കുപ്രചാരണങ്ങള്‍ കൊണ്ട് കുപ്രസിദ്ധരായവര്‍

മൂസ സ്വലാഹി, കാര

2021 ഫെബ്രുവരി 13 1442 റജബ് 01

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍ 21)

അഹ്ലുസ്സുന്നയുടെ മാര്‍ഗത്തോടു പുറംതിരിഞ്ഞുനില്‍ക്കുകയും അതേസമയം തങ്ങളാണ് യഥാര്‍ഥത്തില്‍ അഹ്ലുസ്സുന്നയുടെ വക്താക്കള്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് സമസ്ത പിന്തുടരുന്ന ഒരു രീതിയാണ്. അതിനായി അവര്‍ ചെയ്യുന്നത് സലഫികളെ പിഴച്ചവരും പുത്തന്‍വാദികളുമാക്കി ചിത്രീകരിക്കലാണ്.

എന്നാല്‍ ഉത്തമതലമുറ എന്ന് പ്രവാചകന്‍ ﷺ ആരെയാണോ പരിചയപ്പെടുത്തിയത് അവരെ പിന്‍പറ്റിയാണ് സലഫികള്‍ ജീവിക്കുന്നത്. അവരുടെതല്ലാത്ത മാര്‍ഗം സ്വീകരിക്കുന്നവര്‍ വഴിപിഴവിലാണ്.

 1921ല്‍ രൂപീകരിക്കപ്പെട്ട ഐക്യസംഘവും 1924ല്‍ ആരംഭിച്ച കേരള ജംഇയ്യത്തുല്‍ ഉലമാഅ് അഹ്ലുസ്സുന്ന വല്‍ജമാഅയും ഒന്നിച്ച് തുടങ്ങിയ മത, സാമൂഹിക, സംസ്കരണ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ മതചൂഷണങ്ങള്‍ക്ക് തടസ്സമാകുന്നത് സഹിക്കവയ്യാതെയാണ് ഒരുകൂട്ടം പണ്ഡിതപുരോഹിതര്‍ 1926ല്‍ സമസ്ത ഉണ്ടാക്കിയത്. ശിയാ, ബറേല്‍വി ആശയങ്ങളുടെ ചുവടുപിടിച്ച് എല്ലാവിധ അന്ധവിശ്വാസങ്ങളുടെയും ഈറ്റില്ലവും പോറ്റില്ലവുമായി സമസ്ത മാറി.          

പുത്തനാചരങ്ങളോട് മൃദുലസമീപനം സ്വീകരിക്കുന്ന ഇസ്തിരി ചുളിയാത്ത തബ്ലീഗ് ജമാഅത്തിനെ വിമര്‍ശിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ കാണാം: 'ശൈഖ് ഹസന്‍ ഹസ്രത്തും മുസ്തഫാ ആലിം സാഹിബും മറ്റു ഉസ്താദുമാരും സുന്നി ആദര്‍ശമുള്ളവരായിരുന്നു. സലഫീ ആദര്‍ശങ്ങളോട് കടുത്ത വെറുപ്പു പുലര്‍ത്തുന്നവരും ക്ലാസ്സുകളില്‍ അത് പഠിപ്പിക്കുകയും ചെയ്തിരുന്നു" (സുന്നിവോയ്സ്/2020 നവംബര്‍ 16-30/പേജ് 16).

മതാധ്യാപനങ്ങളെ മാനിക്കാത്ത ഇത്തരം ആചാര്യന്മാരെ കാണിച്ച് ഇസ്ലാമിക വിശ്വാസത്തെ സത്യസന്ധമായി കൊണ്ടുനടക്കുന്നവരെപ്പറ്റി വെറുപ്പുപരത്തുന്നത് ശരിയല്ല. ഇസ്ലാമിന്‍റെ ആദര്‍ശം എന്താണോ അതാണ് സലഫീ ആദര്‍ശം. ഇസ്ലാമില്‍ പൂര്‍ണമായും പ്രവേശിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്. സലഫുകളെ പിന്തുടരുമ്പോഴേ അതിന് സാധിക്കുകയുള്ളൂ. അല്ലാഹു പറയുന്നു:

"സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണമായി കീഴ്വണക്കത്തില്‍ (ഇസ്ലാമില്‍) പ്രവേശിക്കുക. പിശാചിന്‍റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു" (ക്വുര്‍ആന്‍ 2:208).

