എന്തിനു സ്വാതന്ത്ര്യം?
നസീമ വാടാനപ്പള്ളി
2026 ആഗസ്റ്റ് 22, 1448 റബീഉൽ അവ്വൽ 09

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരത്തിന്റെ പേരിലുള്ള ബഹളങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കവെ ‘സ്വാതന്ത്ര്യം’ എന്ന വിഷയത്തെക്കുറിച്ച് ഒരു കുറിപ്പെഴുതാൻ അവൾ തന്റെ തൂലിക കയ്യിലേന്തി. അന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ധീരയോദ്ധാക്കൾ മുന്നിട്ടിറങ്ങിയപ്പോൾ പിന്നണിയിൽ ഒരേ മനസ്സോടെ ഇന്ത്യക്കാർ അണിനിരന്നു; ചില ഒറ്റുകാരൊഴിച്ച്. അങ്ങനെ ഇന്ത്യ സ്വതന്ത്രയായി.
ഇന്നത്തെ അവസ്ഥയെന്താണ്? ഭരിക്കുന്നവർ വിദേശികളല്ല. എന്നാൽ ജനങ്ങളുടെ ന്യായമായ ചില സ്വാതന്ത്ര്യങ്ങൾക്കു പോലും അവർ വിലക്കേർപ്പെടുത്തുന്നു.
ഇന്ന് ഓരോരുത്തർക്കും ആവശ്യം ഓരോതരം സ്വാതന്ത്ര്യമാണ്. വർഗീയതക്ക് രാഷ്ട്രീയ സ്വാതന്ത്ര്യത്തെ മറയാക്കുന്നവർ നേരും നെറിയുമില്ലാതെ രാഷ്ട്രീയരംഗത്തെ കളങ്കപ്പെടുത്തുന്നു. കാമപൂർത്തീകരണത്തിന് ലൈംഗിക സ്വാതന്ത്ര്യം വേണമെന്നതാണ് ചിലരുടെ ആവശ്യം. സ്വന്തം അമ്മയോടും സഹോദരിമാരോടുമെല്ലാം ലൈംഗികതയാവാം, അവരുടെ സമ്മതം നേടിയാൽ മതി എന്നും മൃഗങ്ങളോടു പോലും അതാവാം എന്നും വാദിക്കുന്ന നെറികെട്ടവർക്കും ഇവിടെ സമരമുഖങ്ങളുണ്ട്. ലിബറൽ, ജെൻഡർ ന്യൂട്രാലിറ്റി ആശയങ്ങൾക്ക് വളർന്നു വികസിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നതാണ് ചിലരുടെ ആവശ്യം.
ലഹരികൾക്ക് അടിമപ്പെട്ട് സ്വന്തം മാതാപിതാക്കളെ പോലും കൊന്നൊടുക്കുന്നവർ ആഗ്രഹിക്കുന്നത് ലഹരി യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ്. കൊള്ളപ്പലിശയാൽ ആത്മഹത്യകൾ പെരുകുമ്പോഴും പലിശനിരക്ക് കൂട്ടാനായുള്ള സ്വാതന്ത്ര്യമാണ് ഫിനാൻസ് രംഗത്തുള്ളവരുടെ ആവശ്യം. മത സ്വാതന്ത്ര്യത്തിന്റെ മറവിൽ നടക്കുന്ന ആത്മീയ ചൂഷണങ്ങക്ക് അതിരില്ല. ജീവിതത്തെ സ്വന്തം ഇഷ്ടാനുസരണം നയിക്കാനും വേണ്ടിവന്നാൽ ജീവിതം അവസാനിപ്പിക്കാനും സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.
പിന്നെ എങ്ങനെ സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതും? താനെഴുതിയ കടലാസുതുണ്ടുകൾ ഓരോന്നും അവൾ ചുരുട്ടിയെറിഞ്ഞു. തെല്ലുനേരം കഴിഞ്ഞപ്പോൾ പെയ്ത ചാറ്റൽ മഴയോടൊപ്പം പതുങ്ങിവന്ന മന്ദമാരുതൻ അവളിലെ ആത്മരോഷത്തെ ചെറുതായി തണുപ്പിച്ചു. വികാരത്തെ മറികടന്നു വിവേകത്തിലേക്കു മനസ്സു ചാഞ്ഞപ്പോൾ അവൾ വീണ്ടും തന്റെ തൂലികയെടുത്തു:
മനുഷ്യാ, നിനക്കെവിടെയണു പിഴച്ചത്? Super Animal എന്നറിയപ്പെടുന്ന നീ എങ്ങനെയാണ് മൃഗത്തെക്കാൾ അധഃപതിച്ചുപോയത്? അതെ, നീ നിന്റെ അസ്തിത്വത്തിന്റെ ലക്ഷ്യം തന്നെ മറന്നതോടെയാണു നിന്റെ മൂല്യച്യുതി ആരംഭിച്ചത്.
പരിശുദ്ധ ക്വുർആൻ ചോദിക്കുന്നു: ‘മനുഷ്യൻ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേൽ കഴിഞ്ഞുപോയിട്ടില്ലേ?’ (76:1).
അതെ, നാം എന്തായിരുന്നു? എവിടെനിന്നു തുടങ്ങി? എവിടെ അവസാനിക്കും? നമുക്ക് നമ്മുടെതെന്നു പറയാൻ എന്താണുള്ളത്? ചോദ്യങ്ങൾ ഒരുപാടുണ്ട്.
ഏകനായ ഒരു രക്ഷിതാവാണ് ഒന്നുമല്ലാത്ത അവസ്ഥയിൽനിന്നും നമ്മെ പടച്ചതും പരിപാലിക്കുന്നതും ആയുസ്സിന്റെ അളവു നിർണയിക്കുന്നതും. അല്ലാഹു എന്റെ രക്ഷിതാവും ഞാൻ അവന്റെ അടിമയുമാണ് എന്ന തിരിച്ചറിവാണ് മനുഷ്യനെ യഥാർഥ മനുഷ്യനാക്കി മാറ്റുന്നതും ജീവിതലക്ഷ്യം പൂർത്തീകരിക്കാൻ പ്രാപ്തനാക്കുന്നതും.
എഴുത്തിനൊപ്പം അവളുടെ ചുണ്ടുകളും അതേറ്റു പറഞ്ഞുകൊണ്ടേയിരുന്നു. രാത്രിയിലെ ഏകാന്തതയും ചാറ്റൽ മഴയും കൂടെ വന്ന മന്ദമാരുതനും അതിനു സാക്ഷിയായി.

