മരണാനന്തരലോകവും മഹത്തുക്കളോടുള്ള സഹായതേട്ടവും

മൂസ സ്വലാഹി, കാര

2021 ആഗസ്ത് 28 1442 മുഹര്‍റം 19

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍  24)

മരണാനന്തരലോകത്ത് നടക്കുന്നതായി പ്രമാണങ്ങള്‍ പഠിപ്പിച്ച കാര്യങ്ങളെ വളച്ചൊടിച്ചും ദുര്‍ബലവും നിര്‍മിതവുമായ വാക്കുകളെ അതുമായി ബന്ധിപ്പിച്ചും വന്‍പാപമായ ശിര്‍ക്കിന് കൊഴുപ്പുകൂട്ടുകയാണ് സമസ്തയിലെ ചില പുരോഹിതന്മാര്‍.  

ഒരു മറയ്ക്ക് പിന്നിലാണ് അന്ത്യനാള്‍വരെ മരണപ്പെട്ടവര്‍ കഴിയുക. അല്ലാഹു പറയുന്നു: ''...അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസംവരെ ഒരു മറയുണ്ടായിരിക്കുന്നതാണ്''(ക്വുര്‍ആന്‍ 23:100).

ആത്മാക്കളുടെ ലോകം അദൃശ്യമാണ്. അവിടെ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് പൂര്‍ണമായ അറിവ് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. ജൂതന്മാര്‍ നബി ﷺ യോട് ആത്മാവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അല്ലാഹു നല്‍കിയ മറുപടി ഇപ്രകാരമാണ്: ''നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക; ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല'' (ക്വുര്‍ആന്‍ 17:85).

അമ്പിയാക്കളും ഔലിയാക്കളും മരണാനന്തരം നമ്മെ സഹായിക്കുമെന്നും ആരാധനയാകുന്ന പ്രാര്‍ഥനയും സഹായതേട്ടവും ഇടതേട്ടവും അവരോടാകാമെന്നുമാണ് നാളിതുവരെ സമസ്തക്കാര്‍ പിന്തുടര്‍ന്നുപോരുന്ന വിശ്വാസം.

നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ എഴുതിയത് കാണുക: ''അമ്പിയാക്കളും ഔലിയാക്കളും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണെന്നും അവര്‍ അല്ലാഹുവിനോട് ദുആ ഇരന്നാലും ശഫാഅത്തു ചെയ്താലും സ്വീകരിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും അവര്‍ മുഖേന ചില അസാധാരണ സംഭവങ്ങള്‍ അല്ലാഹു പ്രകടിപ്പിക്കാറുണ്ടെന്നും അവരുടെ മരണശേഷവും ഇത് തുടരുമെന്നും അതുമുഖേന നമുക്ക് സഹായം ലഭിക്കുമെന്നും കരുതി സഹായം ചോദിക്കുന്നതിനാണ് സാങ്കേതികാര്‍ഥത്തില്‍ ഇസ്തിഗാസ എന്നു പറയുന്നത്. ഇങ്ങനെ സഹായം ചോദിക്കല്‍ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഇഹപര ജീവിതത്തിലോ, ബര്‍സഖിയായ(മരണാനന്തര മധ്യകാലം)ജീവിതത്തിലോ എവിടെയായാലും അത് ഇസ്തിഗാസ തന്നെയാണ്'' (തൗഹീദ് ഒരു സമഗ്ര പഠനം/ പേജ് 364,365).

'മഹത്തുക്കള്‍ ദൈവങ്ങളാണെന്നോ, ദൈവാവതാരങ്ങളാണെന്നോ (ആലിഹത്തുകളാണെന്നോ) വിശ്വസിച്ചുകൊണ്ട് വിളിച്ചപേക്ഷിക്കുമ്പോള്‍ മാത്രമെ പ്രാര്‍ഥനയും ശിര്‍ക്കുമാവുകയുള്ളൂ. അവര്‍ അമ്പിയാക്കളാണെന്നും ഔലിയാക്കളാണെന്നുമുള്ള വിശ്വാസത്തോടെ അവരെ വിളിച്ചപേക്ഷിക്കുന്നത് ഒരിക്കലും പ്രാര്‍ഥനയും ആരാധനയും ശിര്‍ക്കുമാകുന്നതല്ല'' (പേജ്, 380).

