തെറ്റുകൾക്ക് ദുർഗന്ധമുണ്ടായിരുന്നെങ്കിൽ...!

നസീമ വാടാനപ്പള്ളി

2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

പതിവുപോലെ അവൾ അന്നും ഉറങ്ങാൻ കിടന്നതായിരുന്നു. പക്ഷേ, ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സമയത്ത് അവൾ ഉറക്കം എത്തിനോക്കാത്തതി‌െൻറ കാരണം ചികയുകയായിരുന്നു. മനസ്സിൽ എന്തോ ഉടക്കി നിൽക്കുന്നുണ്ട്, അതെന്താണെന്ന് വ്യക്തമാകുന്നില്ല.

അന്നത്തെ പകൽ സമയത്തെ ഓരോ കാര്യങ്ങൾ ഓർത്തെടുക്കവെ രാവിലെ ത‌െൻറ സുഹൃത്തുമായി നടത്തിയ ചാറ്റിംഗിൽ തടഞ്ഞുനിന്നു. അതെ, അതാണെ‌െൻറ ഉറക്കം കെടുത്തും വിധം ഉപബോധമനസ്സിൽ കുടിയിരിക്കുന്നത്.

റബ്ബേ... പാപിയാണെങ്കിലും എന്നെ കൈവിടരുതേ. രഹസ്യ വിചാരണയിൽ എനിക്കു നീ തണലേകണമേ...

തേങ്ങലുകൾ ത‌െൻറ നല്ല പാതിയുടെ ഉറക്കത്തിന് ഭംഗം വരുത്താതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു. അവൾ പതിയെ എഴുന്നേറ്റു. വുദൂഅ് ചെയ്തു.

വുദൂഅ് ചെയ്യുമ്പോൾ ഒലിച്ചിറങ്ങുന്ന വെള്ളത്തിനൊപ്പം ആ അവയവങ്ങൾ ചെയ്ത ചെറുപാപങ്ങളും നീങ്ങിപ്പോകുമെന്ന പ്രവാചകവചനം അവളുടെ മനസ്സിന് തെല്ലൊന്നുമല്ല സമാധാനം നൽകിയത്. അംഗസ്‌നാനത്തിനു ശേഷം പശ്ചാത്താപം സ്വീകരിക്കാനും വിശുദ്ധി പാലിക്കുന്നവരിൽ ഉൾപെടുത്താനുമുള്ള പ്രാർഥന നിർവഹിച്ചപ്പോൾ വല്ലാത്തൊരു ആശ്വാസം.

‘അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ടത്രെ ഹൃദയങ്ങൾ ശാന്തമാകുന്നത്’ എന്ന നാഥ‌െൻറ വചനം മനുഷ്യർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ!

അവൾ വീണ്ടും ത‌െൻറ ചിന്തകൾ തടഞ്ഞുനിന്ന ആ ചാറ്റിംഗിലേക്ക് മടങ്ങിയെത്തി. പകൽ എപ്പോഴോ ഒഴിവ് കിട്ടിയപ്പോൾ ത‌െൻറ ആദർശ ബന്ധുക്കളിൽ ഒരാൾക്ക് വാട്‌സാപ്പ് സന്ദേശത്തിന് മറുപടി കൊടുത്തതാണ്. ഓൺലൈനിൽ കിട്ടിയപ്പോൾ ഇത്തിരി നർമബോധത്തോടെ അവളോടൊപ്പം കൂടി. അങ്ങേപ്പുറത്ത് ത‌െൻറ ചങ്ങാതിയാണെന്ന തിരിച്ചറിവിൽ വെറുതെ ചോദിച്ചു:

‘അല്ല ചങ്ങാതീ... നേരമുണ്ടോ ഒരു കുഞ്ഞു കഥ വായിക്കാൻ, അയച്ചുതന്നോട്ടെ?’

ചെറിയ ഒരു നീരസത്തോടെ മറുപടി പെട്ടെന്നുതന്നെ വന്നു: ‘നിങ്ങളുടെ സാങ്കൽപിക കഥകൾ വായിക്കുന്നതിനെക്കാൾ എനിക്കിഷ്ടം തഫ്‌സീറും ചരിത്രഗ്രന്ഥങ്ങളും വായിക്കലാണ്.’

