അഹ്‌ലുസ്സുന്നയുടെ ആദര്‍ശം പിന്‍പറ്റുന്നവരും അതിനെ എതിര്‍ക്കുന്നവരും

മൂസ സ്വലാഹി, കാര

2021 നവംബര്‍ 13 1442 റബിഉല്‍ ആഖിര്‍ 08

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍  28)

ഉദ്‌ബോധനങ്ങള്‍ നടത്തി ജനങ്ങളെ അജ്ഞതയില്‍നിന്ന് മോചിപ്പിക്കുന്നത് 'സത്യസരണിയുടെ വേരറുക്കലും' 'പാരമ്പര്യത്തെ കൊഞ്ഞനം കുത്തലു'മാണെങ്കില്‍ നബി ﷺ യുടെ ദൗത്യനിര്‍വഹണത്തെയും പൗരോഹിത്യം ആ  കണ്ണോടെ കാണുമോ? അല്ലാഹു പറയുന്നു: ''അഥവാ അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ചു തരുന്ന ഒരു ദൂതനെ (നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു). വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കുവാന്‍ വേണ്ടി...'' (ക്വുര്‍ആന്‍ 65:11).

സത്യത്തെ പിന്‍പറ്റുന്നവരെ മാനസികമായി തളര്‍ത്തുകയും ബഹിഷ്‌കരിക്കുകയും ചെയ്യണമെന്ന മുസ്‌ലിയാരുടെ വാദമാണ് ശരിയെങ്കില്‍ ഈ പ്രവണതയുടെ ആശാന്മാരായ മക്കാ മുശ്‌രിക്കുകള്‍ നബി ﷺ ക്കും അനുചരന്മാര്‍ക്കും ഭ്രഷ്ട് കല്‍പിച്ചതിന് മുസ്‌ലിയാരുടെ സഭ അംഗീകാരം നല്‍കുമോ? ശിര്‍ക്കിനെ വളര്‍ത്തി വലുതാക്കാന്‍ അവരുടെ ന്യായീകരണങ്ങളെ തെളിവാക്കുന്ന ഇവര്‍ക്ക് ഏത് രൂപത്തിലും പ്രത്യക്ഷപ്പെടാമെല്ലോ!

മുസ്‌ലിംകള്‍ പരസ്പരം നിര്‍വഹിക്കേണ്ടതായ സലാം പറയല്‍, ക്ഷണം സ്വീകരിക്കല്‍, ജനാസ നമസ്‌കരിക്കല്‍ എന്നീ ബാധ്യതാനിര്‍വഹണങ്ങള്‍ക്ക് വിലങ്ങ് വെക്കാനാണ് മുസ്‌ലിയാരുടെ മറ്റൊരു ശ്രമം. ഇസ്‌ലാമിനെത്തന്നെ വികൃതമാക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് ഇതൊക്കെ വെറും കളിയും തമാശയുമാണ്. വിവരക്കേട് വിളമ്പി ഒരിടവേള മതാധ്യാപനങ്ങളില്‍നിന്ന് ജനങ്ങളെ അകറ്റാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചെങ്കിലും പണ്ഡിതന്മാരുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വലിയ വിപ്ലവം സൃഷ്ടിച്ചു. പഴകിപ്പുളിച്ച ഇത്തരം സമീപനങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ അപകടകാരികളാണെന്നത് തിരിച്ചറിയപ്പെടുമെന്നതില്‍ സംശയമില്ല. സമസ്തയുടെ മുഫ്തിയും അവരുടെ എട്ടാം പ്രമേയത്തിന്റെ അവതാരകനുമായ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി ഈ വിഷയത്തില്‍ നല്‍കിയ ഫത്‌വ കൂടി കാണുക: ''മുഅ്മിനീങ്ങള്‍ സുന്നത്ത് ജമാഅത്തിനെ തുടര്‍ന്ന് നടക്കലും ബിദഅത്തുകാരെ അധികരിപ്പിക്കല്‍, അവരുടെ സംഘത്തില്‍ ചേരല്‍, അവര്‍ക്ക് സലാം ചൊല്ലല്‍, അവരൊന്നിച്ച് ഇരിക്കല്‍, അവരുമായി അടുക്കല്‍, പെരുന്നാള്‍ മുതലായ സന്തോഷ ദിവസങ്ങളില്‍ അവരോട് സന്തോഷം പറയല്‍, അവരുടെ മയ്യിത്ത് നിസ്‌കരിക്കല്‍, അവരുടെ പേര് കേട്ടാല്‍ റഹ്മത് കൊണ്ട് ദുആ ഇരക്കല്‍ മുതലായവകള്‍ ചെയ്യാതിരിക്കലും അവരുടെ മദ്ഹബ് ബാത്വിലാണെന്നും വിശ്വസിച്ച് റബ്ബില്‍ ആലമീന്റെ പക്കല്‍നിന്നുള്ള കൂലി ആശിച്ചു കൊണ്ട് അവരോട് വിരോധമാകലും ശത്രുത്വം കാണിക്കലും നിര്‍ബന്ധമാകുന്നു'' (ഇവരെ എന്തുകൊണ്ട് അകറ്റണം?/പേജ് 12,13).

