മതം മനുഷ്യനന്മക്ക്

കെ. ഉമര്‍ മൗലവി 

2022 ജനുവരി 29, 1442 ജുമാദൽ ആഖിർ 26

ദീന്‍' എന്ന പദത്തിന് ‘നിയമം,' ‘പ്രതിഫലം' എന്നൊക്കെ ഭാഷാര്‍ഥങ്ങള്‍ ഉണ്ട്. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ ‘മതം' എന്നുതന്നെയാണ് പറയുന്നത്. മരണശേഷം മനുഷ്യന്‍ രക്ഷയും മോക്ഷവും ശാശ്വതമായിരിക്കേണ്ടതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളുടെ ആകെത്തുകയാണ് മതം. ഇതേക്കുറിച്ച് ഒട്ടേറെ സങ്കല്‍പങ്ങളും ധാരണകളുമുണ്ട്. യാഥാര്‍ഥ്യം ഒന്നേയുള്ളൂ. അതാണ് ഇസ്‌ലാം. ഈ പദത്തിന് ‘സമാധാനം,' ‘അനുസരണം' തുടങ്ങിയ ഭാഷാര്‍ഥങ്ങള്‍ ഉണ്ടെങ്കിലും ‘അര്‍പ്പണം' എന്ന അര്‍ഥമാണ് ഏറ്റവും യോജ്യമായിട്ടുള്ളത്.

ഇസ്‌ലാം എന്നാല്‍ അര്‍പ്പണം എന്നാകുന്നു. അപ്പോള്‍ ഇസ്‌ലാം ദീന്‍ എന്നതിന് അര്‍പ്പണത്തിന്റെ മതം എന്നായി. മറ്റേതൊരു മതവും അതുത്ഭവിച്ച സമുദായത്തിന്റെ പേരിലോ അതിന്റെ സ്ഥാപകന്റെയോ പ്രബോധകന്റെയോ പേരിലോ ആണ് അറിയപ്പെടുന്നത്. ക്രിസ്തുമതം, ബുദ്ധമതം എന്നിവ പോലെ. എന്നാല്‍ ഇസ്‌ലാം മതം അങ്ങനെയല്ല. അതില്‍ ഏതെങ്കിലുമൊരു സമുദായത്തിന്റെയോ ഒരു പ്രവാചകന്റെയോ പരാമര്‍ശമില്ല. കാരണം എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തതാണത്. മനുഷ്യവര്‍ഗത്തിനാകമാനം സ്വീകാര്യമായിട്ടുള്ളത്. അതിനാല്‍ യാതൊരു പ്രത്യേക ബന്ധവും സൂചിപ്പിക്കാതെ ഇസ്‌ലാം മതമെന്ന പൊതുവായ നാമം അല്ലാഹു നല്‍കിയിരിക്കുകയാണ്.

അര്‍പ്പണത്തിന്റെ മതമെന്നു നാം അര്‍ഥം പറഞ്ഞല്ലോ. എന്താണ് അര്‍പ്പിക്കേണ്ടത്? ആര്‍ക്കാണ് അര്‍പ്പിക്കേണ്ടത്? മനുഷ്യര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കുവാനായി അല്ലാഹു അവതരിപ്പിച്ച വേദങ്ങളില്‍വെച്ച് യാതൊരു വ്യത്യാസവും വരാതെ സുരക്ഷിതമായി നിലകൊള്ളുന്ന പരിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു:

‘‘നിശ്ചയമായും അല്ലാഹു സത്യവിശ്വാസികളില്‍നിന്ന് അവരുടെ ആത്മാക്കളെയും അവരുടെ മുതലുകളെയും വിലയ്‌ക്കെടുത്തിരിക്കുന്നു; അവര്‍ക്ക് സ്വര്‍ഗമുണ്ട് എന്നുള്ളതിന് പകരമായി'' (തൗബ 111).