ഒരാള്‍ ക്വാദി, ഖത്വീബ്, ഇമാം എന്നീ സ്ഥാനങ്ങള്‍ക്ക് അര്‍ഹനാകണമെങ്കില്‍ അയാള്‍ക്കുള്ള യോഗ്യതകള്‍ സമസ്തയുടെ 1933ലെ എട്ടാം പ്രമേയത്തില്‍ പറയുന്നുണ്ട്: ''മരിച്ചുപോയ അമ്പിയാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ ഇവരുടെ ദാത്ത്, ജാഹ്, ഹഖ്, ബര്‍കത്ത് എന്നിവകൊണ്ടുള്ള തവസ്സുല്‍, നേരിട്ടുവിളിക്കല്‍, അവരോട് സഹായത്തിനപേക്ഷിക്കല്‍...' ('ഇവരെ എന്തുകൊണ്ട് അകറ്റണം? ' എന്ന പുസ്തകത്തില്‍ ഉദ്ധരിച്ചത്/പേജ് 14).

ഇത് ഇസ്‌ലാമാണോ? നബി ﷺ യോ, സ്വഹാബത്തോ അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃയുടെ പണ്ഡിതന്മാരോ ഇത്തരമൊരു വിശ്വാസമുള്ളവരായിരുന്നോ? പ്രാമാണികമായി രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഇതുണ്ടോ? മക്കാമുശ്‌രിക്കുകള്‍, ശിയാക്കള്‍, സ്വൂഫികള്‍, ബറേല്‍വികള്‍ എന്നീ ഇസ്‌ലാമികാദര്‍ശ വിരോധികളെയും വ്യതിയാനക്കാെരയുമല്ലാതെ മറ്റാരെയും ഈ വിശ്വാസത്തിന് കൂട്ടായി മുസ്‌ലിയാക്കന്മാര്‍ക്ക് ലഭിക്കുകയില്ല.

പ്രാര്‍ഥനയും സഹായതേട്ടവും അല്ലാഹുവിനോട് മാത്രമേ ആകാവൂ എന്നത് ഇസ്‌ലാമിന്റെ അടിത്തറയാണ്. അല്ലാഹു പറയുന്നു: ''നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു'' (ക്വുര്‍ആന്‍ 1:5).

''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച'' (ക്വുര്‍ആന്‍ 40:60).

അല്ലാഹുവിനോട് പ്രാര്‍ഥിക്കാതെ സൃഷ്ടിളോട് പ്രാര്‍ഥിക്കുന്നവര്‍ അഹങ്കാരികളും നരകാാവകാശികളുമാണെന്ന് വ്യക്തം. ഇവര്‍തന്നെയാണ് ഏറ്റവും വഴിപിഴച്ചവരും. അല്ലാഹു പറയുന്നു:

''അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു'' (ക്വുര്‍ആന്‍ 46:5)

2021 ജൂലൈ ലക്കം 'സുന്നി വോയിസി'ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ''ആത്മാവിന് പല കഴിവുകളുമുണ്ട്. അവയെല്ലാം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടവയുമാണ്. മരണപ്പെട്ടവര്‍ കാണുകയോ കേള്‍ക്കുകയോ വിവരങ്ങള്‍ അറിയുകയോ ചെയ്യില്ലെന്ന് വാദിക്കുന്ന പുത്തന്‍ പ്രസ്ഥാനക്കാര്‍ തങ്ങളുടെ ആശയസ്രോതസ്സായി അംഗീകരിക്കുന്ന ഇബ്‌നുല്‍ ഖയ്യിം ആത്മാവിന്റെ കഴിവുകളെ കുറിച്ച് വിവരിക്കാന്‍ രചിച്ച ഗ്രന്ഥമാണ് കിതാബുര്‍റൂഹ്. മഹാന്മാരുടേത് മാത്രമല്ല, സാധാരണക്കാരുടെ ആത്മാക്കളും മരണശേഷം ഐഹിക ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയുമെന്നും അവരുടെ പരിധിയില്‍ വരുന്ന സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. മരണശേഷവും ആത്മാക്കള്‍ക്ക് ഭൗതിക ലോകവുമായി ബന്ധമുണ്ടാകുമെന്നും ഇവിടെ നടക്കുന്ന പല വിവരങ്ങളും അവര്‍ അറിയുമെന്നുമാണ് ഇസ്‌ലാമിന്റെ പക്ഷം; ജീവിതകാലത്ത് അടുത്ത പരിചയമുള്ളവരാണെങ്കില്‍ വിശേഷിച്ചും''(പേജ്/13, ജൂലൈ 16-31).