വിശ്വാസികള്‍ക്ക് അല്ലാഹു കണക്കാക്കുന്ന നന്മകളോട് അനിഷ്ടം കാണുക്കുക എന്നത് സത്യനിഷേധികളുടെ സ്വഭാവമായി ക്വുര്‍ആന്‍ പഠിപ്പിച്ചതാണ്. അല്ലാഹു പറയുന്നു: ''നിങ്ങളുടെ രക്ഷിതാവില്‍ നിന്നും വല്ല നന്മയും നിങ്ങളുടെമേല്‍ ഇറക്കപ്പെടുന്നത് വേദക്കാരിലും ബഹുദൈവാരാധകന്മാരിലും പെട്ട സത്യനിഷേധികള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് അവന്‍ ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ്'' (ക്വുര്‍ആന്‍ 2:105).

മുസ്‌ലിയാര്‍ എഴുതുന്നു: ''മാതൃകായോഗ്യരായ സ്വഹാബത്തിനെ ചീത്തപറയലും പരിഹസിക്കലും തൊഴിലാക്കിയവരാണല്ലോ മുബ്തദിഉകള്‍. ആധുനികരും പൗരാണികരും ഈ വിഷയത്തില്‍ വ്യത്യസ്തരല്ല. അതിനാല്‍ അവരോടുള്ള സമീപനത്തില്‍ ഓരോ വിശ്വാസിയും ജാഗ്രതയുള്ളവരാവണമെന്നാണ് ഹദീസ് ഓര്‍മപ്പെടുത്തുന്നത്'' (പേജ് 121).

സ്വഹാബത്തിനെ അധിക്ഷേപിച്ച ഖവാരിജുകള്‍, റാഫിളുകള്‍, ശിയാക്കള്‍ തുടങ്ങിയ വ്യതിയാന കക്ഷികളെ പിന്തുടരുന്ന പൗരോഹിത്യം എന്തിനാണ്  ഈ കുഫ്‌റിനെ 'എന്റെ അനുചരന്മാരെ നിങ്ങള്‍ ചീത്ത പറയരുത്' (ബുഖാരി), 'സ്വഹാബികളെ നിന്ദിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു' (ത്വബ്‌റാനി) എന്നിങ്ങനെ നബി ﷺ നല്‍കിയ താക്കീതുകളുടെ ഗൗരവം ഉള്‍ക്കൊണ്ട അഹ്‌ലുസ്സുന്നയുടെ മേല്‍ ചാര്‍ത്തുന്നത്?

ഇമാം ത്വഹാവി(റഹി) പറയുന്നു: ''പ്രവാചകന്റെ സ്വഹാബത്തിനെ നാം ഇഷ്ടപ്പെടുന്നു. അവരില്‍ ആരോടുള്ള ഇഷ്ടത്തിലും നാം അതിരുകവിയുകയില്ല. അവരില്‍ ആരോടും നമ്മള്‍ വിടുതല്‍ കാണിക്കുകയില്ല. അവരെ വെറുക്കുന്നവരെയും നല്ലതല്ലാതെ അവരെ കുറിച്ച് പറയന്നവരെയും നാം വെറുക്കുന്നു. സ്വഹാബത്തിനെ പറ്റി നല്ലതല്ലാതെ നാം പറയുകയില്ല. അവരോടുള്ള ഇഷ്ടം മതവും വിശ്വാസവും നന്മയുമാകുന്നു. അവരോടുള്ള കോപം അവിശ്വാസവും കപടതയും അതിക്രമവുമാകുന്നു'' (അല്‍ അക്വീദതുത്ത്വഹാവിയ്യ).