നേര്‍മാര്‍ഗമെന്നാല്‍ സത്യസന്ധമായ വൃത്താന്തങ്ങളും ശരിയായ വിശ്വാസവും ഉപകാരപ്രദമായ അറിവും ഇഹപര ജീവിതങ്ങളില്‍ പ്രയോജനപ്രദവും സ്വീകാര്യയോഗ്യമായ സല്‍കര്‍മങ്ങളുമാണെന്ന് ഇബ്നു കഥീര്‍(റഹി) വ്യക്തമാക്കിയിട്ടുണ്ട്.

കാന്തപുരം പറയുന്നു: "ഇന്ത്യയില്‍ സലഫി പ്രസ്ഥാനത്തിന്‍റെ തെറ്റായ വിശ്വാസങ്ങള്‍ ആദ്യമായി പ്രചരിപ്പിച്ചത് ഇസ്മാഈല്‍ ദഹ്ലവിയാണ്" (സുന്നിവോയ്സ്/2020 നവംബര്‍ 16-30/പേജ് 17).

സലഫികളുടെ ഏതൊക്കെ വിശ്വാസങ്ങളിലാണ് ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളുള്ളത് എന്ന് വ്യക്തമാക്കല്‍ ഈ ആരോപണമുന്നയിക്കുന്നവരുടെ കടമയാണ്. എന്നാല്‍ കാടടച്ച് വെടിവെക്കുകയല്ലാതെ പ്രമാണബദ്ധമായി അത് തെളിയിക്കുവാന്‍ ഇദ്ദേഹത്തിനോ മറ്റു വിമര്‍ശകര്‍ക്കോ കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല.

ദഹ്ലവിയെ സലഫികളുടെ നേതാവായി പരിചയപ്പെടുത്തുന്നത് സമസ്തയാണ്; അല്ലാതെ സലഫികളല്ല. ഇസ്മാഈല്‍ ദഹ്ലവി സ്വൂഫികളുമായും ബറേല്‍വികളുമായും ബന്ധമുള്ള വ്യക്തിയാണെന്ന യാഥാര്‍ഥ്യം മുസ്ലിയാര്‍ മൂടിവെക്കുകയാണ്. നാല് മദ്ഹബുകളുടെ ഇമാമുമാരടക്കം അഹ്ലുസ്സുന്നക്ക് നേതൃത്വം നല്‍കിയ പണ്ഡിതന്മാര്‍ പഠിപ്പിച്ച പ്രമാണ നിലപാടുകളെയാണ് സലഫികള്‍ സ്വീകരിക്കുന്നത്.

മുസ്ലിയാര്‍ വീണ്ടും പറയുന്നു: "ലോകം മുഴുവന്‍ നാശംവിതച്ച സലഫിസത്തെ ഇന്ത്യയില്‍ നട്ടുവളര്‍ത്തിയത് ഇസ്മാഈല്‍ ദഹ്ലവിയാണ്. പഴയ മുന്‍ജിദിലും സലഫി പ്രസ്ഥാനത്തിന്‍റെ മുഴുവന്‍ ചരിത്ര ഗ്രന്ഥങ്ങളിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്" (സുന്നിവോയ്സ്/2020 നവംബര്‍ 16-30/പേജ് 18).

ഉത്തമതലമുറയെ പിന്‍പറ്റുന്നവരാണ് 'സലഫികള്‍.' വ്യാജതെളിവുകളെയും കെട്ടുകഥകളെയും ആശ്രയിച്ച് കഴിയുന്നവരാണ് 'ഖുറാഫികള്‍.'

സലഫികളുടെ ഏതൊക്കെ ചരിത്രഗ്രന്ഥങ്ങളിലാണ് ദഹ്ലവിയാണ് സലഫിസത്തെ ഇന്ത്യയില്‍ നട്ടുവളര്‍ത്തിയതെന്ന് പറയുന്നത്? ആരോപണമുന്നയിക്കുന്നതിലുമില്ലേ ഒരു മാന്യത?

