ഞാൻ മരിച്ചാൽ നീ കരയുമോ?

നസീമ വാടാനപ്പള്ളി

2026 ഫെബ്രുവരി 21, 1447 റമദാൻ 03

അവൾ എന്റെ അടുത്ത കൂട്ടുകാരിയാണ്. ഇടയ്ക്കിടെ കണ്ടുമുട്ടും, വിശേഷങ്ങൾ കൈമാറും. ഫോൺ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. കണ്ടില്ലെങ്കിൽ തിരഞ്ഞുവരുന്ന കൂട്ടുകാരികളിൽ ഒരാൾ.

ഒരു ദിവസം സംസാരത്തിനിടെ അവൾ ചോദിച്ചു: ‘ഞാൻ മരിച്ചാൽ നീ കരയുമോ?’ ആ ചോദ്യത്തിന് ഉത്തരം തിരയുകയായിരുന്നില്ല ഞാൻ, മറിച്ച് മരണമെന്ന യാഥാർഥ്യം എല്ലാവരുടെയും കൂടെയുണ്ടല്ലോ എന്ന ചിന്തയിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു. എല്ലാ ആസ്വാദനങ്ങളെയും മുറിച്ചു കളയുന്ന മരണം!

പൊടുന്നനെ ചിന്തയിൽനിന്ന് ഉണർന്നപ്പോൾ ഞാൻ അവളോടു പറഞ്ഞു: ‘നീ മരിച്ചാൽ സ്വാഭാവികമായും ഞാൻ കരയും. കാരണം നീ എന്റെ നല്ല കൂട്ടുകാരിയാണ്. കരഞ്ഞാൽതന്നെ അതിന് എത്ര നേരത്തെ ദൈർഘ്യമുണ്ടാകും? ഒരുപക്ഷേ, ജനാസ വീട്ടിൽനിന്ന് കൊണ്ടുപോകും വരെ. സ്വന്തം മക്കൾ മരണപ്പെട്ടവർ കരയാറുണ്ട്. മാതാപിതാക്കൾ മരണപ്പെട്ടാൽ മക്കൾ കരയാറുണ്ട്. ഭാര്യ മരിച്ചാൽ ഭർത്താവും ഭർത്താവ് മരിച്ചാൽ ഭാര്യയും കരയും. ആ കരച്ചിലും സങ്കടവുമൊന്നും ഏറെ കാലം നീണ്ടു നിൽക്കുന്നവയല്ല. വൈകാതെ എല്ലാവരും അവരവരുടെ ജീവിതമായി പൊരുത്തപ്പെടും. സഹോദരീ.. നാം മരിച്ചാൽ പിന്നെ തനിച്ചാണ്. ഒറ്റപ്പെടുന്ന ആ ലോകത്ത് കരയേണ്ടി വരുമോ എന്ന് ചിന്തിക്കുകയും കരയാതിരിക്കാൻ പ്രവർത്തിക്കുകയും ചെയ്യുക, അതിലാണ് വിജയം.’

ഈ വാക്കുകൾ കൂട്ടുകാരിയുടെ കണ്ണുകളെ ഈറനണിയിച്ചു. ഞാൻ അവളെ ആശ്ലേഷിച്ച് ആശ്വസിപ്പിച്ചു.

പ്രിയ വായനക്കാരേ, മരണം എന്നത് ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് അനശ്വരമായ മറ്റൊരു ജീവിതത്തിലേക്കുള്ള വാതിലാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മരണം ഒരു യാഥാർഥ്യമാണെന്ന് വിശുദ്ധ ക്വുർആൻ വ്യക്തമാക്കുന്നു: ‘ഓരോ ആത്മാവും മരണം രുചിക്കുക തന്നെ ചെയ്യും’ (3:185).

സമ്പത്തോ പദവിയോ ഒന്നും മരണത്തിൽനിന്ന് മനുഷ്യനെ രക്ഷിക്കില്ല. ഈ ചിന്ത ജീവിതത്തിൽ എളിമ നിലനിർത്താൻ വിശ്വാസിയെ സഹായിക്കുന്നു. ലോകം ഒരു പരീക്ഷണാലയമാണ്. മനുഷ്യൻ ഈ ഭൂമിയിൽ അയക്കപ്പെട്ടത് പരീക്ഷണത്തിനായാണ്. ആര് നന്നായി പ്രവർത്തിക്കുന്നു എന്ന് നോക്കാനാണ് ജീവിതവും മരണവും അല്ലാഹു സൃഷ്ടിച്ചതെന്ന് ക്വുർആൻ (67:2) അറിയിക്കുന്നു.

ഒരു വിശ്വാസി മരണ വാർത്ത കേട്ടാൽ, അല്ലെങ്കിൽ ഒരു വിപത്തുണ്ടാകുമ്പോൾ ചൊല്ലേണ്ടത് ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ (നിശ്ചയമായും നാം അല്ലാഹുവിന്റെതാണ്, അവനിലേക്കുതന്നെയാണ് നമ്മുടെ മടക്കവും) എന്നാണ്. ഇത് മരണം എന്നത് സ്രഷ്ടാവിലേക്കുള്ള തിരിച്ചുപോക്കാണെന്ന ആശ്വാസകരമായ ബോധം നൽകുന്നു.

മരണത്തെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നത് ജീവിതത്തിലെ തെറ്റുകൾ കുറയ്ക്കാനും സൽപ്രവൃത്തികൾ വർധിപ്പിക്കാനും സഹായിക്കുമെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. അത് ജീവിതത്തോടുള്ള വിരക്തിയല്ല, മറിച്ച് ജീവിതത്തെ കൂടുതൽ അർഥവത്തായ രീതിയിൽ ക്രമീകരിക്കാനുള്ള വഴിയാണ്.

മരണത്തെ കൊതിക്കുകയല്ല, നല്ല കാര്യങ്ങൾ ചെയ്ത് മരണത്തിനായി കാത്തിരിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്.