ആസ്വാദനത്തിലെ തെറ്റും ശരിയും

നസീമ വാടാനപ്പള്ളി

2026 മാർച്ച് 07, 1447 റമദാൻ 17

ഇമാം ത്വബ്‌രി(റഹി) പറഞ്ഞു: “വിശുദ്ധ ക്വുർആനിന്റെ വ്യാഖ്യാനം അറിയാതെ പാരായണം ചെയ്യുന്നവരുടെ വിഷയത്തിൽ എനിക്ക് അതിശയം തോന്നുന്നു. അവർക്ക് എങ്ങനെയാണ് അതിന്റെ പാരായണ മാധുര്യം ആസ്വദിക്കാനാവുന്നത്?’’ (മുഅ്ജമൽ ഉദബാഅ് 18/63).

ശൈഖ് ഇബ്‌നു ബാസ്(റഹി) പറഞ്ഞു: “ചിലർ അല്ലാഹുവിനോടുള്ള പ്രാർഥനയിൽ കരയും. (എന്നാൽ) അല്ലാഹുവിന്റെ ക്വുർആൻ കേൾക്കുന്ന സന്ദർഭത്തിൽ കരയുകയുമില്ല. (ഇങ്ങനെയുള്ളവർ) തന്റെ നഫ്‌സിനെ ചികിൽസിക്കൽ അനിവാര്യമാണ്. ക്വുർആൻ പാരായണത്തിലുള്ള ഭയഭക്തി അവന്റെ പ്രാർഥനയിലുള്ള ഭയഭക്തിയെക്കാൾ ഏറ്റവും മഹത്ത്വമേറിയതാകുന്നു’’ (ഫതാവ 11/34).

അധികമാളുകളും റമദാൻ മാസത്തിലല്ലാതെ വിശുദ്ധ ക്വുർആൻ പാരായണം ചെയ്യുന്നില്ല. പാരായണം ചെയ്യുന്നവരിൽ തന്നെയും ധാരാളം പേർ ഒരു ദിനചര്യയെന്നോണം അത് നിർവഹിക്കുന്നില്ല. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഏറെ സമയം ചെലവഴിക്കുന്നു.

ജീവിതത്തിൽ ആസ്വാദനങ്ങൾ പല നിലക്കാണ്. ജീവിതത്തിന്റെ പല മേഖലകളെയും പലതരത്തിൽ മനുഷ്യർ ആസ്വദിക്കുകയും ചെയ്യുന്നു. സ്രഷ്ടാവിനെ തിരിച്ചറിഞ്ഞുകൊണ്ട് അവനു വിനയപ്പെട്ട് ജീവിതം ചിട്ടപ്പെടുത്തുകയും അവനുള്ള ആരാധനകളിൽ മുഴുകുകയും ചെയ്തു ജീവിതത്തെ ആസ്വദിക്കുന്നവരുണ്ട്. ലക്ഷ്യബോധമില്ലാതെ നിഷിദ്ധമായ നൈമിഷിക സന്തോഷങ്ങളിൽ ആസ്വാദനം കണ്ടെത്തി, പിന്നീട് തീരാനഷ്ടത്തിലേക്ക് വഴുതിപ്പോകുന്നവരുണ്ട്. ‘മൈ ബോഡി, മൈ ചോയ്‌സ്’ എന്ന മുദ്രാവാക്യവുമായി ജീവിതത്തെ തോന്നിയപോലെ ആസ്വദിക്കുന്നവരുടെ എണ്ണം ഇന്ന് ഏറി വരികയാണ്. അധാർമികതകൾക്ക് വ്യത്യസ്ത പേരുകൾ നൽകി ആഘോഷമാക്കി ആസ്വദിക്കുകയാണ് പുതുതലമുറ. ഇത്തരം ആസ്വാദനങ്ങൾ ഖേദത്തിനിടവരുത്തുമെന്ന് പറയുന്നവരോട് അവർക്ക് പുച്ഛമാണ്.

