കനംതൂങ്ങുന്ന ഓർമകൾ

വി.ടി. അബ്ദുൽ സലാം

2026 ജൂൺ 27, 1448 മുഹർറം 12

അവർ രണ്ടുപേരും അയാൾക്ക് മുന്നിലെ സീറ്റിൽ തന്നെയുണ്ട്. സംസാരം ഇനിയും കഴിഞ്ഞിട്ടില്ല ഇന്നലെ രാത്രി എത്ര നേരമാ സംസാരിച്ചിരുന്നത്! അർധരാത്രി കഴിഞ്ഞ് അയാൾ ഒന്നുണർന്നു നോക്കുമ്പോഴും സംസാരം തന്നെയായിരുന്നു.

“നീം ഒർങ്ങീട്ടില്ലേ? നാളെ നേരത്തെ എണീറ്റു പോകാനുള്ളതല്ലേ മക്കളേ? വേം ഒർങ്ങിക്കോ...”

‘ഞങ്ങള് ഒർങ്ങിക്കോളാ പ്പച്ച്യേ’ന്നും പറഞ്ഞ് അവർ റൂമിലെ ലൈറ്റണച്ചു. ഇനിയെങ്കിലും അവരുറങ്ങിക്കോളും എന്ന് നിനച്ച് അയാൾ കിടന്നു.

അതിരാവിലെയുള്ള യാത്ര രസകരമായിത്തോന്നി. ബസ് അവിടെ എത്താൻ ഇനിയും മണിക്കൂർ ആവും എന്നാ തോന്നുന്നത്. അയാൾ സംശയിച്ചു

ഇലപ്പടർപ്പുകളിൽ പുലരി വിതറിയ മഞ്ഞവെയിൽ പടർന്നുകയറുന്നതും നോക്കി നിൽക്കവെ പുറത്ത് കാഴ്ചകൾ കാലം പോലെ പാഞ്ഞുകൊണ്ടിരുന്നു.

മഞ്ചേരി കഴിഞ്ഞിട്ട് അധികമായിട്ടില്ലെന്നു തോന്നുന്നു. ഇടക്ക് റോഡു വശത്ത് ‘ആളില്ലാക്കട’ എന്ന ഒരു ബോർഡ് കണ്ടപ്പോഴാണ് പണ്ട് കേട്ട ആ കൗതുക വാർത്ത ഓർത്തത്. ഇത് അതുതന്നെയാണ്!

‘കപ്പ കച്ചവടം’- ആളില്ലാ കടയിൽ കപ്പ കിട്ടും.

ആവശ്യക്കാർ വന്ന് വേണ്ടത് എടുത്ത് തൂക്കി പണം പെട്ടിയിലിട്ട് പോയാൽ മതി. കാലം മാറിയല്ലോ. ഇന്ന് പിന്നെ ‘ചില്ലറ’ വിനിമയത്തിന്റെ പ്രശ്‌നവുമുണ്ടാകില്ല. ഗൂഗിൾ പേ ചെയ്താൽ മതിയല്ലോ. വിശ്വാസമാണ് എല്ലാം.

പിന്നെ പരസ്പര വിശ്വാസം പകരുന്ന ആശ്വാസത്തെ പറ്റിയായിരുന്നു ചിന്തകൾ. ഭാര്യക്ക് ഭർത്താവിനെ, ഭർത്താവിന് ഭാര്യയെ, മാതാപിതാക്കൾക്ക് മക്കളെ, അങ്ങനെ ഏതു ബന്ധങ്ങളെയും താങ്ങി നിർത്തുന്ന പരസ്പര വിശാസം നഷ്ടപ്പെടുന്നതോടെ മനുഷ്യൻ തനിക്കു ചുറ്റുമുള്ള കുറെ ‘ബാധ്യതയായി മാറിയ ബന്ധങ്ങളുടെ’ ബന്ധനത്തിലായിത്തീരുന്നു. ചിലപ്പോൾ അങ്ങനെയാണ്, ചിന്തകൾ കാടു കയറും.

ഒരു വലിയ വളവു തിരിഞ്ഞ് കയറ്റം തീരുമ്പോൾ കിഴക്ക് സൂര്യൻ പ്രതാപിയായി ഉയരുന്നത് കണ്ടു. കുറ്റിപ്പാലം ബസ് സ്റ്റോപ്പിൽ വണ്ടി നിറുത്തിയപ്പോഴാണ് സമയം നോക്കിയത്. ഇനി അഞ്ച് കിലോമീറ്റർ കൂടി വേണമെന്ന് തോന്നുന്നു തിരൂരെത്താൻ. എട്ടുമണിക്കു മുന്നേ പരീക്ഷ സെന്ററിൽ എത്തണം. സിയുടി എൻട്രൻസ് ടെസ്റ്റാണ്.

