‘എങ്കിലും എന്റെ റബ്ബേ...!’

ഇബ്‌നു അശ്‌റഫ്, ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ

2026 മാർച്ച് 28, 1447 ശവ്വാൽ 06

وَلَنَبْلُوَنَّكُم بِشَىْءٍۢ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍۢ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ ١٥٥

‘’കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക’’ (ക്വർആൻ 2:155).

‘എങ്കിലും റബ്ബേ, എന്നോടത് വേണ്ടായിരുന്നു...’ ചുണ്ടുകൾക്ക് പരിചയമില്ലെങ്കിലും പലരുടെയും ഹൃദയത്തിന്റെ അകത്തളങ്ങൾ ചിലപ്പോഴൊക്കെ മന്ത്രിച്ച വാചകമാകും ഇത്.

‘ഞാൻ അഞ്ചുനേരം നമസ്‌കരിച്ചിട്ടും നിരന്തരം പ്രാർഥിച്ചിട്ടും ഹൃദയാന്തരാളങ്ങളിൽ ദൈവചിന്ത സൂക്ഷിച്ചിട്ടും എനിക്ക് ഇതാണല്ലോ വിധിച്ചത്...ജീവിതത്തിൽ ഒരിക്കലും സംഭവിക്കരുതെന്ന് ഞാൻ എത്ര പ്രാവശ്യം കരുതിയതാണ് ഇതൊക്കെ! എന്നിട്ടും എനിക്കത് അനുഭവിക്കേണ്ടി വന്നല്ലോ! എത്രയെത്ര ആളുകളാണ് ദുർവഴിയിൽ ചലിച്ചിട്ടും സന്തോഷത്തോടുകൂടി ജീവിക്കുന്നത്. അവർക്ക് എന്തെല്ലാം അനുഗ്രഹങ്ങളാണ് നൽകപ്പെട്ടിരിക്കുന്നത്...’ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന, പറയുന്ന പലരുമുണ്ട്.

സഹോദരങ്ങളേ, നിങ്ങൾ പടച്ചവന്റെ വിധിയിൽ വിശ്വസിക്കുന്നില്ലേ? സൃഷ്ടികളിൽ ശ്രേഷ്ഠരായ നബിﷺ ജനിക്കുന്നതുതന്നെ യതീമായിട്ടാണെന്നത് നിങ്ങൾക്കറിയില്ലേ? ആറാം വയസ്സിൽ ഉമ്മയും എട്ടാം വയസ്സിൽ പിതാമഹനും മരണപ്പെട്ട് അനാഥത്വത്തിന്റെ സമ്പൂർണമായ വേദന അവിടുന്ന് അനുഭവിച്ചില്ലേ?

സ്‌നേഹനിധിയായ ഭാര്യ ഖദീജയും തണലായിരുന്ന പിതൃവ്യൻ അബൂത്വാലിബും വലിയ ഇടവേളകളില്ലാതെ മരണപ്പെട്ടില്ലേ? സ്വന്തം നാട്ടുകാരുടെയും കുടുംബക്കാരുടെയും ഉപദ്രവം സഹിക്കവയ്യാതെ നബിﷺക്ക് പലായനം ചെയ്യേണ്ടിവന്നില്ലേ? പ്രിയപ്പെട്ട ഭാര്യയെ കുറിച്ച് അപവാദം പ്രചരിപ്പിക്കപ്പെട്ടപ്പോൾ വേദനിക്കേണ്ടിവന്നില്ലേ?

എന്തെല്ലാം പ്രയാസങ്ങളും പ്രതിസന്ധികളും വേദനകളും അവിടുന്ന് അനുഭവിച്ചു! ഒരിക്കലെങ്കിലും റബ്ബിനോട് ‘എന്തിന് എന്നോടിത് ചെയ്തു’ എന്ന് ആവലാതി പറഞ്ഞോ? നന്ദികേടിന്റെ ഒരു വാക്കെങ്കിലും മൊഴിഞ്ഞോ? ഒരിക്കലുമില്ല! കൂടുതൽ വിനയാന്വിതനും ഭക്തനുമാകുകയാണ് ചെയ്തത്! റബ്ബിനോട് നിരന്തരം പ്രാർഥിച്ച്, നിരാശനാകാതെ ജീവിച്ച് വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കുകയാണ് ചെയ്തത്.

അല്ലാഹു നബിﷺയെ കൈവിട്ടില്ല. ഖദീജ(റ) മരിച്ചപ്പോൾ ആഇശ(റ)യെയും ഹഫ്‌സ(റ)യെയും പകരം നൽകി. അബൂത്വാലിബ് മരണപ്പെട്ടപ്പോൾ ഉമറി(റ)നെ കൊണ്ടും ഹംസ(റ)യെ കൊണ്ടും സഹായം നൽകി. അതെ, പടച്ചവൻ തനിക്ക് ഇഷ്ടമുള്ളവരെ ഏറെ പരീക്ഷിക്കും. പ്രവാചകന്മാരാണ് ഏറ്റവുമധികം പരീക്ഷിക്കപ്പെട്ടവർ എന്നത് ഇതിനു തെളിവാണ്.

ബുദ്ധിമുട്ടിക്കാനല്ല ഇതൊന്നും, നമ്മുടെ തേട്ടം റബ്ബ് കേൾക്കാഞ്ഞിട്ടുമല്ല. ഉരച്ചു നോക്കുന്തോറുമാണ് തിളക്കമേറുക. തീയിൽ ചുട്ട മൺകലത്തിനല്ലേ കൂടുതൽ ഉറപ്പുണ്ടാവുക? ആഗ്രഹിച്ചതൊക്കയും ലഭിക്കുന്ന സ്വർഗം ലഭിക്കുവാൻ അർഹത ലഭിക്കണമെങ്കിൽ പരീക്ഷണങ്ങൾക്ക് വിധേയമായേ തീരൂ. അതിൽ പിടിച്ചു നിൽക്കാൻ കഴിയണം. ആടിയുലയരുത്.