ്ട്? സമുദായത്തിനുനേരെയുള്ള ഭീഷണികൾക്കും വെല്ലുവിളികൾക്കുമെതിരെ ഈ സമ്പത്ത് എത്രത്തോളം പ്രയോജനകരമെന്ന് കാണാവുന്നതേയുള്ളവല്ലൊ. എന്നാൽ ഇത്ര ഉയർന്നവർ ആകാൻ വണ്ണം അറബ് സമുദായത്തിന് ഉത്തേജനം നൽകിയ കഴിഞ്ഞകാല പ്രവർത്തകരായ ശൈഖ് മുഹമ്മദ് ബിൻ അബ്ദി വഹാബി(റഹി)നെപ്പോലുള്ള മഹാന്മാർ എത്രമാത്രം ദരിദ്രാവസ്ഥയിൽ കഴിഞ്ഞവരായിരുന്നു. അരുടെ പ്രവർത്തനങ്ങൾ കൊണ്ടുണ്ടായ പുരോഗതിയുടെയും ചൈതന്യത്തിന്റെയും സാന്മാർഗിക നിലയുടെയും നൂറിലൊന്നുപോലും ഈ എണ്ണസമ്പത്തുകൊണ്ട് അറബ് നാടുകൾക്ക് ലഭിച്ചിട്ടില്ലെന്നതല്ലേ സത്യം?

ചുരുക്കത്തിൽ മുൻ ചിന്താഗതികളൊന്നും പ്രശ്‌നത്തിന്റെ മർമം തൊട്ടുകൊണ്ടുള്ളതല്ലെന്നും അനുഭവങ്ങൾതന്നെ തെളിയിയിച്ചു കഴിഞ്ഞിരിക്കുന്നു. സമുദായത്തിന്റെ സാമൂഹ്യാവശ്യങ്ങൾ ഒരു പരിധിയോളം പരിഹരിക്കുന്നതിൽ കവിഞ്ഞ മർമ പ്രധാനമായ പ്രസക്തിയൊന്നും സമുദായോദ്ധാരണപരമായി അവർക്കില്ലെന്നതാണ് വസ്തുത

അവശ്യഘടകം

വീടുവച്ച് താമസം ആരംഭിച്ചവന് വീട്ടിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വേണം. ഇരിക്കാൻ കസേരയും കിടക്കാൻ കട്ടിലും മെത്തയുമെല്ലാം അവന് ആവശ്യം തന്നെ. എന്നാൽ പ്രാധാന്യം ആഹാരത്തിനാണ്. ആഹാരമില്ലാതെ എങ്ങനെ ജീവിക്കാൻ തന്നെ പറ്റും. ഇതേപോലെ മേൽ വിവരിച്ച കാര്യങ്ങളെല്ലാം സമുദായത്തിന്റെ പുരോഗതിയുടെ ഘടകങ്ങളെങ്കിലും അവശ്യഘടകമായുള്ളത് വേറെ ചിലതാണ്. ആഹാരത്തിനു തുല്യമായ പ്രാധാന്യവും പ്രാഥമികത്വവും അർഹിക്കുന്ന കാര്യമേതാണോ അതിനാണ് മുൻഗണന നൽകേണ്ടത്. അതെന്താണെന്നറിയുകയും പുരോഗമന പ്രവർത്തനരംഗത്ത് അതിന്ന് പ്രാഥമികത്വം നൽകുകയും വേണം. പ്രസ്തുത ആവശ്യം വിശുദ്ധ ക്വുർആൻ നന്നായി വിശദീകരിച്ചിട്ടുണ്ട്.

ആവശ്യം അറിയുന്നവൻ അല്ലാഹു

മനുഷ്യന്റെ വളർച്ചക്കാവശ്യമായ ഏതുതരത്തിലുള്ള കാര്യങ്ങളെക്കുറിച്ചും നന്നായി അറിയുന്നവൻ മനുഷ്യനെ രൂപകൽപന ചെയ്ത സ്രഷ്ടാവാണ്. അവൻ പറയുന്നു:

“എല്ലാ വസ്തുക്കളുടെയും സൃഷ്ടിപ്പിനെ ഭംഗിയായി നിർവഹിച്ചവനാണവൻ. കളിമണ്ണിൽനിന്നാണ് മനുഷ്യസൃഷ്ടിപ്പ് അവൻ ആരംഭിച്ചത്’’ (സജദ: 7).

