നിരാശവേണ്ട;നമുക്കുള്ളത് വരും

നബീൽ പയ്യോളി

2026 ഏപ്രിൽ 11, 1447 ശവ്വാൽ 23

ജീവിതയാത്രയിൽ കുട്ടിക്കാലത്തും യൗവനത്തിലും വാർധക്യത്തിലുമൊക്കെ പലതരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരും. നമ്മൾ ആഗ്രഹിച്ചതുപോലെ ഒരു കാര്യം നടക്കാതിരുന്നാൽ അത് നമ്മെ നിരാശരാക്കാറുണ്ട്. അത്തരം സാഹചര്യത്തിൽ നമുക്ക് അതിശക്തമായ ദേഷ്യവും സങ്കടവുമൊക്കെ തോന്നും, മനസ്സിനെ വല്ലാതെ ഭാരമുള്ളതാക്കും. വർഷങ്ങൾ കഴിഞ്ഞ് അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ അന്ന് ഞാൻ പ്രതീക്ഷിച്ചതുപോലെ നടക്കാതിരുന്നത് നന്നായി എന്നും തോന്നി യേക്കാം. കാരണം, അതിനെക്കാൾ മികച്ചതിലേക്ക് എത്തിപ്പെടാനോ അല്ലെങ്കിൽ അത് ഉണ്ടാക്കിയേക്കാ വുന്ന വലിയ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാനോ സാധിച്ചിച്ചിട്ടുണ്ടാകും.

ഇത് ഒരു തുടർ പ്രക്രിയയാണ്. നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും സംഭവിക്കുന്ന കാര്യങ്ങളിൽ ഇന്നലെകളിലെ പാഠങ്ങളുടെ വെളിച്ചത്തിൽനിന്ന് ചിന്തിക്കുമ്പോൾ ലഭിക്കാതെ പോയതിൽ നിരാശ വേണ്ട, അതിൽ നന്മയുണ്ടാകും. അതിനെക്കാൾ വലിയ നന്മയോ അതിലൂടെ ഉണ്ടാവാൻ സാധ്യതയുള്ള പ്രതിസന്ധികളിൽനിന്ന് രക്ഷപ്പെട്ടതോ ആവാം അത്.

സംഘർഷഭരിതമായ ഇന്നിന്റെ ലോകത്ത് കൗൺസിലിങ്-മോട്ടിവേഷൻ രംഗങ്ങളിലെ പ്രധാന പങ്ക് നിരാശയെ (ഡിപ്രഷൻ) മറികടക്കാനുള്ള വഴിതേടിയുള്ളവയാണ്. സ്വന്തം അനുഭവങ്ങളിൽനിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ സാധ്യമായാൽ ഇത്തരം പ്രതിസന്ധികളെ സ്വയം മറികടക്കാൻ ഏറെക്കുറെ നമുക്ക് സാധിക്കും. നമ്മുടെ പ്രശ്‌നങ്ങളെ മറ്റുള്ളവരുടെ അനുഭവങ്ങളുമായി താരതമ്യം ചെയ്യുന്നതിനെക്കാൾ വലിയ സ്വാധീനവും ഫലവും ലഭിക്കുവാൻ സഹായിക്കുക നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ നടത്തുന്ന പ്രതീക്ഷാനിർഭരമായ വിലയിരുത്തലാണ്.

ജീവിതയാത്രയിലെ പ്രതിസന്ധികളിൽ ഈ മനോഹരമായ മാനസികാവസ്ഥയെ സെറ്റ് ചെയ്യാൻ സാധിച്ചാൽ നമ്മുടെ പ്രതിസന്ധികളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും വലിയ ഒരു ശതമാനം ഇല്ലാതാക്കാൻ സാധിക്കും. നമ്മൾ ഇന്നലെകളിലെ പ്രതിസന്ധികൾ ആലോചിച്ച്, അത് ഇന്നാണെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ചിന്തിച്ചാൽ ലഭിക്കുന്ന ആശ്വാസവും വെളിച്ചവും സമാധാനവും ചെറുതായിരിക്കില്ല.

നമ്മൾ പരിഹരിക്കേണ്ടതും നമ്മൾ വിചാരിച്ചാൽ പരിഹാരം കാണാൻ സാധിക്കാത്തതും നമുക്ക് ഒരു റോളുമില്ലാത്തതുമായ നിരവധി വിഷയങ്ങൾ ജീവിതത്തിൽ കടന്നുവന്നേക്കാം. അന്നേരം പ്രതീക്ഷാ നിർഭരമായ ഉൾക്കാഴ്ചയും അനുഭവങ്ങൾ സമ്മാനിച്ച പാഠങ്ങളും ചേർത്തുവെച്ച് മുന്നോട്ട് പോയാൽ; നിരാശവേണ്ട, നമുക്കുള്ളത് വരും എന്ന തിരിച്ചറിവുണ്ടാകും. ആ ഊർജം ജീവിതവെളിച്ചമായി മാറും. പ്രതീക്ഷ കൈവിടാതെ. സ്ഥിരോത്സാഹത്തോടെ മുന്നോട്ട് പോയാൽ അല്ലാഹുവിന്റെ വിധിയുണ്ടെങ്കിൽ ഗുണകരമായ ഇടങ്ങളിൽ എത്തിപ്പെട്ടേക്കാം.

ക്ഷമിക്കുകയും പരിശ്രമിക്കുകയും അല്ലാഹുവിൽ ഭരമേൽപിക്കുകയും ചെയ്തു മുന്നോട്ട് പോകേണ്ടവരാണ് വിശ്വാസികൾ.

അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “ഒരു വിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ! നിശ്ചയം, അവന്റെ എല്ലാ കാര്യങ്ങളും അവന് നന്മയാണ്. അത് വിശ്വാസിക്കല്ലാതെ വേറെ ഒരാൾക്കുമില്ല. അവന് സന്തോഷം ബാധിച്ചാൽ അവൻ നന്ദി കാണിക്കും, അപ്പോൾ അത് അവന് നന്മയാണ്. ഇനി അവന് വല്ല ദ്രോഹവും ബാധിച്ചാൽ അവൻ ക്ഷമിക്കും, അപ്പോൾ അതും അവന് നന്മയാണ്.’’