നിര്‍ഭയജീവിതം നഷ്ടപ്പെടുത്തുന്ന വ്യര്‍ഥവാദങ്ങള്‍

മൂസ സ്വലാഹി, കാര

2021 ഫെബ്രുവരി 20 1442 റജബ് 08

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍ 21)

വിശ്വാസികള്‍ക്ക് ഇരുലോകത്തും നിര്‍ഭയത്വം വാഗ്ദാനം ചെയ്ത മതമാണ് ഇസ്ലാം. അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്ന അക്രമത്തില്‍നിന്ന് വിശ്വാസത്തെ സംരക്ഷിച്ചവര്‍ക്ക് മാത്രമെ ഇതിനുള്ള സൗഭാഗ്യം സിദ്ധിക്കുകയുള്ളൂ.

അല്ലാഹു പറയുന്നു: "വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതി രിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍" (ക്വുര്‍ആന്‍ 6:82).

വിശ്വാസസ്ഥിരതയും ശിര്‍ക്കില്‍നിന്നുള്ള മുക്തിയും ഒരാള്‍ക്കില്ലെങ്കില്‍ അയാള്‍ വഴികേടിലും ദൗര്‍ഭാഗ്യത്തിലും അകപ്പെടുമെന്ന് ഈ വചനം വ്യക്തമാക്കുന്നു.

പൗരോഹിത്യത്തിന്‍റെ ചങ്ങലകളില്‍ വരിഞ്ഞുമുറുക്കപ്പെട്ടവര്‍ വിശ്വാസ മേഖലയിലാണ് മുഖ്യമായും ചൂഷണവിധേയമാക്കപ്പെട്ടിട്ടുള്ളത്. മെനഞ്ഞുണ്ടാക്കപ്പെട്ട തെളിവുകളുടെയും കള്ളക്കഥകളുടെയും പിന്‍ബലത്തില്‍ പുരോഹിതന്മാര്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുകയും അജ്ഞതനിമിത്തം ആളുകള്‍ അതില്‍ ആകൃഷ്ടരാവുകയും ചെയ്യും. എന്നാല്‍ സ്വര്‍ഗ പ്രവേശവും നല്ലവരോടൊപ്പമുള്ള സഹവാസവും കൊതിക്കുന്നവര്‍ അല്ലാഹുവിന്‍റെ കല്‍പനകളെയാണ് ശിരസ്സാവഹിക്കേണ്ടത്. അല്ലാഹു പറയുന്നു: "ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍" (ക്വുര്‍ആന്‍ 4:69).

പാപികള്‍ നബി ﷺ യുടെ സന്നിധിയില്‍ ചെന്ന് ആവലാതി പറഞ്ഞാല്‍ ദോഷങ്ങള്‍ പൊറുക്കപ്പെടു മെന്നത് സമസ്തയുടെ അടിസ്ഥാന വിശ്വാസമാണ്. അതുകൊണ്ടാണ് മക്കയെക്കാള്‍ മദീനയുടെ പ്രത്യേകത പറയാന്‍ ഇവര്‍ മുതിരുന്നത്. നബി ﷺ യുടെ ക്വബ്ര്‍ സന്ദര്‍ശനത്തിന് മാത്രമായി യാത്ര നടത്താനോ അവിടെവെച്ച് നബിയോട് പ്രാര്‍ഥിക്കാനോ ഇസ്ലാം പഠിപ്പിച്ചിട്ടില്ല. എന്നാല്‍ മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നവര്‍ക്ക് നബി ﷺ യുടെ റൗളയില്‍വെച്ച് രണ്ടുറക്അത്ത് നമസ്കരിക്കലും ക്വബ്റിനടുത്തു നിന്ന് അദ്ദേഹത്തോട് സലാം പറയലും നബി ﷺ ക്കു വേണ്ടി പ്രാര്‍ഥിക്കലും സുന്നത്താക്കപ്പെട്ടിട്ടുണ്ട്.

