അല്ലാഹു എത്ര പരിശുദ്ധൻ

ഡോ. എം. ഉസ്മാൻ

2022 സെപ്തംബർ 10, 1444 സ്വഫർ 13
"അല്ലാഹു തങ്ങളെ സൃഷ്ടിച്ചിരിക്കെ അവർ ജിന്നുകളെ അല്ലാഹുവിനു പങ്കുകാരാക്കിയിരിക്കുന്നു. യാതൊരറിവും കൂടാതെ അല്ലാഹുവിനു പുത്രന്മാരെയും പുത്രിമാരെയും അവർ ആരോപിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പരിശുദ്ധനാണ്. അവർ ആരോപിക്കുന്നതിൽ നിന്നെല്ലാം ഉന്നതനുമാണ്. (യാതൊരു മുൻമാതൃകയുമില്ലാതെ) ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനാകുന്നു അവൻ. അവന്നു സന്താനമുണ്ടാകുന്നതെങ്ങനെ? അവന്നു ഭാര്യയുണ്ടായിട്ടില്ലല്ലോ! അവൻ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു, അവൻ എല്ലാ സംഗതികളും പൂർണമായി അറിയുന്നവനാണ്. അവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു; അവനല്ലാതെ വേറൊരു ആരാധ്യനേയില്ല. സകല വസ്തുക്കളുടെയും സ്രഷ്ടാവ്! അതുകൊണ്ട് അവനെ നിങ്ങൾ ആരാധിക്കുവിൻ; അവൻ എല്ലാ സംഗതികൾക്കും ഭരമേൽപിക്കപ്പെടേണ്ടവനാണ്. കണ്ണുകൾ അവനെ പ്രാപിക്കയില്ല; അവൻ കണ്ണുകളെ പ്രാപിക്കും. അവൻ സൂക്ഷ്മനും സൂക്ഷ്മജ്ഞനുമാകുന്നു.'' (അൽഅൻആം 101-103).

പ്രപഞ്ചകർത്താവായ അല്ലാഹുവിനെപ്പറ്റി പരിശുദ്ധ ക്വുർആൻ തരുന്ന വിവരണങ്ങൾ നിസ്തുലമാണ്. അല്ലാഹുവിങ്കൽനിന്നുള്ള ഗ്രന്ഥത്തിനല്ലാതെ അത്ര കണിശമായും ആധികാരികമായും അത്തരം വിവരണങ്ങൾ നൽകുക സാധ്യമല്ല. മനുഷ്യന്റെ ഭാവന എല്ലാ കാലത്തും അവന്റെ പ്രതിബിംബമായ ഒരു ദൈവത്തെ സങ്കൽപിക്കുവാനാണ് വെമ്പൽകൊണ്ടിട്ടുള്ളത്. മനുഷ്യന്റെ ദൗർബല്യങ്ങളും സ്വഭാവങ്ങളും ഏറെക്കുറെ ദൈവത്തിനും ആരോപിച്ചുകൊണ്ടുള്ള ദൈവസങ്കൽപങ്ങൾ എല്ലാ കാലത്തും മനുഷ്യൻ നിർമിച്ചുണ്ടാക്കിയിട്ടുണ്ട്. പിശാചിന്റെ പ്രേരണയും ബോധനവും മനുഷ്യനെ ഈ മാർഗത്തിൽ കൂടി വളരെ വളരെ ദൂരം അപഥ സഞ്ചാരം ചെയ്യിക്കുകയും സത്യത്തിൽനിന്നു തീരെ അകന്ന് അന്ധകാരത്തിൽ അറ്റംകാണാതെ ഉഴലുന്ന നിലയിലെത്തിക്കുകയും ചെയ്യുന്നു. സ്രഷ്ടാവിനെ ദേവീദേവൻമാരുമായി ബന്ധപ്പെടുത്തിക്കൊണ്ടും, സന്താനങ്ങളും കുടുംബവും ഭാര്യമാരുമെല്ലാം ആരോപിച്ചുകൊണ്ടും മറ്റുമുള്ള ബാലിശവും ജുഗുപ്‌സാവഹവുമായ ഒട്ടേറെ കെട്ടുകഥകൾ മനുഷ്യനും പിശാചും ഒത്തുചേർന്ന് നിർമിച്ചുണ്ടാക്കിയിട്ടുണ്ട്. പൂർവികവേദഗ്രന്ഥങ്ങൾ അല്ലാഹുവിനെ സംബന്ധിച്ചു നൽകിയിരുന്ന സത്യസമ്പൂർണമായ വിജ്ഞാനങ്ങളെ ഈ തരത്തിലുള്ള കെട്ടുകഥകളും ഭാവനകളുമായി കൂട്ടിക്കുഴക്കുകയും, സത്യവും അസത്യവും തമ്മിൽ തിരിച്ചറിയാൻ വയ്യാത്ത ഒരു സ്ഥിതിവിശേഷം ഉണ്ടാക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഘട്ടങ്ങളിലായിരുന്നു അല്ലാഹുവിന്റെ പ്രവാചകന്മാർ വീണ്ടും വീണ്ടും വന്ന് ദൈവിക ഗ്രന്ഥങ്ങളും സന്ദേശങ്ങളും മനുഷ്യർക്ക് എത്തിച്ചുകൊടുത്തുകൊണ്ട് സത്യവും അസത്യവും വേർതിരിച്ചുകൊടുത്തിരുന്നത്.