അതായത്, സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു ഒരു കച്ചവടം നടത്തിയിട്ടുണ്ടെന്ന് അല്ലാഹു പറയുന്നു. ചരക്ക് ആത്മാവും ധനവുമാണ്. നിശ്ചയിച്ചിരിക്കുന്നത് പരലോകത്ത് സ്വര്‍ഗവുമാണ്. ഇപ്പോള്‍ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടി. വില അര്‍പ്പിക്കേണ്ട വസ്തു ആത്മാവും ധനവും അര്‍പ്പിക്കേണ്ടത് അല്ലാഹുവിന്ന്. ഇതാണ് ഇസ്‌ലാം. ഈ കച്ചവടം തൃപ്തിപ്പെട്ട് അംഗീകരിച്ചവനാണ് മുസ്‌ലിം. വിസമ്മതിച്ചവന്‍ മുസ്‌ലിമല്ല. ഈ ആശയം പരിശുദ്ധ വേദഗ്രന്ഥത്തില്‍ വിവിധ വാചകങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ആത്മാവിനെ സംബന്ധിച്ച് പറഞ്ഞ ഒരു ഉദാഹരണം കാണുക:

‘‘അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് ആത്മാവിനെ വില്‍ക്കുന്നവരുണ്ട് മനുഷ്യരുടെ കൂട്ടത്തില്‍. അല്ലാഹു അടിമകളോടു വളരെ വാത്സല്യമുള്ളവനാകുന്നു'' (അല്‍ബക്വറ 207).

മുസ്‌ലിമിനെ പറ്റിയാണ് ഈ വചനത്തില്‍ പറയുന്നത്. ആത്മവ്യാപാരമെന്ന് പറയുമ്പോള്‍ ശരീരത്തിന് യാതൊരു ബന്ധവും ഇല്ലാത്തതും ആത്മാവിനെ മാത്രം ബാധിക്കുന്നതുമായ കാര്യമാണെന്ന് ധരിക്കരുത്. ആത്മഹത്യ എന്നും ആത്മപ്രശംസ എന്നുമൊക്കെ പറയുന്നതുപോലെയാണിത്. ഈ വ്യാപാരം ഒരുവന്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ആവശ്യമായിട്ടുള്ളതെന്തെന്നാല്‍, തന്റെ ഉടമസ്ഥന്‍ അല്ലാഹുവാണെന്ന വിശ്വാസം ആദ്യമായി ഉള്‍ക്കൊള്ളണം. ഉടമസ്ഥനായ അല്ലാഹുവിന്റെ അനുവാദമനുസരിച്ചല്ലാതെ തന്റെ ഇഷ്ടാനുസരണം യാതൊന്നും ചെയ്യുവാന്‍ ഒരുങ്ങരുത്.

കണ്ണ്, മൂക്ക്, ചെവി, കയ്യ്, കാല് തലച്ചോറ് മുതലായവയുടെയെല്ലാം ഉടമസ്ഥന്‍ അല്ലാഹുതന്നെയാണെന്നുള്ളതിനാല്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ വല്ലതും നോക്കുകയോ കേള്‍ക്കുകയോ സംസാരിക്കുകയോ നടക്കുകയോ ഇരിക്കുകയോ ചിന്തിക്കുകയോ ഒന്നും അരുത്. ഏതു വിഷയ ത്തിലും അല്ലാഹുവിന്റെ തൃപ്തി കാംക്ഷി ച്ചുകൊണ്ടേ ഇടപെടാവൂ. ഈ സൂക്ഷ്മത എല്ലായ്‌പ്പോഴും പാലിക്കണം. ആത്മാര്‍പ്പണത്തിന്റെ പ്രതികരണമാണത്. ഇതില്‍ വല്ല വ്യത്യാസവും വന്നുപോയാല്‍, ഉദാഹരണം: തനിക്കിഷ്ടമുള്ളതെല്ലാം സംസാരിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട്, യാതൊരു നിയമവ്യവസ്ഥയും പരിഗണിക്കേണ്ടതില്ല എന്ന് ഒരാള്‍ വിചാരിക്കുന്നപക്ഷം ഉടമസ്ഥന്റെ സമ്മതം കൂടാതെ അനധികൃതമായി, അക്രമമായി കടന്നു പ്രവര്‍ത്തിച്ചു എന്നുവന്നു. അപ്പോള്‍ കച്ചവടം പിന്‍വലിച്ചുവെന്നര്‍ഥമായിത്തീരും. ചുരുക്കത്തില്‍ സംസാരം, നോട്ടം, കേള്‍വി, ഭക്ഷണപാനീയങ്ങള്‍, ലൈംഗിക വിഷയങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്റെ അനുവാദവും തൃപ്തിയും അനുസരിച്ചല്ലാതെ മുസ്‌ലിമിനു യാതൊന്നും ചെയ്യാന്‍ നിവൃത്തിയില്ല.