മരണപ്പെട്ടവര്‍ നിരുപാധികം എല്ലാം കേള്‍ക്കുമെന്നും അവരെ സന്ദര്‍ശിക്കുന്നവരെ അറിയുമെന്നും ഭൗതിക കാര്യങ്ങളില്‍ സഹായിക്കുമെന്നും പോലുള്ള വിശ്വാസങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ചതല്ല. അല്ലാഹു പറയുന്നു: ''മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവുകയില്ല...'' (27:80).

''നിനക്ക് ക്വബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല'' (35:22)

ഒരാളുടെ മരണത്തോടെ മൂന്ന് കാര്യങ്ങള്‍ ഒഴികെ ബാക്കിയുള്ള പ്രവൃത്തികള്‍ മുറിയുമെന്ന് ഹദീഥുകളില്‍ വ്യക്തമാണ്. ഇതില്‍നിന്ന് ആരും ഒഴിവല്ല. മരണപ്പെട്ടവരുടെ ലോകത്തുവെച്ച് അവര്‍ അറിയുന്നതും കേള്‍ക്കുന്നതുമായി പ്രമാണങ്ങളില്‍ വന്നത് പൂര്‍ണമായും ഉദ്ധരിക്കാതെ അവയെ ശിര്‍ക്കിന് തെളിവാക്കുന്നത് അന്യായമാണ്.

പ്രമാണങ്ങള്‍ക്കും പണ്ഡിതന്മാരുടെ ഏകോപനത്തിനും എതിരാകാത്തവിധം ചില സ്വപ്‌ന കഥകളും മറ്റു ഉദ്ധരണികളും അവലംബിച്ച് ഒട്ടേറെ മൂല്യവത്തായ ചര്‍ച്ചകള്‍ ഉള്‍പ്പെട്ട ഗ്രന്ഥമാണ് ഇമാം ഇബ്‌നുല്‍ ക്വയ്യിമിന്റെ 'അര്‍റൂഹ്.' ഈ ഗ്രന്ഥത്തെപ്പറ്റി വേണ്ടത്ര അറിവ് മുസ്‌ലിയാര്‍ക്ക് ഇല്ലെന്നതുറപ്പാണ്. ശിര്‍ക്കിനെ നഖശിഖാന്തം എതിര്‍ത്ത അഹ്‌ലുസ്സുന്നയുടെ ഇമാമിനെ ഉദ്ധരിച്ച് ശിര്‍ക്കിന് തെളിവുണ്ടാക്കുന്നതിനെക്കാള്‍ വലിയ അനീതിയെന്താണ്? മുസ്‌ലിയാര്‍ തത്രപ്പെടുന്നത് കണ്ടാല്‍ ആത്മാക്കളോട്  പ്രാര്‍ഥനയും സഹായതേട്ടവും നടത്തണമെന്ന ശിയാ, സ്വൂഫീ വിശ്വാസത്തെ സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇമാം ഈ ഗ്രന്ഥം രചിച്ചതെന്ന് തോന്നിപ്പോകും. അവിടെ നടക്കുന്ന ചലനങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചതില്‍ ശരിയും തെറ്റുമുണ്ടാകാം. മതവിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ കഴിവുള്ള പണ്ഡിതനായതിനാല്‍ ആ കാര്യത്തില്‍ ആക്ഷേപിക്കേണ്ടതില്ല. അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃയുടെ വക്താക്കള്‍ ആരെയും അന്ധമായി അനുകരിക്കാത്തവരും നബി ﷺ ഒഴികെ മറ്റാരുടെ വാക്കിലും തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടാകും എന്ന് വിശ്വസിക്കുന്നവരുമാണ്. പണ്ഡിതന്മാരെ അന്ധമായി അനുകരിക്കുന്ന സമസ്തക്കാര്‍ക്ക് ഈ വിശ്വാസം സ്വീകാര്യമാകില്ല.