ആരുടെ മാര്‍ഗം പിന്‍പറ്റുവാനാണോ അല്ലാഹു കല്‍പിക്കുന്നത് അവരുടെ മാര്‍ഗമാണ് സലഫികള്‍ പിന്‍പറ്റുന്നത്. ആ മാര്‍ഗം അവഗണിക്കുന്നവരാണ് പുത്തന്‍വാദികളും വഴിപിഴച്ചവരും.

അല്ലാഹു പറയുന്നു: "തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!" (ക്വുര്‍ആന്‍ 4:115).

ഇബ്നു കഥീര്‍(റഹി) ഈ സൂക്തത്തിന്‍റെ വിശദീകരണത്തില്‍ പറഞ്ഞു: "നബി ﷺ കൊണ്ടുവന്ന മതനിയമങ്ങള്‍ സത്യമാണെന്ന വ്യക്തതയും ബോധ്യവും ഒരാള്‍ക്ക് ഉണ്ടായതിനുശേഷം അതല്ലാത്ത മാര്‍ഗത്തില്‍ അവന്‍ പ്രവേശിച്ചാല്‍ ശറഹ് (മതനിയമം) ഒരു ഭാഗത്തും അവന്‍ മറ്റൊരു ഭാഗത്തുമായി മാറും" (സൂറത്തുന്നിസാഅ്/115, തഫ്സീര്‍ ഇബ്നു കഥീര്‍).

സലഫികളെ 'നാശം വിതച്ചവര്‍' എന്നാണ് മുസ്ലിയാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ക്വുര്‍ആനും നബിചര്യയുമാണ് സലഫികള്‍ പ്രചരിപ്പിച്ചിട്ടുള്ളത്. അത് നാശംവിതക്കലായി തോന്നുന്നവര്‍ ഒരു പുനരാലോചന നടത്തുന്നത് നന്നായിരിക്കും.

വിശ്വാസി സമൂഹത്തിനെതിരെയും നല്ല വ്യക്തികള്‍ക്കെതിരെയും ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവരും ദുഷ്പ്രചരണങ്ങള്‍ അഴിച്ചവിടുന്നവരും എക്കാലത്തുമുണ്ടായിട്ടുണ്ട്. അത് കേള്‍ക്കുമ്പോഴേക്കും അപ്പടി വിശ്വസിക്കുവാനല്ല വിശ്വാസികള്‍ തുനിയേണ്ടത്.

 അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി" (49:6).

പരലോകം യാഥാര്‍ഥ്യമാണെന്നും അവിടെ വിചാരണക്ക് വിധേയമാകുമെന്നുമാണ് ഓര്‍മപ്പടുത്താനുള്ളത്.

മുസ്ലിയാര്‍ പറയുന്നു: "അല്ലാമ അഹ്മദ് രിളാഖാന്‍ ബറേലവി(റ) ഇന്ത്യയില്‍ തുല്യതയില്ലാത്ത മഹാപണ്ഡിതനാണ്. ആയിരക്കണക്കിന് രചനകളുള്ളവരാണ്. ഇന്ത്യയില്‍ അഹ്ലുസ്സുന്നക്ക് അദ്ദേഹം സമര്‍പ്പിച്ച സംഭാവനകള്‍ വളരെ വലുതാണ്. അദ്ദേഹത്തിന് മുമ്പോ ശേഷമോ അദ്ദേഹത്തെ പോലെ ഒരാളെ ഇന്ത്യന്‍ ചരിത്രത്തില്‍ കാണാനാകില്ല. ഖാദിയാനിസം, ശീഇസം, സലഫിസം ഉള്‍പ്പെടെ മുഴുവന്‍ ബിദ്അത്തുകാര്‍ക്കെതിരെയും അദ്ദേഹം ഖണ്ഡനം നടത്തിയിട്ടുണ്ട്" (സുന്നിവോയ്സ്/2020 നവംബര്‍ 16-30/പേജ് 21).