സൃഷ്ടിപ്പിന്റെ ആദിയെപ്പറ്റി ഇത്രയും പരിജ്ഞാനമുള്ള സ്രഷ്ടാവ് വായുവും വെള്ളവും ആഹാരവും പടച്ച് മനുഷ്യനെ അനുഗ്രഹിച്ചു. ബുദ്ധിശക്തിയും പഞ്ചേന്ദ്രിയങ്ങളും നൽകി.

“പറയുക: അവനാണ് നിങ്ങളെ പടച്ചവർ, അവൻ നിങ്ങൾക്ക് കേൾവിയും കാഴ്ചയും ചിന്താകഴിവുകളം നൽകിയിരിക്കുന്നു. നിങ്ങൾ വളരെ കുറച്ച് മാത്രമെ നന്ദി കാണിക്കുന്നുള്ളൂ’’ (മുൽക്: 32).

വിജ്ഞാനത്തിനുള്ള കഴിവു നൽകി മനുഷ്യനെ അനുഗ്രഹിച്ച ശേഷം ഭൂമിയിലെ താമസം ആരംഭിക്കാൻ കൽപിച്ച സന്ദർഭം അല്ലാഹു നൽകിയ നിർദേശം ഇങ്ങനെയായിരുന്നു:

“നിങ്ങൾ എല്ലാവരും ഭൂമിയിലേക്ക് പോകൂ! (അവിടെവച്ച്) എന്റെ സന്മാർഗനിർദേശം നിങ്ങൾക്ക് വന്നു കിട്ടുകയും ആ മാർഗ നിർദേശങ്ങളെ ആര് പിന്തുടരുകയും ചെയ്തുവോ അവർക്ക് ഭയപ്പാടില്ല, അവർ ദുഃഖിക്കേണ്ടതായും വരില്ല’’ (അൽബക്വറ: 29).

സ്രഷ്ടാവിന്റെ മാർഗനിർദേശം

ഈ മാർഗനിർദേശങ്ങളാണ് മനുഷ്യപുരോഗതിക്ക് മുഖ്യമായ ആവശ്യം. അവന്റെ ഈ ലോക ജീവിതത്തിന് അർഥവും ലക്ഷ്യവും കൊടുക്കുന്നതും അതുതന്നെ. ഈ സന്മാർഗനിർദേശങ്ങൾ കാലാകാലങ്ങളിലായി തിരഞ്ഞെടുക്കപ്പെടുന്ന പ്രവാചകന്മാർ മുഖേന മനുഷ്യൻ ഭൂമിയിൽ അവതരിച്ച അന്നുതൊട്ട് അല്ലാഹു നൽകിപ്പോരുകയും ചെയ്തിട്ടുണ്ട്.

“ആദം സന്തതികളേ! നിങ്ങളിൽ നിന്ന് തന്നെയുള്ള ദൂതന്മാർ നിങ്ങൾക്ക് വരികയും എന്റെ ദൃഷ്ടാന്തങ്ങൾ അവർ നിങ്ങൾക്ക് വിവരിച്ചുതരികയും അതിനനുസരിച്ച് സൂക്ഷ്മതയും സന്മാർഗനിഷ്ഠയും ആര് പുലർത്തുകയും ചെയ്തുവോ അവർക്ക് പേടിക്കാനില്ല. അവർക്ക് ദുഃഖിക്കേണ്ടിയും വരില്ല. എന്നാൽ എന്റെ ദൃഷ്ടാന്തങ്ങളെ കളവാക്കി തള്ളുകയും അതിനുനേരെ അഹങ്കാരം പുലർത്തുകയും ചെയ്തവർ, അവർ നരകാവകാശികളും അതിൽ എന്നെന്നും കിടക്കേണ്ടവരുമായിരിക്കും’’ (അഅ്‌റാഫ് 36).

പാരത്രിക പ്രധാനമെങ്കിലും...!

