അഹ്‌ലുസ്സുന്നയുടെ ആദര്‍ശം പിന്‍പറ്റുന്നവരും അതിനെ എതിര്‍ക്കുന്നവരും

മൂസ സ്വലാഹി, കാര

2021 നവംബര്‍ 06 1442 റബിഉല്‍ ആഖിര്‍ 01

സ്രഷ്ടാവില്‍നിന്നുള്ള ചൊവ്വായ മാര്‍ഗമാണ് ഇസ്‌ലാം. മുഹമ്മദ് നബി ﷺ യും അനുചരന്മാരും സ്വജീവിതത്തില്‍ അത് പുലര്‍ത്തി കാണിച്ചുതന്നിട്ടുണ്ട്. ആ മാര്‍ഗമാണ് അഹ്‌ലുസ്സുന്നതി വല്‍ ജമാഅ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ നേരായ മാര്‍ഗത്തില്‍ നിലകൊള്ളുന്ന, അതില്‍നിന്ന് വ്യതിചലിച്ചുപോകുന്നത് ഭയപ്പെടുന്ന വിശ്വാസികള്‍ ഇങ്ങനെ പ്രാര്‍ഥിക്കും:

''ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ നയിക്കേണമേ; നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല'' (ക്വുര്‍ആന്‍ 1:6,7).

'സ്വിറാത്വുല്‍ മുസ്തക്വീം' അഥവാ ചൊവ്വായ മാര്‍ഗം എന്നത് നബി ﷺ യിലൂടെ അല്ലാഹു നല്‍കിയതും അവിടുന്ന് ജീവിച്ചുകാണിച്ചതുമായ മാര്‍ഗമാണ്. അനാചാരങ്ങള്‍കൊണ്ടോ, ദേഹേച്ഛകള്‍ക്ക് അടിമപ്പെട്ടോ അതിനെ മാറ്റിമറിക്കുക സാധ്യമല്ല. ക്വുര്‍ആന്‍ പറയുന്നു: ''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (6:153).

ഇമാം ശാത്വിബി(റഹി) പറയുന്നു: ''അല്ലാഹു ക്ഷണിച്ചതായ മാര്‍ഗമാകുന്നു സ്വിറാത്വുല്‍ മുസ്തക്വീം, നബിചര്യയും അതു തന്നെ. അതില്‍നിന്ന് വ്യതിചലിച്ചവരും പുത്തന്‍ വാദികളുമാകുന്നു 'വഴികളു'ടെ വക്താക്കള്‍'' (അല്‍ ഇഹ്തിസ്വാം/പേജ് 42).

സത്യപാതയില്‍നിന്ന് തെറ്റിക്കപ്പെടുന്ന അനവധി പരീക്ഷണങ്ങള്‍ എല്ലാ കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും നിഷ്‌കളങ്കമായ പരലോകഭയവുമാണ് അതിലകപ്പെടാതിരിക്കാന്‍ വിശ്വാസികള്‍ക്ക് രക്ഷയായിട്ടുള്ളത്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നീ അവരെ നേരായ പാതയിലേക്കാകുന്നു ക്ഷണിക്കുന്നത്. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ആ പാതയില്‍ നിന്ന് തെറ്റിപ്പോകുന്നവരാകുന്നു'' (ക്വുര്‍ആന്‍ 23:73,74).