ആത്മാര്‍പ്പണത്തെ സംബന്ധിച്ച് പറഞ്ഞ മറ്റൊരു വേദവാക്യം: ‘‘പറയുക; നിശ്ചയമായും എന്റെ പ്രാര്‍ഥനയും എന്റെ ബലിയും എന്റെ ജീവിതവും എ ന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനു വേണ്ടിയാകുന്നു'' (അല്‍ആം 112).

എന്റെ ജീവിതവും എന്റെ മരണവും അല്ലാഹുവിനുവേണ്ടി ഞാന്‍ ജീവിക്കുന്നുവെന്ന് വെച്ചാല്‍ എന്റെ ജീവിതത്തില്‍ എനിക്ക് എന്തെങ്കിലും സാധിക്കണമെന്നുള്ള യാതൊരു ഉദ്ദേശ്യവും എന്റെ ഇഷ്ടപ്രകാരം ഞാന്‍ കൈക്കൊണ്ടിട്ടില്ല. അല്ലാഹു എന്നില്‍നിന്ന് എന്താണോ തൃപ്തിപ്പെടുന്നത് അതാണ് എന്റെ ആവശ്യം. അതെത്ര പ്രയാസപ്പെട്ടതായാലും തരക്കേടില്ല, അതിനുവേണ്ടി എന്ത് കഷ്ടവും നഷ്ടവും സഹിച്ചു ത്യാഗം ചെയ്യുവാന്‍ ഞാനൊരുക്കമാണ്. അല്ലാഹു വെറുക്കുന്ന ഒരു കാര്യത്തില്‍ എനിക്കെത്ര ആവശ്യവും ആശയും തോന്നിയാലും അല്ലാഹു വെറുക്കുന്നു എന്ന ഏക കാരണത്താല്‍ ഞാനത് വര്‍ജിക്കുന്നതാകുന്നു. അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്ന മാര്‍ഗത്തില്‍ മരണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നതാകുന്നു. അല്ലാഹുവിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുക എന്നതിന്റെ സാരമാണിത്. വ്യക്തിപരമായും കുടുംബപരമായും സാമൂഹികമായ രാഷ്ട്രീയമായും രാഷ്ട്രാന്തരീയമായും മറ്റുമുള്ള എല്ലാ കാര്യങ്ങളിലും ഈ നിലപാട് കൈകൊള്ളേണ്ടതാകുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള സ്വകാര്യബന്ധത്തെ മാത്രം പരാമര്‍ശിക്കുന്ന ഒന്നാണ് മതമെന്നൊരു ധാരണ ചിലര്‍ക്കുണ്ട്. ഇസ്‌ലാം മതത്തെ സംബന്ധിച്ചിടത്തോളം അതൊരിക്കലും ശരിയല്ല.