'അര്‍റൂഹ്' എന്ന ഗ്രന്ഥത്തെ തെളിവാക്കി ശിര്‍ക്കിനെ മിനുക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിയാര്‍ തൗഹീന്റെ പൊരുളിനെ സംബന്ധിച്ച് അതേ ഗ്രന്ഥത്തില്‍ ഇമാം പഠിപ്പിച്ചത് ഉള്‍ക്കൊള്ളുമോ? അദ്ദേഹം ആ ഗ്രന്ഥം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

''തൗഹീദെന്നാല്‍ സ്രഷ്ടാവിന്റെ ഒരു അവകാശവും പ്രതേ്യകതയും സൃഷ്ടിക്ക് വകവെച്ച് കൊടുക്കാതിരിക്കുക എന്നതാണ്. അതിനാല്‍ സൃഷ്ടി ആരാധിക്കപ്പെടാനോ, നമസ്‌കാരമര്‍പിക്കപ്പെടാനാ, സാഷ്ടാംഗം നമിക്കപ്പെടാനോ, തന്റെ പേരില്‍ സത്യം ചെയ്യപ്പെടാനോ, നേര്‍ച്ച നേരപ്പെടാനോ, ഭരമേല്‍പിക്കപ്പെടാനാ, അല്ലാഹുവിലേക്ക് അടുപ്പം ലഭിക്കാന്‍ ആരാധിക്കപ്പെടാനോ ഒന്നും പാടുള്ളതല്ല തന്നെ. ലോകരക്ഷിതാവിനോട് ഒരു നിലയ്ക്കും സൃഷ്ടിയെ തുല്യതപ്പെടുത്താവതല്ല. ചില ആളുകളുടെ സംസാരത്തില്‍ വരുന്നത് പോലെ; 'അല്ലാഹുവും താങ്കളും ഉദ്ദേശിച്ചത് (നടക്കുന്നു),' 'ഇത് താങ്കളില്‍നിന്നും അല്ലാഹുവില്‍ നിന്നുമുള്ളതാകുന്നു,' 'ഞാന്‍ അല്ലാഹുവിനെ കൊണ്ടും താങ്കളെ കൊണ്ടുമാണ് നിലനില്‍ക്കുന്നത്,' 'ഞാന്‍ അല്ലാഹുവിലും താങ്കളിലും ഭരമേല്‍പ്പിക്കുന്നു,' 'എനിക്ക് ആകാശത്ത് അല്ലാഹുവും ഭൂമിയില്‍ താങ്കളുമുണ്ട്,' 'ഇത് അല്ലാഹുവിന്റെയും താങ്കളുടെയും ധര്‍മത്തില്‍പെട്ടതാണ്,' 'ഞാന്‍ അല്ലാഹുവിലേക്കും താങ്കളിലേക്കും പശ്ചാതാപിച്ച് മടങ്ങുന്നു,' 'ഞാന്‍ അല്ലാഹുവിന്റെയും താങ്കളുടെയും സംരക്ഷണത്തിലാണ്' എന്നൊന്നും പറയാവതല്ല. അങ്ങനെ ഒരു സൃഷ്ടിക്ക് ഒരാള്‍ സുജൂദ് ചെയ്യുന്നു.

