കൊല്ലാം; ദേഹേച്ഛകളെ!

നസീമ വാടാനപ്പള്ളി

2026 മെയ് 02, 1447 ദുൽഖഅദ് 14

ചിന്തകൾക്ക് തിരികൊളുത്തി അതിന്റെ പ്രകാശത്തിൽ തന്നോടുതന്നെ സംസാരിച്ചിരിക്കുന്ന സ്വഭാവം അവൾക്ക് പണ്ടേയുള്ളതാണ്. അതിൽനിന്ന് ഒരുപാട് സാഹിത്യസൃഷ്ടികൾ ജന്മം കൊള്ളുകും ചെ യ്തിട്ടുണ്ട്. ജീവിതചക്രം തിരിയുന്നതിനിടയിൽ ഉത്തരവാദിത്തഭാരം വീർപ്പുമുട്ടിക്കാറുണ്ടെങ്കിലും വല്ല പ്പോഴുമൊക്കെ അവൾ അതിന് സമയം കണ്ടെത്തുമായിരുന്നു.

‘കറുത്ത കടൽ’ കാണാൻ അവൾക്ക് വല്ലാത്ത പൂതിയാണ്. അതുകൊണ്ടാണ് അന്ന് മഗ്‌രിബ് നമസ്‌കാരശേഷം നല്ല പാതിയോടൊപ്പം അവൾ കടപ്പുറത്തെത്തിയത്. പ്രിയതമന് പ്രിയപ്പെട്ട തരിക്കഞ്ഞി ചൂടോടെ ചോറ്റുപാത്രത്തിൽ കരുതാൻ അവൾ മറന്നിരുന്നില്ല. കടപ്പുറത്തെ തണുത്ത കാറ്റിൽ ലയിച്ചിരുന്ന് ചൂടുള്ള തരിക്കഞ്ഞി കുടിക്കൽ അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്.

മനസ്സിന് വല്ലാത്ത സമാധാനം നൽകുന്നതാണ് നീലക്കടലിന്റെ കാഴ്ച. എന്നാൽ അസ്തമയത്തോടെ കറുത്ത നിറമാർജിക്കുന്ന കടൽ മനസ്സിൽ ഭീതിയുണർത്തുന്ന കാഴ്ചയാണ്. പക്ഷേ, ഇരുണ്ട കടലിലേക്കങ്ങനെ നോക്കിയിരിക്കുന്നത് അവൾക്ക് വല്ലാത്ത ലഹരിയാണ്. ആ ഇരുത്തത്തിൽ പലപ്പോഴും പ്രപ ഞ്ചസ്രഷ്ടാവിന്റെ കഴിവുകളെ വർണിക്കുന്ന കവിതകൾ വിരിയാറുണ്ട്.

അങ്ങകലെനിന്ന് ഒന്നിനു പിന്നിൽ ഒന്നായി അവിരാമം ആർത്തലച്ചുവരുന്ന തിരമാലകളിലെ നുരകൾ മങ്ങിയ വെളിച്ചത്തിൽ വെള്ളിനൂലു പോലെ കാണപ്പെടുന്നു. കരയെ പുണരാൻ മത്സരിച്ചെത്തുന്ന തിരമാലകൾക്ക് ശക്തി കൂടി വന്നതോടെ നല്ല പാതി പറഞ്ഞു: “മതി കണ്ടത്. ഇനി ദൂരെ മാറിയിരിക്കാം.’’

അയാൾ അവളുടെ കൈപിടിച്ച് തിരിഞ്ഞുനടന്നു. ഇഷ്ടമായില്ലയെങ്കിലും അവൾ അനുസരണ യോടെ അനുഗമിച്ചു. കയ്യിൽ കരുതിയ പഴയ ബെഡ്ഷീറ്റ് വിരിച്ച് ഇരുവരും അതിൽ ഇരുപ്പുറപ്പിച്ചു.

അയാൾ തന്റെ ഫോൺ കയ്യിലെടുത്ത് ഒരു വാർത്താ ചാനൽ തുറന്നു. കണ്ണൂരിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു എന്ന വാർത്തയാണ് അവരുടെ കാതുകളെ സ്വാഗതം ചെയ്തത്. എന്നാൽ അവരിൽ അത് വലിയ ഞെട്ടലൊന്നുമുണ്ടാക്കിയില്ല. കാരണം ഇത്തരം വാർത്തകൾ നിത്യസംഭവമായിത്തീർന്നിട്ടുണ്ടല്ലോ!

