നമസ്‌കാര സമയത്തിന്റെ കണക്കും മാസപ്പിറവിയുടെ കണക്കും

പി. ഒ. ഉമര്‍ഫാറൂഖ്, തിരൂരങ്ങാടി

2022 മെയ് 07, 1442 ശവ്വാൽ 06

(2008ൽ ചങ്ങരംകുളത്തു വെച്ച് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളന സുവനീറിൽ പ്രസിദ്ധീകരിച്ച ലേഖനം.)

നമസ്‌കാര സമയം നിശ്ചയിക്കുന്നതിന് നിങ്ങള്‍ കണക്കുപയോഗിക്കുന്നു, എന്നാല്‍ മാസപ്പിറവിയുടെ കാര്യത്തില്‍ കണക്കിനെ നിഷേധിക്കുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പല്ലേ?’മാസപ്പിറവി നിര്‍ണയിക്കുന്നതില്‍ കേരള ഹിലാല്‍ കമ്മിറ്റി സ്വീകരിക്കുന്ന നിലപാടുകളെ എതിര്‍ക്കുന്നവര്‍ പലപ്പോഴും ഇങ്ങനെയൊരു ചോദ്യമുന്നയിക്കാറുണ്ട്. മാസപ്പിറവിയുടെ കാര്യത്തില്‍ തങ്ങളുടെ ആശയപാപ്പരത്തം മറച്ചു വയ്ക്കുന്നതിനുള്ള ഒരു പുകമറ സൃഷ്ടിക്കുക എന്നതു മാത്രമാണ് ഹിജ്‌റ കലണ്ടറുകാര്‍ ഈ ചോദ്യത്തിലൂടെ ലക്ഷ്യമാക്കുന്നത്. നമസ്‌കാര സമയനിര്‍ണയത്തിന് കണക്ക് എങ്ങനെ പ്രയോഗിക്കുന്നുവെന്നും മാസപ്പിറവിയുടെ കാര്യത്തില്‍ കണക്കു പ്രയോജനപ്പെടുത്തുന്നതിലുള്ള പരിമിതികളെന്തെന്നും മനസ്സിലാക്കിയാല്‍ ഈ ചോദ്യത്തിന്റെ അനര്‍ഥം ബോധ്യപ്പെടും.

നമസ്‌കാര സമയത്തിന്റെ കാര്യത്തിലും മാസപ്പിറവിയുടെ കാര്യത്തിലും നബി(സ)യുടെ നിര്‍ദേശങ്ങള്‍ നൂറുശതമാനവും ഉള്‍ക്കൊള്ളുകയും അവിടുന്ന് നിര്‍ണയിച്ച മാനദണ്ഡങ്ങള്‍ കൃത്യവും കണിശവുമായി മനസ്സിലാക്കുന്നതില്‍ ശാസ്ത്രം ഖണ്ഠിതമായി നല്‍കുന്ന എല്ലാ ഫോര്‍മുലകളും ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് മുജാഹിദ് പ്രസ്ഥാനം നാളിതുവരെ സ്വീകരിച്ച നിലപാട്. സുന്നത്തിനെ ധിക്കരിക്കുകയോ ശാസ്ത്രയാഥാര്‍ഥ്യങ്ങളെ തിരസ്‌കരിക്കുകയോ ചെയ്യാത്ത സമീപനമത്രെ അത്. ഏതെങ്കിലും കാര്യത്തില്‍ ശാസ്ത്ര സത്യങ്ങളെ നിരാകരിക്കുന്ന നിലപാട് ഒരിക്കല്‍പോലും കേരള ഹിലാല്‍ കമ്മിറ്റി സ്വീകരിച്ചിട്ടില്ല. നമസ്‌കാരസമയത്തിന്റെ കണക്കും മാസപ്പിറവിയുടെ കണക്കും വ്യവച്ഛേദിച്ചു മനസ്സിലാക്കിയാല്‍ മുകളില്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം കാണുക പ്രയാസകരമാവില്ല.