ശിയാക്കളുടെ പാത പിന്‍പറ്റി സ്വൂഫീആചാര്യനാവുകയും അന്ധവിശ്വാസങ്ങളുടെ മൊത്തക്കച്ചവടത്തിനായി 'ബറേല്‍വിസം' ഉണ്ടാക്കുകയും ചെയ്ത അഹ്മദ് രിളാഖാന്‍ ബറേലവി അഹ്ലുസ്സുന്ന വല്‍ജമാഅയെ ആശയപരമായി തകര്‍ക്കാന്‍ ശ്രമിച്ചതിനെയാണോ മുസ്ലിയാര്‍ 'സംഭവാന'യായി കാണുന്നത്? അന്ധവിശ്വാസങ്ങളെ സമൂഹത്തിലേക്ക് സന്നിവേശിപ്പിച്ചതില്‍ ഒരുപക്ഷേ, ബറേലവിക്ക് തുല്യനായി ആരെയും കാണില്ല. നബി ﷺ യെ പ്രശംസിക്കാനെന്ന പേരില്‍ ബറേലവി എഴുതിയ ഉറുദു കവിത(ലാക്കോ സലാം ബൈത്ത്) 'ഔദാര്യത്തിന്‍റെ ആരാമം' എന്ന പേരില്‍ സമസ്തക്കാര്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ അടങ്ങിയിട്ടുള്ള ശുദ്ധ ശിര്‍ക്കിന് ഒരു ഉദാഹരണം കാണുക: "എന്‍റെ മേല്‍ വിധിക്കപ്പെട്ടിരുന്നത് വൈഷമ്യങ്ങളും പ്രയാസങ്ങളും നിറഞ്ഞ ജീവിതമാണെങ്കില്‍, അഥവാ ഞാന്‍ നരകാഗ്നിയിലാകുമെന്നാണ് എങ്കില്‍ അത് മായ്ച്ചുകളഞ്ഞ് പകരം സജ്ജനങ്ങളുടെ പട്ടികയില്‍ എന്നെ ഉള്‍പ്പെടുത്തണം നബിയേ! കാരണം തങ്ങളാണ് അല്ലാഹുവിന്‍റെ കോടതിയിലെ ജഡ്ജി. അല്ലെങ്കില്‍ രാജാധിരാജന്‍റെ പ്രധാനമന്ത്രി. ചുരുക്കത്തില്‍ തങ്ങളുദ്ദേശിക്കുകയാണെങ്കില്‍ എന്നെ നല്ലവരുടെ കൂട്ടത്തിലുള്‍പെടുത്തുവാന്‍ യാതൊരു പ്രയാസവുമില്ല" (പേജ് 53).

"അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഓരോ മുസല്‍മാന്‍റെയും കൂടെത്തന്നെയുണ്ട്. തങ്ങള്‍ എല്ലാവരുടെയും പ്രവര്‍ത്തനങ്ങള്‍ വ്യക്തമായി കാണുകയും അറിയുകയും ചെയ്തുകൊണ്ടിരിക്കുന്നു" (പേജ് 124).

നബി ﷺ ജീവിച്ചിരുന്ന കാലത്തുപോലും എല്ലാവരുടെയും പ്രവര്‍ത്തനങ്ങള്‍ വ്യക്തമായി കാണുകയും അറിയുകയും ചെയ്തിരുന്നില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. അത് അല്ലാഹുവിന്‍റെ മാത്രം കഴിവാണ്. ആ കഴിവാണ് നബി ﷺ യില്‍ ചാര്‍ത്തുന്നത്. 'സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തണം നബിയേ' എന്ന് നബിയോട് പ്രാര്‍ഥിക്കുന്നു. ഇതൊക്കെ തനിച്ച ശിര്‍ക്കാണെന്നതില്‍ ഇസ്ലാമിനെ മനസ്സിലാക്കിയ ആര്‍ക്കും സംശയമുണ്ടാകില്ല.  

ഇത്തരം ഒരു വ്യക്തിയെ അഹ്ലുസ്സുന്നയുടെ വേഷമണിയിച്ച് മുസ്ലിയാര്‍ അവതരിപ്പിച്ചതിലെ ഉദ്ദേശ്യമെന്തെന്ന് ആര്‍ക്കും എളുപ്പത്തില്‍ ബോധ്യമാകും.

ഇസ്ലാമിന്‍റെ വിശ്വാസമായി നബി ﷺ പഠിപ്പിച്ചതിനെക്കുറിച്ച് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു: "പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല. പറയുക: അല്ലാഹുവി(ന്‍റെ ശിക്ഷയി)ല്‍നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല" (72:21,22).