മേൽ ഉദ്ധരിച്ച വേദവാക്യത്തില്‍ എന്റെ ജീവിതവും എന്റെ മരണവും അല്ലാഹുവിന് വേണ്ടി എന്നു പറഞ്ഞേടത്ത് അല്ലാഹുവിനെ സംബന്ധിച്ച് ഒരു വിശേഷണം പറഞ്ഞിട്ടുണ്ട്. ‘ലോകരക്ഷിതാവായ' എന്ന്. അത് വളരെ അര്‍ഥഗര്‍ഭവും കാര്യമാത്ര പ്രസക്തവുമായ പ്രയോഗമാകുന്നു. ഞാന്‍ അാഹുവിന് വേണ്ടി ജീവിക്കുന്നുവെന്ന് പറയുമ്പോള്‍ അല്ലാഹുവിന്നു വല്ല നേട്ടവും ഉണ്ടാക്കിക്കൊടുക്കുവാന്‍ എന്നു തോന്നി പോയേക്കാവുന്നതാണ്. എന്നാല്‍ അങ്ങനെയൊന്ന് ഇവിടെയില്ല. അല്ലാഹുവിന് വല്ല പോരായ്മയുണ്ടെങ്കിലല്ലേ അത് നികത്തിക്കൊടുക്കേണ്ട പ്രശ്‌നം വരുന്നുള്ളൂ. അല്ലാഹു എല്ലാം തികഞ്ഞവനാകുന്നു. എല്ലാവരും അവനോട് തികഞ്ഞ അച്ചടക്കം പാലിച്ചാല്‍ അല്ലാഹുവിന് യാതൊരു നേട്ടവുമില്ല. എല്ലാവരും അവനോട് ധിക്കാരം കാണിച്ചാല്‍ അല്ലാഹുവിന്റെ മഹത്ത്വത്തിന് യാതൊരു കോട്ടവും ഇല്ല. നേട്ടവും കോട്ടവുമൊക്കെ നമുക്കുതന്നെയാകുന്നു. ലോകരക്ഷിതാവായ അല്ലാഹുവിനു വേണ്ടി ജീവിക്കുന്നു എന്നു പറയുമ്പോള്‍ മേല്‍സൂചിപ്പിച്ച തെറ്റിദ്ധാരണ ഒഴിവാകും. അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി ലോകത്ത് കഴിവില്‍ പെട്ടിടത്തോളം നന്മ വരുത്തുക, അഥവാ എല്ലാവര്‍ക്കും കഴിയുന്ന ഗുണം ചെ യ്തുകൊടുക്കുക എന്ന അര്‍ഥമാകും. അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് കഴിവില്‍ പെട്ട എല്ലാ ഗുണങ്ങളും ചെയ്തു കൊടുക്കല്‍ മുസ്‌ലിമിന്റെ ബാധ്യതയാണെന്ന് വരും. ആരെയും അന്യായമായും അകാരണമായും ദ്രോഹിക്കുവാന്‍ ഒരിക്കലും പാടില്ല. ഇസ്‌ലാം മതത്തിന്റെ അന്ത്യപ്രവാചകന്‍ ഈ വിഷയം വളരെ വിശദമായി നമ്മെ പഠിപ്പിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്‍മാരും ഇതുപോലെ പഠിപ്പിച്ചവര്‍ തന്നെയാണ്.

ഒരു നബിവചനം ശ്രദ്ധിക്കുക: ‘‘ഒരു പെണ്ണ് ഒരു പൂച്ച കാരണത്താല്‍ നരകത്തില്‍ കടന്നു. അവള്‍ അതിനെ ബന്ധിച്ചു. എന്നിട്ട് അതിന് ഭക്ഷണം കൊടുത്തില്ല. ഭൂമിയിലെ പ്രാണികളെ പിടിച്ചു തിന്നാന്‍ തക്കനിലയില്‍ അതിനെ വിട്ടയച്ചതുമില്ല.'' അതായത്, പൂച്ച വീട്ടിനകത്തും അടുക്കളയിലും വലിയ ശല്യമുണ്ടാക്കുന്ന ജീവിയാണ്. ശല്യം ഒഴിവാക്കാനായി അതിനെ കൂട്ടിലിടുകയോ കെട്ടിയിടുകയോ ചെയ്യേണ്ടിവന്നാല്‍ അതിനു വിരോധമില്ല. പക്ഷേ, അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ ഭക്ഷണം നിങ്ങള്‍ തിന്നുകയും തീറ്റുകയും ചെയ്യുമ്പോള്‍ ആ പൂച്ചക്കും വിശപ്പടക്കാന്‍ കൊടുക്കണം. അതിന് സൗകര്യപെടാത്ത പക്ഷം അതിനെ വിട്ടയക്കുക. ചുറ്റിനടന്ന് വല്ലതും പെറുക്കിത്തിന്നുകൊള്ളട്ടെ. ഇങ്ങനെയൊന്നും ചെയ്യാതെ അതിനെ ബന്ധിച്ച് കഷ്ടപ്പെടുത്തുന്ന പക്ഷം നിങ്ങള്‍ നരകശിക്ഷ അനുഭവിക്കേണ്ടിവരുന്നതാകുന്നു. പ്രവാചക വചനത്തില്‍ പെണ്ണിനെ ആസ്പദമാക്കിയാണ് പറഞ്ഞിട്ടുള്ളത്. എങ്കിലും നിയമം എല്ലാവര്‍ക്കും ബാധകമാണ്. അല്ലാഹുവിന്റെ നിയമ നടപടികളില്‍ പക്ഷഭേദമില്ല. കുറ്റമായ സംഗതി ആരു ചെയ്താലും കുറ്റമാണ്. ഒരു പൂച്ചയെ ദ്രോഹിച്ചതിന്റെ കെടുതിയാണ് നാമിവിടെ കണ്ടത്.