നമസ്‌കാരസമയത്തിന്റെ കണക്ക്

ഒരു ഉദാഹരണത്തില്‍നിന്നും നമുക്കീ ചര്‍ച്ച തുടങ്ങാം: സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ മഗ്‌രിബ് നമസ്‌കാര സമയമായി എന്നാണല്ലോ റസൂല്‍ ﷺ പഠിപ്പിച്ചിട്ടുള്ളത്. അക്കാര്യം അക്ഷരംപ്രതി സ്വീകരിക്കുക എന്നതാണ് മുസ്‌ലിമിന്റെ ബാധ്യത. സൂര്യന്‍ ചക്രവാളത്തില്‍നിന്നും മറയുന്ന സമയം കണ്ടെത്താന്‍ എന്തുണ്ട് മാര്‍ഗം? രണ്ടു വഴികളാണ് നമുക്കു മുന്നിലുള്ളത്:

1. ചക്രവാളത്തിലേക്കു നോക്കി സൂര്യന്റെ അസ്തമയം ദര്‍ശിച്ച് മഗ്‌രിബ് നമസ്‌കാരസമയം നിര്‍ണയിക്കാം.

2. സൂര്യന്‍ ചക്രവാളത്തില്‍നിന്നും മറയുന്ന സമയം ഗോളശാസ്ത്ര ഫോര്‍മുലകള്‍ ഉപയോഗപ്പെടുത്തി കണ്ടെത്തുകയോ അത്തരം ഫോര്‍മുലകള്‍ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ കലണ്ടറുകള്‍ പ്രയോജനപ്പെടുത്തുകയോ ചെയ്യാം.

മുകളില്‍ കൊടുത്ത രണ്ടു മാര്‍ഗങ്ങളില്‍ ഏതു സ്വീകരിച്ചാലും റസൂല്‍ ﷺ മഗ്‌രിബ് നമസ്‌കാര സമയത്തിനായി നിര്‍ണയിച്ച സമയത്തില്‍ മാറ്റം വരുന്നില്ല. ശാസ്ത്രീയ മാര്‍ഗമുപയോഗിച്ച് മഗ്‌രിബ് നമസ്‌കാര സമയം നിര്‍ണയിക്കുന്നതില്‍ അപാകതയില്ല എന്ന് ഇത് വ്യക്തമാക്കുന്നു. മറ്റു നമസ്‌കാര സമയങ്ങള്‍ നിര്‍ണയിക്കുന്നതിലും ഇതേപോലെ കൃത്യത കൈവരിക്കാന്‍ ശാസ്ത്രം നമ്മെ സഹായിക്കുന്നു. നബി ﷺ നിശ്ചയിച്ചതു പ്രകാരം സുബ്ഹി നമസ്‌കാരത്തിനുവേണ്ടി കിഴക്കന്‍ ചക്രവാളത്തില്‍ വെള്ളകീറുന്ന സമയം (Morning twilight), ദുഹറിന് സൂര്യന്‍ മധ്യാഹ്‌നത്തില്‍നിന്നു തെറ്റുന്ന സമയം, അസ്വ്‌റിനു നിശ്ചയിച്ച ഒരു വസ്തുവിന്റെ നിഴല്‍ ആ വസ്തുവിന്റെ വലിപ്പം ആര്‍ജിക്കുന്ന സമയം, ഇശാഇന്റെ അസ്തമയശോഭ (Evening twilight) മായുന്നസമയം തുടങ്ങിയവയെല്ലാം സൂര്യനെയോ ചക്രവാളത്തെയോ നിഴലിനെയോ നിരീക്ഷിച്ച് ഏതൊരാള്‍ക്കും തീരുമാനിക്കാവുന്നതാണ്. അതല്ലെങ്കില്‍ ഈ സമയങ്ങള്‍ എപ്പോഴെന്ന് കണ്ടെത്തുന്നതിന് കണിശമായ ഗണിതശാസ്ത്ര ഫോര്‍മുലകള്‍ പ്രയോഗിക്കുകയും ചെയ്യാം. ഇത്തരം ഫോര്‍മുലകള്‍ ഉപയോഗിക്കുമ്പോള്‍ ഓരോ നമസ്‌കാരത്തിനും റസൂല്‍ ﷺ നിശ്ചയിച്ച സമയക്രമങ്ങളില്‍ ലവലേശം പോലും മാറ്റം വരുന്നില്ല. അതിനാല്‍ ഇങ്ങനെയുള്ള ഗോളശാസ്ത്ര ഫോര്‍മുലകളുടെ പ്രയോഗം സുന്നത്തിന് എതിരാകുന്നില്ല എന്നുമാത്രമല്ല സുന്നത്തനുസരിച്ചുള്ള സമയക്രമങ്ങള്‍ സ്വീകരിക്കുന്നതില്‍ കൂടുതല്‍ കൃത്യത ഉറപ്പുവരുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