എന്നാൽ വേദഗ്രന്ഥങ്ങൾ അവതരിച്ച് കുറച്ചുകഴിയുമ്പോഴേക്ക് പ്രവാചകന്മാർ കൊണ്ടുവന്നതിൽ മായം ചേർക്കപ്പെടുന്നു. ഐഹികജീവിത പ്രതിപത്തി ബാധിച്ച പൗരോഹിത്യവും മതനേതാക്കളും പിശാചിന്റെ പ്രേരണക്കു വശംവദരായി ദൈവിക സന്ദേശങ്ങളിൽ കൂടി അവരുടെ സ്വന്തം ഭാവനകളും സങ്കൽപങ്ങളും കൂട്ടിക്കുഴക്കുന്നു. ഇതാണ് തൗറാത്തിനും ബൈബിളിനുമെല്ലാം സംഭവിച്ചിട്ടുള്ളത്.

“നിനക്കുമുമ്പ് ഏതെങ്കിലും ദൂതനെയോ പ്രവാചകനെയോ നാം അയച്ചിട്ട് അദ്ദേഹം പാരായണം ചെയ്തുകൊടുത്താൽ, അദ്ദേഹം പാരായണം ചെയ്തുകൊടുത്തതിൽ പിശാച് കൂട്ടിച്ചേർക്കാതിരുന്നിട്ടില്ല. അപ്പോൾ പിശാച് കൂട്ടിച്ചേർത്തത് അല്ലാഹു നീക്കിക്കളയും; പിന്നെ അല്ലാഹു അവന്റെ വചനങ്ങളെ ഉറപ്പിക്കും. അല്ലാഹു സർവജ്ഞനും അഗാധജ്ഞനുമത്രെ. പിശാച് കൂട്ടിച്ചേർത്തത് ഹൃദയത്തിൽ രോഗമുള്ളവർക്കും ഹൃദയം കടുത്തവർക്കും ഒരു പരീക്ഷണമാകുന്നതിനുവേണ്ടി. അക്രമികൾ വിദൂരമായ ശത്രുതയിലാണ്. നിശ്ചയം അറീവ് നൽകപ്പെട്ടവർ അതുതന്നെയാണ് തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യമെന്ന് അറിയുകയും അങ്ങനെ അതിൽ വിശ്വസിക്കുകയും അവരുടെ ഹൃദയങ്ങൾ അതിനു കീഴ്‌പെടുകയും ചെയ്യാൻ വേണ്ടിയും; അല്ലാഹു വിശ്വസിച്ചവര നേർവഴിയിലാക്കുന്നവനാണ്’’ (അൽഹജ്ജ് 52-54).

