പുനരുത്ഥാനദിനം

ഡോ. എം. ഉസ്മാൻ

2022 സെപ്തംബർ 03, 1444 സ്വഫർ 06

അവസാനനാളിനെപ്പറ്റിയും പരലോകത്തെപ്പറ്റിയും പുനരുത്ഥാനത്തെപ്പറ്റിയും ക്വുർആൻ തരുന്ന വിവരണങ്ങൾ അതിന്റെ ദൈവികത്വത്തിനുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങൾ കൂടിയാണ്. ക്വുർആന്റെ വലിയ ഒരു ഭാഗംതന്നെ ഈ വിഷയങ്ങൾ പ്രതിപാദിക്കുന്നതാണ്. സർവജ്ഞനും സർവശക്തനുമായ അല്ലാഹുവിന്നല്ലാതെ അത്തരം വിവരണങ്ങൾ ആർക്കും തരിക സാധ്യമല്ല എന്ന് ഏത് സത്യാന്വേഷിയായ മനുഷ്യന്നും ബോധ്യപ്പെടും. ആദ്യത്തെ മനുഷ്യൻതൊട്ട്, അവസാന മനുഷ്യൻ വരെ ഒരാളെയും വിട്ടുപോകാതെ അല്ലാഹുവിന്റെ സന്നിധിയിൽ ഹാജറാക്കുന്ന ആ രംഗം എത്ര ഭയങ്കരം! മഹാചക്രവർത്തിമാരും പ്രസിഡന്റുമാരും മന്ത്രിമാരും സേനാധിപതികളും പട്ടാളക്കാരും ശാസ്ത്രജ്ഞന്മാരും തത്ത്വജ്ഞാനികളും സാഹിത്യകാരന്മാരും കലാകാരന്മാരും ശക്തന്മാരും ബലഹീനരും മുതലാളികളും തൊഴിലാളികളും എല്ലാവരും അണിയണിയായി ദൈവസന്നിധിയിൽ നിലകൊള്ളുന്ന ആ ദിനം!

മനുഷ്യർ വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ആ ദിനം വരികതന്നെ ചെയ്യും. ഓരോ മനുഷ്യന്റെയും ഈ ജീവിതത്തിലെ പ്രവർത്തനങ്ങൾ വ്യക്തമായും രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം ഓരോരുത്തർക്കും നൽകപ്പെടും. ഒരണുമണി വിട്ടുപോകാതെ എല്ലാ കാര്യങ്ങളും റിക്കാർഡ് ചെയ്യപ്പെട്ട ഗ്രന്ഥങ്ങൾ! മനുഷ്യന്റെ വാക്കുകളും പ്രവൃത്തികളും കണിശമായി രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്ന യാഥാർഥ്യം മനുഷ്യരിൽ അധികം പേരും ഗൗനിക്കുന്നില്ല. ഓരോ മനുഷ്യന്റെയും കൂടെത്തന്നെയുള്ള അല്ലാഹുവിന്റെ മലക്കുകൾ, അവരുടെ പ്രവർത്തനം വള്ളിപുള്ളിക്ക് വ്യത്യാസമില്ലാതെ കണിശമായി രേഖപ്പെടുത്തുന്നു. ശാസ്ത്രീയ ഗവേഷണങ്ങൾക്കോ മറ്റു ഉപാധികൾക്കോ ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കാത്ത നിലയിൽ ‘അദൃശ്യമായി’ നടക്കുന്ന ഈ കാര്യത്തെപ്പറ്റി ക്വുർആൻ പല സ്ഥലത്തും മുന്നറിയിപ്പ് നൽകുന്നുണ്ട്.