ഇനി ഇതിന്റെ മറുവശം കൂടി കാണുക. പ്രവാചകന്‍ പറഞ്ഞു: ‘‘ഒരു നായ കിണറിനുചുറ്റും നടന്നുകൊണ്ടിരിക്കെ ഇസ്രാഈല്‍ കുടുംബത്തില്‍ പെട്ട ഒരു വേശ്യാസ്ത്രീ അതു കണ്ടു. നായ ദാഹിച്ചുവലഞ്ഞിരിക്കുകയാണെന്നവള്‍ മനസ്സിലാക്കി. അതിനു ദാഹശമനം വരുത്തിക്കൊടുക്കുന്നതില്‍ അല്ലാഹുവിന്റെ തൃപ്തിയെ അവള്‍ കാംക്ഷിച്ചു. അവള്‍ ഷൂ ഊരി അതില്‍ വെള്ളം കോരി നായയെ കുടിപ്പിച്ചു. തന്നിമിത്തം അവള്‍ക്ക് പൊറുത്തുകൊടുത്തു.''

നോക്കുക! ദുര്‍വൃത്തികളില്‍ വെച്ച് ഏറ്റവും നീചമായ മഹാപാപം നിത്യത്തൊഴിലാക്കിയിരുന്ന     ഒരാള്‍ക്ക് പാപമോചനം ലഭിച്ചത് നായക്ക് വെള്ളം കോരിക്കൊടുത്തതിന്റെ ഫലമായിട്ടാണെന്നു കാണുന്നു. ഇത്ര വലിയ ഗുണം ഇതിനുണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നാണ് ലോകത്തിന് കാരുണ്യമായി നിയോഗിക്കപ്പെട്ട അന്ത്യപ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്. കാരണം വ്യക്തമാണ്. മുസ്‌ലിം അല്ലാഹുവിനു വേണ്ടി ജീവിക്കുന്നു. അല്ലാഹു എല്ലാ സൃഷ്ടികളുടെയും യജമാനനാകുന്നു. അതിനാല്‍ എല്ലാ സൃഷ്ടികള്‍ക്കും കഴിയുന്ന ഗുണം ചെയ്തുകൊടുക്കല്‍ മുസ്‌ലിമിന്റെ കടമയാകുന്നു. നാം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളുടെ ബന്ധുക്കളെയും ആശ്രിതരെയും സഹായിക്കുവാന്‍ ഉത്സാഹം തോന്നല്‍ സ്വാഭാവികമാണല്ലോ.

ഇസ്‌ലാമിന്റെ അന്ത്യപ്രവാചകന്റെ ഒരു തിരുവചനവും കൂടി കേള്‍ക്കുക:  ‘‘അല്ലാഹുവിന്ന് ആത്മാര്‍പ്പണം ചെയ്ത മുസ്‌ലിം വല്ലതും കൃഷി ചെയ്തുണ്ടാക്കിയാല്‍ അതില്‍നിന്ന് തിന്നുപോകുന്നതൊക്കെയും അയാളുടെ വക ധര്‍മമാകുന്നു. അതില്‍നിന്ന് കളവുപോയാല്‍ അതും അയാളുടെ വക ധര്‍മമാകുന്നു. അതില്‍നിന്നു വല്ലതും മുറിച്ചെടുത്താല്‍ അതും അയാളുടെ വക ധര്‍മമാകുന്നു. ഈ മൂന്ന് ഇനത്തിലും ധര്‍മമായിട്ടല്ലാതെ ഒന്നുമില്ല.''