തൗറാത്ത്, ബൈബിൾ മുതലായ മുൻവേദഗ്രന്ഥങ്ങളിലും ഭഗവത്ഗീത, ഉപനിഷത്തുകൾ മുതലായ പൗരാണിക വേദങ്ങളിലുമെല്ലാം സംഭവിച്ചിട്ടുള്ളത് ഈ കൈകടത്തലാണ്. അവകളിലെല്ലാം സത്യവും അസത്യവും കൂട്ടിക്കുഴച്ചിരിക്കുകയാണ്. പരലോകവിശ്വാസം നശിച്ചു ഹൃദയകാഠിന്യം ബാധിച്ച് മനുഷ്യരുടെ ഭാവനകളെ തൃപ്തിപ്പെടുത്തക്കവിധം പിശാച് അവന്റെ കഴിവിനനുസരിച്ച് അവയിലെല്ലാം മായം ചേർത്തിരിക്കുന്നു. വേദഗ്രന്ഥങ്ങളിൽ അവസാനത്തേതായ പരിശുദ്ധ ക്വുർആൻ മാത്രമെ ഈ ആപത്തിൽനിന്നു രക്ഷപ്പെട്ടിട്ടുള്ളൂ. യാതൊരുവിധ കൂട്ടിച്ചേർക്കലിനും കൈകടത്തലിനും വിധേയമാകാതെ, ഒരു വള്ളിപുള്ളിക്കു വ്യത്യാസമില്ലാതെ, സത്യവും അസത്യവും വേർതിരിക്കുന്ന ആ ദൈവികഗ്രന്ഥം അവസാനനാൾ വരെ നിലനിൽക്കും.

“അതിന്റെ മുന്നിൽനിന്നോ പിന്നിൽനിന്നോ അതിലേക്ക് അസത്യം വരികയില്ല. അഗാധജ്ഞനും സ്തുത്യർഹനമായവന്റെ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതാണത്’’ (ഫുസ്സ്വിലത് 42).

ലോകമുസ്‌ലിംകളുടെ ഇടയിൽ എണ്ണമറ്റ കക്ഷികളും വിഭാഗങ്ങളുമുണ്ടെങ്കിലും, പരിശുദ്ധ ക്വുർആൻ ഒന്നുമാത്രമേയുള്ളൂ. എല്ലാവരും അതംഗീകരിക്കുന്നു. ഒരു വാക്കിനോ അക്ഷരത്തിനോ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും എല്ലാ വിഭാഗം മുസ്‌ലിംകളുടെയും ഇടയിലും അതു സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് നബി ﷺ യുടെ ജീവിതത്തിന്റെ അവസാനത്തെ ഇരുപത്തിമൂന്നു കൊല്ലക്കാലത്ത് പല ഘട്ടങ്ങളിലായി അപ്പപ്പോൾ അവതരിപ്പിക്കപ്പെട്ട ക്വുർആനിലെ വചനങ്ങൾ ക്രോഡീകരിക്കപ്പെട്ടതും ഗ്രന്ഥരൂപത്തിലാക്കപ്പെട്ടതും പിൽക്കാലത്താണല്ലോ. എന്നിട്ടും ക്വുർആന്റെ കാര്യത്തിൽ വള്ളിപുള്ളിക്ക് വ്യത്യാസമില്ലാത്ത തരത്തിലുള്ള ഈ ഐക്യം സാധ്യമായി എന്നത് ആശ്ചര്യകരമാണ്. അതൊരു ദൈവിക ദൃഷ്ടാന്തം തന്നെയാണ്.

“തീർച്ചയായും നാം തന്നെയാണ് ഈ ദിക്‌റിനെ (ക്വുർആനെ) ഇറക്കിയിരിക്കുന്നത്. അതിനെ നാം നിശ്ചയമായും കാത്തുസൂക്ഷിക്കുകയും ചെയ്യും’’ (ഹിജ്ർ 9).

മുമ്പുള്ള ദൈവിക ഗ്രന്ഥങ്ങൾ വിധേയമായതുപോലെയുള്ള മാറ്റിത്തിരുത്തലുകൾക്കും കൈകടത്തലുകൾക്കും പരിശുദ്ധ ക്വുർആൻ വിധേയമായിട്ടില്ല; വിധേയമാകുന്നതുമല്ല. പരസ്പര വിരുദ്ധങ്ങളായി ആ ഗ്രന്ഥത്തിൽ ഒന്നും കാണുക സാധ്യമല്ല. ഇരുപത്തിമൂന്നു കൊല്ലക്കാലത്തെ പ്രവാ ചകന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ക്വുർആനിലെ സൂക്തങ്ങളിൽ ഒരു വൈരുധ്യവും കാണുന്നില്ല എന്നതുതന്നെ അതിന്റെ ദൈവികത്വത്തിന്റെ ഒരുത്തമ ദൃഷ്ടാന്തമാണ്. മനുഷ്യനിർമിതമായ സാഹിത്യകലാസൃഷ്ടികളിലും പ്രത്യയശാസ്ത്രങ്ങളിലും കാണുന്ന തരത്തിലുള്ള വൈരുധ്യങ്ങളൊന്നും പരിശുദ്ധ ക്വുർആനിൽ കാണുകയില്ല.