ഈ മാർഗനിർദേശങ്ങൾ അവയുടെ ആത്യന്തിക ലക്ഷ്യമായി പാരത്രിക സുഖം ലഭ്യമാക്കുന്നതുപോലെ ഭൗതിക ജീവിതക്ഷേമവും കൈവരുത്താതിരിക്കില്ല. ക്വുർആൻ പറഞ്ഞു: “എന്റെ സന്മാർഗം നിങ്ങൾക്കു വന്നുകിട്ടുകയും എന്നിട്ട് ആര് അതിനെ പിൻപറ്റുകയും ചെയ്തുവോ അവൻ വഴിതെറ്റുകയോ നിർഭാഗ്യവാനാവുകയോ ഇല്ല. എന്നാൽ, എന്റെ ഉൽബോധനത്തിനുനേരെ പുറംതിരിഞ്ഞവൻ, അവന്നു ഇടുങ്ങിയ ജീവിതമാണുള്ളത്. അന്ത്യനാളിൽ അന്ധനായി നാം അവനെ കൊണ്ടുവരികയും ചെയ്യും’’ (ത്വാഹാ: 131).

മേൽ വചനങ്ങളിൽനിന്നും താഴെപറയുന്ന കാര്യങ്ങൾ സുതരാം ഗ്രഹിക്കാം:

1. സ്രഷ്ടാവായ അല്ലാഹു ഭൗതിക ജീവിതത്തിന് ആവശ്യമായ ഉപാധികൾ മനുഷ്യന് ഒരുക്കികൊടുത്തതുപോലെതന്നെ പാരത്രികജീവിത വിജയത്തിനും അവിടെ രക്ഷക്കും ആവശ്യമായ ഉപാധികളും നിർദേശങ്ങളും നൽകുകയും ചെയ്തിട്ടുണ്ട്.

2. പ്രസ്തുത നിർദേശങ്ങൾ കാലം മുറിയാതെ ദൂതന്മാർ മുഖേന ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.

3. പ്രസ്തുത നിയമനിർദേശങ്ങൾ അനുസരിച്ചുകൊണ്ട് മനുഷ്യൻ ജീവിച്ചാൽ പാരത്രിക മോക്ഷത്തോടൊപ്പം ഭൗതികജീവിത ശാന്തിയും സമാധാനവും ലഭിക്കുന്നതുമാണ്.

ക്വുർആൻ ഉൾക്കൊള്ളുന്നത്

ആകയാൽ മനുഷ്യപുരോഗതിയും ക്ഷേമവും മുൻനിറുത്തി പ്രവർത്തിക്കുന്നവർ ജനങ്ങളിൽ ആദ്യമായി പ്രബോധനം ചെയ്യേണ്ട വസ്തുത എന്താണെന്നു കണ്ടെത്തുക ഒരു വിശ്വാസിക്കു പ്രയാസമുള്ളതല്ല. പ്രവാചകന്മാരുടെ പ്രബോധന ദൗത്യം അപ്പടി പകർത്തുക എന്നതാണ് അവന്റെ ഉത്തരവാദിത്തം. പ്രവാചകദൗത്യത്തിന്റെ പുർണരൂപം പരിശുദ്ധ ക്വുർആനിലൂടെ മുഹമ്മദ്  ﷺ  ഇവിടെ അവതരിപ്പിച്ചു കാണിച്ചുതന്നിട്ടുമുണ്ട്.

തന്റെ ഇരുപത്തിമൂന്നു കൊല്ല ജീവിതത്തിലൂടെ അതിന്റെ പ്രാവർത്തികത വരച്ചുതരികയും ചെയ്തു. അതിന്നാണ് നബിചര്യ എന്നു പറയുന്നത്. അപ്പോൾ ക്വുർആനും സുന്നത്തും പഠിപ്പിക്കുക എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ പ്രവാചകന്മാരുടെ പ്രബോധന ശൈലിയും മാർഗവും അധ്യാപനത്തിന്റെ കാതലും എല്ലാമതിൽ ഉൾക്കൊണ്ടു. അവരുടെ പ്രബോധന ശൈലി വീക്ഷിച്ചാൽ അവർ എന്തിനായിരുന്നു പ്രാമുഖ്യം നൽകിയിരുന്നതെന്ന് ക്വുർആനിലൂടെ ഒറ്റനോട്ടത്തിൽതന്നെ കണ്ടെത്താവുന്നതേയുള്ളൂ.