ഈ വചനത്തിന്റെ ഉള്ളടക്കം ഒരു ഉദാഹരണത്തിലൂടെ വിശദമാക്കാം. ഒരു മുസ്‌ലിം അതായത് അല്ലാഹുവിന്നുവേണ്ടി ആത്മാര്‍പ്പണം ചെയ്തവന്‍, ഒരു ചക്കക്കുരു പാകി. അത് മുളച്ചുപൊന്തി വളര്‍ന്നു പ്ലാവായി. അതിന്റെ ഇലകള്‍ ആട് തിന്നുന്നു. ചക്ക മനുഷ്യര്‍ തിന്നുന്നു. ചക്കയുടെ മടല്‍ മൃഗം തിന്നുന്നു. മരത്തില്‍ ചക്ക പഴുത്ത് പക്ഷികള്‍ കൊത്തിത്തിന്നുന്നു. ഇങ്ങനെ മനുഷ്യരും മൃഗങ്ങളും പറവകളും പലവിധത്തില്‍ തിന്നുന്നതൊക്കെയും ആ ചക്കക്കുരു പാകിയവന്റെ വക ധര്‍മമാകുന്നു. ആ പ്ലാവില്‍നിന്ന് ഒരു ചക്ക മോഷണം പോയാല്‍ അതും അയാളുടെ വക ധര്‍മമാകുന്നു. മോഷ്ടാവിന് കുറ്റമില്ലെന്നു ഇവിടെ ആരും അര്‍ഥമാക്കരുത്. ഓരോരുത്തര്‍ക്കും അവരവര്‍ ചെയ്തതുണ്ടായിരിക്കും. മോഷ്ടാവിന്ന് മോഷണക്കുറ്റം. മുതല്‍ നഷ്ടപ്പെട്ടവന്നു നഷ്ടപരിഹാരം. ആ പ്ലാവിന്റെ അല്ലികളും കൊമ്പുകളുമെടുത്ത് തീ കത്തിച്ചാല്‍ അതും ആ വിത്ത് പാകിയവന്റെ വക ധര്‍മമാകുന്നു. അവസാനം ആ മരം മുറിച്ച് പലകയും കഴുക്കോലും മറ്റുമായി ഈര്‍ന്ന് ഉപേയാഗപ്പെടുത്തിയാല്‍ അതും അയാളുടെ വക ധര്‍മമാകുന്നു. നോക്കുക, പുണ്യം സമ്പാദിക്കുവാനുള്ള മാര്‍ഗം ഇസ്‌ലാമില്‍ എത്ര എളുപ്പം. ഇതൊക്കെ ഇത്രത്തോളം വന്നതെന്തുകൊണ്ടെന്നാല്‍ മര്‍മപ്രധാനമായ ഒരു തത്ത്വം നേരത്തെ അംഗീകരിച്ചിട്ടുണ്ട്. ലോകരക്ഷിതാവായ അല്ലാഹുവിന്നുവേണ്ടി ജീവിക്കുക, അഥവാ ആത്മാര്‍പ്പണം ചെയ്യുക എന്ന തത്ത്വം. ഈ തത്ത്വത്തില്‍ നിന്നുള്ള നീക്കങ്ങളും അതിന്റെ പ്രതികരണങ്ങളുമാണ് മുസ്‌ലിമിന്റെ സര്‍വവും.

