തിരുത്തിയ വരികൾ
ശാക്കിറ ടി. കെ, കൊല്ലം
2026 മെയ് 09, 1447 ദുൽഖഅദ് 21

ജനാലയ്ക്കൽ, പുറത്ത് പെയ്യുന്ന മഴയിലേക്ക് ഇടയ്ക്കിടെ നോക്കി ഇരിക്കുമ്പോഴാണ് അയാളെഴുതുന്ന ലേഖനത്തിന് ചൂടുപിടിച്ചത്. കടലാസിൽ വരികൾ വെട്ടിത്തിരുത്തി അയാൾ എഴുതിക്കൊണ്ടിരുന്നു:
‘ശിരോവസ്ത്രങ്ങൾ പ്രാകൃത യുഗത്തിന്റെ അവശേഷിപ്പുകളാണ്. സ്വയം പൊതിഞ്ഞുകെട്ടിവെക്കുന്നതിലൂടെ പെണ്ണ് സ്വന്തം സ്വാതന്ത്ര്യത്തെയാണ് കുഴിച്ചുമൂടുന്നത്...’
ആധുനികതയെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും വരികൾ അലയടിക്കുമ്പോഴാണ് ചെറിയ മകൾ മുറിയിലേക്ക് ഓടിക്കയറി വന്നത്. അവളുടെ മുഖത്ത് വലിയൊരു സങ്കടമുണ്ടായിരുന്നു.
‘ഇങ്ങോട്ട് വേഗം വന്നേ..നമ്മുടെ തോട്ടത്തിലെ ആ വലിയ പേരയ്ക്കകൾ കണ്ടോ? നന്നായി പഴുത്ത് നിൽക്കുകയായിരുന്നു. പക്ഷേ, എപ്പോഴോ വന്ന പക്ഷികൾ അതൊക്കെ കൊത്തിപ്പറിച്ച് നശിപ്പിച്ചു.’
അയാൾ തൂലിക താഴെ വെച്ചു. അവൾ അയാളുടെ വിരലുകളിൽ പിടിച്ച് തോട്ടത്തിലേക്ക് കൂട്ടി. മഴ ശമിച്ചിരിക്കുന്നു. അവിടെ ചെന്നു നോക്കിയപ്പോൾ മകൾ പറഞ്ഞത് ശരിയാണ്. മഞ്ഞ നിറത്തിൽ തുടുത്തുനിൽക്കുന്ന പേരയ്ക്കകളിൽ പക്ഷികൾ ആഴത്തിൽ മുറിവേൽപിച്ചിരിക്കുന്നു. പാതി ഭക്ഷിച്ചും ബാക്കി ചീഞ്ഞും അവ താഴെ വീഴാൻ പാകത്തിൽ നിൽക്കുന്നു.
‘ദേ.. നോക്ക്, ബാക്കിയുള്ളവ കൂടി അവ കൊത്തി നശിപ്പിക്കും. നമുക്ക് അവയെ പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞുവെച്ചുകൂടേ? എല്ലാവരും അങ്ങനെയാ ചെയ്യാറ്...’ അവൾ നിഷ്‌കളങ്കമായി ചോദിച്ചു.
അവളുടെ വാക്കുകൾ കേട്ട് അയാൾ ഒരു നിമിഷം നിന്നുപോയി. അൽപം മുമ്പ് കടലാസിൽ കുറിച്ച വരികൾ ഉള്ളിൽ നിന്നെത്തിനോക്കി അയാളെ പരിഹസിച്ചു. സംരക്ഷണം എന്നത് അടിമത്തമാണോ അതോ കരുതലാണോ?
അയാൾ വീട്ടിനകത്തേക്കു ചെന്ന് കുറച്ച് പഴയ കവറുകളെടുത്ത് തോട്ടത്തിലേക്ക് തിരികെ വന്നു. കൈയെത്താവുന്ന ഉയരമെ പേരക്ക മരത്തിനുള്ളൂ. മകളുടെ സഹായത്തോടെ ബാക്കിയുള്ള പേരയ്ക്കകൾ ഓരോന്നായി അയാൾ മൂടിക്കെട്ടി.
പുറത്തെ കണ്ണുകളിൽ നിന്നും പക്ഷികളുടെ കൊക്കുകളിൽനിന്നും അവ സുരക്ഷിതമായി.
‘ഇനി ഇതിനെ ആരും തൊടില്ലല്ലോ അല്ലേ?’ അവൾ സന്തോഷത്തോടെ ചോദിച്ചു.
‘ഇല്ല മോളേ...ഇതിപ്പോൾ സുരക്ഷിതമാണ്’ അയാൾ പതിയെ പറഞ്ഞു.
തിരികെ മുറിയിലെത്തിയപ്പോൾ മേശപ്പുറത്തിരുന്ന തന്റെ ലേഖനം തന്നെ നോക്കി പരിഹസിച്ച് ചിരിക്കുന്നതായി അയാൾക്ക് തോന്നി. തട്ടമിട്ട പെണ്ണിനെ ‘പ്രാകൃത യുഗത്തിന്റെ പിൻഗാമി’ എന്ന് വിശേഷിപ്പിച്ച അതേ തൂലികയെടുത്ത് അയാൾ താനെഴുതിയ വരികൾ തലങ്ങും വിലങ്ങും വെട്ടി.
പകരം പുതിയൊരു കടലാസെടുത്ത് തിരിച്ചറിവിന്റെ പുതിയ പാഠങ്ങൾ എഴുതിച്ചേർത്തു:
‘മൂടിവെക്കൽ അടിമത്തമല്ല, പ്രാകൃതമായ നടപടിയല്ല, അത് വിലപ്പെട്ടതിനെ കാത്തുസൂക്ഷിക്കാനുള്ള കരുതലാണ്.’