ഒരു മുസ്ലിയാര്‍ തന്‍റെ അനുഭവം എന്ന പേരില്‍ സമൂഹത്തിലേക്ക് തള്ളിയത് കാണുക: "പാപികളെ മുത്ത് മുസ്തഫാ തങ്ങള്‍ പരിഗണിക്കില്ലേയെന്ന ബേജാറോടെ ദൂരെ മാറിനിന്ന് മെല്ലെ സലാം പറഞ്ഞ് കരയാനേ പറ്റിയുള്ളൂ. സ്വപ്നത്തില്‍ മുത്ത്നബിയെ കണ്ടപ്പോഴും ഇതുപോലൊരവസ്ഥയിലായിരുന്നു. അവിടുത്തെ തിളങ്ങുന്ന പൂമുഖത്തേക്ക് വല്ലാതെ നോക്കാനാവാതെ തിരുപാദത്തിലേക്ക് മാത്രം നോക്കി നിന്നു കരയുകയായിരുന്നു" (സുന്നി വോയ്സ്/2020 ഡിസംബര്‍ 16-3/പേജ് 41).

നബി ﷺ യുടെ ക്വബ്റിങ്കല്‍വെച്ച് പാപങ്ങള്‍ പൊറുത്തുകിട്ടാനായി അദ്ദേഹത്തോട് തേടാമെന്നൊരു ധ്വനി വരുത്തുകയാണ് മുസ്ലിയാരിവിടെ. നബിയോടു വിളിച്ചുതേടാമെന്നു ധരിച്ച് രാജാക്കന്മാരുണ്ടാക്കിയ പച്ചക്കുബ്ബക്കു നേരെ കൈകളുയര്‍ത്തി സങ്കടം പറയുന്നവര്‍ ഏറെയുണ്ട്. അടിമകള്‍ നല്ലവരാകട്ടെ, തെറ്റുകാരാകട്ടെ പരിഗണന കിട്ടേണ്ടത് റബ്ബില്‍നിന്നാണ്.

സ്വന്തത്തോട് തെറ്റുചെയ്തവര്‍ അതേറ്റു പറയേണ്ടത് അല്ലാഹുവിനോടാണ്. ക്വുര്‍ആന്‍ പറയുന്നു: "പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും" (ക്വുര്‍ആന്‍ 39:53).

അല്ലാഹു വിശാലമായ കാരുണ്യമുള്ളവനും പശ്ചാത്താപം സ്വീകരിക്കുന്നവനുമാണെന്ന്  ഈ വചനം ബോധ്യമാക്കിത്തരുന്നു. ഇതെല്ലാം വിസ്മരിച്ചുകൊണ്ട് മരണപ്പെട്ടവരോട് പ്രശ്നം പറയേണ്ട ഗതികേട് വിശ്വാസികള്‍ക്കില്ല. മറ്റൊരു ആയത്തില്‍ കാണാം: "പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം" (ക്വുര്‍ആന്‍ 40:3).

നബി ﷺ യുടെ വിയോഗത്തിനുശേഷം അദ്ദേഹത്തിന്‍റെ ക്വബ്റിങ്കല്‍ ചെന്ന് ആവലാതിപ്പെടാം എന്നതിന് എന്ത് തെളിവാണുള്ളത്? ഏതെങ്കിലും ഒരു സ്വഹാബിയില്‍നിന്ന് അതിനുള്ള മാതൃക സ്ഥിരപ്പെട്ടിട്ടുണ്ടോ?

നബി ﷺ യെ സ്വപ്നം കണ്ടേ എന്നു വിളിച്ചു പറയല്‍ ചില പുരോഹിതന്മാരുടെ സ്ഥിരം പരിപാടിയാണ്. ഇവരുടെ കാഴ്ചപ്പാടിലുള്ള ഔലിയാക്കള്‍ക്കെല്ലാം നബി ﷺ യെ കണ്ടു എന്ന വിശേഷണമുണ്ട്! സത്യസന്ധരും മതനിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരുമായ ആളുകളില്‍ ആര്‍ക്കെങ്കിലും ഒരപക്ഷേ സത്യസന്ധമായ ആ അനുഭവം ഉണ്ടായേക്കാം. എന്നാല്‍ മഹാപാപമായ ശിര്‍ക്ക് മുതല്‍ സകല അന്ധവിശ്വാസങ്ങള്‍ക്കും വേദിയൊരുക്കുന്ന ചൂഷകരായ പുരോഹിതന്മാര്‍ക്ക് അതിനുള്ള അര്‍ഹതയില്ല. നബി ﷺ യെ ജീവനോടെ കണ്ട അബൂജഹ്ലിനും അബൂലഹബിനും അബ്ദുല്ലാഹിബ്നു ഉബയ്യിബ്നു സുലൂലിനും മറ്റും ഗുണം കിട്ടാത്ത ഗണത്തിലാണ് ഇത്തരം വാദങ്ങള്‍ക്കുള്ള സ്ഥാനം.