കണക്ക് മാസപ്പിറവിക്ക്

നമസ്‌കാര സമയങ്ങള്‍ക്ക് സമയം നിശ്ചയിച്ചതുപോലെ ഇസ്‌ലാമിക മാസം ആരംഭിക്കുന്നതിനുള്ള മാനദണ്ഡവും റസൂല്‍ ﷺ നിശ്ചയിച്ചുതന്നിട്ടുണ്ട്. റമദാന്‍, ശവ്വാല്‍, ദുല്‍ഹിജ്ജ മാസങ്ങളുടെ ആദ്യദിനം റസൂല്‍ ﷺ നിശ്ചയിച്ചത് എങ്ങനെയെന്നു കാണിക്കുന്ന ധാരാളം ഹദീസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചക്രവാളത്തില്‍ പുതിയ മാസത്തെക്കുറിക്കുന്ന ഹിലാല്‍ പ്രത്യക്ഷപ്പെടുന്നത് എന്നു മുതലാണോ അപ്പോള്‍ മുതല്‍ പുതിയമാസം പിറക്കുന്നുവെന്നതാണ് പ്രവാചകാധ്യാപനം. നോമ്പ്, പെരുന്നാള്‍ തുടങ്ങിയ ആരാധനകളുടെ സമയം നിശ്ചയിക്കുന്നതിന് റസൂല്‍ ﷺ നിശ്ചയിച്ച ഒരു മാര്‍ഗം എന്ന നിലയില്‍ മാസപ്പിറവി കാണാന്‍ ശ്രമിക്കുന്നതും പിറവി കണ്ടാല്‍ റസൂല്‍ ﷺ പഠിപ്പിച്ച പ്രാര്‍ഥന ഉരുവിടുന്നതും പുണ്യകര്‍മമാണ്. ഇവ പുണ്യകര്‍മങ്ങളല്ല എന്നു വരുത്തിത്തീര്‍ക്കാനുള്ള ഹിജ്‌റ കലണ്ടറുകാരുടെ ശ്രമം ദുരുദ്ദേശ്യപരമാണ് എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.