അയാൾ വാർത്തകളിൽ ശ്രദ്ധ കൊടുത്തപ്പോൾ അവൾ പ്രവിശാലമായ ഇരുണ്ട കടലിലേക്ക് നോക്കി തന്റെ ചിന്തകൾക്ക് പതിയെ തിരികൊളുത്തി. ‘കൊലപാതകം’- അതായിരുന്നു ചിന്തകളിൽ മുഴുവനും. ചിന്തയുടെ തിരിനാളം കൂടുതൽ പ്രകാശമയമായപ്പോൾ ഉള്ളിൽനിന്നും ചില ചോദ്യങ്ങളുയർന്നു:

എത്രയോ കൊലപാതകങ്ങൾ അനുദിനം നടക്കുന്നു. കുട്ടിക്കൊലയാളികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു.

എല്ലാം എന്തിനു വേണ്ടി?

കൊലയാളികൾ എന്തു നേടുന്നു?

കൂടുതൽ കറുത്ത് ഭീകരരൂപം പൂണ്ട കടലിനെ നോക്കി തന്റെ മൗനത്തിന്റെ മുഴുവൻ ശക്തിയാലും അവൾ വിളിച്ചു ചോദിച്ചു.

അന്നേരം കരയിലേക്ക് പാഞ്ഞടുത്ത തണുത്ത കാറ്റിൽ ചില ഉത്തരങ്ങൾ മനസ്സിലേക്ക് ചേക്കേറി. കുറ്റകൃത്യം ചെയ്യാൻ പലർക്കും പല കാരങ്ങളാണുള്ളത്. ലഹരി, പ്രണയം, പക, ദുരഭിമാനം, പണം...ഇങ്ങനെ പലതും.

കഞ്ഞിയിൽ ഉപ്പില്ലാത്തതിന്റെ പേരിൽ വരെ കൊല നടക്കുന്നു! ലഹരിക്കൊലകൾ നിത്യസംഭവമായി ത്തീർന്നിരിക്കുന്നു. കൊല്ലുന്നത് മക്കൾ. കൊല്ലപ്പെടുന്നത് മാതാവ്, അല്ലെങ്കിൽ പിതാവ്. ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും വെട്ടിക്കൊല്ലുന്നു!

യഥാർഥത്തിൽ എന്താണ് പ്രശ്‌നത്തിന്റെ അടിത്തറ? എന്താണ് പരിഹാരം? വികാരങ്ങൾ മനുഷ്യ പ്രകൃതിയിൽ പെട്ടതാണ്. വികാരത്തെ പ്രശ്‌നമായി കാണാനാവില്ലല്ലോ. എന്നാൽ വിവേകം വികാരങ്ങൾക്ക് അടിമപ്പെടുമ്പോൾ അത് പ്രശ്‌നമാണ്. മനുഷ്യൻ മനുഷ്യനല്ലാതായിത്തീരുന്നതും അതുകൊണ്ടു തന്നെ.

‘ഞാനാര്’ എന്ന് ഓരോ വ്യക്തിയും തിരിച്ചറിയേണ്ടതുണ്ട്. തനിക്കൊരു സ്രഷ്ടാവുണ്ടെന്നും അൽപ കാലം പരീക്ഷണത്തിനായി താനിവിടെ നിയോഗിക്കപ്പെട്ടതാണെന്നും സൃഷ്ടിച്ചവനിലേക്ക് മടങ്ങിച്ചെല്ലണമെന്നും അവിടെ മരണമില്ലാത്ത ലോകമുണ്ടെന്നും അവൻ മനസ്സിലാക്കേണ്ടതുണ്ട്. ഈ തിരിച്ചറിവു തന്നെയാണ് സകല പ്രശ്‌നങ്ങളുടെയും പരിഹാരം. തന്റെ സ്രഷ്ടാവ് തനിക്കു നൽകിയതല്ലാതെ സ്വന്തമെന്ന് പറയാൻ സ്വന്തം അസ്തിത്വം പോലുമില്ലെന്ന തിരിച്ചറിവ് അനിവാര്യമാണ്. അത് സ്രഷ്ടാവുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തും.

തന്റെ രക്ഷിതാവിന്റെ ഇഷ്ടത്തിനായി വികാരങ്ങളെ നിയന്ത്രിക്കാൻ മനുഷ്യന് കഴിയണം. വികാരം അതിരുവിടുമ്പോൾ വിവേകമെന്ന മൂർച്ചയേറിയ കഠാരകൊണ്ട് അതിനെ അറുത്തുമാറ്റേണ്ടതുണ്ട്. അപ്പോൾ പരിക്കു പറ്റിയേക്കാം. മനസ്സു നീറിയേക്കാം. കണ്ണുകൾ നിറഞ്ഞേക്കാം. പോരാട്ടത്തിനൊടുവിൽ മനസ്സി നോടൊപ്പം ശരീരവും ക്ഷീണിച്ചുപോയെന്നു വരാം. എന്തു വന്നാലും വികാരങ്ങൾക്കു മീതെ വിവേകം ജയിച്ചേ പറ്റൂ. സമയവും സന്ദർഭവുമനുസരിച്ച് ഉചിതമായ തീരുമാനമെടുക്കാനുള്ള കഴിവാണ് വിവേകം. ആ കഴിവ് നഷ്ടപ്പെടുമ്പോഴാണ് മനുഷ്യൻ അക്രമിയായി മാറുന്നത്.