ഏതൊരു പ്രവൃത്തിയാകട്ടെ, ചെയ്യുമ്പോൾ കുറ്റബോധമില്ലാത്തതും പിന്നീട് അതിന്റെ പേരിൽ ഖേദിക്കാനിടവരാത്ത തരത്തിൽ, മനസ്സിന് സന്തോഷവും സമാധാനവും നൽകുന്നതുമായിരിക്കുമ്പോഴാണ് അതിൽ ശരിയായ ആസ്വാദനം കണ്ടെത്താൻ കഴിയുക. എന്നാൽ തിരിച്ചറിവില്ലാത്ത മനുഷ്യർ താൽക്കാലിക ആസ്വാദനങ്ങൾക്കു പിന്നാലെ പായുകയാണ്.

സന്തോഷത്തിലും സന്താപത്തിലും ചിലർ ആസ്വാദനം കണ്ടെത്തുന്നത് മദ്യപാനത്തിലൂടെയാണ്. മയക്കുമരുന്നിലും കാതടപ്പൻ സംഗീതത്തിലും അവിഹിത ബന്ധങ്ങളിലുമെല്ലാം ആസ്വാദനം കണ്ടെത്തുന്നവരുണ്ട്. സ്വന്തം ആരോഗ്യം നഷ്ടപ്പെടുന്നതും കുടുംബ ജീവിതം ശിഥിലമാകുന്നതുമൊക്കെയാണ് ഇതുകൊണ്ടുള്ള നേട്ടങ്ങൾ.

ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നതും അനിവാര്യവുമായ ഒന്നാണ് സമാധാനം. സമാധാനം തേടി അലയുന്നവരുണ്ട്. നേരത്തെ പറഞ്ഞതുപോലെ പലരും സമാധാനം കണ്ടെത്തുന്നത് ലഹരി വസ്തുക്കളിലാണ്. മറ്റു ചിലരാകട്ടെ ആത്മീയ തട്ടിപ്പു കേന്ദ്രങ്ങളിൽ അഭയം തേടുന്നു.

‘സിയാറത്ത് ടൂർ’ എന്ന ഓമനപ്പേരിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ജാറങ്ങളിലേക്ക് ആകർഷകമായ പരസ്യത്തിലൂടെ പാമരജനങ്ങളെ മാടിവിളിക്കുന്ന പണ്ഡിത വേഷധാരികളുണ്ട്. അല്ലാഹുവിനോട് പ്രാർഥിക്കുന്നതിൽ ആസ്വാദനം കണ്ടെത്താൻ കഴിയാത്തവർ എന്നോ മരിച്ച് മണ്ണടിഞ്ഞവരെ വിളിച്ചു തേടി അതിൽ ആസ്വാദനവും സമാധാനവും കണ്ടെത്തുന്നു!

എൻഎൽപി, മെന്റലിസം പോലുള്ള പേരുകളിൽ അറിയപ്പെടുന്ന, മതത്തിന് യോജിക്കാത്ത ആത്മീയ തട്ടിപ്പുവലകളിൽ വലിയ തുക ഫീസ് നൽകി വീഴുന്നവരുണ്ട്. കണ്ണടച്ചിരുന്ന് ധ്യാനിക്കലും ക്വുർആൻ ഓതി കൂട്ടമായി ഉച്ചത്തിൽ കരയലും ചിരിക്കലുമൊക്കെയാകുമ്പോൾ ആളുകൾ അതിൽ ആസ്വാദനം കണ്ടെത്തുന്നു. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണകൊണ്ടാണ് ഹൃദയങ്ങൾ ശാന്തമാവുക എന്ന, റബ്ബിന്റെ വചനത്തിന് വില കൽപിക്കാത്തവർക്ക് എന്ത് സമാധാനവും ആസ്വാദനവുമാണ് ലഭിക്കുക?