ഇമാം അബൂബക്കര്‍ അല്‍ ആജൂരി (റഹി) പറഞ്ഞു: ''ഒരാള്‍ക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചു എന്നതിന്റെ അടയാളം അല്ലാഹുവിന്റെ കിതാബും അവന്റെ പ്രവാചകന്റെ സുന്നത്തുകളും അദ്ദേഹത്തിന്റെ സ്വഹാബിമാരുടെയും അവരെ നല്ലനിലയില്‍ പിന്‍പറ്റിയവരുടെ ചര്യകളും അതുപ്രകാരം ഔസാഈ(റഹി), സുഫിയാനുസ്സൗരി(റഹി), മാലിക് ബിന്‍ അനസ്(റഹി), ശാഫിഈ(റഹി), അഹ്മദ് ബിന്‍ ഹമ്പല്‍(റഹി), കാസിം ബിന്‍ സലാം(റഹി) തുടങ്ങിയവരും അവരെപ്പോലുള്ളവരുമായ ഓരോ നാട്ടിലെയും മുസ്‌ലിം നേതാക്കളും ഏതൊരു മാര്‍ഗത്തിലാണോ നിലകൊണ്ടത് ആ മാര്‍ഗത്തില്‍ പ്രവേശിക്കലാണ്. ഇവര്‍ സ്വീകരിക്കാത്ത ഏതൊരു മാര്‍ഗത്തെയും പാടെ വെടിയുകയും വേണം'' (അശ്ശരീഅ/പേജ് 16).

മതവിരോധികളും അത്യാചാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും സമൂഹത്തിലുണ്ടാക്കിയ ഭിന്നതയും ഛിദ്രതയുമൊക്കെ അഹ്‌ലുസ്സുന്നയുടെ യഥാര്‍ഥ അനുയായികള്‍ക്ക് മേല്‍ കെട്ടിവെക്കുന്നതിലൂടെ അത്തരക്കാരുടെ അധഃപതനമാണ് വ്യക്തമാകുന്നത്. ശത്രുക്കള്‍ പുണ്യാളന്മാരായി എഴുന്നള്ളപ്പെടുകയും മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്ന അവസ്ഥവരെ എത്തിയിട്ടുണ്ട്. എന്നാല്‍ അഭിപ്രായ ഭിന്നത സൃഷ്ടിക്കുന്നതിനെ ഇസ്‌ലാം ശക്തമായി വിരോധിച്ചു.

അല്ലാഹു പറയുന്നു: ''വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്''(ക്വുര്‍ആന്‍ 3:105).

അബൂഹുറയ്‌റ(റ)യില്‍നിന്ന്; നബി ﷺ പറഞ്ഞതായി ഞാന്‍ കേട്ടു: ''ഞാന്‍ വിരോധിച്ചത് നിങ്ങള്‍ വെടിയുക, ഞാന്‍ കല്‍പിച്ചതില്‍നിന്ന് സാധിക്കുന്നത് നിങ്ങള്‍ എടുക്കുക. നിശ്ചയം, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിപ്പിച്ചത് അവരുടെ അധിക ചോദ്യവും പ്രവാചകന്മാരിലുള്ള അഭിപ്രായ ഭിന്നതയുമാണ്'' (ബുഖാരി, മുസ്‌ലിം).

2021 ആഗസ്റ്റ് ആദ്യലക്കം 'സുന്നിവോയ്‌സി'ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ''എന്നാല്‍ സത്യസരണിയുടെ വേരറുക്കാനും മുസ്‌ലിംകള്‍ക്കിടയില്‍ അനൈക്യം സൃഷ്ടിക്കാനും ഇസ്‌ലാമിക സമൂഹത്തിന്റെ സംശുദ്ധമായ പാരമ്പര്യത്തിനു നേരെ കൊഞ്ഞനം കുത്താനും ധിക്കാരം കാണിച്ച നവീന വാദികളെയും പുത്തനാശയക്കാരെയും മതപരമായി ബഹിഷ്‌കരിക്കണമെന്ന ശക്തമായ നിലപാടാണ് ദീനുല്‍ ഇസ്‌ലാമിന്റേത്. വിശ്വാസികള്‍ അനേ്യാന്യം നിര്‍വഹിക്കേണ്ട ബാധ്യതകളായി തിരുനബി ﷺ എണ്ണിയ സലാം ചൊല്ലല്‍, രോഗീ സന്ദര്‍ശനം, ജനാസാനുഗമനം, ക്ഷണിച്ചാല്‍ സ്വീകരിക്കല്‍ തുടങ്ങി സ്‌നേഹത്തെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്ന കര്‍മങ്ങളെയൊന്നും ബിദ്അത്ത്കാരുമായി പങ്കുവെക്കരുതെന്നും അവരുമായുള്ള ഇത്തരം സര്‍വ ബന്ധങ്ങളും വിഛേദിക്കണമെന്നും മതത്തിന് കാര്‍ക്കശ്യമുണ്ട്. പ്രമാണങ്ങള്‍ അത് നമ്മെ ബോധ്യപ്പെടുത്തുന്നു'' (പേജ് 20).