ചില മുശ്‌രിക്കുകള്‍ തങ്ങളുടെ ശൈഖുമാര്‍ക്ക് സുജൂദ് ചെയ്യാറുണ്ട്. ശൈഖിനുവേണ്ടി തല മുണ്ഡനം ചെയ്യാറുണ്ട്. അയാളുടെ പേരില്‍ സത്യംചെയ്യാറുണ്ട്, നേര്‍ച്ചനേരാറുണ്ട്, അയാളുടെ മരണശേഷം ക്വബ്‌റിങ്കല്‍ പോയി സുജൂദ് ചെയ്യാറുണ്ട്. ആവശ്യങ്ങളും പ്രശ്‌നങ്ങളും വരുമ്പോള്‍ അവിടെ ചെന്ന് ഇസ്തിഗാസ ചെയ്യാറുണ്ട്. അല്ലാഹുവിന്റെ കോപം വാങ്ങിക്കൊണ്ട് അവരെ തൃപ്തിപ്പെടുത്താറുണ്ട്. അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി അവരുടെ കോപം വാങ്ങാനയാള്‍ തയ്യാറല്ല താനും. അല്ലാഹുവിലേക്ക് അടുപ്പമന്വേഷിക്കുന്നതിനെക്കാള്‍ അവരിലേക്ക് അടുപ്പം സിദ്ധിക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നതിനെക്കാള്‍, പേടിക്കുന്നതിനെക്കള്‍, അവനില്‍ പ്രതീക്ഷവെക്കുന്നതിനെക്കാള്‍, ഈ ശൈഖിനെ ഇഷ്ടപ്പെടുകയും പേടിക്കുകയും ശൈഖില്‍ പ്രതീക്ഷ വെക്കുകയും, അല്ലെങ്കില്‍ സമമായ നിലക്ക് ഇതൊക്കെ ചെയ്യുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ റുബൂബിയ്യത്തിന്റെ പ്രതേ്യകതകള്‍ സൃഷ്ടിക്ക് വകവെച്ചകൊടുക്കാതിരിക്കുന്നതും മറ്റുള്ളവര്‍ക്ക് പോട്ടെ, സ്വന്തത്തിന് പോലും ഉപകാരമോ ഉപദ്രവമോ ജീവിതമോ മരണമോ ഉയര്‍ത്തെഴുന്നേല്‍പോ ഒന്നും തന്നെ ഉടമപ്പെടുത്താത്ത ഒരു അടിമയുടെ പദവി വകവെച്ചുകൊടുക്കുന്നതും ഒരിക്കലും ആ അടിമയെ കുറച്ച് കാണിക്കലോ, അയാളുടെ ഏതെങ്കിലും പദവിയെ ഇകഴ്ത്തിക്കാണിക്കലോ ഒന്നുമല്ല എന്നതാണ് വസ്തുത.

ഈ മുശ്‌രിക്കുകള്‍ എങ്ങനെ കിടന്ന് ന്യായീകരിച്ചാലും ഇതാണ് വസ്തുത. ആദം സന്തതികളുടെ നേതാവായ പ്രവാചകനില്‍നിന്ന് സ്ഥിരപ്പെട്ട് വന്നതായി കാണാം; അദ്ദേഹം പറഞ്ഞു: ''നസ്വാറാക്കള്‍ ഈസാനബിയെ അമിതമായി പ്രശംസിച്ചപോലെ എന്നെ നിങ്ങള്‍ പ്രംശംസിക്കരുത്. ഞാനൊരടിമ മാത്രമാണ്. അല്ലാഹുവിന്റെ അടിമ, അവന്റെ ദൂതന്‍ എന്ന് നിങ്ങള്‍ പറയുക.''

മറ്റൊരിക്കല്‍ പറഞ്ഞു: ''ഓ ജനങ്ങളേ, നിങ്ങള്‍ എന്റെ പദവിക്കുമേല്‍ എന്നെ ഉയര്‍ത്തുന്നത് ഞാനിഷ്ടപ്പെടുന്നില്ല.''

അദ്ദേഹം തന്നെ പറയുന്നു: ''എന്റെ ക്വബ്‌റിനെ നിങ്ങള്‍ ആരാധാനാകേന്ദ്രമാക്കരുത്.''

'അല്ലാഹുവും  ഇന്നയാളും ഉദ്ദേശിച്ചത് (നടക്കുന്നു)' എന്ന് നിങ്ങള്‍ പറയരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.

'അല്ലാഹുവും താങ്കളും ഉദ്ദേശിച്ചത് (നടക്കുന്നു)' എന്നൊരാള്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ 'നീ എന്നെ അല്ലാഹുവിന് സമമാക്കുകയാണാ' എന്നാണ് തിരിച്ചുപറഞ്ഞത്.

