ഇതൊക്കെ പറയാൻ താനാരാ?

ഹാദി അബ്ദുൽ റഊഫ് കൂടാളി, കണ്ണൂർ

2026 ജനുവരി 24, 1447 ശഅ്ബാൻ 05

‘മോളേ, ഇന്നിവിടെ നിന്റെ പ്രായത്തിലുള്ള നീ മാത്രമെ ചുണ്ടു ചുവപ്പിക്കാത്തവളായി ഉള്ളൂ. നീയാണ് മോളേ, ഇന്നത്തെ താരം!’ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത പെൺകുട്ടിയോട് പ്രായമായ സ്ത്രീ പറഞ്ഞതാണിത്. ചുരുങ്ങിയ വാക്കുകളാണെങ്കിലും ഇതിലെ ആശയം വളരെ വലുതാണ്. ‘നാടോടുമ്പോൾ നടുവേ ഓടുക’ അല്ലെങ്കിൽ ‘ഒഴുക്കിനൊത്ത് നീങ്ങുക’ എന്നൊക്കെയുള്ള ചൊല്ല് നേർക്കാഴ്ചയാകുന്ന വർത്തമാന കാലത്ത് ഇത്തരം വാക്കുകൾ അത്യപൂർവമാണ്.

‘എല്ലാവരും ചെയ്യുന്നു’ അതുകൊണ്ട് ഞാനും ചെയ്യുന്നു,’ ‘ഞാനത് ചെയ്തില്ലെങ്കിൽ അവരെന്തു കരുതും’ എന്നൊക്കെയാണ് പലരുടെയും ചോദ്യം. ഈയൊരു നിലയില്ലാ നിലപാട് സ്വീകരിക്കുന്ന നമ്മെ ‘കൊത്തി വലിക്കാൻ’ തക്കംപാർത്തു കഴിയുന്ന കുറെ പുരോഗമനവാദികൾ, അവർ സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരു പറഞ്ഞ് ഇത്തരം ആഭാസങ്ങളെ ആഘോഷമായും ആചാരമായും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഇതിന്റെ നിജസ്ഥിതി തിരിച്ചറിയാത്ത നമ്മൾ പൊടുന്നനെ ഇവരുടെ കൊടുംകെണിയിൽ അകപ്പെട്ടു പോവുകയും ചെയ്യുന്നു.

വിവാഹ വേദികളിൽ വധൂവരന്മാരെ കോമാളി കളിപ്പിക്കുന്നത് മാറി. ഇന്ന് സ്വയം കോമാളികളാകുന്ന നവ ദമ്പതിമാരെയാണ് നാം കാണുന്നത്. അവർക്കൊപ്പം ‘ചുവടുവെക്കുന്ന’ ബന്ധുമിത്രാദികളെയും കാണാം. മാന്യത അൽപമെങ്കിലും കാത്തുസൂക്ഷിക്കുന്നവരാകട്ടെ പടിക്ക് പുറത്താണ്.

അനസ് ഇബ്‌നു മാലിക്(റ) നിവേദനം; നബി ﷺ അരുളി: “ജനങ്ങൾക്ക് ഒരു കാലം വരും. അന്ന് തന്റെ ദീനിൽ ക്ഷമയോടെ ഉറച്ചുനിൽക്കുന്നവൻ ചൂടുള്ള തീക്കനൽ കൈകൊണ്ട് പിടിക്കുന്നവനെ പോലെയായിരിക്കും’’ (തിർമുദി).

ഈ പ്രവാചക വചനം അക്ഷരംപ്രതി പുലർന്നിരിക്കുന്നു. തോന്നിവാസങ്ങൾക്കെതിരിൽ ഒന്ന് ശബ്ദമുയർത്തിയാൽ, അരുതായ്മകൾ കണ്ട് മുഖം ചുളിച്ചാൽ അത് ‘താലിബാനിസ’മാണ് പോലും. ‘എന്ത് അധർമം കണ്ടാലും ആരും മിണ്ടരുത്’ എന്നാണ് ഇവരുടെ ആവശ്യം. ‘ഇങ്ങനെയൊക്കെ ചെയ്താൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ,’ ‘ഇതൊക്കെ പറയാൻ താനാരാ’ എന്നൊക്കെയുള്ള ചോദ്യം സ്വന്തം മാതാപിതാക്കളോയാണ്, ഗുരുനാഥന്മാരോടാണ്!

ലിബറൽ ചിന്താഗതിക്കാർ അവരുടെ വിഷ വിത്തുകൾ എളുപ്പത്തിൽ വിറ്റു പോകുന്നതിനായി സ്വീകരിച്ച മാർഗം, സമൂഹത്തിൽ നിലനിൽക്കുന്ന, മനുഷ്യനെ മറ്റു ജീവിവർഗങ്ങളിൽനിന്നും വ്യത്യസ്തനാക്കുന്ന ‘ലജ്ജ’ എന്ന സദ്ഗുണത്തെ തുടച്ചുനീക്കലാണ്. ഈ സവിശേഷ ഗുണം ഒരു മനുഷ്യനിൽ ഇല്ലാതാകുന്നതോടുകൂടി അവന് പിന്നെ നന്മയും തിന്മയും ഒരുപോലെയാണ്. ഉക്ബത്ത് ഇബ്‌നു ആമിർ(റ) നിവേദനം; റസൂൽﷺ പറഞ്ഞു: “നിനക്ക് ലജ്ജയില്ലെങ്കിൽ നീ തോന്നിയതുപോലെ ചെയ്തുകൊള്ളുക’’(ബുഖാരി).

യഥാർഥത്തിൽ ഇന്നിവിടെ സംഭവിക്കുന്നതും ഇതുതന്നെയാണ്. ‘നാണം’ അല്ലെങ്കിൽ ‘ലജ്ജ’ എന്ന ഗുണം സമൂഹത്തിന് വിനഷ്ടമായിക്കൊണ്ടിരിക്കുന്നു. ‘മൈ ബോഡി, മൈ ലൈഫ,്’ ‘മൈ ലൈഫ് മൈ ചോയ്‌സ്’ എന്നൊക്കെ പുലമ്പുന്നവരുടെ കണ്ണിൽ ഇസ്‌ലാമാണ് ഏക ശത്രു. കാരണം മനുഷ്യൻ മൃഗത്തെ പോലെയാകരുതെന്ന് ഇസ്‌ലാം നിഷ്‌കർശിക്കുന്നു. അല്ലാഹു പറയുന്നു: “അവരുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവർ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂർണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികൾക്ക് അത് അനിഷ്ടകരമായാലും’’ (ക്വുർആൻ 9:32).