പിൻതുടരേണ്ട പാന്ഥാവ്

സൂര്യചന്ദ്രാദി ഗോളങ്ങളെ ആരാധിച്ചുപോന്നിരുന്ന ബഹുദൈവാരാധനക്കെതിരെ ഏകദൈവ വിശ്വാസവും ദൈവിക സാൻമാർഗിക നിർദേശങ്ങളും പ്രബോധനം ചെയ്തുകൊണ്ടിരുന്ന പ്രവാചക പിതാവ് ഇബ്രാഹീം നബി(അ)യുടെ ചരിത്രവും തുടർന്ന് ഇസ്ഹാക്വ്, യഅ്ക്വൂബ്, നൂഹ് (അ) തുടങ്ങി അനേകം നബിമാരെക്കുറിച്ചും തുടരെ പരാമർശിച്ച ശേഷം ക്വുർആൻ പറഞ്ഞു:

“അവരുടെ പിതാക്കളും സന്താനങ്ങളും സഹോദരങ്ങളുമായിട്ടുള്ളവർ, അവരെ നാം പ്രവാചകൻമാരായി തിരഞ്ഞെടുത്തു; നേരായ മാർഗത്തിലേക്ക് നയിക്കുകയും ചെയ്തു. അതാണ് അല്ലാഹുവിന്റെ നേരായ മാർഗം. തന്റെ അടിയങ്ങളിൽനിന്ന് താനുദ്ദേശിക്കുന്നവരെ അതിലൂടെ താൻ മാർഗനിർദേശം ചെയ്യുന്നു. അവരെങ്ങാനും ശിർക്ക് ചെയ്തിരുന്നുവെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ മുഴുവൻ നിഷ്ഫലമായി പോകുമായിരുന്നു’’ (അൻആം: 87-88).

പ്രവാചകൻമാരുടെ പാന്ഥാവാണ് നേരായ പാന്ഥാവെന്നും അതു ദൈവികമാർഗമെന്നും വ്യക്തം. ഏകദൈവ സിദ്ധാന്തത്തിനു വേണ്ടിയും ബഹുദൈവാരാധനക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ ധീരമായും ശക്തമായും അവർ പൊരുതുകയാണുണ്ടായതെന്നും പ്രസ്തുത ക്വുർആൻ സൂക്തങ്ങൾ പച്ചയായി തന്നെ മനസ്സിലാക്കിത്തരുന്നു. പ്രവാചകൻമാരുടെ ഈദൃശ പ്രബോധനരീതി പരാമർശിച്ചശേഷം ക്വുർആൻ പറയുന്നത് കാണുക: “അല്ലാഹു നേർമാർഗത്തിലാക്കിയവരാണവർ, അവരുടെ മാൾഗത്തെ നീയും പിന്തു ടരുക. ഇതിന്ന് ഒരു പ്രതിഫലവും നിങ്ങൾ തരേണ്ടതില്ലെന്നും പ്രഖ്യാപിക്കുക. ഇത് ജനങ്ങൾക്കുള്ള ഉൽ ബോധനം മാത്രം’’ (അൻആം: 90).

മാറ്റമില്ലാത്ത രീതി

മുൻ പ്രവാചകന്മാരുടെ സൻമാർഗം പിന്തുടരാനാണ് ക്വുർആൻ മുഹമ്മദ് നബി ﷺ യോടും കൽ പിക്കുന്നത്. ഇതിൽ പ്രവാചക പിതാവ് ഇബ്രാഹീം നബി(അ)യെ അനുധാവനം ചെയ്യാൻ പ്രത്യേകിച്ച് ക്വുർആൻ നിർദേശിക്കുകയുണ്ടായി.

“(പിന്നീട് നാം നിനക്ക് ബോധനം നല്കി: ഋജുമാനസനായ ഇബ്രാഹീമിന്റെ മാർഗം പിന്തുടരുക, ഇബ്രാഹീം ഒരിക്കലും ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല’’ (നഹ്ൽ: 123).

ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങൾ എന്നും ഒന്നു തന്നെയെന്നും പ്രബോധന തത്ത്വങ്ങൾക്ക് മാറ്റമില്ലെന്നും ഈ സൂക്തങ്ങൾ തെളിയിക്കുന്നു. ഇക്കാര്യം പലയിടങ്ങളിൽ ക്വുർആൻ വ്യക്തമാക്കിയിട്ടുണ്ട്.