“ഓരോ സമുദായവും അല്ലാഹുവിന്റെ മുമ്പിൽ മുട്ടുകുത്തി നിൽക്കുന്നതായിട്ട് നീ കാണുന്നതാണ്. ഓരോ സമുദായവും അതിന്റെ ഗ്രന്ഥത്തിലേക്ക് വിളിക്കപ്പെടുന്നതും-ഇന്നാണ് നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന് നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നത്-നമ്മുടെ ഗ്രന്ഥമാണിത്, നിങ്ങൾ അതിരിൽ അത് സത്യപ്രകാരം തെളിവുനൽകുന്നു. നിശ്ചയം, നിങ്ങൾ പ്രവർത്തിച്ചിരുന്നതു നാം രേഖപ്പെടുത്തുകയായിരുന്നു’’ (അൽജാസിയ).

“അവർ ചെയ്ത എല്ലാ സംഗതികളും ഏടുകളിലുണ്ട്. ചെറുതും വലുതും അടുക്കിവെക്കപ്പെടും’’ (ക്വമർ).

“നിശ്ചയം, നിങ്ങളുടെമേൽ കാവൽക്കാരുണ്ട്. മാന്യന്മാരായ എഴുത്തുകാർ! നിങ്ങൾ പ്രവർത്തിക്കുന്നത് അവൻ അറിയുന്നു’’ (അൽഇൻഫിത്വാർ).

സമുദായത്തിന്റെ പൊതുവായ പ്രവർത്തനങ്ങളും വ്യക്തിയുടെ പ്രവർത്തനങ്ങളും അദൃശ്യമായ നിലയിൽ രേഖപ്പെടുത്തപ്പെടുന്നു. ഒന്നും വിട്ടുപോകുന്നില്ല. മറക്കപ്പെടുന്നില്ല. മാഞ്ഞുപോകുന്നില്ല. ആശ്ചര്യകരമായ മനുഷ്യജീവിതവും, അതിലും ആശ്ചര്യകരമായ പ്രപഞ്ചവും, അവയുടെ പിന്നിൽ ഒരു പ്ലാനിങ്ങും യുക്തിയുമില്ലാത്ത ആകസ്മിക സംഭങ്ങളാണ് എന്നു ധരിച്ചവർക്ക് വമ്പിച്ച അബദ്ധം പറ്റിയിരിക്കുന്നു. ഈ കാണുന്ന ദൃശ്യപ്രപഞ്ചത്തിന്റെ പിന്നിൽ ഒളിഞ്ഞുകിടക്കുന്ന അദൃശ്യമായത് ഇതിനെക്കാൾ പതിന്മടങ്ങ് ആശ്ചര്യകരമായതും സങ്കീർണമായതുമാണ്. മനുഷ്യവിജ്ഞാനത്തിന് ദൈ വീക സന്ദേശങ്ങളുടെ സഹായം കൂടാതെ ഇവിടെ യാതൊരു എത്തുംപിടിയും കിട്ടുകയില്ല. മുമ്പ് പറഞ്ഞതുപോലെ ധ്രുവപ്രദേശങ്ങളിൽ സമുദ്രത്തിൽ കാണുന്ന ‘മഞ്ഞുമലകൾ’ പോലെയാണ് പ്രപഞ്ചം. പുറത്തേക്കു കാണുന്ന ഭാഗത്തെക്കാൾ പതിന്മടങ്ങ് അത് വെള്ളത്തിനടിയിലായിരിക്കും. മുകൾഭാഗം മാത്രം കണ്ട് കപ്പലോടിച്ചാൽ കപ്പൽ തകർന്നതുതന്നെ. പ്രപഞ്ചത്തിനു പിന്നിൽ മറഞ്ഞുകിടക്കുന്ന, (മഞ്ഞു മലയുടെ വെള്ളത്തിനടിയിലുള്ള ഭാഗംപോലെ) അദൃശ്യമായതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കൽനിന്ന് പ്രവാചകന്മാർവഴി തന്നെ കിട്ടണം. ശാസ്ത്രീയ ഗവേഷണങ്ങളുടെ പരിധിക്കപ്പുറത്തുള്ള അറിവാണത്. മനുഷ്യന്റെ എല്ലാ വാക്കുകളും പ്രവൃത്തികളും കണിശമായി രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്ന, ക്വുർആൻ തരുന്ന മുന്നറിയിപ്പ് അവഗണിച്ചവർ ഖേദിക്കുകതന്നെ വേണ്ടിവരും. പുനരുത്ഥാന നാളിൽ ഗ്രന്ഥം കയ്യിൽ നൽകപ്പെടുമ്പോൾ അന്ധാളിച്ച് അവൻ ചോദിക്കും, ‘എന്താ ഈ ഗ്രന്ഥത്തിന്? ചെറിയതാകട്ടെ വലിയതാകട്ടെ ഒന്നും ക്ലിപ്തമായി രേഖപ്പെടുത്താതെ ഇത് വിടുന്നില്ലല്ലോ’ എന്ന്. മരണത്തോടുകൂടി എല്ലാം കഴിഞ്ഞു എന്ന് ധരിക്കുന്നതാണ് മനുഷ്യജീവിതത്തിലെ അപകടം പിടിച്ച തെറ്റിദ്ധാരണ. ഈ ധാരണക്ക് കൊടുക്കേണ്ട വില മനുഷ്യന് താങ്ങാനാവാത്തതാണ്. അല്ലാഹുവിന്റെ മുമ്പിൽ ഹാജറാക്കപ്പെടും എന്ന ബോധം ഒട്ടുമില്ലാതെ, മരണത്തോടുകൂടി എല്ലാം കഴിഞ്ഞു എന്ന് ധരിക്കുന്നവരെപ്പോലെ വിഡ്ഢിത്തത്തിൽപെട്ടവരാരുമില്ല. ‘നിങ്ങൾക്ക് ഒരു നിശ്ചിതസമയം നാം വെച്ചിട്ടില്ല എന്ന് നിങ്ങൾ ധരിച്ചു’ എന്ന് അല്ലാഹു അവരോട് പറയുമ്പോൾ അവരുടെ ഖേദവും അന്ധാളിപ്പും എത്ര ഭയങ്കരമായിരിക്കും!