തെറ്റ് ചെയ്ത ഒരാള്‍ 'അല്ലാഹുവേ, ഞാന്‍ നിന്നിലേക്ക് ഖേദിച്ച് മടങ്ങുന്നു, മുഹമ്മദിലേക്ക് ഖേദിച്ച് മടങ്ങുന്നില്ല' എന്ന് പറഞ്ഞു.

'നീ സത്യം മനസ്സിലാക്കി അതിന്റെ ആളിലേക്കുതന്നെ ചേര്‍ത്തി' എന്നായിരുന്നു അയാളോടുള്ള മറുപടി.

അല്ലാഹു നബിയോടായി പറയുന്നു: ''(നബിയേ,) കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല.'

''(നബിയേ,) പറയുക: എനിക്കുതന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്നത് എന്റെ അധീനത്തിലല്ല; അല്ലാഹു ഉദ്ദേശിച്ചതല്ലാതെ.''

''പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്റെഅധീനതയിലല്ല.''

''പറയുക: അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല.''

''അഥവാ അവനല്ലാതെ അവലംബിക്കാനോ, അഭയംപ്രാപിക്കാനോ എനിക്കാരുമില്ല.''

മകള്‍ ഫാത്വിമ(റ)യോടും പിതൃവ്യന്‍ അബ്ബാസിനോടും പിതൃവ്യ സ്വഫിയ(റ)യോടുമായി ഒരിക്കല്‍ പ്രവാചകന്‍ ﷺ പറഞ്ഞു: ''ഞാന്‍ അല്ലാഹുവിന്റെ പക്കല്‍ നിങ്ങള്‍ക്കായി ഒന്നുംതന്നെ ഉടമപ്പെടുത്തുന്നില്ല.'' മറ്റൊരു റിപ്പോര്‍ട്ടില്‍ 'ഞാന്‍ അവന്റെ പക്കല്‍ നിങ്ങള്‍ക്ക് പോന്നവനല്ല.''

പക്ഷേ, ഇതൊക്കെ ഈ മുശ്‌രിക്കുകള്‍ക്ക് വലിയ പ്രയാസമായി തോന്നുന്നു. ഇതിനെയെല്ലാം അവര്‍ നിഷേധിക്കും. ഈ പറഞ്ഞതിന് വിപരീതമായത് അവരുടെ ആരാധ്യര്‍ക്കും ശൈഖുമാര്‍ക്കുമവര്‍ വകെവച്ച് കൊടുക്കുന്നു. ഇതിനോടാരെങ്കിലും എതിരായാല്‍ അവരുടെയൊക്കെ പദവികള്‍ ചവിട്ടിമെതിച്ച്, ഇകഴ്ത്താലെണെന്നാണ് വാദം. യഥാര്‍ഥത്തില്‍ അവരാണ് ഇലാഹിയ്യത്തിന്റെ പദവിയെ ചവിട്ടിത്താഴ്ത്തിയത്. അതിനെ താറിടിച്ചുകാണിച്ചത്.

''അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു' എന്ന അല്ലാഹുവിന്റെ വചനത്തില്‍ ചെറുതല്ലാത്ത ഒരോഹരി അവര്‍ക്കുണ്ട്'' (അര്‍റൂഹ്/പേജ് 263, 264).

മുസ്‌ലിയാര്‍ എഴുതുന്നു: ''ഈ വസ്തുത വിശദീകരിച്ച് ഇമാം സഅദുദ്ദീന്‍ തഫ്തസാനി(റഹി) എഴുതുന്നു: 'ഭൗതിക ശരീരവുമായി വേര്‍പിരിഞ്ഞശേഷം ചില പുതിയ ജ്ഞാനങ്ങളും ജീവിച്ചിരിക്കുന്നവരുടെ വിവരങ്ങളും ആത്മാവ് അറിയുമെന്നതാണ് ഇസ്‌ലാമിന്റെ പൊതുതത്ത്വങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. ഐഹികലോകത്തുവെച്ച് മയ്യിത്തുമായി പരിചയമുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും. ഇതുകൊണ്ടാണ് ക്വബ്ര്‍ സിയാറത്തും നന്മകള്‍ ലഭിക്കുവാനും ആഫത്തുകള്‍ ഒഴിവാകാനും മരണപ്പെട്ട മഹാന്മാരോടുള്ള സഹായാര്‍ഥനയും ഫലം കാണുന്നത്' ശറഹുല്‍ മഖാസ്വിദ്:3/373'' (സുന്നിവോയ്‌സ്, 2021 ജൂലൈ, പേജ് 13).

