പുതുവർഷത്തിലെ പുതുചിന്തകൾ

മുഹാജിർ സ്വലാഹി, എടക്കര

2026 ജനുവരി 10, 1447 റജബ് 21

ഈ പ്രപഞ്ചം സുന്ദരമാണ്, വിശാലമാണ്, സങ്കീർണമാണ്. മനുഷ്യൻ എന്നും പ്രകൃതിയുടെ മുമ്പിൽ അത്ഭുതത്തോടെ നിന്നുപോയിട്ടുണ്ട്. എന്നാൽ, പ്രപഞ്ചത്തിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന യാഥാർഥ്യം എന്താണെന്ന ചോദ്യത്തിന്റെ ഉത്തരം; അത്ഭുതങ്ങളുടെ മുമ്പിൽ നിന്ന് ആശ്ചര്യപ്പെടുന്ന ‘മനുഷ്യൻ’ തന്നെയാണ്. കാരണം, സ്വതന്ത്രമായ ചിന്താശേഷി നൽകപ്പെട്ടവനാണ് മനുഷ്യൻ. ഇന്നലെകളെക്കുറിച്ച് ചിന്തിച്ച് നാളേക്കു വേണ്ടി ഒരുങ്ങാൻ സാധിക്കുന്ന ഭൂമിയിലെ ഒരേയൊരു വർഗം.

പുനർ വിചിന്തനം നടത്തുക

ഒരു വിശ്വാസിയെന്ന നിലയ്ക്ക് എന്റെ കഴിഞ്ഞ ഒരു വർഷം ഞാൻ ചെലവഴിച്ചത് എന്തിനുവേണ്ടി എന്നത് തീർച്ചയായും നാം വിലയിരുത്തേണ്ടതുണ്ട്. ഞാൻ എവിടെയൊക്കെയാണ് എന്റെ സമയം കളഞ്ഞത്? എന്റെ കുടുംബത്തിന് ഞാൻ എത്ര സമയം നൽകി? എന്റെ ജോലി ഞാൻ എത്രത്തോളം ഭംഗിയായി നിറവേറ്റി? എന്റെ മക്കളുമായി എന്റെ ബന്ധം എത്രത്തോളം ആഹ്ലാദകരമായിരുന്നു? എന്റെ യാത്രകൾ എങ്ങോട്ടായിരുന്നു? എന്റെ ഉമ്മയും ഉപ്പയും എന്നെക്കുറിച്ച് തൃപ്തിയുള്ളവരായിരുന്നോ? സർവോപരി സ്രഷ്ടാവിനോടുള്ള ബാധ്യത കൃത്യമായി നിറവേറ്റിയിട്ടുണ്ടോ? ഇങ്ങനെയുള്ള തുടർച്ചയായ, തീരാത്ത ചോദ്യങ്ങൾ നമ്മുടെ ഹൃദയത്തിലേക്ക് നാം കൊണ്ടുവരേണ്ടതുണ്ട്.

മാറ്റത്തിന് സന്നദ്ധമാവുക

നേരത്തെ കണ്ട ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മെ സന്തോഷിപ്പിക്കുന്നതും തൃപ്തികരവുമാണെങ്കിൽ നമുക്ക് സമാധാനിക്കാം. അല്ല എങ്കിൽ തീർച്ചയായും നാം മാറാൻ തയ്യാറാകേണ്ടതുണ്ട്. അല്ലാഹു പറയുന്നു:’’ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല’ (ക്വുർആൻ 13:11).

കൂടിയാലോചിക്കുക

ഭാവിയെ കുറിച്ച് ചിന്തിക്കുകയും ചെയ്യാനുള്ള പ്രവർത്തനങ്ങളിൽ കൃത്യമായ പ്ലാനിങ് ഉപയോഗ പ്പെടുത്തുകയും ചെയ്യുന്നവനാണ് മനുഷ്യൻ. ഒരു ചെറിയ യാത്രക്ക് ഒരുങ്ങുമ്പോൾ പോലും നമ്മൾ സമയത്തിന് എത്താൻ പറ്റിയ രൂപത്തിൽ പ്ലാൻ ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം ജീവിതത്തിൽ സംഭവിച്ചുപോയ തെറ്റുകളും പിഴവുകളും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും തീരുമാനവും അത്യാവശ്യമാണ്. വീട് വെക്കുന്നവർ, ബിസിനസ് തുടങ്ങുന്നവർ, ജോലിക്ക് വേണ്ടി യാത്ര തിരിക്കുന്നവർ, കല്യാണം കഴിക്കുന്നവർ... അങ്ങനെ പ്രധാനപ്പെട്ട കാര്യങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർ കുടുംബത്തോടൊന്ന് കൂടിയാലോചിക്കുക. മാതാപിതാക്കളെട് അഭിപ്രായമാരായുക. പക്വതയുള്ള മക്കളോട് കാര്യങ്ങൾ അവതരിപ്പിക്കുക. ഒരുപക്ഷേ, അവർക്ക് അഭിപ്രായമൊന്നും പറയാനുണ്ടാകില്ല. നമ്മുടെ തീരുമാനം അപ്പടി അംഗീകരിച്ചേക്കാം. എന്നിരുന്നാലും അവരുടെ അഭിപ്രായമാരായുമ്പോൾ അതവരെ സന്തോഷിപ്പിക്കും. അവരെ പരിരണിക്കുന്നുവെന്ന ചിന്ത ബന്ധങ്ങളെ ഊഷ്മളമാക്കും. ചിന്തിക്കുക നശ്വരമായ ഈ ഭൂമിയിൽ, വളരെ കുറഞ്ഞ ആയുസ്സിന്റെ ഉടമകളാണ് മനുഷ്യർ. നമുക്ക് ലഭിച്ച സമയവും സമ്പത്തും ആരോഗ്യവും ചോദ്യം ചെയ്യപ്പെടുന്ന അനുഗ്രഹങ്ങളാണെന്ന് ഓർക്കുക.