വികല വിശ്വാസങ്ങളും ശിര്‍ക്കന്‍ വ്യവഹാരവും

മൂസ സ്വലാഹി, കാര

2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍ 20)

അജ്ഞതയും വിശ്വാസദുര്‍ബലതയും കാരണമായി മുസ്‌ലിം സമൂഹത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള വ്യാജവിശ്വാസങ്ങള്‍ക്ക് കൈയുംകണക്കുമില്ല. അല്ലാഹുവിന്റെ വിശേഷണങ്ങളെ വ്യാജ ഔലിയാക്കളില്‍ ചാര്‍ത്തുക, അവരോട് പ്രാര്‍ഥനയും സഹായതേട്ടവും നടത്തുക, നൂലിലും ചരടിലും തകിടുകളിലും അഭയം തേടുക എന്നിവ ഉദാഹരണം. എന്നാല്‍ ഇതിനൊന്നും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.

അല്ലാഹു പറയുന്നു: ''വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം- അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ -അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍വച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 23:117).

മതത്തിന്റെ യഥാര്‍ഥ ആദര്‍ശത്തെ മൂടിവച്ചും പ്രമാണങ്ങളെ അവഗണിച്ചും കള്ളക്കഥകളെ തെളിവാക്കിയുമാണ് സമസ്തക്കാര്‍ മുന്നോട്ടുപോകുന്നത്. അത്‌കൊണ്ടുതന്നെ ഇതിനെതിരെ പ്രതികരിക്കല്‍ അനിവാര്യമായി വരുന്നു. ഔലിയാക്കള്‍ക്ക് നല്‍കപ്പെട്ട കറാമത്തുകളുടെ പേരുപറഞ്ഞാണ് കാര്യമായും ചൂഷണവും തെറ്റുധരിപ്പിക്കലും നടക്കുന്നത്. കറാമത്ത് ഒരാള്‍ക്കും അവരുടെ ഇഷ്ടപ്രകാരം കാണിക്കാന്‍ കഴിയുന്ന ഒന്നല്ല; മറിച്ച് അല്ലാഹു അവന്റെ ഇഷ്ടദാസന്മാരിലൂടെ അവന്‍ ഉദ്ദേശിക്കുമ്പോള്‍ സംഭവിപ്പിക്കുന്ന കാര്യമാണത്.

മര്‍യം ബീവിക്ക് നല്‍കപ്പെട്ട കറാമത്തിനെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു: ''അങ്ങനെ അവളുടെ (മര്‍യമിന്റെ) രക്ഷിതാവ് അവളെ നല്ലനിലയില്‍ സ്വീകരിക്കുകയും നല്ലനിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നുചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെനിന്നാണിത് കിട്ടിയത്? അവള്‍ മറുപടി പറഞ്ഞു: അത് അല്ലാഹുവിങ്കല്‍നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കുനോക്കാതെ നല്‍കുന്നു''(ക്വുര്‍ആന്‍ 3:37).

താന്‍ ഉദ്ദേശിക്കുമ്പോള്‍ ശൂന്യതയില്‍നിന്ന് ഭക്ഷണം വരുത്തുന്നു എന്നല്ല മറ്‌യംബീവി പറയുന്നത്; അല്ലാഹു നല്‍കുന്നു എന്നാണ്. എന്നാല്‍ സമസ്തക്കാരുടെ വിശ്വാസം ഇതിനെതിരാണ്. പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും അസാധാരണ സംഭവങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം പ്രകടിപ്പിക്കാന്‍ കഴിയും എന്നു മാത്രമല്ല; അല്ലാഹുവിന്റെ കഴിവുപോലും അവര്‍ക്ക് നല്‍കപ്പെടും എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. സമസ്തയുടെ വാദം കാണുക: ''അമ്പിയാക്കള്‍ക്ക് മുഅ്ജിസത്ത് എന്ന പേരിലും ഔലിയാക്കള്‍ക്ക് കറാമത്ത് എന്ന പേരിലും അസാധാരണ സംഭവങ്ങള്‍ കാണിച്ചുകൊടുക്കാന്‍ കഴിയും'' (കുണ്ടുതോട് വാദ പ്രതിവാദം/പേജ് 4).