സ്വൂഫീ ആചാര്യനും വചനശാസ്ത്ര പണ്ഡിതനുമായ സഅദുദ്ദീന്‍ തഫ്തസാനി സമസ്തയുടെ താത്ത്വികാചാര്യനായതിനാല്‍ ഇതിന്റെ പ്രമാണമെന്തെന്ന് ചോദിക്കുന്നതില്‍ പ്രസക്തിയില്ല. പ്രതിസന്ധിയിലും ആപല്‍ഘട്ടങ്ങളിലും മക്വ്ബറകളില്‍ അഭയംതേടിയാല്‍ ഫലംകിട്ടുമെന്ന് വിശ്വസിക്കല്‍ യഥാര്‍ഥത്തില്‍ മതത്തെ അവമതിക്കലാണ്.

അല്ലാഹു പറയുന്നു: ''അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചുപ്രാര്‍ഥിച്ചാല്‍ അവന്ന് ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ'' (27:62).

ഉത്തമ തലമുറയിലുള്ളവര്‍ പരീക്ഷണഘട്ടങ്ങളെ നേരിട്ടത് അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിച്ചും ക്ഷമിച്ചുമാണ്. നബി ﷺ യോട് ഏറ്റവും അടുത്തവരായിട്ട് കൂടി അവിടുത്തെ ക്വബ്‌റിനെ അവര്‍ ആശ്രയിച്ചില്ല. നന്മ നല്‍കാനും തിന്മയെ തടയാനും കഴിവുള്ളവന്‍ അല്ലാഹുവാണെന്ന വിശ്വാസിത്തില്‍നിന്ന് അവര്‍ തെറ്റിക്കപ്പെട്ടതുമില്ല.

അല്ലാഹു പറയുന്നു: ''നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്നപക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (10:107).

അല്ലാഹുവിനെ വിട്ട് സൃഷ്ടികളോട് പ്രാര്‍ഥിക്കുന്ന ഏവരും അല്ലാഹുവിനോടു മാത്രം പ്രാര്‍ഥിക്കുന്ന രണ്ട് ഘട്ടങ്ങള്‍ അല്ലാഹു പറഞ്ഞുതരുന്നത് കാണുക:

''(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; അല്ലാഹുവിന്റെ ശിക്ഷ നിങ്ങള്‍ക്ക് വന്നുഭവിച്ചാല്‍, അല്ലെങ്കില്‍ അന്ത്യസമയം നിങ്ങള്‍ക്ക് വന്നെത്തിയാല്‍ അല്ലാഹുവല്ലാത്തവരെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുമോ? (പറയൂ;) നിങ്ങള്‍ സത്യസന്ധരാണെങ്കില്‍. ഇല്ല, അവനെ മാത്രമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുകയുള്ളൂ. അപ്പോള്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം ഏതൊരു വിഷമത്തിന്റെ പേരില്‍ നിങ്ങളവനെ വിളിച്ച് പ്രാര്‍ഥിക്കുന്നുവോ അതവന്‍ ദൂരീകരിച്ച് തരുന്നതാണ്. നിങ്ങള്‍ (അവനോട്) പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ (അപ്പോള്‍) മറന്നുകളയും'' (6:40,41).

ശാശ്വത വിജയത്തിന്റെയും നിര്‍ഭയത്വത്തിന്റെയും വഴിയാണ് തൗഹീദ് ഉള്‍ക്കൊണ്ടുകൊണ്ടുള്ള ജീവിതം. അതില്‍ പ്രവേശിക്കാന്‍ മടികാണിക്കുന്നവര്‍ക്കാണ് അനിവാര്യമായ നാശം.