തബ്ഗീലിനെ എതിര്‍ക്കുവാനാണെങ്കിലും മുസ്ലിയാര്‍ അറിഞ്ഞു പറഞ്ഞ ഒരു സത്യം ഇതാണ്: "ബിദ്അത്തുകാരില്‍നിന്നും ഹദീസ് സ്വീകരിക്കുന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ധാരാളം ചര്‍ച്ച നടത്തിയിട്ടുണ്ട്. ബിദ്അത്ത് കടത്തിക്കൂട്ടുന്നവരില്‍നിന്ന് ഒന്നും സ്വീകരിക്കരുതെന്നാണ് പണ്ഡിത നിലപാട്. അതില്‍ നാം ഉറച്ചുനില്‍ക്കുന്നു" (സുന്നിവോയ്സ്/2020 നവംബര്‍ 16-30/പേജ് 24).

ഇത് സ്വന്തത്തിനുതന്നെ തിരിച്ചടിയാകുമെന്ന് മുസ്ലിയാര്‍ ഓര്‍ത്തുകാണില്ല. വിശ്വാസ കാര്യങ്ങളില്‍ കടുത്തശിര്‍ക്കും കര്‍മങ്ങളില്‍ ധാരാളം ബിദ്അത്തും കൊണ്ടുനടക്കുന്നവരാണല്ലോ ഇക്കൂട്ടര്‍. പ്രമാണങ്ങളും ഹദീഥ് നിദാനശാസ്ത്ര പണ്ഡിതന്മാരും വളരെ ഗൗരവത്തില്‍ കണ്ടതാണ് ഈ വിഷയം. അന്ധമായ അനുകരണത്തില്‍ തളച്ചിടപ്പെട്ടവര്‍ക്ക് ഇതു പറയാന്‍ ധാര്‍മികമായ എന്ത് അര്‍ഹതയാണുള്ളത്?

ഇമാം മുസ്ലിം(റഹി) തന്‍റെ സ്വഹീഹിന്‍റെ ആമുഖത്തില്‍ ആദ്യം പറഞ്ഞത് ശ്രദ്ധേയമാണ്: "കളവു പറയുന്നവരെ മാറ്റിനിര്‍ത്തി വിശ്വസ്തരില്‍നിന്ന് മാത്രമെ ഹദീഥുകള്‍ റിപ്പോര്‍ട്ട് ചെയ്യാവൂ."

ഇതിനെ അന്വര്‍ഥമാക്കി നബിചര്യയെ ജീവിപ്പിക്കാന്‍ കഠിനപ്രയത്നം നടത്തുന്ന സലഫികള്‍ക്ക് നേരെ 'ബിദ്അത്തുകാര്‍' എന്ന പ്രയോഗം പതിവായി നടത്താറുള്ള ഇവര്‍ പുത്തന്‍വാദികളുടെ ഗണത്തിലുള്ള തബ്ലീഗിനെ കുറിച്ച് ഇങ്ങനെ പറഞ്ഞതില്‍ കൗതുകമൊന്നുമില്ല.

മുസ്ലിയാര്‍ വീണ്ടും എഴുതുന്നു: "ഉദാഹരണത്തിന് സകരിയ്യാ കാന്തലവിയെ എടുക്കാം. അദ്ദേഹത്തിന് സലഫിസം ബാധിച്ചിട്ടുണ്ടെന്നത് ചരിത്രസത്യമാണ്. എന്നാല്‍ പലരും അതിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല" (സുന്നിവോയ്സ്/2020 നവംബര്‍ 16-30/പേജ് 21).

തെറ്റുധാരണ പരത്തുക എന്നത് ഇക്കൂട്ടരുടെ സ്ഥിരം പരിപാടിയാണ്. തബ്ലീഗ് ജമാഅത്തിന്‍റെ സ്ഥാപകനേതാക്കളില്‍ പ്രധാനിയും അവരുടെ ആധികാരിക അവലംബ ഗ്രന്ഥമായ 'ഫളായിലെ അഅ്മാലി'ന്‍റെ രചയിതാവുമായ ഇദ്ദേഹത്തെ സലഫിയായി മുദ്രകുത്തുന്നതിലെ വൈരുധ്യവും വിവരക്കേടും കാണുമ്പോള്‍ സ്വന്തം അനുയായികള്‍തന്നെ ഊറിച്ചിരിക്കുന്നുണ്ടാകും.