“അത് അല്ലാഹുവല്ലാത്ത ആരിൽ നിന്നെങ്കിലുമായിരുന്നെങ്കിൽ തീർച്ചയായും അവർക്കതിൽ വളരെയധികം വൈരുധ്യങ്ങൾ കാണാമായിരുന്നു’’ (അന്നിസാഅ് 82).

ദീർഘിച്ച ഇരുപത്തിമൂന്നു കൊല്ലക്കാലം കൊണ്ട് പൂർത്തിയാക്കപ്പെട്ട ആ ഗ്രന്ഥം അല്ലാഹുവിങ്കൽ നിന്നുള്ളതായിരുന്നില്ലെങ്കിൽ വൈരുധ്യങ്ങളുടെ ഒരു സമാഹാരമാകുമായിരുന്നു. സന്തോഷത്തിലും സന്താപത്തിലും, ആശയിലും നിരാശയിലും, യുദ്ധത്തിലും സമാധാനത്തിലും, ക്ഷാമത്തിലും ക്ഷേമത്തിലും എല്ലാം മാറിമാറിക്കൊണ്ടിരുന്ന ജീവിതാനുഭവങ്ങളുടെ വൈവിധ്യം ആദർശമണ്ഡലത്തിലും പ്രതിഫലിക്കുമായിരുന്നു. ബൈബിളിലും മറ്റു പൂർവികവേദങ്ങളിലും കാണുന്ന വൈരുധ്യങ്ങൾക്കെല്ലാം കാരണം അവയിൽ പിൽക്കാലത്തുണ്ടായ മനുഷ്യരുടെ കൈകടത്തലാണ്.

‘ബൈബിൾ വിഡ്ഢികളുടെ മതഗ്രന്ഥം’ എന്ന പേരിൽ ‘ഇടമറുക്’ എഴുതിയ പുസ്തകത്തിലെ ചില ഭാഗങ്ങൾ വായിച്ചപ്പോൾ വളരെ വെറുപ്പുതോന്നി. ദൈവത്തെപറ്റി ബൈബിൾ തരുന്ന പരസ്പര വിരുദ്ധങ്ങളായ ആശയങ്ങൾ ഗ്രന്ഥകർത്താവിനെ വളരെയധികം കുഴപ്പത്തിലാക്കിയിരിക്കുന്നു. ‘ദൈവമെന്ന വിവരംകെട്ട മഹാപാപി’ എന്ന അധ്യായത്തിൽ, ഉൽപത്തി പുസ്തകത്തിലെ ദൈവസങ്കൽപത്തെ ഗ്രന്ഥകാരൻ പരിശോധനാവിധേയമാക്കിയിരിക്കുന്നു. ഇനിയത്തെ പ്രസിദ്ധീകരണം ‘യഹോവ സാത്താന്റെ സുഹൃത്ത്’ എന്നതാണത്രെ! പ്രസാധകൻ പറയുന്നത് ശ്രദ്ധേയമാണ്. ‘എത്ര കൃത്രിമമായ വിശ്വാസമാണ് ദൈവത്തെ സംബന്ധിച്ച് ക്രിസ്ത്യാനികൾ വെച്ചുപുലർത്തുന്നതെന്ന് ഇതു തെളിയിക്കുന്നു’ എന്നാണ് പ്രസാധകൻ പറയുന്നത്. ഏതായാലും ദൈവവിശ്വാസികളെയെല്ലാം വേദനിപ്പിക്കുന്ന തരത്തിലുള്ള ഈ ‘ഇടമറുക് പ്രസിദ്ധീകരിക്കണം’ ബൈബിളിൽ പൗരോഹിത്യവും പുണ്യവാളന്മാരും കൂട്ടിച്ചേർത്ത വ്യാജങ്ങളെ ഒരുവിധത്തിൽ തുറന്നുകാണിക്കുന്നു.