മാസപ്പിറവി കാണാതെ നോമ്പ് ആരംഭിക്കുന്നതിനെ റസൂല്‍ ﷺ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ‘ലാ തസ്വൂമൂ ഹത്താ തറൗ അല്‍ഹിലാല’ എന്ന നബി ﷺ യുടെ കല്‍പന അതാണ് വ്യക്തമാക്കുന്നത്. ശഅ്ബാന്‍ ഇരുപത്തിഒമ്പതിന് മാസം കാണാന്‍ ശ്രമിക്കുകയും കണ്ടില്ല എങ്കില്‍ ആ മാസം 30 പൂര്‍ത്തിയാക്കി അടുത്തദിവസം മുതല്‍ റമദാന്‍ ആരംഭിക്കുകയും ചെയ്യുക എന്നതാണ് നബി(സ)യും സ്വഹാബത്തും സ്വീകരിച്ച രീതി. ശഅ്ബാന്‍ 29ന് സന്ധ്യാസമയത്ത് പിറവി കാണാനാവാത്തപക്ഷം അന്ന് റമദാന്‍ ആരംഭിക്കുന്നത് റസൂല്‍ ﷺ വിലക്കിയിട്ടുണ്ട് എന്നാണ് ഹദീസില്‍നിന്നും നമുക്കു മനസ്സിലാകുന്നത്. മാസപ്പിറവി കാണുക’എന്ന നിയമം ഇസ്‌ലാമിക മാസം ആരംഭിക്കുന്നതിന് റസൂല്‍ ﷺ എല്ലാ കാലത്തെയും മുസ്‌ലിംകള്‍ക്കുമേല്‍ നിശ്ചയിച്ചിട്ടുള്ള നിയമമാണ്. ശാസ്ത്ര പുരോഗതി ആര്‍ജിച്ച സമൂഹത്തിലും ശാസ്ത്രീയനേട്ടങ്ങള്‍ കൈവരിക്കാത്ത സമൂഹത്തിലും ഈ നിയമം ഒരുപോലെ ബാധകമാണ്. സാര്‍വകാലികം എന്ന നിലയില്‍ റസൂല്‍ ﷺ നിര്‍ദേശിച്ച ഈ നിയമം കാലഘട്ടത്തിനനുസരിച്ച് മാറ്റാന്‍ ഒരാള്‍ക്കും അവകാശമില്ലതന്നെ.

നമസ്‌കാരസമയം നിശ്ചയിക്കുന്നതിന് നാം ചെയ്തതുപോലെ മാസപ്പിറവിയുടെ കാര്യത്തിലും കണക്ക് ഉപയോഗിക്കാനാവുമെന്ന ധാരണ പരത്താന്‍ ഹിജ്‌റ കലണ്ടറുകാര്‍ ശ്രമിക്കാറുണ്ട്. മാസമാരംഭിക്കാന്‍ നബി ﷺ നിര്‍ദേശിച്ച ‘ഹിലാല്‍ പ്രത്യക്ഷപ്പെടുക’’എന്ന മാനദണ്ഡം എങ്ങനെയാണ് ഗണിത ശാസ്ത്ര ഫോര്‍മുലകള്‍ പ്രയോജനപ്പെടുത്തി കണ്ടുപിടിക്കുക? ഏതുദിവസം ഏതുസമയത്ത് ഹിലാല്‍ ദൃശ്യയോഗ്യമാകും എന്ന് കണ്ടുപിടിക്കുന്നതിന് എന്തെങ്കിലും ഗോളശാസ്ത്ര നിയമങ്ങളോ ഫോര്‍മുലകളോ ഇങ്ങനെ വാദിക്കുന്നവരുടെ പക്കലുണ്ടോ? ഹിലാലിന്റെ ദൃശ്യസാധ്യത കൃത്യമായി പ്രവചിക്കാന്‍ സഹായകമായ ഗോളശാസ്ത്ര ഫോര്‍മുലകളില്ല എന്ന സത്യം മറച്ചുവച്ച് ഹിലാല്‍ രൂപപ്പെടുന്നതിനു മുമ്പു സംഭവിക്കുന്ന ന്യൂമൂണിനെ ഹിലാല്‍ ആണെന്ന് തെറ്റുധരിപ്പിക്കുകയാണ് ഹിജ്‌റ കലണ്ടറുകാര്‍ ചെയ്യുന്നത്.