കേരളീയ മുസ്‌ലിം സമൂഹത്തില്‍ 1920ന് ശേഷം ഐക്യസംഘവും അതിനെ തുടര്‍ന്ന് കേരളത്തിലെ ആദ്യ പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്ന വല്‍ജമാഅയും രൂപീകരിക്കപ്പെട്ടതു മുതലാണ് നവോത്ഥാന പ്രവര്‍ത്തനങ്ങളും മതപരമായ ഉദ്‌ബോധനങ്ങളും ആരംഭിച്ചത്. ശീഈ, സ്വൂഫീ ഒത്തൊരുമയില്‍ ജന്മമെടുത്ത ബറേല്‍വിസത്തിന്റെ സേവകരായ പൗരോഹിത്യമാണ് മത മേലാളന്മാരായി അതുവരെ ഉണ്ടായിരുന്നത്. ആരാധന അല്ലാഹുവിന് മാത്രമെന്ന അടിസ്ഥാന വിശ്വാസത്തെ പാടെ അവഗണിക്കുകയും വ്യാജ ഔലിയാക്കന്മാരെയും ശിര്‍ക്കന്‍ കേന്ദ്രങ്ങളെയും ജനങ്ങള്‍ ആശ്രയിച്ചിരുന്ന കാലം. മത പ്രമാണങ്ങളെ ഒഴിവാക്കി മാലപ്പാട്ടുകളും കുപ്പിപ്പാട്ടുകളും കള്ളക്കഥകളും പഠിപ്പിക്കപ്പെട്ടു. ഇസ്‌ലാമിക നിയമങ്ങള്‍ക്ക് ഒട്ടും വില കല്‍പിക്കപ്പെടാത്ത സ്ഥിതിവിശേഷമുണ്ടായി. പൗരോഹിത്യം ഉണ്ടാക്കിയ ഇത്തരം ദൂഷ്യങ്ങളെ മൂടി വെക്കാനാണ് മുസ്‌ലിയാര്‍ ഇവിടെ നല്ലപിള്ള ചമഞ്ഞതെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഓരോ തലമുറയുടെയും അവസ്ഥക്കൊത്ത് വിവേകമതികളായ ആളുകള്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി അവരിലുണ്ടാകുമെന്നത് ക്വുര്‍ആനിന്റെ ആഹ്വാനമാണ്. അല്ലാഹു പറയുന്നു: ''നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍'' (ക്വുര്‍ആന്‍ 3:104).