അവർ അപ്പോഴും സംസാരത്തിൽ തന്നെയാണ്. സമപ്രായക്കാരാണല്ലോ; മകളും പെങ്ങളുടെ മകളും ഒരേ പ്രായക്കാർ. കൗമാരത്തിലെത്തിയ സമപ്രായക്കാരുടെ ചിന്തകളും ശീലങ്ങളുമൊക്കെ അപ്പോഴാണ് ഓർത്തത്.

ബസ്സ് തിരൂർ സ്റ്റാന്റിലെത്തി. ഇനി മറ്റൊരു ബസ്സിൽ കൂടി കയറി വേണം പരീക്ഷ നടക്കുന്ന സെന്ററിലെത്താൻ.

....... ....... ....... ....... ....... .......

തിരികെ മടങ്ങവെ അയാൾ ഒറ്റക്കായിരുന്നു. പരീക്ഷ കഴിഞ്ഞ് അവർ പിറകെ വന്നോളും; അതിനായി ശട്ടംകെട്ടിയ ശേഷമാണ് യാത്രതിരിച്ചത്. കാത്തു നിൽക്കാൻ സമയമില്ല; സ്‌കൂളിൽ നേരത്തെ എത്തണം. പിറ്റേന്ന് റീ ഓപണിംഗ് ഡേ ആണല്ലോ.

ഓർമകൾക്ക് കനം കൂടുന്നതായി തോന്നി കുഞ്ഞുന്നാളിലെ മഴക്കാലം... അതു മുഴുവനും കണ്ടും കൊണ്ടും കടന്നുപോയ സ്‌കൂൾ കാലം... ബുക്കും ബാഗും കുടയും പെന്നും പെൻസിലും മായാതെ നിൽക്കുന്നു. ഓർമകളോടുള്ള ഈ അടുപ്പമായിരിക്കാം പലപ്പോഴും തനിക്ക് പ്രായമായെന്ന കാര്യം വിശ്വസിക്കാനാവാതെ പോകുന്നത്. പക്ഷേ, ആ വിശ്വാസത്തിന് അധികനേരമുണ്ടാവാറില്ല!

‘പ്പച്ച്യേ...നോക്കിം...പിന്നെയ്...’ എന്നും പറഞ്ഞ് പല കാര്യങ്ങൾ പലപ്പോഴായി വന്ന് പറയാൻ വെമ്പി നിൽക്കുന്ന അവളുടെ സാന്നിധ്യം പകരുന്ന സന്തോഷത്തിന്റെ പിറകെ ഒരാന്തലാണ്!

പടച്ചവനേ! ഇവൾ എത്ര വേഗമാണ് വളർന്നു വലുതായത്...! തന്റെ ഈ ഓട്ടത്തിനിടയിൽ ഞാൻ തളർന്നുപോകാതിരുന്നാൽ മതിയായിരുന്നു.

പലപ്പോഴും ബസ്സിലെ സൈഡ് സീറ്റിൽ ചാരിയിരിക്കുമ്പോൾ വേഗം ഉറക്കം വരാറുണ്ട്. കുറച്ചു മുന്നേ മഴ പെയ്ത് തോർന്ന വഴിയോരങ്ങളിലാകെ ഈറൻ തോർത്തി വെയിൽ കിടക്കുന്നതു കാണാം.

ഫോൺ ബെല്ലടിച്ചപ്പോഴാണ് വീണ്ടും ചിന്ത വിട്ടത്. ഇനിയും ഈ യാത്ര എത്ര വളവും തിരിവും കഴിഞ്ഞെത്തണം. കിനാവുകളെത്ര കൊളുത്തണം. ആയുസ്സിന്റെ കരം പിടിച്ച് അനിശ്ചിതങ്ങളിലൂടെ ജീവിതമെന്ന ഈ യാത്ര രസമാണ്; ഒന്നും വിരസമാവാതിരിക്കുവോളം.

“ഏയ്...നിങ്ങളുടെ സ്റ്റോപ്പെത്തി, വേഗം ഇറങ്ങ്.”

പിന്നെ എല്ലാം പെട്ടെന്നായിരുന്നു...