മഴയിൽ അലിഞ്ഞ മനങ്ങൾ!

സിനി. ടി. കെ, മണ്ണാർക്കാട്

2026 ആഗസ്റ്റ് 01, 1448 സ്വഫർ 18

മൂന്നാം ദിവസവും മഴയ്ക്ക് ശമനമില്ലായിരുന്നു. ആകാശം ഭൂമിയിലേക്ക് വെള്ളമെല്ലാം കോരിച്ചൊരിയാൻ തീരുമാനിച്ചതുപോലെ മഴ പെയ്തുകൊണ്ടിരുന്നു. പുഴകൾ കരകവിഞ്ഞൊഴുകി. നെൽവയലുകൾ തടാകങ്ങളായി മാറി. മനുഷ്യർ വീടുകൾ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുമ്പോൾ, അവരുടെ കൃഷിയിടങ്ങളും സ്വപ്നങ്ങളുമെല്ലാം വെള്ളത്തിൽ ഒഴുകിപ്പോകുകയായിരുന്നു.

ഗ്രാമത്തിന്റെ അറ്റത്തുള്ള പഴയ ഓടിട്ട ആ വീട്ടിൽ എഴുപത്തിയഞ്ചുകാരനായ അബ്ദുറഹ്‌മാൻ ഒറ്റയ്ക്കായിരുന്നു. രണ്ടു മക്കളാണുള്ളത്. രണ്ടുപേരും വിദേശത്താണ്. ഭാര്യ മരിച്ചിട്ട് വർഷങ്ങളായി. വല്ലപ്പോഴുമൊക്കെ അവരുടെ ഫോൺവിളി വന്നാലായി. എല്ലാവരും വീടുവിട്ട് പോയിത്തുടങ്ങിയിട്ടും തന്റെ ഭാര്യയുടെ ഓർമകൾ തളംകെട്ടി നിൽക്കുന്ന വീട്ടിൽനിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ അദ്ദേഹം മടിച്ചു.

രാത്രിയോടെ വെള്ളം മുറ്റം കടന്ന് അകത്തേക്ക് കയറിത്തുടങ്ങി. കട്ടിലിന്റെ കാലുകൾ വെള്ളത്തിൽ മുങ്ങി. അപ്പോഴാണ് പുറത്തുനിന്ന് ആരോ ഉറക്കെ വിളിച്ചത്:

‘അബ്ദുക്കാ, വേഗം വരൂ... ഇനി ഇവിടെ നിൽക്കാൻ പറ്റില്ല!’

ടോർച്ചിന്റെ വെളിച്ചത്തിൽ കണ്ട മുഖം അദ്ദേഹത്തെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയി. അത് അയൽവാസി രാഘവനായിരുന്നു.

മുപ്പത് വർഷം മുമ്പ്, ചെറിയൊരു അതിർത്തിത്തർക്കത്തിന്റെ പേരിൽ ഇരുവരും പിണങ്ങിയതാണ്. പിന്നീട് തമ്മിൽ സംസാരിച്ചിട്ടേയില്ല. വർഷങ്ങൾ കടന്നുപോയെങ്കിലും അവരുടെ മനസ്സിലെ മതിൽ ഇടിഞ്ഞിരുന്നില്ല. എന്നാൽ ആ രാത്രി പെരുമഴ ആ മതിൽ തകർത്തുകളഞ്ഞു. രാഘവൻ കൈ നീട്ടി. ഇത് പഴയ പിണക്കത്തെക്കുറിച്ച് പറയാനുള്ള സമയമല്ല. ജീവൻ രക്ഷിക്കാം. ഒരു നിമിഷം മടിച്ചുനിന്ന റഹ്‌മാൻ ഒടുവിൽ ആ കൈയിൽ മുറുകെ പിടിച്ചു. അപ്പോഴേക്കും വെള്ളം അരയോളം ഉയർന്നിരുന്നു. മഴ പെയ്യുന്നുണ്ടെങ്കിലും കൈകൾ തമ്മിൽ ചേർത്തുപിടിച്ചപ്പോൾ അപൂർവമായ ഒരു ചൂട് ഇരുവർക്കും അനുഭവപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പിൽ ഇരുവരും ഒരേ പുതപ്പ് പങ്കിട്ടു. വർഷങ്ങളായി പറയാതെ മനസ്സിൽ സൂക്ഷിച്ച കാര്യങ്ങൾ അന്ന് അവർ തമ്മിൽ സംസാരിച്ചു. ചൂടുള്ള കഞ്ഞി കോരിക്കുടിക്കവെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവരുടെ മുപ്പത് വർഷത്തെ അകലം ഇല്ലാതാക്കുന്ന ചൂടുള്ള കണ്ണുനീർ.

ദിവസങ്ങൾക്കു ശേഷം മഴ മാറിനിന്നു. സൂര്യന് തിളക്കം വർധിച്ചു. കിളികളുടെ കലപിലയൊച്ച കേൾക്കാനായി. ഗ്രാമം പതുക്കെ ജീവിതത്തിലേക്ക് മടങ്ങി. വീടുകൾ ശുദ്ധീകരിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങി. കേടുപാടുകൾ തീർത്തു. പാടെ തകർന്നവ പുനർനിർമിക്കാൻ പല സുമനസ്സുകളും മുന്നോട്ടു വന്നു. വഴികൾ വീണ്ടും തെളിഞ്ഞു. അബ്ദുറഹ്‌മാനും രാഘവനും എല്ലാ വൈകുന്നേരവും ഒരേ വഴിയിലൂടെ ഒന്നിച്ചു നടക്കാൻ തുടങ്ങി. നാട്ടുകാർ അത്ഭുതത്തോടെ അത് നോക്കിനിന്നു.

നിസ്സാരമായ പ്രശ്‌നങ്ങളുടെ പേരിൽ രക്തബന്ധം പോലും അറുത്തുമാറ്റുന്നവരേ, ജീവിതം ശാശ്വതമല്ല. ആയുസ്സ് നന്മയിൽ ചെലവഴിക്കുക. നന്മയുടെ അടയാളങ്ങൾ ബാക്കിവെച്ച് ഈ ലോകത്തോട് യാത്ര പറയാൻ ഒരുങ്ങുക. പരീക്ഷണങ്ങളിൽ കാലിടറാതെയും അനുഗ്രഹങ്ങൾക്ക് നന്ദി കാണിച്ചും ജീവിക്കുക.