പണ്ഡിത വരേണ്യര്‍ സമൂഹത്തിന്റെ ഉണര്‍വിനായി അക്കാലത്ത് ഒന്നിച്ചോടിയപ്പോള്‍ അതിന് വിലങ്ങുതടിയായിനിന്നത് സമസ്തയുടെ പൂര്‍വകാല നേതാക്കളായിരുന്നു എന്നത് മായ്ച്ചാലും മായാത്ത ചരിത്രമാണ്. സമസ്ത രൂപീകരിക്കപ്പെട്ടത് എന്തിനാണെന്നും ഐക്യസംഘം നല്‍കിയ സംഭാവനകള്‍ എന്താണെന്നും അവര്‍തന്നെ പറയുന്നത് കാണുക: ''അങ്ങനെ 1922ല്‍ ഐക്യസംഘം പിറന്നു. നല്ല പ്രവര്‍ത്തനങ്ങളുമായി ഐക്യസംഘം മുന്നോട്ടു പോയി. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും വരവായി. കെ.എം മൗലവിയുടെ സതീര്‍ഥ്യരും ശിഷ്യന്‍മാരുമാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മൗലവിയുടെ സഹപാഠികളായിരുന്ന ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവരും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരും ആദ്യം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചിരുന്നു. പാവപ്പെട്ട സമുദായത്തെ സമുദ്ധരിക്കുക എന്നതായിരുന്നു ലക്ഷ്യമായി പറഞ്ഞത്. അക്കാര്യത്തില്‍ ഏറെക്കുറെ പ്രവര്‍ത്തനങ്ങളും സംഘം നടത്തി. എന്നാല്‍ അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കുന്നതിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും വഹാബീ, സഫലീ ചിന്തകള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മേല്‍പറഞ്ഞ പണ്ഡിതന്മാര്‍ സംഘത്തോട് വിടചൊല്ലി. കെ എം മൗലവിയോട് സ്‌നേഹമുണ്ടായിരുന്ന ചെറുപ്പക്കാരും സാമൂഹിക പ്രവര്‍ത്തകരും ഒരു വിഭാഗം പണ്ഡിതന്മാരും അത് കാര്യമാക്കിയില്ല. കാതുകുത്തും അന്ധവിശ്വാസങ്ങളും എതിര്‍ക്കുന്നതോടൊപ്പം പുണ്യ പുരുഷന്‍മാരോട് അനുഗ്രഹം തേടുക, നേര്‍ച്ചകള്‍ നടത്തുക, മൗലിദ് നടത്തുക എന്നിവയൊക്കെ ബഹുദൈവ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഐക്യസംഘത്തിന്റെ ലേബലില്‍ പ്രചരിപ്പിക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ വിവാദമായപ്പോള്‍ പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അടക്കമുള്ളവര്‍ കെ.എം മൗലവിയെ വിമര്‍ശിച്ച് രംഗത്തുവന്നു'' (അറുപതാം വാര്‍ഷികോപഹാരം/പേജ്117,118).

''1925ല്‍ കോഴിക്കോട് ജുമുഅ പള്ളിയില്‍വെച്ച് മഹാന്മാരായ ഉലമാക്കന്മാര്‍ മുമ്പാകെ മേപ്പടി നാമധേയത്തില്‍ ഒരു പ്രവര്‍ത്തക സംഘം രൂപീകരിക്കപ്പെടുകയും പിന്നീട് കോഴിക്കോട്, ചാലിയം, എടവണ്ണ, മഞ്ചേരി മുതലായ ദിക്കുകളിലെല്ലാം വെച്ച് പൊതുയോഗങ്ങള്‍ കൂടുകയും 1926 ജൂണ്‍ 26നു കോഴിക്കോട് ടൗണ്‍ ഹാളില്‍വെച്ച് അസ്സയ്യിദ് ഹാശിം ചെറിയ കുഞ്ഞിക്കോയ തങ്ങള്‍ അവര്‍കളുടെ അധ്യക്ഷതയിന്‍ കീഴില്‍ വെച്ച് കൂടിയ പൊതുയോഗത്തില്‍ വെച്ച് സംഘം സ്ഥാപിക്കുകയും ചെയ്തു'' (സമസ്ത/പേജ് 38).

സമൂഹത്തെ ജീര്‍ണതയിലേക്ക് നയിച്ചതും അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയതും നവോത്ഥാന സംരംഭങ്ങളെ അറപ്പോടെ കണ്ടതും യഥാര്‍ഥത്തില്‍ ആരെന്നത് വായനക്കാര്‍ വിലയിരുത്തട്ടെ.

(അവസാനിച്ചില്ല)