പ്രാചീനകാലം മുതല്‍ക്കുതന്നെ പല ഗോളശാസ്ത്രജ്ഞരും ഹിലാല്‍ പ്രത്യക്ഷപ്പെടുന്നത് എപ്പോഴെന്നു നിര്‍ണയിക്കാന്‍ സഹായകമായ ഗോളശാസ്ത്ര സമവാക്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ബാബിലോണിയ, ഗ്രീസ് എന്നിവിടങ്ങളിലുള്ള ശാസ്ത്രകാരന്മാര്‍ ഇതിനായി നിരവധി ഗവേഷണങ്ങള്‍ നടത്തിയതായി കാണാന്‍ കഴിയും. ഗ്രീസില്‍ ബിസി 640 നും 546 നും ഇടയില്‍ ജീവിച്ചിരുന്ന താലെസ് എന്ന ഗോളശാസ്ത്രജ്ഞന്‍ ബിസി 585 ല്‍ വരാനിരിക്കുന്ന ഒരു സൂര്യഗ്രഹണം കൃത്യമായി പ്രവചിച്ചിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. ഇത് വ്യക്തമാക്കുന്നത് അക്കാലത്തുതന്നെ ന്യൂമൂണിനെക്കുറിച്ചുള്ള ധാരണ ഗോളശാസ്ത്രജ്ഞര്‍ക്കുണ്ടായിരുന്നു എന്നതാണല്ലോ. ന്യൂമൂണിനെക്കുറിച്ച് കൃത്യമായി പ്രവചിക്കാന്‍ കഴിഞ്ഞ ഗ്രീക്കുകാര്‍ക്കോ ബാബിലോണിയക്കാര്‍ക്കോ ഹിലാല്‍ പ്രത്യക്ഷമാകുന്നതെപ്പോള്‍ എന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബാബിലോണിയക്കാര്‍ ന്യൂമൂണിനെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടറുകള്‍ ഉപയോഗിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.

നബി ﷺ യുടെ കാലശേഷം ജീവിച്ച പല മുസ്‌ലിം ഗോളശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ തുടര്‍ച്ചയായ ഗവേഷണങ്ങള്‍ നടത്തിയിരുന്നതായും ചരിത്രം വ്യക്തമാക്കുന്നു. അല്‍ബിറൂനി, ഇബ്‌നു ത്വാരിഖ്, അല്‍ഖവാരിസ്മി, അല്‍ബഥനി, ഹബാഷ് തുടങ്ങിയവര്‍ അവരില്‍ പ്രമുഖരായിരുന്നു. എന്നാല്‍ മാസപ്പിറവിയുടെ ദൃശ്യസാധ്യത പ്രവചിക്കാന്‍ സഹായകമായ ഗോളശാസ്ത്ര സമവാക്യങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നതില്‍ അവരെല്ലാം ഒരുപോലെ പരാജയപ്പെടുകയാണുണ്ടായത്. ആധുനിക ഗോള ശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ പൂര്‍ണമായും നിസ്സഹായരാണ് എന്നതാണ് യാഥാര്‍ഥ്യം.

ഇന്ന പ്രദേശത്ത് ഇന്ന സമയത്ത് മാസപ്പിറവി കാണും എന്ന് ഖണിതമായി പറയാന്‍ ശാസ്ത്രലോകം പരാജയപ്പെട്ടിരിക്കുന്നു എന്നിരിക്കെ, മാസപ്പിറവി പ്രത്യക്ഷമാവുക’എന്ന നിബന്ധന പാലിക്കപ്പെടും വിധം പുതിയമാസം പിറക്കുന്നത് മുന്‍കൂട്ടി പ്രവചിക്കാനാവുന്നതെങ്ങനെ? ഇക്കാര്യത്തില്‍ ശാസ്ത്രത്തെ പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നമുക്കുള്ളത്. നമസ്‌കാര സമയങ്ങള്‍ക്ക് റസൂല്‍ ﷺ നിശ്ചയിച്ച നിബന്ധനകള്‍ കണ്ടെത്താന്‍ ഗോളശാസ്ത്ര ഫോര്‍മുലകള്‍ ഉള്ളതുപോലെ മാസം പിറക്കാന്‍ റസൂല്‍ ﷺ നിശ്ചയിച്ച നിബന്ധന കണ്ടുപിടിക്കാന്‍ ആവശ്യമായ ഫോര്‍മുലകള്‍ നിര്‍ധാരണം ചെയ്യാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല. ഈ പരിമിതി ഉള്‍ക്കൊണ്ടുകൊണ്ടാണ് മുജാഹിദ് പ്രസ്ഥാനം മാസപ്പിറവിയുടെ കാര്യത്തില്‍ കാഴ്ച അവലംബമാക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്. മാസപ്പിറവി കാണും എന്ന് ഖണ്ഠിതമായി പറയാന്‍ കഴിയുംവിധം ഗോളശാസ്ത്രം പുരോഗമിക്കുകയാണെങ്കില്‍ നോമ്പ് പെരുന്നാളുകളുടെ ആരംഭദിനം മുന്‍കൂട്ടി നിര്‍ണയിക്കുന്നതിന് കേരള ഹിലാല്‍ കമ്മിറ്റി ഒരിക്കലും എതിരു നില്‍ക്കുകയില്ല. മാസാരംഭത്തിനു പ്രവാചകന്‍ ﷺ നിശ്ചയിച്ച മാനദണ്ഡം അപ്പടി സ്വീകരിക്കുക എന്നതാണ് ഹിലാല്‍ കമ്മിറ്റിയെ സംബന്ധിച്ചേടത്തോളം പരമപ്രധാനം.