പ്രവാചകന്മാർ മുഖേന മനുഷ്യവർഗത്തിന് അല്ലാഹുവിങ്കൽനിന്നുള്ള മുന്നറിയിപ്പുകളെ അവഗണിക്കുന്നവർക്ക് ഭയങ്കരമായ വിചാരണയും കഠിനമായ ശിക്ഷയും അനുഭവിക്കേണ്ടിവരും. ഇത് അവരുടെ കർമഫലം മാത്രമാണ്. അല്ലാഹു അവരോട് അക്രമം ചെയ്തിട്ടില്ല. അവർതന്നെയാണ് അവരോട് അക്രമം പ്രവർത്തിച്ചിട്ടുള്ളത്.

“അതുകൊണ്ട് അല്ലാഹുവിനെപ്പറ്റി, അവൻ അവന്റെ പ്രവാചകന്മാരോട് ചെയ്ത വാഗ്ദത്തം ലംഘിക്കുന്നവനാണെന്ന് ഒരിക്കലും നീ വിചാരിച്ചുപോകരുത്. നിശ്ചയം, അല്ലാഹു പ്രതാപശാലിയും ശിക്ഷിക്കുന്നവനുമാണ്. ഈ ഭൂമി ഇതല്ലാത്ത വേറെ ഭൂമിയായും ഈ ആകാശങ്ങൾ ഇതല്ലാത്ത ആകാശങ്ങളായും മാറ്റപ്പെടുകയും, അവരെല്ലാവരും ഏകനായ, സർവത്തെയും അടക്കിഭരിക്കുന്ന അല്ലാഹുവിന്റെ മുമ്പാകെ നിലകൊള്ളുകയും ചെയ്യുന്ന നാളിൽ, ആ നാളിൽ പാപികളെ ചങ്ങലകളിൽ ബന്ധിതരായി നീ കാണും. അവരുടെ കുപ്പായങ്ങൾ പന്തത്തിന്റെതാണ്. തീ അവരുടെ മുഖങ്ങളെ മൂടിക്കളയുന്നു; ഓരോ ആൾക്കും അവരവർ പ്രവർത്തിച്ചതിന് പ്രതിഫലം കൊടുക്കാനായിട്ട്. നിശ്ചയം, അല്ലാഹു വേഗത്തിൽ കാണക്കുനോക്കുന്നവനാണ്. ഇത് ജനങ്ങൾക്ക് ഒരു ഉൽബോധനമാകുന്നു. അവരെ ഇതുമൂലം താക്കീത് ചെയ്യുവാൻ വേണ്ടിയും, അവൻ മാത്രമാണ് ഏക ആരാധ്യൻ എന്ന് അവർ അറിയുവാൻ വേണ്ടിയും, ബുദ്ധിമാൻന്മാർ ഓർമിക്കാൻ വേണ്ടിയും’’ (ഇബ്‌റാഹീം).

