നോമ്പും പട്ടിണിയും

സലാം തിരുമല

2026 ഏപ്രിൽ 25, 1447 ദുൽഖഅദ് 07

ഇടയത്താഴം കഴിച്ച് എണീറ്റപ്പോൾ പാത്രത്തിൽ കുറച്ച് ആഹാരം ബാക്കി വെച്ചിരിക്കുന്നത് കണ്ട് ഭാര്യ ചോദിച്ചു:

‘ഇതെന്താ ബാക്കി വെച്ചത്?

അത്രയും കൂടി കഴിച്ചുകൂടായിരുന്നോ? വൈകുന്നേരം വരെ പട്ടിണി കിടക്കാനുള്ളതല്ലേ?’

‘നേരം വെളുത്തിട്ട് ഇതെടുത്ത് ആ പൂച്ചകൾക്ക് കൊടുക്കണം’-അയാൾ പറഞ്ഞു.

‘അതെന്താ? നമുക്ക് നോമ്പല്ലേ? അവറ്റകളും കിടക്കട്ടെ അൽപം പട്ടിണി’- ഭാര്യയുടെ മറുപടിയിൽ അൽപം പരിഹാസം കലർന്നിരുന്നു.

“എടീ, ഇതിനെ പട്ടിണി എന്ന് വിളിക്കരുത്’- അയാൾ അവളെ തിരുത്തി.

“ചിലർ നോമ്പിനെ ‘പട്ടിണി’ എന്നും ‘ഉപവാസം’ എന്നുമൊക്കെ വിശേപ്പിക്കാറുണ്ട്. എന്നാൽ ഇവ മൂന്നും മൂന്ന് അർഥമുള്ള വാക്കുകളാണ്. കൈയിൽ ആഹാരമുണ്ടായിട്ടും ദൈവപ്രീതിക്കായി അത് വേണ്ടെന്ന് വെക്കുന്നതാണ് ‘നോമ്പ്.’ എന്നാൽ കഴിക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്ഥയാണ് ‘പട്ടിണി.’ പ്രതിഷേധസൂചകമായി ആഹാരത്തെ പൂർണമായും നിരാക രിച്ചുകൊണ്ട് ശരീരത്തെ പീഡിപ്പിക്കുന്നതാണ് ‘ഉപവാസം.’ അത് പലപ്പോഴും അധികാരികളിൽനിന്ന് എന്തെങ്കിലും നേടിയെടുക്കാൻ സ്വീകരിക്കുന്ന സമരരീതിയാണ്. പട്ടിണിക്കും ഉപവാസത്തിനുമുള്ള അർഥമല്ല നോമ്പിന്. നോമ്പിലൂടെ നമ്മൾ നേടുന്ന അച്ചടക്കം ജീവിതത്തിൽ പകർത്തിക്കാണിക്കണം. ഞാനെന്തിനാണ് എന്റെ പാത്രത്തിൽ ഭക്ഷണം ബാക്കിവെച്ചതെന്ന് ഇപ്പോൾ നിനക്ക് മനസ്സിലായിക്കാ ണുമല്ലോ; ഇത്രയും പറയാൻ വേണ്ടിയാണ്.’’

ഭാര്യ ഒന്ന് പതറി. അയാൾ തുടർന്നു: “ഉദാഹരണം പറയാതെ കാര്യങ്ങൾ നിന്റെ തലയിൽ കയറാറില്ലല്ലോ. എനിക്ക് നിന്നോട് മറ്റൊരു കാര്യം കൂടി പറയാനുണ്ട്. ഇന്നലെ ദാനം ചോദിച്ച് വന്ന അമു‌സ്‌ലിമായ സ്ത്രീ കുടിക്കാൻ ഒരു ഗ്ലാസ്സ് വെള്ളം ചോദിച്ചപ്പോൾ ഞങ്ങൾക്ക് നോമ്പായതിനാൽ തരാൻ പറ്റില്ല എന്നു നീ പറഞ്ഞല്ലോ. ഞാനാണ് അവർക്ക് വെള്ളം കൊടുത്തത്. നമുക്ക് നോമ്പായതുകൊണ്ട് മറ്റുള്ള വർക്ക് വെള്ളം കൊടുക്കാൻ പാടില്ലെന്നുണ്ടോ? നോമ്പുകാരല്ലാത്തവർക്ക് ആഹാരമോ വെള്ളമോ നൽകുന്നത് വിലക്കണമെന്ന് ക്വുർആനിലോ ഹദീസിലോ വന്നിട്ടുണ്ടോ?’’

അതോടെ ഭാര്യയുടെ മനോഭാവം മാറി. അവർ ചിന്താകുലയായി ചോദിച്ചു: “അങ്ങനെയെങ്കിൽ നോമ്പുകാലത്ത് മുസ്‌ലിംകൾ നടത്തുന്ന ഹോട്ടലുകൾ വൈകുന്നേരംവരെ തുറക്കാതിരിക്കുന്നതും ചില ത് റമദാൻ മാസം മുഴുവൻ അടച്ചിടുന്നതും ശരിയാണോ?’’

“വിവിധ മതക്കാർ ജീവിക്കുന്ന നാട്ടിൽ അങ്ങനെ ചെയ്യുവാൻ നാം കൽപിക്കപ്പെട്ടിട്ടില്ല. ആരെങ്കിലും ആരാധനകളിൽ മുഴുകാൻ വേണ്ടിയോ മറ്റോ അങ്ങനെ ചെയ്യുന്നുവെങ്കിൽ അവരെ ആക്ഷേപിക്കേണ്ട തുമില്ല.’’

“ശരി, എന്നാൽ പിന്നെ നമുക്ക് ഇപ്പോൾ തന്നെ ഈ ആഹാരം പൂച്ചയ്ക്ക് ഇട്ടുകൊടുക്കാം’’-ഭാര്യ.

“നീ ഈ വെളുപ്പാൻ കാലത്ത് റിസ്‌കെടുക്കേണ്ട. നേരം വെളുത്തിട്ട് കൊടുത്താൽ മതി.’’

ചിരിച്ചുകൊണ്ട് ഭാര്യ അതിനോട് യോജിച്ചു. ആ ചെറിയ തർക്കം അങ്ങനെ വലിയൊരു തിരിച്ചറിവിലാണ് അവസാനിച്ചത്.