മാസപ്പിറവിയുടെ കാഴ്ച എപ്പോള്‍ എന്നു കൃത്യമായി പ്രവചിക്കാന്‍ ശാസ്ത്രത്തിനാവില്ല എന്നു നാം മനസ്സിലാക്കി. എന്നാല്‍ മാസപ്പിറവിയുടെ കാര്യത്തില്‍ ശാസ്ത്രത്തിനു ഖണ്ഡിതമായി പറയാന്‍ കഴിയുന്ന കാര്യങ്ങളെന്തെല്ലാമൂണ്ടോ അവയെല്ലാം നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അത്തരം നിയമങ്ങള്‍ ഉപയോഗപ്പെടുത്തി മാസപ്പിറവിയുടെ കാര്യത്തില്‍ കൃത്യത ഉറപ്പുവരുത്തല്‍ അനിവാര്യമാണ്. മാസപ്പിറവി എപ്പോള്‍ കാണും എന്ന് ശാസ്ത്രത്തിനു പറയാനാവില്ലെങ്കിലും, ഹിലാല്‍ കാണാനാവാത്ത ഘട്ടങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ ശാസ്ത്രത്തിനു കഴിയും. സൂര്യാസ്തമയ സമയത്ത് ചന്ദ്രന്‍ ചക്രവാളത്തിലുണ്ടോ ഇല്ലേ എന്ന് പരിശോധിക്കുകയാണ് ഇതിനുള്ള ശാസ്ത്രീയമാര്‍ഗം. സൂര്യാസ്തമയ ശേഷം ചന്ദ്രന്‍ ചക്രവാളത്തില്‍ ഇല്ല എങ്കില്‍ ഹിലാല്‍ കാണുകയില്ല എന്ന ഖണ്ഡിതമായ ശാസ്ത്ര സത്യം മനസ്സിലാക്കി അവാസ്തവമായ പിറവി വാര്‍ത്തകളെ തള്ളിക്കളയാനും സത്യസന്ധത ഉറപ്പുവരുത്താനും കഴിയും. ശാസ്ത്രം ഖണ്ഡിതമായി പ്രഖ്യാപിക്കുന്ന കാര്യം അംഗീകരിക്കുകയും അതനുസരിച്ച് മാസപ്പിറവി നിര്‍ണയത്തിന്റെ കാര്യത്തില്‍ കൃത്യത കൈവരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍ എന്തുണ്ട് തെറ്റ്? നമസ്‌കാര സമയത്തിലെന്ന പോലെ മാസപ്പിറവിയുടെ കാര്യത്തിലും ലഭ്യമായ കണക്കുകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ശാസ്ത്രം നിസ്സംശയം പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുകയും അതോടൊപ്പം ശാസ്ത്രത്തിന്റെ പരിമിതികള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് മാസപ്പിറവിയുടെ കാര്യത്തില്‍ നമുക്കു ചെയ്യാനുള്ളത്. ഈ ചര്‍ച്ചയില്‍നിന്നും രണ്ടു കാര്യങ്ങളാണ് നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത്.