രിഫാഈ ശൈഖിന്റെ കറാമത്തായി ഇക്കൂട്ടര്‍ എഴുതിയത് കാണുക: ''മുഖത്തുനോക്കി മനസ്സില്‍ സൂക്ഷിച്ച കാര്യങ്ങള്‍ പറയുന്നതും വരാനിരിക്കുന്ന കാര്യങ്ങള്‍ മുമ്പേ പറയുന്നതും അവിടുത്തെ കറാമത്തുകളില്‍ ചിലതാണ്'' (ശൈഖ് രിഫാഈ: പ്രപഞ്ച വിസ്മയം/പേജ് 33).

ചിന്തിക്കുക! അല്ലാഹുവിന്റെ മാത്രം കഴിവാണ് ഇപ്പറഞ്ഞത്. നബിമാര്‍ക്കുപോലും നല്‍കപ്പെടാത്ത ഈ കഴിവ് രിഫാഈ ശൈഖിന് ഉണ്ടായിരുന്നു എന്ന വാദത്തിലെ അപകടം ഇവര്‍ക്ക് അറിയില്ലേ? മനസ്സിലുള്ളതും മറഞ്ഞതുമായ കാര്യങ്ങള്‍ അറിയുക എന്നത് അല്ലാഹുവിന്റെ മാത്രം കഴിവാണെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമാണ്.

അല്ലാഹു പറയുന്നു: ''(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല;അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല'' (ക്വുര്‍ആന്‍ 27:65).

''കണ്ണുകളുടെ കള്ളനോട്ടവും ഹൃദയങ്ങള്‍ മറച്ചുവയ്ക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു'' (40:19).

അല്ലാഹുവിന്റെ ഈ ഗുണങ്ങളാണ് ശൈഖിന്റെ പിരടിയില്‍ ഇവര്‍ കെട്ടിവയ്ക്കുന്നത്. അല്ലാഹുവിന്റെ നാമഗുണങ്ങളിലും വിശേഷണങ്ങളിലും പങ്കുചേര്‍ക്കല്‍ തൗഹീദാണോ, അതോ ശിര്‍ക്കോ? മതത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ മനസ്സിലാക്കിയ കുട്ടിക്കു പോലും ഇതിലെ ഇസ്‌ലാം വിരുദ്ധത തിരിച്ചറിയാന്‍ സാധിക്കും.

രിഫാഈ ശൈഖ് പാടിയതായി ഇവര്‍ എൂതിവച്ചത് കാണുക: ''ഞാന്‍ ദൂരെയായിരിക്കുമ്പോള്‍ ഈ പുണ്യമായ ഭൂമി ചുംബിക്കാനായി എന്റെ ആത്മാവിനെ പകരക്കാരനായി ഞാന്‍ പറഞ്ഞയക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ അങ്ങയുടെ തിരുസന്നിധിയില്‍ എത്തിയിരിക്കുന്നു. എനിക്ക് അങ്ങയുടെ വലതുകരം നീട്ടിത്തരൂ. എന്റെ ചുണ്ട് അതിനാല്‍ ഭാഗ്യംസിദ്ധിക്കട്ടെ.' ഉടനെ നബിﷺ അവിടുത്തെ തിരുകരം നീട്ടിക്കൊടുക്കുകയും ശൈഖ് രിഫാഈ തൃക്കരം മതിവരുവോളം ചുംബിക്കുകയും ചെയ്തു'' (ശൈഖ് രിഫാഈ: പ്രപഞ്ച വിസ്മയം/പേജ് 37).