അത് കേട്ടപ്പോൾ എന്തോ നെഞ്ചകത്തിൽ ഒരു മിന്നൽ. ജീവിതത്തിൽ പലപ്പോഴും കള്ളം പറഞ്ഞു പോയിട്ടുണ്ടെങ്കിലും എഴുത്തിൽ നേരുണ്ടെന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും എന്തോ, വാക്കുകൾ വന്നില്ല. ചിന്തകൾ വല്ലാതെ ചൂടുപിടിക്കുമ്പോൾ അവൾ ത‌െൻറ തൂലികയിൽ അതു പകർത്തി തണുപ്പിക്കാറുണ്ടായിരുന്നു. അതിൽ ചിലത് ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. ഒരവസരത്തിൽ ചർച്ചക്കിടെ ത‌െൻറ ഒരു സഹപ്രവർത്തകൻ ഗുണകാംക്ഷയോടെ പറഞ്ഞ ഓർമപ്പെടുത്തലും ഇതിനെക്കാൾ വലിയ തീപ്പൊരി സൃഷ്ടിച്ചതും ഇന്നും കെടാതെ നീറിക്കൊണ്ടിരിക്കുന്നതും അവൾ ഓർത്തു.

‘വാക്കുകളിൽ ഏറ്റവും മികച്ചത് അല്ലാഹുവി‌െൻറതാണ്.’ ചിന്തകളെ തൂലിക പണിതൊരുക്കുമ്പോൾ ഒരു താക്കീതായി ആ ഉപദേശം ഇന്നും ഉപകാരപ്പെടാറുണ്ട്. അതെന്നും ഉണ്ടായിരിക്കട്ടെ.

പ്രാർഥന നിറഞ്ഞ മനസ്സോടെ തന്നെ അവൾ വീണ്ടും രാവിലത്തെ ചാറ്റിംഗിലേക്ക് തിരിച്ചു പോയി. ‘സാങ്കൽപിക’ത്തിന് മറുപടി കൊടുക്കണമല്ലോ. അവൾ പറഞ്ഞു: ‘സാങ്കൽപിക കഥ നന്മക്ക് വഴിയൊരുക്കുമെങ്കിൽ അതിൽ തെറ്റെന്താണ്? ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തികളെക്കുറിച്ച് ഇല്ലാത്തതു പറയുംപോലെയല്ലല്ലോ നന്മയിലേക്ക് ക്ഷണിക്കാൻ കഥയോ കവിതയോ എഴുതുന്നത്. നബിﷺക്കെതിരിൽ കവിത പാടിയവർക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത ഹസ്സാനുബ്‌നു സാബിതിനെ അവിടുന്ന് പ്രശംസിച്ചത് നീ ഓർക്കുന്നില്ലേ? ഇസ്‌ലാമിനെ ശത്രുവായി കാണുന്നവർ എല്ലാ അർഥത്തിലും സകല മാധ്യമങ്ങളെയും ഉപയോഗിക്കുമ്പോൾ വിശ്വാസികളെന്ന നിലയ്ക്ക് സത്യം ബോധ്യപ്പെടുത്താൻ ഹറാമല്ലാത്ത വഴികളിലൂടെ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തേണ്ടതല്ലേ? എഴുത്തിൽ ഞാൻ കള്ളം എഴുതിപ്പിടിപ്പിക്കാറുമില്ല.’ ഇത് സെൻഡ് ചെയ്ത് അവൾ വീണ്ടും ടൈപ്പ് ചെയ്തു കൊണ്ടേയിരിക്കവെ അപ്പുറത്ത് നിന്ന് മറുപടി വന്നു:

‘മതി, മതി ട്ടോ, ഞാനെ‌െൻറ പ്രസ്താവന പിൻവലിച്ചിരുക്കുന്നു. ഞാൻ പകുതി കാര്യമായും പകുതി തമാശയും പറഞ്ഞതാണെടോ. കാര്യമാക്കേണ്ടതില്ല. പിന്നെ, ഞാൻ അവസാനം വായിച്ചുവെച്ച പേജിലെ ഒരു വാചകം നിനക്കൊന്ന് അയച്ചുതരട്ടെ?’

‘അതിനെന്താ ആയിക്കോട്ടെ.’

‘പാപങ്ങൾക്കെല്ലാം ഒരു ഗന്ധം റബ്ബ് ഏർപ്പെടുത്തിയിരുന്നെങ്കിൽ എന്നരികിൽ ആരും ഇരിക്കുമായിരുന്നില്ല.’