“നൂഹിനോട് അവൻ കൽപിച്ചരുളിയതും നിനക്ക് നാം വഹ്‌യ്നൽകിയിട്ടുള്ളതും ഇബ്രാഹീമിനോടും മൂസായോടും ഈസായോടും നാം കൽപിച്ചരുളിയതും എന്താണോ അതുതന്നെ അവൻ നിങ്ങൾക്കും മതമായി നിയമിച്ചു തന്നിരിക്കുന്നു. അതായത് ആ മതത്തെ നിങ്ങൾ നിലനിർത്തണം, അതിൽ നിങ്ങൾ ഭിന്നിച്ചുപോകരുത്. ബഹുദൈവ വിശ്വാസികളെ നീ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അതവർക്ക് വളരെ ഭാരപ്പെട്ടതായിരിക്കുന്നു’’ (ശൂറാ: 181).

ഏതൊരു പ്രദേശത്തും ആ ദീനിന്റെ പ്രബോധനമായി ഏതൊരു പ്രവാചകനും ആദ്യം ചെയ്തു പോന്നത് ജനങ്ങളമുഖ്യധാരയിലേക്ക് മുഖംനോക്കാതെ ഏതൊരു പ്രദേശത്തും ആ ദീനിന്റെ പ്രബോധനമായി ഏതൊരു പ്രവാചകനും ആദ്യം ചെയ്തുപോന്നത് ജനങ്ങളുടെ വിശ്വാസത്തെ നന്നാക്കിയെടുക്കുക എന്നതായിരുന്നു. അഥവാ തൗഹീദ് പ്രബോധനമായിരുന്നു.

“ഏതൊരു സമുദായത്തിലും നാം പ്രവാചകനെ നിയോഗിച്ചു. (ഇങ്ങനെ പ്രബോധനം ചെയ്തുകൊണ്ട്:) അല്ലാഹുവിനെ ആരാധിക്കുക, പൈശാചിക ശക്തികളെ വെടിയുക...’’ (നഹ്ൽ: 36).

“ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാൽ എന്നെ മാത്രം ആരാധിക്കുക എന്ന ദിവ്യ ബോധനവുമായിട്ടല്ലാതെ നിനക്കുമുമ്പ് ഒരു പ്രവാചകനെയും നാം നിയോഗിച്ചിട്ടില്ല’’ (അമ്പിയാഅ്: 25).

ഈ മുഖ്യധാര (തൗഹീദ്) തന്നെയാണ് മുഹമ്മദ് നബി ﷺ യുടെയും ദൗത്യത്തിന്റെ കാതലായി നിർദേശിക്കപ്പെട്ടത്.

“പറയുക: നിങ്ങളുടെ ആരാധ്യൻ ഏക ആരാധ്യനെന്ന് എനിക്ക് വഹ്‌യ്നൽകപ്പെട്ടിരിക്കുന്നു. അവന്നു നിങ്ങൾ കീഴ്‌പ്പെടാൻ തയ്യാറുണ്ടോ?’’

“പറയുക: ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രം. നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനെന്ന് എനിക്ക് വഹ്‌യ്നൽകപ്പെട്ടിരിക്കുന്നു’’ (അൽകഹ്ഫ് : 110).

ഈ നിലയിൽ ഏകദൈവ സിദ്ധാന്തത്തിന് പരമ പ്രാമുഖ്യം നൽകപ്പെട്ടുകൊണ്ട് തീർത്തും ആ തത്ത്വത്തിൽ അധിഷ്ഠിതമായ പ്രബോധനരീതിയാണ് ദൈവികമതത്തിന്റെ പ്രബോധനമായി ഓരോ പ്രവാചകനും അവലംബിച്ചു പോന്നിട്ടുള്ളത്.

പ്രസ്തുത തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ ഒരേക സമുദായം. അതിൽ ഒരു ഭിന്നതയും ഒരിക്കലും പൊറുപ്പിച്ചുകൂടാ. ഇതാണ് ആ മതത്തിന്റെയും പ്രബോധനത്തിന്റെയും മുഖ്യധാര.

“ഇത് നിങ്ങളുടെ ഒരേയൊരു സമുദായം. ഞാൻ നിങ്ങളുടെ രക്ഷിതാവ്. ആകയാൽ എന്നെ മാത്രം നിങ്ങൾ ആരാധിക്കുക’’ (അമ്പിയാഅ്: 92).