ആത്മാവിനെ മാത്രം പുണ്യഭൂമിലേക്ക് പറഞ്ഞയക്കുക, എന്നിട്ട് ആ ആത്മാവിന് ചുംബിക്കാനായി നബിﷺേയാട് കൈ നീട്ടുവാന്‍ ആവശ്യപ്പെടുക, ക്വബ്‌റില്‍നിന്നും നബിﷺ പുറത്തേക്ക് കൈ നീട്ടിക്കൊടുക്കുക...! എങ്ങനെയുണ്ട്? ബാലമംഗളത്തിലെ കഥയല്ല, സമസ്തക്കാര്‍ ജനങ്ങളെ പഠിപ്പിക്കുന്ന കാര്യമാണിത്. അതിനാല്‍ ഇത് തീര്‍ത്തും സത്യമാണെന്നു കരുതി വിശ്വസിച്ചുപോരുന്ന ജനലക്ഷങ്ങളുണ്ട്.

വാസ്തവത്തില്‍ ഇത് മതത്തെ പരിഹസിക്കലും തെറ്റുധരിപ്പിക്കലുമാണ്. സത്യവിശ്വാസികള്‍ക്ക് ഒരിക്കലും ഇത് അംഗീകരിക്കാനാവില്ല. അത്ഭുതസിദ്ധികള്‍ കാട്ടിക്കൊണ്ടു നടക്കുന്ന, പ്രത്യേക വേഷഭൂഷാദികളോടെ, മതനിയമങ്ങളൊന്നും പാലിക്കാതെ ജീവിക്കുന്ന ഒരുതരം മനുഷ്യരാണ് ഇവരുടെ വീക്ഷണത്തിലുള്ള വലിയ്യുകള്‍. എന്നാല്‍ യഥാര്‍ഥ വലിയ്യുകള്‍ ആരെന്ന് അല്ലാഹുതന്നെ അറിയിച്ചുതന്നത് കാണുക: ''ശ്രദ്ധിക്കുക; തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍'' (ക്വുര്‍ആന്‍ 10:62,63).

ഇവരുടെ ദിനപത്രത്തില്‍ ഒരാള്‍ എഴുതിയ ലേഖനത്തിലെ ഏതാനും വരികള്‍ കാണുക: ''വിശ്വപ്രസിദ്ധരായ നാലു ഖുത്വുബുകളില്‍ ഒരാളാണ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ). രിജാലുല്‍ ഗൈബിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിത്വമാണ് ഖുത്വുബ്. വ്യക്തിവിശുദ്ധി അതിന്റെ ഉന്നത തലത്തിലെത്തിയ, അല്ലാഹുവുമായി ഏറെ അടുത്ത ഔലിയാക്കളുടെ നേതൃസ്ഥാനമാണ് ഖുത്വുബ്. ഈ പദവി ഒരു സമയത്ത് ഒരാള്‍ മാത്രമെ അലങ്കരിക്കൂ. പദവിയില്‍ തൊട്ടുതാഴെയുള്ളത് നാലുപേരാണ്. അവര്‍ക്ക് ഔതാദ് എന്നു പറയപ്പെടും. അവര്‍ക്കുതാഴെ ഏഴുപേരാണ്, അവര്‍ക്ക് അബ്ദാല്‍ എന്നും പറയുന്നു'' (സുപ്രഭാതം ദിനപത്രം/ 2021 ജനുവരി 1/പേജ് 6).

സമസ്തക്കാര്‍ ശീഈ, സ്വൂഫി, ബറേല്‍വി വിഭാഗങ്ങളുടെ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്ന് ബോധ്യമാക്കിത്തരുന്ന വരികളാണിത്. തൗഹീദിന്റെ മറവില്‍ ശിര്‍ക്ക് പ്രചരിപ്പിക്കലാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരുടെ ഔലിയാക്കള്‍ പ്രവാചകന്മാരെക്കാള്‍ വലിയ സ്ഥാനത്തെത്തിയവരാണെന്നോ അല്ലാഹുവിന്റെ കഴിവുകള്‍ നേടിയവരാണെന്നോ ഒക്കെ തോന്നിപ്പിക്കും വിധമാണ് ഇവരുടെ പ്രചാരണം. ഭൂമിയുടെ നിയന്ത്രണവും അധികാരവും ഇത്തരം ആളുകളില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇവര്‍ ജല്‍പിക്കുന്നത്. മതത്തില്‍നിന്നു പുറത്തുപോയ സ്വാബിഇകളും മജൂസികളും മക്കാമുശ്‌രിക്കുകളുമൊക്കെയാണ് ഇത്തരം വിശ്വാസം കൊണ്ടുനടന്നിരുന്നവര്‍. ഔലിയാക്കളുടെ നേതാവായ നബിﷺക്ക് 'ഖുത്വുബ്' എന്നൊരു ബഹുമതി ഉണ്ടായിരുന്നോ? ഉലുല്‍ അസ്മില്‍പെട്ട പ്രവാചകന്മാരില്‍ ആരൊക്കെയാണ് 'രിജാലുല്‍ ഗൈബില്‍' ഉള്‍പ്പെട്ടവര്‍?

