ദാഹിച്ചു വലഞ്ഞ യാത്രക്കാരന്റെ കഥ

മുഹമ്മദ് ശമീൽ

2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13

മരുഭൂമിയിലൂടെ ഒരാൾ യാത്ര ചെയ്യുകയായിരുന്നു. കൈയിൽ കരുതിയിരുന്ന വെള്ളവും ഭക്ഷണവും കഴിഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലും യാത്രയും സമ്മാനിച്ച ദാഹവും വിശപ്പും കാരണം അയാൾ തളർന്നിരുന്നു. അൽപം വെള്ളത്തിനായി അയാൾ ചുറ്റും അന്വേഷിച്ചു. കുറെ ദൂരം യാത്ര ചെയ്തപ്പോൾ അയാൾ ദൂരെ ഒരു കിണർ കണ്ടു.

അയാൾ വേഗം ആ കിണറ്റിൻകരയിലേക്ക് ഓടിയെത്തി. ശുദ്ധമായ വെള്ളം ആ കിണറ്റിലുണ്ടായിരുന്നു. പക്ഷേ, കിണർ വളരെ ആഴമുള്ളതായിരുന്നു. ദാഹം സഹിക്കാൻ വയ്യാതായപ്പോൾ അയാൾ കിണറ്റിൻകരയിൽ ഇരുന്ന് വെള്ളത്തിലേക്ക് രണ്ടു കൈകളും നീട്ടിപ്പിടിച്ച് വിളിച്ചു പറഞ്ഞു: ‘വെള്ളമേ, നീ എന്റെ വായിലേക്ക് ഓടിവരുമോ? എനിക്ക് വലിയ ദാഹമുണ്ട്!’

എത്ര സമയം കൈ നീട്ടിപ്പിടിച്ച് വെള്ളത്തോടു കെഞ്ചിയാലും ആ വെള്ളം താനേ ഉയർന്നുവന്ന് അവന്റെ വായിലേക്ക് എത്തിച്ചേരുമോ? ഇല്ലേയില്ല! കിണറ്റിൽനിന്ന് വെള്ളം കോരിയെടുത്ത് അതു കുടിച്ചാൽ മാത്രമെ ദാഹം മാറൂ. അല്ലാഹു ക്വുർആനിൽ ഇതുപോലെയുള്ള ഒരാളുടെ ഉദാഹരണം പറയുന്നുണ്ട്.

അല്ലാഹു പറയുന്നു: “അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാർഥന. അവന്നു പുറമെ ആരോടെല്ലാം അവർ പ്രാർഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവർക്ക് യാതൊരു ഉത്തരവും നൽകുന്നതല്ല. വെള്ളം തന്റെ വായിൽ (തനിയെ) വന്നെത്താൻ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവർ. അത് (വെള്ളം) വായിൽ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാർഥന നഷ്ടത്തിൽ തന്നെയാകുന്നു’’ (13:14).

നമ്മൾ മുകളിൽ വായിച്ച കഥയിലെ മനുഷ്യനെപ്പോലെയാണ് അല്ലാഹുവിനെ വിട്ട് സൃഷ്ടികളോടു പ്രാർഥിക്കുന്നവർ. നമ്മെ സൃഷ്ടിച്ച, എല്ലാം കാണുന്ന, എല്ലാം അറിയുന്ന അല്ലാഹുവിനോട് മാത്രമെ പ്രാർഥിക്കാവൂ. അതാണ് സത്യമായ പ്രാർഥന. അവനു മാത്രമെ പ്രാർഥന കേൾക്കുവാനും ഉത്തരം നൽകുവാനും കഴിയൂ.

നബിﷺ ഇബ്‌നു അബ്ബാസി(റ)നു നൽകിയ മനോഹരമായ ഒരു ഉപദേശമുണ്ട്: അബ്ദുല്ലാഹി ബ്‌നു അബ്ബാസ്(റ) നിവേദനം: “ഒരു ദിവസം ഞാൻ നബിﷺയുടെ പിന്നിലായി യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: ‘കുഞ്ഞുമകനേ! ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു തരാം: നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിന്റെ മുൻപിൽ നീ കണ്ടെത്തും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോടു ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോടു സഹായം തേടുക. നീ അറിയുക! സമൂഹമൊന്നാകെ നിനക്ക് ഒരു ഉപകാരം ചെയ്തുതരാനായി ഒരുമിച്ചു ചേർന്നാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയ ഒരു ഉപകാരമല്ലാതെ നിനക്ക് ചെയ്തുതരാൻ അവർക്ക് സാധ്യമല്ല. ഇനി അവർ മുഴുവൻ നിനക്ക് ഒരു ഉപദ്രവമേൽപിക്കാനായി സംഘടിച്ചാലും അല്ലാഹു നിനക്ക് ഏൽക്കണമെന്ന് രേഖപ്പെടുത്തിയ ഒരു ഉപദ്രവമല്ലാതെ നിന്നെ ഏൽപിക്കാൻ അവർക്കു സാധ്യമല്ല. പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു. ഏടുകൾ ഉണങ്ങിപ്പോയിരിക്കുന്നു’’ (തിർമിദി)