തിരികെ വരുമോ?
നസീമ വാടാനപ്പള്ളി
2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22

ഇനി നിനക്കാകുമോ തിരികെ വരാൻ?
ഇനി നമുക്കാകുമോ കൂടെയിരിക്കാൻ?’
യാത്രയിലെപ്പോഴോ കേട്ടതാണെങ്കിലും ആ ഈരടികൾ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ആ മധ്യവയസ്കയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. മരണചിന്ത അനിർവചനീയമായ ഒരു വികാരമായി അവളിൽ തങ്ങിനിൽപായിരുന്നു. ‘മരണം’-നിനച്ചിരിക്കാത്ത സമയത്ത്, യാത്രപോലും പറയാനാകാതെ തിരിച്ചുവരവില്ലാത്ത ഒരു യാത്ര.
ഓരോ യാത്ര കഴിഞ്ഞെത്തുമ്പോഴും അനുഭവങ്ങളുടെ വാചാലതയുമായി എന്നിലേക്ക് ഓടിയണയുന്നവൻ. അവനിന്നെവിടെയാണ്? അല്ലാഹ്, നീ തണലേകണേ. അവളുടെ തൊണ്ടയിൽ ശക്തിയായ വേദന അനുഭവപ്പെട്ടു. മിഴികളിലൂറിയ ജലകണങ്ങൾ കാഴ്ചക്ക് മങ്ങലേൽപിച്ചു. വിടപറഞ്ഞിട്ട് വർഷങ്ങ ളേറെ കഴിഞ്ഞെങ്കിലും അവളിൽ, നല്ലപാതിയുടെ ഓർമകൾ കൊളുത്തിട്ട് വലിക്കുന്നുണ്ടായിരുന്നു.
നിന്റെ വാചാലതകൾ എന്നിൽ നിറഞ്ഞപ്പൊഴൊക്കെയും ഞാനൊരു കിലുക്കാംപെട്ടി പോൽ തുള്ളിത്തുളുമ്പുമായിരുന്നു. ഇന്നു നിന്റെ വാചാലതയില്ല. അല്ലെങ്കിലും അനുഭവക്കുറിപ്പെഴുതാൻ കഴിയാത്ത ദുനിയാവിലെ ഏകാനുഭവം മരണമാണല്ലോ; താൻ ചെയ്ത കർമങ്ങളിലേക്കുള്ള പ്രവേശനകവാടം. റബ്ബേ, നീ അദ്ദേഹത്തിന് തണലേകണേ...
നല്ല പാതിയുടെ ഓർമകളിൽ അവൾ വല്ലാതെ നീറിപ്പുകഞ്ഞു. മൗനത്തിന്റെ നിറം മങ്ങിയ തുണ്ടിൽ വാക്കുകൾ പൊതിഞ്ഞിരിക്കയാണ്. ചിന്തകൾ കാടുകേറുകയായിരുന്നു. ഏകാന്തതയുടെ മരംകോച്ചുന്ന തണുപ്പിൽ അവൾ വിറക്കുന്നുണ്ടായിരുന്നു. നിന്നിലൂടെ റബ്ബെനിക്കു തന്ന പൂമുത്തുകൾക്ക് എന്റെ മൗനത്തിൻ മങ്ങിയ കടലാസുകൾക്ക് നിറംപകരാൻ കഴിയാഞ്ഞതെന്തേ? എവിടെയാണ് നമുക്കു തെറ്റിയത്? തെറ്റിയത് അവർക്കാണോ? ചിന്തകൾ പിടുത്തം വിടുമെന്നായപ്പോൾ അവൾ റബ്ബിലേക്ക് അഭയം തേടി.
‘തന്റെ അടിമക്ക് അല്ലാഹു മതിയായവനല്ലയോ?’
അതെ, എനിക്ക് എന്റെ റബ്ബ് മതി. അവൾ അത് ഉരുവിട്ടുകൊണ്ടേയിരുന്നു. അല്ലെങ്കിൽതന്നെ മറ്റെന്തു കൊണ്ടാണ് മനുഷ്യമനസ്സിന് സമാധാനം കിട്ടുക?
‘അല്ലാഹുവിനെക്കുറിച്ചുള്ള ഓർമകൊണ്ടത്രെ ഹൃദയങ്ങൾ ശാന്തമാകുന്നത്.’
അതെ, അവളുടെ ഹൃദയത്തിന്റെ ഭാരം കുറഞ്ഞുവന്നിരുന്നു.
‘അല്ലാഹു എന്റെ റബ്ബാണ്, അവനിൽ ഞാനൊന്നിനെയും പങ്കുചേർക്കുകയില്ല.’
പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാൻ റസൂൽﷺ പഠിപ്പിച്ച പ്രാർഥനകൾ അവൾ ആവർത്തിച്ചു കൊണ്ടേയിരുന്നു.