അല്ലാഹുവിന്റെ അധികാരത്തില്‍ പങ്കാളിയാകാന്‍ അടിമകളില്‍ ആര്‍ക്കും അനുവാദമില്ല. ക്വുര്‍ആന്‍ പറയുന്നു: ''സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി എന്നു നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്ത്വപ്പെടുത്തുകയും ചെയ്യുക'' (17:111).

രിഫാഈ ശൈഖിനെ കുറിച്ച് വീണ്ടും പറയുന്നു: ''ഇവരില്‍ ഖുത്വുബ് മരണപ്പെട്ടാല്‍ ഔതാദില്‍ നിന്ന് ഒരാള്‍ ഖുത്വുബായി ഉയരുകയും തുടര്‍ന്ന് താഴെയുള്ള പദവികളിലുള്ളവരില്‍ ഓരോരുത്തര്‍ തൊട്ടു മുകളിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യും. അവരാണ് അല്ലാഹുവിന്റെ അടിമകളെ വിപത്തുകളില്‍നിന്ന് സംരക്ഷിക്കുന്നത്. അവര്‍ കാരണമാണ് മുകളില്‍നിന്ന് മഴ വര്‍ഷിക്കുന്നതും.(അല്‍ ഫതാവല്‍ ഹദീസിയ്യ)'' (സുപ്രഭാതം/2021 ജനുവരി 1/ പേജ് 6).

ശഹാദത്ത് കലിമ അംഗീകരിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ഇത്തരം വിവരക്കേട് വിളിച്ചുപറയാന്‍ കഴിയും? എന്തുമാത്രം ഗുരുതരമായ വാക്കുകളാണിത്! അല്ലാഹു പറയുന്നു: ''നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെനിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ). അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?'' (ക്വുര്‍ആന്‍ 23:88,89).

ഇവര്‍ പറയുന്നത് ഔലിയാക്കള്‍ കാരണമാണ് മഴപെയ്യുന്നത് എന്നാണ്. എന്നാല്‍ അല്ലാഹു പറയുന്നത് കാണുക: ''ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍?'' (ക്വുര്‍ആന്‍ 56:68,69).

സുപ്രഭാതം ലേഖകന്‍ തുടരുന്നു: ''ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)തങ്ങളുടെ ഖാദിരിയ്യ ത്വരീഖത്ത് പോലെ ഏറെ പ്രസിദ്ധിയാര്‍ജിച്ചതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ശിഷ്യഗണങ്ങളുമുള്ള രിഫാഇയ്യ ത്വരീഖത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം'' (സുപ്രഭാതം ദിനപത്രം/2021 ജനുവരി1/പേജ് 6).

അല്ലാഹുവിന്റെ റസൂലിന്റെ മാര്‍ഗംവിട്ട് ആരുടെയൊക്കെയോ മാര്‍ഗം (ത്വരീക്വത്ത്) സ്വര്‍ഗത്തിലേക്കുള്ള യാത്ര സുഗമമാക്കാനായി തിരഞ്ഞെടുക്കുന്നവരുടെ കാര്യം അത്ഭുതകരംതന്നെ. ഇസ്‌ലാമിന്റെ ത്വരീക്വത്ത് ഒന്ന് മാത്രമാണ്, അതാണ് സ്വിറാത്തുല്‍ മുസ്തക്വീം. അല്ലാഹു പറയുന്നു: ''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന് നിങ്ങളെ ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഉപദേശമാണത്''(ക്വുര്‍ആന്‍ 6:153).