‘ലോകപാപം ആവിർഭവിച്ചത് മുതൽ അത് ഇല്ലാതാക്കാൻ ദൈവം ശ്രമിക്കുന്നതായി കാണുന്നു. പാപികളെ ജലപ്രളയം കൊണ്ടു നശിപ്പിച്ചു (ഉൽപത്തി 7, 8 അധ്യായത്തിൽ) സോദോമും ഗോമോറയും തീയിറക്കി ഉന്മൂലനാശം വരുത്തി (ഉൽപത്തി 19). ലോകജനതയിൽ യഹൂദന്മാർ എന്നൊരു വിഭാഗത്തെ തിരഞ്ഞെടുത്തു നന്നാക്കാൻ ശ്രമിച്ചു; പറ്റിയില്ല.അവസാനം സ്വപുത്രൻ (അതോ ദൈവം തന്നെയോ?) ഭൂമിയിൽ അവതരിച്ചു. മനുഷ്യൻ ആ ദൈവത്തെ കഴുകിലേറ്റി. അങ്ങനെ ദൈവത്തിന്റെ സർവശക്തിയെ മനുഷ്യർ പരാജയപ്പെടുത്തിക്കളഞ്ഞു. ആ പരാജയത്തിന്റെ കഥയിലൂടെ ബൈബിൾ. ദൈവം സർവശക്തനല്ലെന്നത് തെളിയിക്കുകയാണ്.’

അല്ലാഹുവിനു സന്താനത്തെ ആരോപിക്കുകയും, ദൈവപുത്രൻ ഭൂമിയിൽ അവതരിച്ച് മനുഷ്യരുടെയെല്ലാം പാപത്തിന് പ്രായച്ഛിത്തമായി ക്രൂശിക്കപ്പെട്ടുവെന്നും മറ്റും കെട്ടിച്ചമക്കുകയും ചെയ്തപ്പോൾ ദൈവസങ്കൽപത്തിൽതന്നെ പല വൈരുധ്യങ്ങളും പാകപ്പിഴവുകളും കടന്നുകൂടി. പാപത്തെപ്പറ്റിയും പാപമോചനത്തെപ്പറ്റിയുമെല്ലാമുള്ള ക്രിസ്തീയ ധാരണകൾ പൗരോഹിത്യത്തിന്റെ സൃഷ്ടിയാണ്. അവരുടെ സ്വാധീനവും നീരാളിപ്പിടുത്തവും സമൂഹത്തിൽ ഉറപ്പിക്കത്തക്ക നിലക്കാണ് ഈ സങ്കൽപങ്ങളെല്ലാം നിർമിക്കപ്പെട്ടിട്ടുള്ളത്. പരിശുദ്ധ ക്വുർആൻ അല്ലാഹുവിന് ഒരു സന്താനത്തെ ആരോപിക്കുന്നതിനെ സംബന്ധിച്ച് എത്ര കർശനമായിട്ടാണ് പറയുന്നത്.

“അവർ പറയുന്നു: ‘പരമ കാരുണികൻ ഒരു മകനെ കൈക്കൊണ്ടിട്ടുണ്ട്. തീർച്ചയായും നിഷിദ്ധമായ ഒരു കാര്യം നിങ്ങൾ കൊണ്ടുവരികയാണ്. ആകാശങ്ങൾ പൊട്ടിക്കീറുകയും ഭൂമി പിളരുകയും മലകൾ തകർന്നുവീഴുകയും ചെയ്യുമാറാകുന്നുണ്ട്; പരമകാരുണികന് ഒരു മകനെ അവർ ആരോപിക്കുന്നു എന്നതിനാൽ! ഒരു മകനെ സ്വീകരിക്കുക എന്നതു പരമകാരുണികന് യോജിക്കയില്ല. ആകാശഭൂമിയി ലുള്ള ഏവനും പരമകാരുണികന്റെ അടുത്ത് ദാസനായി വരുന്നവൻ മാത്രമാണ്’’ (മർയം 88-94).

അല്ലാഹുവിന് ഒരു സന്താനമുണ്ടാകുക എന്ന സങ്കൽപം പോലെ ഭയങ്കരമായ ഒരു കളവ് വേറെ എന്തുണ്ട്? പ്രപഞ്ചത്തിന്റെ നിലനിൽപുതന്നെ അപകടപ്പെടുത്താൻ മാത്രം അത്രയും നിഷിദ്ധമായ ഒരാരോപണമാണത്. ആകാശങ്ങളിലും ഭൂമിയിലുള്ള എത്ര ഉന്നതരായ സൃഷ്ടികളും അല്ലാഹുവിന്റെ അടിമകൾ മാത്രമാണ്. ദൈവപുത്രൻ എന്ന പരമനിഷിദ്ധമായ സങ്കൽപം സ്വീകരിക്കുകയും, ആ സങ്കൽപത്തെ ന്യായീകരിക്കുവാൻ ദൈവികഗ്രന്ഥമായ ബൈബിളിൽ പരസ്പര വിരുദ്ധങ്ങളായ പലതും കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുള്ളത് ഇടമറുകിനെപ്പോലത്തവർക്ക് ഇങ്ങനെയുള്ള ‘ദൈവവിരുദ്ധ’ പ്രസിദ്ധീകരണങ്ങൾക്ക് ന്യായീകരണം നൽകുന്നു.