ഒരു ദൈവം; ഒരു ജനത

ഈ ആശയം ചെറിയ പദവ്യത്യാസത്തോടെ ക്വുർആനിൽ പലയിടത്തും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്, അല്ലാഹുവിനെ മാത്രം ആരാധിച്ചുകൊണ്ട് ഏകദൈവ വിശ്വാസത്തിൽ ഉറച്ച ആചാരങ്ങളും സാംസ്‌കാരിക മുറകളും പുലർത്തി ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുക എന്നതാണ് ഈ ആശയത്തിന്റെ ചുരുക്കം. ഈ പോയിന്റിൽനിന്ന് തെറ്റാതെ അതിൽ ഉറച്ചു നിൽക്കാനുള്ള ശ്രദ്ധയാണ് ഓരോ വിശ്വാസിയും ഉൽകണ്ഠയോടെ പുലത്തിപ്പോരേണ്ടത് എന്നും ക്വുർആനിന്റെ ശൈലിയിൽനിന്ന് നന്നായി ഗ്രഹിക്കാം.

“ഇത് എന്റെ ചൊവ്വായ മാർഗം. നിങ്ങൾ ഇതിനെ പിന്തുടരുക. മാർഗങ്ങൾ നിങ്ങൾ പിന്തുടർന്നു പോകരുത്. അങ്ങനെയായാൽ അല്ലാഹുവിന്റെ (നേരായ) മാർഗത്തിൽനിന്നും നിങ്ങൾ ചിതറിപ്പോകും. അതാണ് അവൻ നിങ്ങളോട് നിർദേശിക്കുന്നത്; നിങ്ങൾ നല്ലവരായിത്തീരേണ്ടതിന്ന്’’ (അൻആം: 154).

ഭിന്നതയില്ലാത്ത സത്യം

പ്രവാചകൻമാരുടെ പ്രബോധനത്തിന്റെ മർമം തൗഹീദും തദടിസ്ഥാനത്തിൽ മനുഷ്യസഞ്ചയത്തിന്റെ ഏകീകരണവും അങ്ങനെ ലക്ഷ്യബോധത്തോടെ ഐഹികവും പാരത്രികവുമായ നേട്ടങ്ങളിലേക്ക് നീങ്ങുന്ന ഒരു സമുദായവും-ഇതായിരുന്നു ചിട്ടയോടെ ആ പ്രബോധനത്തിന്റെ ചലനമെന്ന് കാണാൻ പ്രയാസമില്ല. പരമ പ്രധാനമായി തൗഹീദ് അവരുടെയെല്ലാം പ്രബോധന ദൗത്യമായിരുന്നെന്ന കാര്യത്തിൽ വിശുദ്ധ ക്വുർആനിന്റെ വ്യാഖ്യാതാക്കൾക്കിടയിൽ പോലും അഭിപ്രായ ഭിന്നത ഉണ്ടായിട്ടില്ല.

“പ്രവാചകരെല്ലാവരും നിയുക്തരായ മതം അല്ലാഹുവിനെ മാത്രം ആരാധിക്കുക; അവന്ന് യാതൊരു പങ്കുകാരും പാടില്ല എന്നതാണ്’’ (ഇബ്‌നു കസീർ, വാല്യം 4, പേജ്: 159).

ആകയാൽ തൗഹീദ് നിലനിർത്തുക. ശിർക്കിൽനിന്നും ജനതയെ മോചിപ്പിക്കുക, ഇതിന്നാണ് ഏതു സമുദ്ധാരകരും എപ്പോഴും പ്രാധാന്യം കൊടുക്കേണ്ടത്. പ്രത്യേകിച്ച് പ്രവാചകന്റെ പിൻഗാമികളായി ഈ ദൗത്യപ്രബോധനം ഏറ്റെടുത്തിട്ടുള്ളവർ. രാഷ്ട്രീയമോ സാമ്പത്തികമോ വിദ്യാഭ്യാസപരമോ വ്യാവസായികമോ തൊഴിൽപരമോ കാർഷികമോ കച്ചവടപരമോ ആയ ജീവിതമാർഗങ്ങളിൽ പുരോഗതി കൈവരുത്തുവാനായി വല്ലതും പ്രവത്തിക്കാൻ പാടില്ലെന്നോ പ്രവാചകദൗത്യത്തിൽ അവ സംബന്ധിച്ച് യാതൊരു പരാമർശവും നിർദേശവുമില്ലെന്നോ അല്ല ഇപ്പറഞ്ഞതിനർഥം; വെറും കാണികളായി നോക്കി നിൽക്കണമെന്നുമല്ല. അവയെല്ലാം വ്യക്തിക്ക് തോന്നിയപോലെ കൈകാര്യം ചെയ്യാമെന്നും ഇസ്‌ലാമിന്റെ യാതൊരു നിയന്ത്രണവുമില്ലെന്നും മുൻപറഞ്ഞതിനർഥമില്ല.