മുസ്ലിയാര്‍ മറ്റൊരനുഭവം പങ്കിടുന്നത് കാണുക: "വീട്ടില്‍ താമസം തുടങ്ങുന്നയന്ന് മടവൂര്‍ ശൈഖ് വരണമെന്നത് വലിയ ആഗ്രഹമായിരുന്നു. ക്ഷണിച്ചുവെങ്കിലും അന്ന് വന്നില്ല. കുറച്ചുനാള്‍ കഴിഞ്ഞ് അവിചാരിതമായി മഹാന്‍ ഞങ്ങളുടെ വീട്ടിലെത്തി. വന്നയുടനെ കുളിക്കാന്‍ വെള്ളം ചോദിച്ചു. ചൂട് വെള്ളത്തില്‍ നന്നായി കുളിക്കുകയും ബാക്കിയുള്ള കുറച്ചുവെള്ളം കിണറ്റില്‍ ഒഴിക്കാന്‍ പറയുകയും ചെയ്തു. ഞങ്ങളുടെ കിണറില്‍ വെള്ളം വറ്റുമായിരുന്നു. ആ വെള്ളം ഒഴിച്ചശേഷം പിന്നീട് കിണര്‍ വറ്റിയിട്ടില്ല" (സുന്നിവോയ്സ്/2021 ജനുവരി 16-31/ പേജ് 36).

ഒരു മനുഷ്യന്‍ കുളിച്ചതിന്‍റെ ബാക്കി വെള്ളം കിണറ്റില്‍ ഒഴിച്ചാല്‍ അക്കാരണംകൊണ്ട് ആ കിണര്‍ എക്കാലവും വറ്റാതിരിക്കുക! നബി ﷺ യെക്കാള്‍ മഹാനായ വലിയ്യ് വേറെ ആരാണുള്ളത്? തന്‍റെ അനുചരന്മാരുടെ വെള്ളക്ഷാമം പരിഹരിക്കാന്‍ ഇങ്ങനെയൊരു കാര്യം അദ്ദേഹം ചെയ്തിട്ടുണ്ടോ? വെള്ളമില്ലെങ്കില്‍ മഴകിട്ടാന്‍ അല്ലാഹുവിനോട് തേടുവാനാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്.

ഇരു സമസ്തകളുടെയും വരുമാന മാര്‍ഗമാണ് സി.എം മടവൂര്‍. ഇയാളുടെ പേരില്‍ നടക്കുന്ന ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൊഴുപ്പുകൂട്ടുവാനും കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുവാനുമാണ് ഇത്തരം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത്.

എന്തെങ്കിലും ഉണ്ടാകുവാന്‍ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഉണ്ടാകൂ എന്നു പറഞ്ഞാല്‍ മതി, ആ നിമിഷം അതുണ്ടാകും. അല്ലാഹുവിനു മാത്രമുള്ള ഈ കഴിവിനെ  സി.എം മടവൂരിന് ചാര്‍ത്തിക്കൊടുക്കാന്‍ പോലും ധൈര്യംകാണിച്ചവര്‍ ഇതിലപ്പുറവും പറയും.