ദേഹേച്ഛകളോടുള്ള സമരമാണ് ഏറ്റവും വലിയ ധർമസമരമെന്ന പ്രവാചകവചനം എത്രമാത്രം അർഥവത്താണ്! അവൾ നെടുവീർപ്പിട്ടു. ആ പ്രവാചകന്റെ അനുയായിയാകാൻ കഴിഞ്ഞതിൽ റബ്ബിനോടുള്ള നന്ദിയാൽ അവളുടെ കണ്ണുകൾ നിറഞ്ഞു.

ദേഹേച്ഛകളോട് സമരം ചെയ്ത് അവയുടെ കൊലയാളിയാകാൻ തനിക്ക് കഴിയുന്നുണ്ട് എന്നതിനാൽ അവളുടെ ചുണ്ടുകളിൽനിന്നും അറിയാതെ തന്നെ സ്തുതി വചനം ഉതിർന്നുവീണു-അൽഹംദുലില്ലാഹ്. ആ അരണ്ട വെളിച്ചമുള്ള കടപ്പുറത്ത് അവൾ സുജൂദിൽ വീണത് ഒരുപക്ഷേ, അവളുടെ നല്ല പാതി പോലും കണ്ടിട്ടുണ്ടാവില്ല.

അവളുടെ മനസ്സ് മന്ത്രിച്ചു; അതെ, ഞാനും ഒരു അന്തകയാണ്, ദേഹേച്ഛകളുടെ അന്തക! പിശാച് ഇളക്കിവിടുന്ന വികാരങ്ങളെ വിവേകംകൊണ്ട് നേരിടുന്നവൾ. പരിക്കുകൾ പലതും ഏറ്റിട്ടുണ്ടെങ്കിലും ഇതുവരെ ജയിച്ചു. അൽഹംദുലില്ലാഹ്. ഇനിയും ജയിക്കണം. ജയിച്ചുകൊണ്ടേയിരിക്കണം.

ഇളകിമറിയുന്ന ഇരുണ്ട സാഗരത്തെ സാക്ഷിയാക്കി റബ്ബിലേക്കവൾ കൈകളുയർത്തി. റബ്ബേ, നീ തുണ. എനിക്ക് എല്ലാറ്റിനും മതിയായവനായി നീ മാത്രം.

അവളുടെ ചുണ്ടുകൾ വിതുമ്പി. ഹൃദയത്തിന്റെ വിങ്ങൽ അറിയാതെ തേങ്ങലായി പുറത്തുവന്നു. അതു കേട്ടിട്ടോ എന്തോ അയാൾ അവളെ ചേർത്തുപിടിച്ചു.

‘മതി, പോകാം’ - അയാൾ പറഞ്ഞു.

‘ഉം’-അവൾ പതിയെ മൂളി.

അവളെ അവന് മനസ്സിലാകുമായിരുന്നു.

‘ആ ചിന്തയുടെ തിരിയങ്ങ് കെടുത്തിയേക്ക് പെണ്ണേ...’ അതും പറഞ്ഞ് അയാൾ എഴുന്നേറ്റ് അവൾക്ക് നേരെ കൈ നീട്ടി. തന്റെ ഇണയുടെ ബലിഷ്ഠമായ കൈയിൽ പിടിച്ച് അവൾ എഴുന്നേറ്റു.

തിരിഞ്ഞു നടക്കുമ്പോൾ ഇരുൾ മൂടിയ കടലിനെയും ആകാശത്തെയും നോക്കി അവൾ മന്ത്രിച്ചു: “അല്ലാഹു അക്ബർ. അല്ലാഹുവേ, നീയെത്ര വലിയ മഹാൻ! നിന്നെ എത്ര സ്തുതിച്ചാലും മതിയാകില്ല. മനുഷ്യർ മനുഷ്യരെ കൊന്നൊടുക്കുമ്പോൾ ദേഹേച്ഛകളെ കൊന്ന് നിന്റെ ഇഷ്ടങ്ങളെ ജീവിപ്പിക്കാൻ എന്നും നീയെനിക്ക് തുണയാകണേ...’’

റോഡിനപ്പുറമുള്ള പള്ളിയിൽനിന്നും ഇശാഅ് ബാങ്കൊലി മുഴങ്ങവെ ഒരിക്കൽ കൂടി കടലിന്റെ ഭയാനകമായ ഇരുട്ടിലേക്ക് നോക്കി അവൾ ഭർത്താവിനൊപ്പം നടന്നു നീങ്ങി.