അല്ലാഹുവിന്ന് അര്‍പ്പിക്കേണ്ട രണ്ടാമത്തെ വസ്തു ധനമാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. അതെങ്ങനെയെന്നാല്‍, ധനം മാതാപിതാക്കളില്‍നിന്നോ മറ്റോ അവകാശം കിട്ടിയതോ, കച്ചവടമോ കൃഷിയോ മുഖേന സമ്പാദിച്ചതോ, ന്യായമായ നിലയില്‍ സംഭാവന ലഭിച്ചതോ ഏതായാലും ശരി, അതിന്റെ ഉടമസ്ഥത അല്ലാഹുവിന്ന് വിട്ടുകൊടുക്കുക, വ്യക്തികള്‍ക്ക് അനുവദിക്കപ്പെട്ട ഉടമസ്ഥാവകാശം ഇഷ്ടം പോലെ എന്തും ചെയ്യാമെന്ന അര്‍ഥത്തിലല്ല. സമ്മതം കൂടാതെ മറ്റുള്ളവര്‍ക്ക് അതില്‍ കയ്യിടുവാന്‍ അവകാശമില്ല എന്നും കൈവശക്കാരന് ക്രയവിക്രയം ചെയ്യാന്‍ അധികാരമുണ്ട് എന്നുമുള്ള അര്‍ഥത്തിലാണ്. അല്ലാഹുവിന്റെ സമ്മതത്തിന്നെതിരായി കൈകാര്യം ചെയ്യുവാന്‍ അധികാരമില്ല എന്ന ബോധം എപ്പോഴുമുണ്ടായിരിക്കണം. ഉടമസ്ഥാവകാശം അല്ലാഹുവിന്ന് വിട്ടുകൊടുത്താല്‍ പിന്നെ തനിക്ക് അത് തൊടാന്‍ പാടില്ലാതെ ആയിത്തീരുകയും തനിക്കും കുടുംബത്തിനും ജീവിതം മുട്ടിപ്പോവുകയും ചെയ്യുമെന്ന് ധരിക്കരുത്. ന്യായമായ നിലയില്‍ ആവശ്യത്തിന് ചെലവാക്കിക്കൊള്ളുവാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു, അഥവാ ആജ്ഞാപിച്ചിരിക്കുന്നു. ഔദാര്യപൂര്‍വം അല്ലാഹു അനുവദിച്ചുതന്നു എന്നുള്ള ഉപകാര സ്മരണയോടുകൂടി സ്വന്തം ആവശ്യത്തിന് ചെലവഴിക്കുമ്പോള്‍ അതു സംബന്ധിച്ച് അല്ലാഹുവിന് നന്ദിപറയല്‍ സ്വാഭാവികമായി വന്നുകൂടുന്നതാണ്. ഇത് മുസ്‌ലിമിന്റെ ചിട്ടയുമാണ്. അഗതികള്‍ക്ക് ധര്‍മം കൊടുക്കുവാനും മനുഷ്യര്‍ക്ക് ഉപകാരപ്രദമായ മാര്‍ഗങ്ങളില്‍ ചെലവഴിക്കുവാനും അല്ലാഹു കല്‍പിച്ചിരിക്കുന്നു. ഇതിലൊക്കെയും അല്ലാഹുവിന്റെ തൃപ്തിയെ മാത്രമാണ് ഉന്നമാക്കേണ്ടത്. സല്‍ക്കീര്‍ത്തി ആഗ്രഹിച്ചുകൊണ്ടോ പ്രത്യുപകാരം കാംക്ഷിച്ചുകൊണ്ടോ ആയിപ്പോകരുത്. ധര്‍മം വാങ്ങിയവന്റെ നേരെ മേന്മനടിക്കുകയോ അതെടുത്തു പറഞ്ഞ് അവനെ ക്ലേശിപ്പിക്കുകയോ അരുത്. തന്റെ കടമ നിറവേറ്റിയതായി മാത്രമെ കണക്കാക്കാന്‍ പാടുള്ളു. ധനത്തിന്റെ ഉടമസ്ഥാവകാശം അല്ലാഹുവിന്ന് അര്‍പ്പിക്കുകയും അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം അത് കൈകാര്യം ചെയ്യുകയും ചെയ്താല്‍ ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ലഭിക്കുന്നതാകുന്നു. (സല്‍സബീല്‍ മാസിക, 1997 ജൂലായ്).