നബി ﷺ യില്‍ ദൈവികദൃഷ്ടാന്തമായി (മുഅ്ജിസത്ത്) അല്ലാഹുവിന്‍റെ അനുമതിയോടെ പല അത്ഭുതങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ഇഷ്ടാനുസരണം അത്ഭുപ്രവര്‍ത്തനങ്ങള്‍ കാണിക്കാന്‍ കഴിയുമെന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. സ്വഹാബിമാരില്‍ പലരിലും കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്. അവരാരും അതിനെ ചൂഷണോപാധിയാക്കിയിട്ടില്ല. എന്നാല്‍ ഇന്ന് പലരും ചെയ്യുന്നത് മേല്‍സൂചിപ്പിച്ചതുപോലുള്ള കള്ളക്കഥകള്‍ പ്രചരിപ്പിച്ച് വരുമാനമുണ്ടാക്കലാണ്. ഉപജീവനത്തില്‍ വിശാലതയും അനുഗ്രഹവും ചൊരിയുന്നവന്‍ അല്ലാഹു മാത്രമാണ്. വിശ്വാസം നന്നാക്കിയാല്‍ അല്ലാഹു അനുഗ്രഹങ്ങള്‍ വര്‍ഷിക്കും.

അല്ലാഹു പറയുന്നു: "ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ചുതള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി" (ക്വുര്‍ആന്‍ 7:96).

പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കും അപ്രമാദിത്വം കല്‍പിച്ച് അവര്‍ പറയുന്നതെല്ലാം മതമാണെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുന്നത് വിഡ്ഢിത്തമാണ്. തങ്ങള്‍, ശൈഖ് പോലുള്ള നാമങ്ങളില്‍ പ്രത്യേക വേഷഭൂഷാദികളോടെ നടക്കുന്നവര്‍ വീട്ടില്‍ വന്നാല്‍ അതോടെ എല്ലാ പ്രയാസങ്ങളും നീങ്ങുമെന്നും അവര്‍ക്ക് വേണ്ട പരിഗണന നല്‍കിയില്ലെങ്കില്‍ അത് നാശഹേതുവാണെന്നുമുള്ള വിശ്വാസം ഇന്നും സമൂഹത്തില്‍ കുടിയിരിക്കുന്നുണ്ട്. ഇത് പൗരോഹിത്യം അടിച്ചേല്‍പിച്ചതാണ്. ഇസ്ലാമിന്‍റെ ആദര്‍ശം അതിനെയെല്ലാം തച്ചുടക്കുന്നതാണ്. അല്ലാഹു പറയുന്നു:

"തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു..." (ക്വുര്‍ആന്‍ 39:36).

സി.എം മടവൂര്‍ എന്ന വ്യക്തിക്ക് ഇവര്‍ നല്‍കിയ സ്ഥാനം നോക്കൂ: "ഭൗമോപരിതലത്തിലെ ആത്മീയ നേതൃത്വത്തിനു ഒരിക്കല്‍കൂടി ശൂന്യത അനുഭവപ്പെട്ടിരിക്കുന്നു. ലോകജനതയെ തീരാദുഃഖത്തിലാഴ്ത്തിക്കൊണ്ട് ഖുത്വുബുല്‍ ആലം ശൈഖുനാ സി.എം അബൂബക്കര്‍ വലിയുല്ലാഹില്‍ മടവൂരി പ്രഭാത സൂര്യനെ സാക്ഷിനിര്‍ത്തിക്കൊണ്ട് രാവിലെ ഒമ്പതര മണിക്ക് നമ്മോട് വിടപറഞ്ഞു" (മടവൂര്‍ സി.എം വലിയല്ലാഹി/പേജ് 25).

നബി ﷺ യുടെ വഫാത്താണ് വിശ്വാസിലോകത്തിന്‍റെ ഏറ്റവും വലിയ സങ്കടം. അതേ സ്ഥാനത്തേക്കാണ് ഈ വ്യക്തിയെ ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്. 'ഖുത്വുബുല്‍ ആലം' (ലോകത്തിന്‍റെ അച്ചുതണ്ട്) എന്ന വിശ്വാസം തന്നെ സ്വൂഫിസത്തിന്‍റെ ഉല്‍പന്നമാണ്. മതത്തിന്‍റെ പേരില്‍ ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് കടുത്ത അക്രമം തന്നെയാണ്.