മനസ്സൊന്നു തണുത്തപ്പോൾ അവൾ തന്റെ മൊബൈൽ ഫോൺ കയ്യിലെടുത്തു. സോഷ്യൽ മീഡിയയിൽ കണ്ട ആ വീഡിയോ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. സ്വന്തം പിതാവിന്റെ അന്ത്യകർ മങ്ങൾ അമേരിക്കയിലുള്ള മകളും കുടുംബവും വീഡിയോ കാളിലൂടെ കാണുന്ന രംഗം. കർമങ്ങൾ നടത്തുന്നതിനു നേതൃത്വം വഹിക്കുന്നത് വൃദ്ധസദനത്തിലെ തികച്ചും അന്യരായ ആളുകളാണ്. കർമങ്ങൾ നീണ്ടുപോകുന്തോറും അവൾ അക്ഷമയാകുകയും തീരാനായില്ലേയെന്ന് അമർഷത്തോടെ ചോദിക്കുകയും ചെയ്യുന്നുണ്ട്!
റബ്ബേ, ആർക്കും ഈ ഗതി വരുത്തല്ലേ. പണവും സൗകര്യങ്ങളും കൊടുത്താൽ മാതാപിതാക്ക ളോടുള്ള കടമ തീർന്നെന്ന് കരുതുന്ന ന്യൂജെൻ! ബന്ധങ്ങളും മൂല്യങ്ങളും നഷ്ടപ്പെട്ടു പോകുകയാണ്. കാമുകനുവേണ്ടി മക്കളെപ്പോലും കൊല്ലുന്ന മാതൃത്വത്തിന്റെ കാലമാണല്ലോ! റബ്ബേ, എന്നെയും മക്കളെയും വരും തലമുറകളെയും നന്മയിൽ നിലനിറുത്തണേ... അവർ മനസ്സുരുകി പ്രാർഥിച്ചു.
അവൾ വാട്സാപ്പ് തുറന്നു. ‘ഫാമിലി കോർണർ’ എന്ന ഗ്രൂപ്പ് ആദ്യമേ പിൻചെയ്തുവച്ചിട്ടുണ്ട്. ജീവിതത്തിന് പൊലിമ കൂട്ടാൻ കടൽതാണ്ടിപ്പോയ മൂന്നു മക്കളുണ്ട്. ആ മക്കൾക്കു പറന്നുയരാൻ സ്വയം തടവിലായ മാതാവ്! അവരായിരുന്നു ‘ഫാമിലി കോർണറിലെ അംഗങ്ങൾ. കാണാൻ പൂതി പറയുേമ്പാ ഴൊക്കെയും ജോലിയും തിരക്കുമായിരുന്നു മറുപടികൾ.
അവൾ ആ ഗ്രൂപ്പിൽ തന്റെ മൂന്നു മക്കൾക്കുമായി ഒരു മെസ്സേജ് അയച്ചു:
“അസ്സലാമു അലയ്ക്കും.
ഉമ്മാന്റെ പൊന്നുമക്കൾക്ക്, മക്കളേ... നിങ്ങൾക്കു ഞാൻ ഒരു മാസത്തെ വേതനം തരാം. ഉമ്മാന്റെ കുഞ്ഞുങ്ങളായി ഉമ്മാന്റിഷ്ടങ്ങൾക്ക് ഒരു മാസമെങ്കിലും ഒന്നു കൂടെക്കഴിയാമോ? കൊച്ചുനാളിൽ നിങ്ങളെ എന്നെയേൽപിച്ച് നിങ്ങളുടെ വാപ്പ റബ്ബിലേക്ക് യാത്രയായപ്പോൾ ഒരാപത്തും പറ്റാതിരിക്കാൻ നിങ്ങളെ ചിറകിനുള്ളിൽ ഒതുക്കിവച്ചു. അപ്പോഴൊക്കെയും നിങ്ങൾ പറന്നുയരുന്നതോടൊപ്പം പറന്നുയരുമെന്നു കൊതിച്ച ഒരുപിടി മേഹങ്ങളുണ്ടായിരുന്നു ഈ ഉമ്മാക്ക്. പക്ഷേ, നിങ്ങൾ മാത്രം പറന്നുയർന്നു. മോഹങ്ങൾ ഇവിടെ ഈ ചിറകിനടിയിൽ... മക്കളേ, ഇനി നമുക്കാകുമോ കൂടെയിരിക്കാൻ?’’
ബാക്കി എഴുതാൻ അവൾക്ക് കഴിയുമായിരുന്നില്ല. ആ മാതൃഹൃദയം വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു. പിറ്റേന്ന് മക്കൾ ഈ മെസേജ് വായിച്ചു; ആ ഉമ്മാന്റെ മരണവാർത്ത കേട്ടതിനു ശേഷം.
‘ജനങ്ങളിൽ ഞാനേറ്റവും നന്നായി പെരുമാറേണ്ടത് ആരോട് എന്ന ചോദ്യത്തിന് നബിﷺ മൂന്നു തവണയും മറുപടി കൊടുത്തത് നിന്റെ മാതാവിനോട് എന്നായിരുന്നു’ - തൊട്ടടുത്ത മദ്റസയിൽ ഉസ്താദ് കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്നത് ഉമ്മയില്ലാത്ത ആ ശൂന്യമായ വീട്ടിലേക്ക് ഇളംകാറ്റിന്റെ അകമ്പടിയോടെ അരിച്ചെത്തി.