ഓരോ മനുഷ്യന്റെയും ലൗകികജീവിതത്തിലെ കർമങ്ങളുടെ ഫലം അവൻ പരലോകത്ത് അനുഭവിക്കേണ്ടിവരും. അല്ലാഹുവിന്റെ ശിക്ഷ എന്ന് പറയുമ്പോൾ, അത് മനുഷ്യർ പ്രവർത്തിച്ച് സമ്പാദിച്ച തിന്മകളുടെ തിരിച്ചടിതന്നെയാണ്. ഒരുവിധത്തിൽ കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. അല്ലാഹു അക്രമമായിട്ടൊന്നും ചെയ്യുന്നില്ല. അല്ലാഹു പ്രവാചകന്മാർ മുഖേന നൽകിയ താക്കീതുകൾ മനുഷ്യർ വകവെക്കാതെ ജീവിച്ചത് കാരണം സ്വയം സമ്പാദിച്ച ശിക്ഷയാണ് അനുഭവിക്കേണ്ടിവരുന്നത്. ഓരോ കർമത്തിന്റെയും അദൃശ്യമായ പ്രത്യാഘാതത്തെപ്പറ്റി ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരും നൽകിയ താക്കീതുകൾ വകവെക്കാതെ മനുഷ്യർ ദേഹേച്ഛകൾക്ക് കീഴ്‌പെട്ട് ജീവിക്കുക കാരണം തീ അവരുടെ മുഖങ്ങളെ മൂടിക്കളയുന്ന തരത്തിലുള്ള ശിക്ഷ അവർക്ക് അനുഭവിക്കേണ്ടിവരുന്നു. ഓരോ മനുഷ്യന്റെയും നന്മതിന്മകളുടെ കണക്ക് നോക്കി സ്വർഗത്തിലേക്കോ നരകത്തിലേക്കോ വക തിരിക്കുന്നതിന്ന് മുമ്പുതന്നെ തങ്ങളുടെ ദുഷ്‌കർമങ്ങളുടെ ഫലമായുണ്ടാകുന്ന തിന്മകളുടെ തിരിച്ചടി, അല്ലെങ്കിൽ ശിക്ഷയുടെ സ്വാദ് അനുഭവിക്കേണ്ടിവരുന്നു. വിചാരണ കഴിയുന്നതിനു മുമ്പുതന്നെ ശിക്ഷ അനുഭവിക്കേണ്ടിവരുന്നു. ക്വബ്‌റിലെ ശിക്ഷ ലോക്കപ്പ് മർദനമാണ് എന്ന് പറയുന്നവർ ഇതിനെപ്പറ്റി എന്തുപറയും ആവോ?

“ഒരാൾക്കും ഒരാളും ഒരു പ്രകാരേണയും ഉപകരിക്കാത്തതും ഒരാളിൽനിന്നും ശുപാർശ സ്വീകരിക്കാത്തതും ഒരാളിൽനിന്നും പ്രായച്ഛിത്തം വാങ്ങാത്തതും അവർക്ക് സഹായം ലഭിക്കാത്തതുമായ ദിവസത്തെ നിങ്ങൾ സൂക്ഷിക്കുവിൻ’’ (അൽബക്വറ).