മുസ്ലിയാര്‍ എഴുതുന്നു: "വഫാത്തിന്നു ശേഷവും എന്ത് പ്രതിസന്ധിയുണ്ടാകുമ്പോഴും ഞാന്‍ മടവൂരില്‍ പോകും. ആ ഹള്റത്തില്‍ കാര്യങ്ങള്‍ പറയും. എല്ലാ പ്രശ്നങ്ങളും അതോടെ തീരും" (സുന്നിവോയ്സ്/2021 ജനുവരി 16-31/ പേജ് 37).

ഇക്കൂട്ടര്‍ക്ക് മതം പഠിപ്പിക്കുന്ന വിശ്വാസമല്ല പ്രധാനമെന്നതിന് തെളിവാണ് ഈ വരികള്‍. അല്ലാഹുവിന്‍റെ കഴിവില്‍ എന്ത് വിശ്വാസമാണ് ഇവര്‍ക്കുള്ളത്? നിരവധി പ്രയാസങ്ങള്‍ നേരിട്ട പ്രവാചകന്മാരും അനുയായികളും വിളിച്ചു തേടിയത് ആരോടാണ്? പ്രയാസ ഘട്ടങ്ങളില്‍ വിശ്വാസിയുടെ തേട്ടം ആരോടാകണമെന്ന് ക്വുര്‍ആന്‍ പറയുന്നു: "അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ചുമാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ" (ക്വുര്‍ആന്‍ 27:62).

ഭൗതിക ജീവിതത്തിലെ കേവല ബഹുമതികള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി തൗഹീദിന് വിരുദ്ധമായ ആശയം പ്രചരിപ്പിക്കുന്നവര്‍ അഹ്ലുസ്സുന്നയെന്ന് സ്വയം വിശേഷിപ്പിക്കുന്നതിലെ വൈരുധ്യം എത്ര വലുതാണ്!

അല്ലാഹു പറയുന്നു: 'ലുക്വ്മാന്‍ തന്‍റെ മകന് സദുപദേശം നല്‍കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു" (ക്വുര്‍ആന്‍ 31:13).

ത്വരീക്വത്തിനെ കുറിച്ച് ലേഖകന്‍ പറയുന്നത് കാണുക: "വ്യാജ ത്വരീഖത്തുകളെയാണ് സമസ്ത എതിര്‍ക്കാറുള്ളത്. യഥാര്‍ത്ഥ ത്വരീഖത്ത് സ്വീകരിക്കുന്നവരും അംഗീകരിക്കുന്നവരുമാണ് ആലിമീങ്ങളെല്ലാം. പരപ്പനങ്ങാടിയില്‍ പഠിക്കുന്ന സമയത്താണ് ഹഖായ ഒരു ത്വരീഖത്ത് സ്വീകരിക്കണമെന്ന ആഗ്രഹം മനസ്സില്‍ ഉദിക്കുന്നത്" (സുന്നിവോയ്സ്/2021 ജനുവരി 16-31/ പേജ് 39).

സ്വിറാത്തുല്‍ മുസ്തക്വീം എന്ന, അല്ലാഹുവും പ്രവാചകനും പഠിപ്പിച്ച യഥാര്‍ഥ ത്വരീക്വത്താണ് അഹ്ലുസ്സുന്നയുടേത്. അതിനപ്പുറം ഒരു 'യഥാര്‍ഥ' ത്വരീക്വത്ത് ഇല്ല. അതിനെ അവഗണിച്ചുകൊണ്ട് ആരെല്ലാമോ തട്ടിക്കൂട്ടുന്ന ത്വരീക്വത്തുകളെ സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗമായി കാണുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. മതത്തെ കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുക എന്നതല്ലാതെ മറ്റെന്തു നന്മയാണ് ത്വരീഖത്തിന്‍റെ വക്താക്കളെക്കൊണ്ടുള്ളത്.

നേര്‍മാര്‍ഗ സ്ഥിരതക്കായി റബ്ബിനോടുള്ള തേട്ടമാണ് വിശ്വാസികളിലുണ്ടാകേണ്ടത്: "ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല" (ക്വുര്‍ആന്‍ 1:6,7).