1.ഹിലാല്‍ കാണും എന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കാന്‍ ശാസ്ത്രത്തിനു സാധ്യമല്ല.

2. ഇന്നദിവസം ഹിലാല്‍ കാണില്ല എന്നു ഖണ്ഡിതമായി പറയാന്‍ ശാസ്ത്രത്തിനു കഴിയും.

ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് കേരള ഹിലാല്‍ കമ്മിറ്റി മാസപ്പിറവി നിര്‍ണയ സമീപനം രൂപപ്പെടുത്തിയിട്ടുള്ളത്. ഹിലാല്‍ കാണും എന്ന് ശാസ്ത്രത്തിനു ഖണ്ഡിതമായി പ്രഖ്യപിക്കാനാവാത്തതിനാല്‍ സാധ്യത നിലനില്‍ക്കുന്ന ദിവസങ്ങളില്‍ കാണാന്‍ ശ്രമിക്കുകയും കാണില്ല എന്നു ഖണ്ഡിതമായി പ്രഖ്യാപിക്കുന്ന സന്ദര്‍ഭങ്ങളില്‍ കണ്ടു എന്ന വാര്‍ത്ത തള്ളിക്കളയുകയും ചെയ്യുക എന്ന യുക്തിപൂര്‍വകമായ നിലപാടാണത്. ഇസ്‌ലാമിക കല്‍പനകളെയും ശാസ്ത്ര യാഥാര്‍ഥ്യങ്ങളെയും പൂര്‍ണമായും ഉള്‍ക്കൊള്ളുക എന്നതാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും നിലപാട്. അക്കാര്യത്തില്‍ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാന്‍ പ്രസ്ഥാനം ഒരുക്കമല്ല. നമസ്‌കാര സമയത്തിന് ഖണ്ഡിതമായി പ്രഖ്യാപിക്കപ്പെട്ട കണക്കുകള്‍ ഉപയോഗപ്പെടുത്തുന്നതുപോലെ നബി ﷺ നിശ്ചയിച്ച നിബന്ധനകളില്‍ മാറ്റം വരുത്താതെ മാസപ്പിറവിയുടെ കാര്യത്തിലും ഖണ്ഡിതമായ കണക്കുകള്‍ ഉപയോഗിക്കാം. സുര്യാസ്തമയത്തിനു മൂമ്പ് ചന്ദ്രന്‍ അസ്തമിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് നബിചര്യയില്‍ മാതൃകയൂണ്ടോ, ഹദീസുണ്ടോ, ആയത്തുണ്ടോ എന്നെല്ലാം ചോദിക്കുന്നത് സത്യത്തിനു നേരെയുള്ള കൊഞ്ഞനംകാട്ടലായി മാത്രമെ കാണാനാവൂ. തങ്ങളുടെ പരാജയം മൂടിവയ്ക്കാനുള്ള ഹിജ്‌റ കലണ്ടറുകാരുടെ വിഫലശ്രമം മാത്രമാണത്. സുന്നത്തിനെ അവഗണിക്കാത്ത രൂപത്തില്‍ ശാസ്ത്രം സൂവ്യക്തമായി പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മുജാഹിദുകള്‍ക്ക് ഹദീസ് തേടിപ്പോകേണ്ടതില്ല. സുന്നത്ത് പൂര്‍ണമായും അനുധാവനം ചെയ്യുകയും ശാസ്ത്രയാഥാര്‍ഥ്യങ്ങളെ അവഗണിക്കാതിരിക്കുകയും ചെയ്യുന്ന ഒരു നിലപാട് കേരള ഹിലാല്‍ കമ്മിറ്റിക്കല്ലാതെ മറ്റാര്‍ക്കാണുള്ളത് എന്ന് തുറന്ന മനസ്സോടെ വിലയിരുത്താന്‍ വിമര്‍ശകര്‍ തയ്യാറാകേണ്ടതുണ്ട്.