മുസ്ലിയാര്‍ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തുന്നത് കാണുക: "മഖ്ദൂമുമാരില്‍നിന്ന് നമുക്ക് കിട്ടിയ അമൂല്യ നിധികളാണ് മന്‍ഖൂസ് മൗലിദും ഫത്ഹുല്‍ മുഈനുമെല്ലാം. മഹാന്മാരുടെ പേരില്‍ നേര്‍ച്ചയാക്കാനും അവരുടെ ഖബ്ര്‍ കെട്ടിപ്പൊക്കാനും മറ്റും പഠിപ്പിച്ചതും അവയെല്ലാം പുണ്യകര്‍മമാണെന്ന് നമുക്ക് മനസ്സിലാക്കിത്തന്നതും ഫത്ഹുല്‍ മുഈനാണ്. മൗലിദും ഇത്തരം കാര്യങ്ങളുമാണ് ശിയാഇസമെങ്കില്‍ അത് മഖ്ദൂമുമാര്‍ പഠിപ്പിച്ചതാണ്. ശിയാഇസം എന്നത് മറ്റൊന്നാണ്. അതിനെ സുന്നികള്‍ ചെയ്യുന്ന പുണ്യകരമായ ആചാരങ്ങളുമായി കൂട്ടിക്കെട്ടേണ്ടതില്ല" (സുന്നിവോയ്സ്/2020 നവംബര്‍ 16-30/പേജ് 25).

വൈകിയാണെങ്കിലും നേതാവിന് തന്നെ ബോധോദയം വന്നതില്‍ വലിയ സന്തോഷം. ഇതൊന്നും മതമല്ലെന്ന് എത്ര കാലമായി സലഫികള്‍ പറയുന്നു. അപ്പോഴെല്ലാം പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചും ദുര്‍ബല ഹദീഥുകള്‍ നിരത്തിയും ഇതിനെ മതമാക്കാന്‍ ഒച്ചയിട്ടോടി സാധാരണക്കാരെ വിശ്വാസ, സാമ്പത്തിക ചൂഷണത്തില്‍ അകപ്പെടുത്തിയവര്‍ ക്വുര്‍ആനിന്‍റെ താക്കീതിനെയാണ് പേടിക്കേണ്ടത്. അല്ലാഹു പറയുന്നു:

"സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക'(9:34).

ഉസ്താദ് തന്നെ ഇത് അണികളെ തെര്യപ്പെടുത്തുകയാണെങ്കില്‍ 'സുന്നി' എന്ന വിശേഷണം സമസ്തക്ക് ചേരില്ല എന്ന് അവര്‍ക്ക് ബോധ്യപ്പെടും. യഥാര്‍ഥ സുന്നികള്‍ സലഫികളാണെന്ന്അവര്‍തിരിച്ചറിയുകയും ചെയ്യും. പ്രവാചകന്‍ പഠിപ്പിക്കാത്ത ഒട്ടനവധി കാര്യങ്ങള്‍ മതത്തിന്‍റെ പേരില്‍ പുതുതായി നിര്‍മിച്ച് ആചരിക്കുന്നവര്‍ക്ക് ആ പേര് എങ്ങനെയാണ് യോജിക്കുക?

ശിര്‍ക്ക് കലര്‍ന്ന മന്‍ഖൂസ് മൗലിദും മതം അംഗീകരിക്കാത്ത രൂപത്തിലുള്ള നേര്‍ച്ചകളും ജാറപൂജയുമൊക്കെ നടത്തല്‍ പുണ്യകര്‍മങ്ങളാണെന്ന് വിചാരിക്കുന്നവര്‍ക്ക് ഈ ക്വുര്‍ആന്‍ വചനം പഠിപ്പിച്ചുകൊടുത്താല്‍ നന്നായിരുന്നു:

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക" (47:33).

പ്രത്യക്ഷത്തില്‍ തങ്ങള്‍ ശിയാഇസത്തിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കുകയും പരോക്ഷമായി ശിയാഇസത്തെ വാരിപ്പുണരുകയും ചെയ്യുന്നവര്‍ക്ക് ഇസ്ലാമിനോട് എന്ത് പ്രതിബദ്ധതയാണുള്ളത്?