നബി ﷺ യുടെ അനുചരന്മാര്‍ പഠിപ്പിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചും അവരില്‍നിന്ന് സ്വീകാര്യമായി വന്നതിനെ വളച്ചൊടിച്ചും ബാലിശവും നിര്‍മിതവുമായ വിഷയങ്ങളെ അവരിലേക്ക് ചേര്‍ത്തിയും മതാധിപന്മാരായി വിലസുന്ന ഇവര്‍ അഹ്‌ലുസ്സുന്നയെ അനുഗമിക്കുന്ന സലഫികളെ അന്യായമായി ആക്ഷേപിക്കുന്നത് അവരുടെ നിലവാരത്തകര്‍ച്ചയല്ലാതെ മറ്റൊന്നുമല്ല.

സുഫിയാനുസ്സൗരി(റഹി), ഫുളൈലുബ്‌നു ഇയാദ്വ്(റഹി), ഇമാം ബഗവി(റഹി), ഇമാം നവവി(റഹി) മുതലായ അഹ്‌ലുസ്സുന്നയുടെ ഇമാമുമാര്‍ നവീനവാദികളോടും മതനിഷേധികളോടും വിശ്വാസികള്‍ ബന്ധം പുലര്‍ത്തേണ്ടതെങ്ങനെ എന്ന് വിശദീകരിച്ചതിനെ അതിന്റെ വക്താക്കളെ എതിര്‍ക്കാന്‍ മുസ്‌ലിയാര്‍ എടുത്തുദ്ധരിച്ചതില്‍ ഏറെ കൗതുകം തോന്നുന്നു. അവര്‍ പഠിപ്പിച്ചതനുസരിച്ച് പൗരോഹിത്യം ദീനിനെ അറിഞ്ഞിരുന്നെങ്കില്‍ അനാചാരങ്ങളുടെ കുത്തൊഴുക്കിന് ഏറെക്കുറെ നിയന്ത്രണം വരുത്താമായിരുന്നു.

വിശ്വാസദൃഢത നിലനിര്‍ത്തുന്നവരെയാണല്ലോ ഇവര്‍ പുത്തന്‍വാദികളാക്കാന്‍ പ്രയാസപ്പെടുന്നത്. സൗഹാര്‍ദവും മതപരമായ പരിഗണനയുമൊന്നും അവര്‍ അര്‍ഹിക്കുന്നില്ലെന്നാണ് മുസ്‌ലിയാര്‍ സമര്‍ഥിച്ച് വരുന്നത്. 1930ല്‍ അവര്‍ പാസാക്കിയ ബഹിഷ്‌കരണവാദ പ്രമേയം മുസ്‌ലിയാര്‍ വീണ്ടും കുത്തിപ്പൊക്കിയത് കാണുക: ''1930 മാര്‍ച്ച് 16ന് മണ്ണാര്‍ക്കാട്ട് വെച്ച് കൂടിയ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ നാലാം വാര്‍ഷിക സമ്മേളനം അംഗീകരിച്ചു പാസാക്കിയ പ്രമേയം: ചോറ്റൂര്‍ കൈക്കാര്‍, കോരൂര്‍ കൈക്കാര്‍, കുണ്ടോട്ടി കൈക്കാര്‍, ഖാദിയാനികള്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസ നടപടികള്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ സുന്ദരമായ വിശ്വാസ നടപടികളോട് കേവലം മാറായതുകൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ളതായ കൂട്ടുകെട്ടും സുന്നി മുസ്‌ലിംകള്‍ക്ക് കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു'' (പേജ് 23).