ഹിലാല്‍ കാണും എന്ന് ഖണ്ഡിതമായി പ്രവചിക്കാന്‍ കഴിയുംവിധം ഒരു ഫോര്‍മുല കൊണ്ടുവരാന്‍ ഹിജ്‌റ കലണ്ടറുകാര്‍ക്ക് സാധിക്കുന്നപക്ഷം തദടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന കണക്കും കലണ്ടറും സ്വീകരിക്കാന്‍ കേരള ഹിലാല്‍ കമ്മിറ്റി സന്നദ്ധമായിരിക്കും. അത്തരത്തിലുള്ള ഗോളശാസ്ത്ര നിയമങ്ങളോ ഗണിതശാസ്ത്ര ഫോര്‍മുലകളോ കൊണ്ടുവരാന്‍ ഹിജ്‌റ കലണ്ടറുകാര്‍ക്കു സാധിക്കുമെങ്കില്‍ അവരത് കൊണ്ടുവരട്ടെ. അല്ലാതെ കണക്ക്’എന്ന പേരില്‍ ഹിലാല്‍ പ്രത്യക്ഷപ്പെടുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പുണ്ടാകുന്ന ന്യൂമൂണ്‍ അഥവാ ദൃശ്യയോഗ്യമല്ലാത്ത ഇരുണ്ട ചന്ദ്രനെ’ അടിസ്ഥാനപ്പെടുത്തി നോമ്പും പെരുന്നാളും ആചരിക്കുകയല്ല വേണ്ടത്. ഹിലാലിനു പകരം അത് രൂപപ്പെടുന്നതിനുമൂമ്പ് സംഭവിക്കുന്ന ന്യൂമൂണിനെ പ്രതിഷ്ഠിക്കാന്‍ ആരാണ് നമുക്ക് അനുവാദം നല്‍കിയത്? റസൂല്‍ ﷺ നിശ്ചയിച്ച മാനദണ്ഡത്തില്‍ മാറ്റത്തിരുത്തല്‍ വരുത്താന്‍ എന്ത് അധികാരമാണ് നമുക്കുള്ളത്? നമസ്‌കാര സമയത്തില്‍ നബി ﷺ നിശ്ചയിച്ച നിബന്ധനകള്‍ ഒത്തുവരുന്ന സമയം ശാസ്ത്ര സമവാക്യങ്ങളുപയോഗിച്ച് നിര്‍ണയിക്കാന്‍ കഴിയുന്നതുപോലെ മാസാരംഭത്തിന് നബി ﷺ നിശ്ചയിച്ച മാനദണ്ഡമെത്തുന്ന സമയം കണ്ടെത്താന്‍ സഹായകമായ ഗോളശാസ്ത്ര നിയമങ്ങളോ സമവാക്യങ്ങളോ ഇല്ല എന്ന യാഥാര്‍ഥ്യം നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ശാസ്ത്രത്തിന്റെ ഈ പരിമിതിയാണ് നമസ്‌കാര സമയം നിശ്ചയിക്കുന്നതുപോലെ ഇസ്‌ലാമിക മാസം നിശ്ചയിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു കലണ്ടര്‍ ഉപയോഗപ്പെടുത്താന്‍ തടസ്സമായി നില്‍ക്കുന്നത്. ഹിലാലിനു പകരം മറ്റെന്തെങ്കിലും അടിസ്ഥാനപ്പെടുത്തി ആരെങ്കിലും ഒരു കലണ്ടര്‍ തയ്യാറാക്കി മതാനുഷ്ഠാനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെങ്കില്‍ അത് സുന്നത്തിനോടുള്ള അവഹേളനവും പ്രവാചക തിരുമേനി(സ)യോടുള്ള അനാദരവുമായിരിക്കുമെന്നതില്‍ സംശയമില്ല.