‘ഇത്...?’

‘പ്രഗത്ഭ താബിഈ പണ്ഡിതനായ മുഹമ്മദ് ഇബ്‌നു വാസിഅ് (റഹി)യുടെ വാക്കുകളാണ്, ഞാൻ ഇപ്പൊ വായിച്ചു വെച്ചതാണ്.’

‘ചിന്തനീയം, റബ്ബ് കാക്കട്ടെ.’

‘ഇനി ബാക്കി നീ ചിന്തിക്ക് ട്ടൊ. ഞാൻ പോട്ടെ. എനിക്കു പണികളുണ്ട്.’

‘എ‌െൻറ വാക്ക് നിന്നെ പ്രയാസപ്പെടുത്തിയെങ്കിൽ ക്ഷമിക്കണ’മെന്ന അപേക്ഷയോടെ സലാം ചൊല്ലി ആ ചങ്ങാതി ഓൺലൈനിൽനിന്നും പോയി.

അവൾ പിന്നെ ‘പാപങ്ങൾക്ക് ദുർഗന്ധമുണ്ടാകുമായിരുന്നെങ്കിൽ’ എന്ന വാക്കിനെക്കുറിച്ചുള്ള ചിന്തയിലായിപ്പോയി. സ്വന്തത്തിലേക്ക് ഒതുങ്ങിക്കൂടിയപ്പോഴാണ് ഉറക്കം നഷ്ടപ്പെട്ടതെന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ മുസ്വല്ല വിരിച്ചു നമസ്‌കരിക്കാൻ നിന്നു. തക്ബീർ ചൊല്ലുമ്പോൾ ചുണ്ടുകൾ വിറച്ചിരുന്നു. ശബ്ദം ഇടറിയിരുന്നു.

അല്ലാഹുവേ, നീയെ‌െൻറ രക്ഷിതാവും ഞാൻ നി‌െൻറ ദാസിയുമാണെന്നതിൽ ഞാനേറെ അഭിമാനിക്കുന്നു. സമാധാനിക്കുന്നു.

നമസ്‌കാരം കഴിഞ്ഞതും അവൾ ഇരു കരങ്ങളും അല്ലാഹുവിലേക്ക് നീട്ടി: ‘റബ്ബേ, നി‌െൻറയും നിന്നെ സ്‌നേഹിക്കുന്നവരുടെയും ഇഷ്ടവും നി‌െൻറ സ്‌നേഹത്തിലേക്ക് അടുപ്പിക്കുന്ന കർമങ്ങളോടുള്ള സ്‌നേഹവും നിന്നോട് ഞാൻ ചോദിക്കുന്നു.’

ചെയ്തുകൂട്ടുന്ന തിന്മകൾക്കെല്ലാം മനുഷ്യരിൽനിന്ന് ദുർഗന്ധം പുറപ്പെടുമായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ! അല്ലാഹുവേ, നിന്നെക്കാൾ ഞങ്ങളെ സ്‌നേഹിക്കുന്ന മറ്റാരുണ്ട്. ക്ഷമിക്കുകയും പൊറുക്കുകയും മാത്രമല്ല നീ ചെയ്യുന്നത്; തിരുത്താനും നന്മകൾ വർധിപ്പിക്കാനുമുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു.

ഔദാര്യങ്ങൾക്കു മേൽ ഔദാര്യം ചൊരിയുന്ന, ചെറിയ നന്മകൾക്ക് പോലും വലിയ പ്രതിഫലങ്ങൾ നൽകുന്ന കരുണാമയനേ, എ‌െൻറ എല്ലാ തെറ്റുകളും ഞാനംഗീകരിക്കുന്നു. എല്ലാം പൊറുത്തു മാപ്പാക്കിത്തരണേ...നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവനില്ലല്ലോ. നി‌െൻറ കാരുണ്യത്തിൽ മാത്രമാണ് ഈയുള്ളവളുടെ പ്രതീക്ഷകൾ മുഴുവനും. കൈവെടിയരുതേ...

മൊബൈലിൽ തഹജ്ജുദിനായി സെറ്റ് ചെയ്ത അലാറം മുഴങ്ങിയപ്പോൾ ഹംദും സ്വലാത്തും ചൊല്ലി അവൾ ഉയർത്തിയ കൈകൾ പതിയെ താഴ്ത്തി.