ഒരു മനുഷ്യനും അവന്റെ സൽകർമങ്ങളല്ലാതെ അവനെ സഹായിക്കുവാൻ വേറെ യാതൊന്നുമില്ലാത്ത പുനരുത്ഥാനാളിലെ ആ ഭയങ്കരമായ നിസ്സഹായാവസ്ഥയെ ക്വുർആൻ പല സ്ഥലങ്ങളിലും വിവരിക്കുന്നു. ഓരോ വ്യക്തിയും അവന്റെ സ്വന്തം രക്ഷയെപ്പറ്റി മാത്രം ഭയപ്പെട്ടുകൊണ്ട്, സ്‌നേഹബന്ധങ്ങളും കുടുംബബന്ധങ്ങളുമെല്ലാം മറന്നുപോകുന്ന അത്രയും ഭയങ്കരവും വേദനാജനകവുമായിരിക്കും അവിടത്തെ നില. ഏറ്റവും ഭയങ്കരമായ ആപൽഘട്ടങ്ങളിൽ മനുഷ്യൻ മറ്റെല്ലാവരെയും മറന്നുപോകും. സ്വന്തം രക്ഷ മാത്രമായിരിക്കും അവന്റെ ലക്ഷ്യം.

“സുഹൃത്തുക്കൾ പരസ്പരം അന്വേഷിക്കാത്ത ദിവസം; അവരെ പരസ്പരം കാണിച്ച് കൊടുക്കപ്പെടും. ദുർമാർഗി ആ ദിവസത്തെ ശിക്ഷയിൽനിന്ന് (രക്ഷപ്പെടാൻ) തന്റെ മക്കളെയും ഭാര്യയെയും സഹോദരനെയും തനിക്ക് രക്ഷനൽകുന്ന കുടുംബത്തെയും ഭൂമിയിലുള്ള എല്ലാവരെയും പ്രായശ്ചിത്തം കൊടുക്കാനും അങ്ങനെ തന്നെ രക്ഷപ്പെടുത്താനും ആഗ്രഹിക്കുന്നതാണ്’’ (അൽമആരിജ്).

“അക്രമം ചെയ്തവർക്ക് ഈ ഭൂമിയിലുള്ളത് മുഴുവനും അതിന്റെ കൂടെ അത്രതന്നെ വേറെയും ഉണ്ടായിരുന്നുവെങ്കിൽ, അന്ത്യനാളിലെ ദുഃഖകരമായ ശിക്ഷയിൽനിന്ന് (രക്ഷപ്പെടാൻ) അതുകൊണ്ട് അവർ പ്രായശ്ചിത്തം ചെയ്യുമായിരുന്നു. അവർ ഒട്ടും ഊഹിക്കാത്തത് അല്ലാഹുവിങ്കൽനിന്ന് അവർക്ക് വെളിപ്പെട്ടു. അവർ പ്രവർത്തിച്ചിരുന്നതിന്റെ ദുഷ്ഫലങ്ങൾ അവർക്ക് വെളിപ്പെട്ടു. അവർ പരിഹസിച്ചുകൊണ്ടിരുന്ന ശിക്ഷ അവരെ ബാധിക്കുകയും ചെയ്തു’’ (സുമർ).