ഇതാണ് പ്രവാചകനും സ്വഹാബത്തും നിലകൊണ്ട മാര്‍ഗം. ഇത് വ്യക്തികേന്ദ്രീകൃതമോ കക്ഷിത്വമുണ്ടാക്കുന്നതോ ആയ മാര്‍ഗമല്ല.

ലേഖകന്‍ വീണ്ടും എഴുതുന്നു: ''കേരളീയ മുസ്‌ലിംകള്‍ക്കിടയിലും ഏറെ പ്രചാരം ലഭിച്ച സരണിയാണ് രിഫാഈ ത്വരീഖത്ത്. നിരവധി കറാമത്തുകളാല്‍ അനുഗൃഹീതമായ രിഫാഈ(റ)വിന്റെ മഖ്ബറ ഇന്നും അനുരാഗികളുടെ അഭയ കേന്ദ്രമാണ്'' (സുപ്രഭാതം ദിനപത്രം/ 2021 ജനുവരി 1/പേജ് 6).

ഏതായാലും കേരളത്തിലെ എല്ലാ മുസ്‌ലിംകളുടെയും അഭയകേന്ദ്രമല്ല ഒരു ജാറവും. വഴിപിഴവില്‍ പെട്ടുപോയവരും അറിവില്ലായ്മയില്‍ ആപതിച്ചവരുമായവര്‍ മാത്രമെ ജാറങ്ങളുടെ അനുരാഗികളായി മാറുകയുള്ളൂ. പൗരോഹിത്യത്തിന്റെ ചതിയില്‍ അകപ്പെട്ടവര്‍ക്ക് മാത്രമെ വഴിപിഴച്ച ത്വരീക്വത്തുകളുടെ വക്താകളാകാന്‍ കഴിഞ്ഞിട്ടുള്ളൂ.

അല്ലാഹു പറയുന്നു: ''അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്''' (ക്വുര്‍ആന്‍ 4:175).

ഇബ്‌നു കഥീര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: ''അഥവാ വളവും തിരിവുമില്ലാത്ത നേരായ, ചൊവ്വായ, വ്യക്തതയുള്ള വഴി. ഇതാണ് ഇഹത്തിലും പരത്തിലും വിശ്വാസികളുടെ വിശേഷണം. അവരുടെ വിശ്വാസ, കര്‍മ കാര്യങ്ങളില്‍ മുഴുവനായും അവര്‍ ദുന്‍യാവില്‍ നേര്‍മാര്‍ഗത്തിലും സുരക്ഷിത വഴിയിലുമാണ്. സ്വര്‍ഗപ്പൂങ്കാവനത്തിലേക്ക് അവരെ വഴിനടത്തുന്നതും അതാണ്.''

മക്വ്ബറകളെ ആരാധനാകേന്ദ്രമാക്കുക എന്ന സമ്പ്രദായം ജൂത, െ്രെകസ്തവ വിഭാഗങ്ങളുടെതാണ്. സത്യവിശ്വാസികള്‍ക്ക് ഒരു മക്വ്ബറയും അഭയകേന്ദ്രമല്ല. 'എന്റെ ക്വബ്‌റിനെ ആഘോഷ സ്ഥലമാക്കരുതേ' എന്ന നബിﷺയുടെ പ്രാര്‍ഥന എത്ര അര്‍ഥപൂര്‍മാണെന്ന് ഓര്‍ക്കുക.

ഇസ്‌ലാമിന്റെ സുന്ദരമായ മുഖത്തെ വികൃതമാക്കും വിധമുള്ള വികലമായ ആശയങ്ങളെ കൊണ്ടുനടക്കാന്‍ ദൃഢവിശ്വാസികള്‍ക്ക് കഴിയില്ല.