എന്നാൽ പരിശുദ്ധ ക്വുർആൻ അത്തരം എല്ലാ വൈരുധ്യങ്ങളിൽനിന്നും വിമുക്തമാണ്. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെപ്പറ്റി ക്വുർആൻ നൽകുന്ന വിവരണങ്ങൾ നിസ്തുലമാണ്, പരിശുദ്ധമാണ്. യുഗയുഗങ്ങളായി മനുഷ്യരും പിശാചും കൂട്ടുചേർന്നുണ്ടാക്കിയിട്ടുള്ള എല്ലാവിധ മാലിന്യങ്ങളിൽനിന്നും അസത്യസങ്കൽപങ്ങളിൽനിന്നും വിമുക്തമായ സത്യം അല്ലാഹുവിങ്കൽനിന്നുള്ള ആ പരിശുദ്ധ ഗ്രന്ഥം മനുഷ്യരുടെ മുമ്പിൽ വെക്കുന്നു.

“പറയുക; കാര്യം ഇതാകുന്നു: അല്ലാഹു ഏകനാകുന്നു. അല്ലാഹു തന്നെയാണ് യജമാനൻ. അവൻ ജനിപ്പിച്ചിട്ടില്ല. ജനിപ്പിക്കപ്പെട്ടിട്ടുമില്ല. അവന്നു തുല്യനായി ആരുമില്ല’’ (അൽഇഖ്‌ലാസ്).

“അവനെപ്പോലെ ഒരു വസ്തുവുമില്ല. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്’’ (ശൂറാ 11).

“മറ്റുള്ളതെല്ലാം സഷ്ടിച്ചശേഷം ദൈവം പറയുന്നു: ‘നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യരെ ഉണ്ടാക്കുക. ഇങ്ങിനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു’’ (ഉൽപത്തി 1: 26, 27).

പരിശുദ്ധ ക്വുർആൻ, ആല്ലാഹുവിനെപ്പോലെ യാതൊന്നുമില്ല എന്നും അവന്നു തുല്യനായി ആരുമില്ല എന്നും പറയുന്നു. ബൈബിൾ, ദൈവത്തിന്റെ രൂപത്തിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നും പറയുന്നു. അല്ലാഹുവിനു സന്താനമുണ്ടാകുക എന്ന ആശയത്തോടു യോജിക്കുന്ന ഒരു സങ്കൽപം ന്നെയാണു മനുഷ്യൻ ദൈവസ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന അനുമാനവും. അപ്പോൾ ദൈവത്തിന് ഒരു മനഷ്യസന്താനമുണ്ടാകുന്നതിൽ വലിയ പാകപ്പിഴവില്ലല്ലോ. ‘ബൈബിൾ വിഡ്ഢികളുടെ മതഗ്രന്ഥം’ എന്ന പേരിൽ ഇടമറുക് എഴുതിയ ഗ്രന്ഥത്തിലെ ക്രിസ്തീയ ദൈവസങ്കൽപത്തെപ്പറ്റിയുള്ള വിമർശനം ക്രിസ്ത്യാനികളെ ഒരു ആത്മപരിശോധനക്കു പ്രേരിപ്പിക്കേണ്ടതാണ്. പ്രവാചകൻന്മാർ പഠിപ്പിച്ച തത്ത്വങ്ങൾ മറന്നുകൊണ്ട് പൗരോഹിത്യം കെട്ടിച്ചമച്ചുണ്ടാക്കിയ ‘ദൈവപുത്ര സങ്കൽപം’ വിശ്വസിക്കാൻ ചിന്തിക്കുന്നവർക്കു വളരെയേറെ പ്രയാസമായിരിക്കും.

“പ്രതാപവാനായ നിന്റെ രക്ഷിതാവ് അവർ ആരോപിക്കുന്നതിൽനിന്നെല്ലാം എത്ര പരിശുദ്ധൻ! ദൂതന്മാരുടെമേൽ സമാധാനം. ലോകങ്ങളുടെ നാഥനായ അല്ലാഹുവിന് സർവസ്തുതിയും’’ (സ്വാഫാത്ത് 180-182). (സൽസബീൽ മാസിക 1994 ആഗസ്റ്റ്)