ഇവര്‍ ജല്‍പിക്കും പ്രകാരം ഭിന്നതയുടെ ആളുകള്‍ സലഫികളായിരുന്നെങ്കില്‍ അവരെ ഇസ്‌ലാമിന്റെ അടിസ്ഥാന നിയമങ്ങളില്‍ ഒന്നായ അല്ലാഹുവിന്റെ ക്വുര്‍ആനിലേക്ക് ക്ഷണിച്ച് ഒന്നിപ്പിക്കേണ്ടതിന് പകരം അക്കാലം മുതല്‍തന്നെ ഇത്തരം അവിശുദ്ധ പ്രമേയങ്ങള്‍ അവതരിപ്പിച്ച് ശരിയായ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് സമസ്ത തന്നെയല്ലേ? ഈ പ്രവര്‍ത്തനം തീര്‍ത്തും പ്രമാണവിരുദ്ധമാണ്. അല്ലാഹു പറയുന്നു: ''നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്'' (ക്വുര്‍ആന്‍ 3:103). അല്ലാഹുവിന് ഇഷ്ടമുള്ളതായി നബി ﷺ പഠിപ്പിച്ചതും ഇതുതന്നെ.

മാനവിക മൂല്യങ്ങള്‍ പകര്‍ന്നുനല്‍കിയ മതമാണ് ഇസ്‌ലാം എന്നത് അന്ധമായ വിമര്‍ശനത്തിനിടയില്‍ മുസ്‌ലിയാര്‍ മറന്നിരിക്കുന്നു. അദ്ദേഹം എഴുതുന്നു: ''ഉദ്ധൃത വചനങ്ങളെല്ലാം ബിദ്അത്തിനോടും അതിന്റെ വക്താക്കളോടും കഠിനമായ വെറുപ്പും അനിഷ്ടവും പ്രകടിപ്പിക്കണമെന്നും സൗഹാര്‍ദപരവും മതപരവുമായുള്ള പരിഗണനകളൊന്നും അവര്‍ അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു'' (പേജ് 23).

ഇവര്‍ എടുക്കുന്ന എല്ലാ നിലപാടുകളും പോലെ ഇൗ വാക്കുകളും മതവിരുദ്ധമാണ്. അല്ലാഹു പറയുന്നു: ''...പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അനേ്യാന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അനേ്യാന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 5:2).

അഹ്‌ലുല്‍ ക്വിബ്‌ലയില്‍പെട്ട മുസ്‌ലിമിന് നല്‍കേണ്ട പരിഗണന എന്തെന്ന് ഇനിയും ഇക്കൂട്ടര്‍ പഠിച്ചിട്ടില്ലേ? അനസി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''ആരെങ്കിലും നമ്മുടെ നമസ്‌കാരം എടുക്കുകയും നമ്മുടെ ക്വിബ്‌ല സ്വീകരിക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്താല്‍ അവന്‍ അല്ലാഹുവിന്റെയും റസൂലിന്റെയും സംരക്ഷണത്തിലാണ്. അവന്റെ സംരക്ഷണത്തില്‍ അല്ലാഹുവിനെ നിങ്ങള്‍ വഞ്ചിക്കരുത്'' (ബുഖാരി).

പ്രമാണങ്ങള്‍ പഠിപ്പിച്ചത് ഉള്‍ക്കൊള്ളാതെ ഒരു മദ്ഹബിനെ അന്ധമായി അനുകരിച്ച് വളരുക, അധികാരക്കൊതിയുണ്ടാവുക, അറിവുള്ളവരോട് കുതര്‍ക്കം നടത്തുക, കക്ഷിത്വവാദികളുടെ ഗ്രന്ഥങ്ങള്‍ അവലംബിക്കുക, ശരിയല്ലാത്ത അഭിപ്രായങ്ങളില്‍ അള്ളിപ്പിടിക്കുക എന്നീ നിലപാടുകളില്‍ മുന്നോട്ടുപോകുന്ന സമസ്തയുടെ പണ്ഡിതന്മാര്‍ ആദര്‍ശ രംഗത്തെ എതിരാളികളെ നേരിടുന്നത് ഗുണകാംക്ഷ പാടെ വറ്റിവരണ്ടവരായിക്കൊണ്ടാണ്. വിമര്‍ശനത്തില്‍ യാതൊരു നീതിയും പുലര്‍ത്താന്‍ ഇവര്‍ തയ്യാറല്ല.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 5:8).

അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരെ വെറുക്കുന്നതിന് പകരം അവരില്‍നിന്ന് മാതൃക ഉള്‍ക്കൊള്ളാനുള്ള മനസ്സാണ് മുസ്‌ലിയാരെ പോലുള്ളവര്‍ക്ക് ആദ്യം വേണ്ടത്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറഞ്ഞു: ''അഹ്‌ലുസ്സുന്ന അതിനെതിരായി നില്‍ക്കുന്നവരോട് നീതിയോടെ പെരുമാറുന്നവരാണ്. അവരോട് അനീതി കാണിക്കുകയില്ല; കാരണം അത് നിഷിദ്ധമാണ്.''

മുസ്‌ലിയാര്‍ വീണ്ടും എഴുതുന്നു: ''മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളെ മുശ്‌രിക്കും കാഫിറുകളുമായി പരിചയപ്പെടുത്തുകയും അവരെ കൊല്ലല്‍ നിര്‍ബന്ധമാണെന്ന് പല പ്രാവശ്യം എഴുതി പ്രചരിപ്പിക്കുകയും ചെയ്ത കേരളത്തിലെ വഹാബി-മൗദൂദിയാദി പുത്തന്‍വാദികളോട് സലാം പറഞ്ഞ് സൗഹൃദം പുലര്‍ത്താന്‍ ഒരു വിശ്വാസിക്ക് എങ്ങനെയാണ് സാധിക്കുക? അകറ്റിനിര്‍ത്തേണ്ടവര്‍ തന്നെയാണ് അവര്‍ദ'' (പേജ് 23).

കല്ലുവെച്ച നുണ എന്ന് ഇതിനെ വിശേഷിപ്പിക്കാം. വഹാബികള്‍ എന്ന് ഇവര്‍ പരിഹാസത്തോടെ വിളിക്കുന്ന മുജാഹിദുകള്‍ വിശ്വാസികളെ മുശ്‌രിക്കുകളും കാഫിറുകളുമായി ഇന്നേവരെ മുദ്രകുത്തിയിട്ടില്ല. യാതൊരു തെളിവും അതിനായി ഉദ്ധരിക്കാന്‍ ഇവര്‍ക്കാകില്ല. എന്നാല്‍ ഇവര്‍ അങ്ങനെ ചെയ്തതിന് വ്യക്തമായ രേഖകളുണ്ട്.

കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാരെ കുറിച്ച് എഴുതിയത് കാണുക: ''ക്വുര്‍ആന്‍ പരിഭാഷ തികച്ചും അബദ്ധജഡിലവും തോന്നിവാസവുമാണെന്നും അതെഴുതിയുണ്ടാക്കിയ വകയില്‍ കൂറ്റനാട് മുസ്‌ലിയാര്‍ മുര്‍ത്തദ്ദും കാഫിറുമായിട്ടുണ്ടെന്നും അന്ന് സമസ്ത സെക്രട്ടറി ഫത്‌വ പുറപ്പെടുവിച്ചത് ജനങ്ങള്‍ മറന്നിട്ടില്ല'' (സിറാജ് 1988, നവംബര്‍ 21, ചൊവ്വ).

''ചുരുക്കത്തില്‍ കഴിവ് അല്ലാഹുവിന്റെതും മനുഷ്യന്റെതുമെന്ന് രണ്ടായി വിഭജിച്ച് അല്ലാഹുവിന്റെ ഗുണമാകുന്ന ഖുദ്‌റത്തില്‍ ഇവര്‍ മായം ചേര്‍ത്തിരിക്കുന്നു. അതിനാല്‍ ഒറിജിനല്‍ മുശ്‌രിക്കുകള്‍ ഇവരാണ്'' (തൗഹീദും ശിര്‍ക്കും/നാട്ടിക വി.മൂസ മുസ്‌ലിയാര്‍/പേജ് 61).

ആദര്‍ശ വ്യതിചലനവും ശത്രുതാമനോഭാവവും കൊണ്ടുനടക്കുന്ന ഇവര്‍ക്ക് നേരായ പാത കാണിച്ചുകൊടുക്കണേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.