ചൈനയുടെ കണ്ണുനീർ; ലോകത്തിനുള്ള മുന്നറിയിപ്പ്!
ടി.കെ അശ്‌റഫ്
2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

ചൈന ഇന്ന് നേരിടുന്ന ദയനീയ സാഹചര്യം കേവലം ജനനനിരക്കിലെ കുറവ് മാത്രമല്ല, ഒരു സമൂഹത്തിന്റെയാകെ നിലനിൽപ്പിനെ ബാധിക്കുന്ന ഘടനപരമായ തകർച്ചയാണ്. ഒരു കാലത്ത് ജനസംഖ്യാ വർധനവ് തടയാൻ ഗർഭനിരോധന മാർഗങ്ങൾക്ക് നികുതിയിളവ് നൽകിയ അതേ ചൈന, ഇന്ന് ആ സാമഗ്രികളുടെ ‘വാറ്റ്’ (VAT) വർധിപ്പിച്ചും കുഞ്ഞുങ്ങൾ ഉണ്ടായാൽ വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും ജനങ്ങളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയാണ്.
കഴിഞ്ഞ വർഷം ചൈനയിൽ ജനിച്ചത് വെറും 79.2 ലക്ഷം കുഞ്ഞുങ്ങൾ മാത്രമാണ്. ജനനനിരക്ക് കുറയുമ്പോൾ മരണനിരക്ക് വർഷാവർഷം കൂടിക്കൊണ്ടിരിക്കുന്നു എന്നതും ആ രാജ്യത്തെ വല്ലാതെ ഭയപ്പെടുത്തുന്നു.
വിവാഹം കഴിക്കാൻ യുവാക്കൾ മടിക്കുന്നതാണ് ചൈന നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധി. 2023ൽ 76.8 ലക്ഷം വിവാഹങ്ങൾ രജിസ്റ്റർ ചെയ്‌തെങ്കിൽ 2024ൽ അത് 61 ലക്ഷമായി കുറഞ്ഞു. വധുവിനെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന യുവാക്കൾക്കായി സർക്കാർ തന്നെ ഇടപെടേണ്ടി വരുന്ന അവസ്ഥയാണിന്ന്.
വിദ്യാർഥികളിൽ പ്രണയവും കുടുംബബന്ധങ്ങളും പ്രോത്സാഹിപ്പിക്കാനായി സർവകലാശാലകൾ ‘പ്രണയ അവധി’ പോലും നൽകുന്നു എന്നത് അവിടുത്തെ അവസ്ഥ എത്രത്തോളം ദയനീയമാണെന്ന് കാട്ടിത്തരുന്നു. 2035 ആകുമ്പോഴേക്കും 40 കോടി വയോധികരുള്ള ഒരു രാജ്യമായി ചൈന മാറുമ്പോൾ, അവിടെ അധ്വാനിക്കാൻ കൈകളും ചിന്തിക്കാൻ തലച്ചോറുകളും ഇല്ലാതെ പോകും എന്നതാണ് യാഥാർഥ്യം.
ഈ സാഹചര്യത്തിൽ കേരളവും ഇന്ത്യയും ഒട്ടേറെ പാഠങ്ങൾ പഠിക്കാനുണ്ട്. ജനസംഖ്യ എന്നത് വെറുമൊരു ഭീഷണിയാണെന്ന പഴയ പല്ലവി നമ്മൾ ഇനിയെങ്കിലും മാറ്റണം. ‘ജനസംഖ്യാ ദിന’ത്തിൽ ഇപ്പോഴും ‘പോപ്പുലേഷൻ ബോംബ്’ എന്ന പേടിപ്പെടുത്തുന്ന തിയറികളാണ് അധികാരികൾ പോലും വിളിച്ചുപറയുന്നത്. എന്നാൽ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ വിഭവം അവിടുത്തെ മനുഷ്യ വിഭവശേഷിയാണെന്ന് നാം തിരിച്ചറിയണം.
ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വെറും ‘വായ’ മാത്രമല്ല, അധ്വാനിക്കാനുള്ള കൈകളും കാലുകളും ചിന്തിക്കാനുള്ള മസ്തിഷ്‌കവുമുണ്ട്. ഈ മനുഷ്യശക്തിയെ സക്രിയമായി ഉപയോഗപ്പെടുത്താൻ കഴിയുന്നിടത്താണ് ഒരു നാടിന്റെ വിജയം.
ജനന നിയന്ത്രണമല്ല, മറിച്ച് ജനിക്കുന്നവർക്ക് മികച്ച സാഹചര്യമൊരുക്കി അവരെ രാജ്യത്തിന്റെ കരുത്താക്കി മാറ്റുകയാണ് വിവേകം.
ചൈന നേരിടുന്ന ഈ പ്രതിസന്ധി നമ്മുടെ നാട്ടിലെ പുതിയ തലമുറയ്ക്കും അധികാരികൾക്കും ഒരു വലിയ പാഠമാകട്ടെ. മനുഷ്യവിഭവശേഷിയെ ഭാരമായി കാണുന്ന പഴയ രീതി ഉപേക്ഷിച്ച്, അതിനെ രാജ്യത്തിന്റെ ആസ്തിയായി കാണുന്ന ഒരു പുനരാലോചന അനിവാര്യമാണ്.