അവിശ്വാസികളായ മനുഷ്യർ ഒട്ടും കണക്കുകൂട്ടാത്ത ഒരു സ്ഥിതിവിശേഷമായിരിക്കും അത്. പുനരുത്ഥാനത്തെയും പരലോകത്തെയുമെല്ലാം നിഷേധിക്കുകയും അത്തരം വിശ്വാസങ്ങളെ പരിഹസിക്കുകയും ചെയ്യുന്നവർക്ക് എത്ര ഖേദകരമായ അനുഭവമായിരിക്കും ആ ദിവസം! അദൃശ്യകാര്യങ്ങളെപ്പറ്റി ക്വുർആൻ തരുന്ന മുന്നറിയിപ്പുകൾ അവഗണിച്ച്, വെറും ശാസ്ത്രത്തിന്റെയും യുക്തിവാദത്തിന്റെയും ഭൗതികവാദത്തിന്റെയും സങ്കൽപങ്ങളിലും ഭാവനകളിലും വിശ്വാസമർപ്പിച്ചിട്ടുള്ളവൻ അന്ധാളിക്കുന്ന ദിവസമാണത്.

മനുഷ്യന്റെ ദുഷ്‌കർമങ്ങൾക്കുള്ള ഫലം ദൂരവ്യാപകമാണ്. അവയുടെ ഫലം വെറും ലൗകികം മാത്രമല്ല; പരലോകജീവിതത്തിൽ അവയുടെ ഫലമായുണ്ടാകുന്ന ശിക്ഷ അതിഭീകരമായിരിക്കും. മനുഷ്യർ ഒട്ടും കണക്കുകൂട്ടാത്ത അത്ര ഭയങ്കരമായിരിക്കും അവരുടെ ദുഷ്‌കർമങ്ങളുടെ ഫലങ്ങൾ. അല്ലാഹുവിന്റെ ശിക്ഷ എന്നു പറയുമ്പോൾ മനുഷ്യർ ദുഷ്‌കർങ്ങൾ ചെയ്ത് സമ്പാദിക്കുന്ന അനന്തരഫലങ്ങൾ മാത്രമാണ് അത്. അല്ലാഹു അക്രമമായി ശിക്ഷിക്കുകയല്ല. മനുഷ്യർ ശിക്ഷ സമ്പാദിക്കുകയാണ് ചെയ്യുന്നത്. സൽകർമങ്ങളുടെയും ദുഷ്‌കർമങ്ങളുടെയും അനന്തരഫലങ്ങളെക്കുറിച്ച് അല്ലാഹു ദൈവിക ഗ്രന്ഥങ്ങളിൽകൂടി തന്ന മുന്നറിയിപ്പുകൾ അക്ഷരംപ്രതി സത്യമാണെന്ന് വ്യക്തമാകുന്ന നാളാണത്. കർമങ്ങളുടെ ഫലമായുണ്ടാകുന്ന, മനുഷ്യന് കണ്ടുപിടിക്കാനും ഊഹിക്കാനും സാധിക്കാത്ത അദൃശ്യമായ പ്രതികരണത്തെപ്പറ്റി ക്വുർആൻ തരുന്ന താക്കീതുകൾ പരിശോധിക്കുന്നത് വളരെ അത്യാവശ്യമാണ്. സ്വർഗത്തെപ്പറ്റിയും നരകത്തെപ്പറ്റിയും പ്രതിപാദിക്കുന്നതിനു മുമ്പ് ആ വിഷയം ഒന്ന് പരിശോധിച്ചു നോക്കേണ്ടതുതന്നെയാണ്.

“ആകാശത്തെയും ഭൂമിയെയും അവ രണ്ടിനുമിടയിലുള്ളതിനെയും നിർഥകമായിട്ടല്ല നാം സൃഷ്ടിച്ചത്, അത് അവിശ്വാസികളുടെ ധാരണയാണ്. അതിനാൽ അവിശ്വാസികൾക്കു നരകംമൂലം നാശം. വിശ്വസിക്കുകയും സൽകർമങ്ങൾ ചെയ്യുകയും ചെയ്തവരെ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയവരെപോലെ ത്തന്നെ നാം ആക്കുമോ? അഥവാ ഭക്തന്മാരെ, പാപികളെപ്പോലെത്തന്നെയാക്കുമോ?’’ (സ്വാദ്).

(സൽസബീൽ, 1994 ഒക്‌ടോബർ).