ആദ്യമായി ഏകദൈവ സിദ്ധാന്തം അംഗീകരിക്കുക. ബഹുദൈവാരാധനാപരമായ വിശ്വാസങ്ങളിൽനിന്നും കർമങ്ങളിൽനിന്നും ശുദ്ധി നേടുക. ആ നിലയിൽ ദൈവവിശ്വാസത്തിലും പരലോകബോധത്തിലും അടിയുറച്ച ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നാണ്. മത പ്രബോധനപരമായ ജിഹാദ് എന്നത് പ്രഥമമായി ഇതിനുവേണ്ടിയാണ് ആയിരിക്കേണ്ടത്. അങ്ങനെയുള്ളാരു തത്ത്വത്തിലും ബോധത്തിലും വളർന്നുവരുന്ന സമൂഹം-അവർ അതിൽ ആത്മാർഥമായി മൂടുറച്ചവരെങ്കിൽ- സ്വാഭാവികമായും സാന്മാർഗികബോധം അവരിൽ കരുപ്പിടിച്ചിരിക്കും. അവരുടെ സാമൂഹ്യവും വ്യക്തിപരവുമായ എല്ലാ ഇടപാടുകളും ആ സാന്മാർഗിക ചിന്തയോടെ കൈകാര്യം ചെയ്യപ്പെടുന്നതും കച്ചവടമോ കൃഷിയോ വിദ്യാഭ്യാസമോ രാഷ്ട്രീയമോ തൊഴിലോ-എതു രംഗമായിരിക്കട്ടെ-അവയിൽ ദൈവികമായ പൊതു സാന്മാർഗിക നിർദേശങ്ങൾ എന്തൊക്കെയെന്നു കണ്ടെത്താനുള്ള ബദ്ധപ്പാടും ബേജാറും അവരിൽ ഉണ്ടായിരിക്കുകയും എല്ലാവരോടുമുള്ള ഗുണകാംക്ഷയോടെ നിർദേശങ്ങൾ സസൂക്ഷ്മം അവർ പാലിക്കുകയും ചെയ്യും. അങ്ങനെ ഏതൊരു തനി ഭൗതിക പ്രശ്‌നവും അവരുടെ ധാർമികതയുടെ ഭാഗമായി സ്വമേധയാ കലാശിക്കുന്നു. ആകയാൽ അത്തരം രംഗങ്ങളിലെ ഒരു പ്രശ്‌നവുംതന്നെ-അതെത്ര ഗുരുതരവും സങ്കീർണവും ആയിരുന്നാലും ശരി- പ്രബോധനത്തിന്റെ മുഖ്യഭാഗമാക്കേണ്ടതില്ല. ആക്കുകയാണെങ്കിൽ ആഹാരകാര്യത്തിൽ ശ്രദ്ധപതിപ്പിക്കാതെ ഔഷധങ്ങളിൽ മാത്രം ശ്രദ്ധിക്കുന്ന ഒരു രോഗിയുടെ നിലയായിരിക്കും അത്തരക്കാരുടേത്. അങ്ങനെയുള്ളൊരു രോഗിയാക്കേണമോ ഈ സമുദായത്തെ? സമുദായത്തിന്റെ ഉയർച്ച പോയിട്ട് അസ്തിത്വവും നിലനിൽപും തന്നെ നഷ്ടപ്പെടുകയല്ലേ അതുമൂലം ഉണ്ടാകുക? സമുദായ സമുദ്ധാരകരായി രംഗത്തുള്ള അനേകം വിഭാഗങ്ങൾ ഈ മർമത്തെക്കുറിച്ച് ഇനിയും ബോധവാന്മാരാകേണ്ടതായിട്ടാണിരിക്കുന്നതെന്ന് കാണാൻ പ്രയാസമില്ല.