വൃക്കരോഗങ്ങൾ വരാതിരിക്കാൻ
ഡോ. ടി. കെ. യൂസുഫ്
2025 ആഗസ്റ്റ് 09, 1447 സഫർ 15

മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിക്കാൻ കഴിവളള ഒരു അവയവമാണ് കിഡ്‌നി. ഇതര അവയവങ്ങളെ അപേക്ഷിച്ച് ഒരാളുടെ പ്രായം നാൽപത് ആകുന്ന സമയത്തും എൺപത് ആകുന്ന സമയത്തും അതിന് ഒരു പോലെ പ്രവർത്തിക്കാൻ കഴിയും. എന്നാൽ ഇന്ന് അനവധിയാളുകൾ വൃക്കകൾ തകരാറിലായത് നിമിത്തം ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
വൃക്കരോഗങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി തുടക്കത്തിൽ അത് യാതൊരു ലക്ഷണവും കാണിക്കുന്നില്ല എന്നതാണ്. തന്നിമിത്തം തൊണ്ണൂറ് ശതമാനം ആളുകളും വൃക്ക പാടെ തകർന്നതിന് ശേഷമാണ് രോഗം കണ്ടെത്തുന്നത്. അതുകൊണ്ട് പ്രമേഹം, രക്ത സമ്മർദം തുടങ്ങി മാറാരോഗമുളളവർ വർഷത്തിൽ ഒരിക്കലെങ്കിലും മൂത്രത്തിലെ മൈക്രോ ആൽബുമീൻ, രക്തത്തിലെ ക്രിയാറ്റിൻ എന്നിവ പരിശോധിക്കേണ്ടതാണ്. തുടക്കത്തിൽതന്നെ കണ്ടെത്തിയാൽ ചികിത്സ, ഭക്ഷണ രീതി എന്നിവകൊണ്ട് ദീർഘകാലം പിടിച്ചുനിൽക്കാൻ കഴിയും.
കിഡ്‌നിയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും തകരാറുകൾ തടയാനും ധാരാളം പ്രകൃതിപരമായ ഔഷധങ്ങളും ആഹാരങ്ങളുമുണ്ട്. ഇവ പിന്തുടരുകയാണെങ്കിൽ വൃക്കരോഗങ്ങൾ വരാതിരിക്കാനും ഒരളവോളം അതിനെ തടയാനും സാധിക്കും. പല രാജ്യങ്ങളിലെയും ജേർണലുകളിൽ ചിതറിക്കിടക്കുന്ന ഇത്തരം വിവരങ്ങൾ ശേഖരിക്കുകയാണെങ്കിൽ കിഡ്‌നി രോഗികൾക്ക് അത് പ്രയോജനപ്രദമായിരിക്കും. എന്നാൽ ഈ വിവര ശേഖരംകൊണ്ട് ആർക്കും വരുമാനമുണ്ടാകാത്തത് കാരണം ഇവ പലർക്കും അജ്ഞാതമാണ്.
‘ക്രോണിക് കിഡ്‌നി ഡിസീസ്’ എന്ന പേരിലറിയപ്പെടുന്ന വിട്ടുമാറാത്ത വൃക്കരോഗങ്ങളിലേക്ക് വഴിവെക്കുന്ന ഒന്നാമത്തെ കാരണം പ്രമേഹമാണ്. രക്തസമ്മർദ്ദമാണ് രണ്ടാമത്തെ നിമിത്തമായി ഗണിക്കുന്നത്. പ്രമേഹരോഗികളിൽ നാൽപത് ശതമാനത്തിന് ഡയബറ്റിക് നെഫ്രോപതി എന്ന വൃക്ക രോഗം ബാധിക്കുന്നുണ്ട്. മൂത്രത്തിലൂടെ പ്രോട്ടീൻ അല്ലെങ്കിൽ ആൽബുമീൻ ലീക്ക് ചെയ്യുന്നതാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണം. ഉയർന്ന രക്തസമ്മർദമുളളവരിൽ മുപ്പത് ശതമാനത്തിനും വികസിത രാജ്യങ്ങളിൽ ഈ രോഗം ബാധിക്കുന്നുണ്ട്. ശരീരത്തിലെ പ്രതിരോധത്തിലെ താളപ്പിഴയും ചില രോഗാണുക്കളും കിഡ്‌നിരോഗങ്ങളിലേക്ക് വഴിവെക്കുന്നുണ്ട്. നെഫ്രോ ടോക്‌സിക് എന്ന പേരിലറിയപ്പെടുന്ന ചില മരുന്നുകൾ കിഡ്‌നിക്ക് കഠിനമായ പരിക്കേൽപിക്കുകയും അതിനെ തകരാറിലാക്കുകയും ചെയ്യുന്നുണ്ട്. വേദന സംഹാരികളും ചില ആന്റി ബയോട്ടിക്കുകളും ക്യാൻസർ രോഗത്തിനുളള മരുന്നുകളും ഈ ഗണത്തിൽ പെടുന്നതാണ്. ഇവയ്ക്ക് പുറമെ ജനിതക കാരണങ്ങളും കിഡ്‌നി രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. പുകവലി, പൊണ്ണത്തടി, പ്രായക്കൂടുതൽ, മരുന്നുകൾ, നിർജലീകരണം എന്നിവയെല്ലാം വൃക്കരോഗങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതാണ്.
മനുഷ്യശരീരത്തിലെ സുപ്രധാന ദൗത്യങ്ങൾ നിർവഹിക്കുന്ന ഒരു അവയവമാണ് കിഡ്‌നി. അവയുടെ ജോലികൾ എന്തെന്ന് മനസ്സിലാക്കി അമിത ജോലിഭാരത്തിലൂടെ അതിനെ തകർക്കാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. ശരീരത്തിലെ മാലിന്യങ്ങളും അമിതജലവും നീക്കം ചെയ്യലാണ് പ്രഥമവും പ്രധാനവുമായ ദൗത്യം. ദിനേന 180 ലിറ്റർ രക്തം ശുദ്ധീകരിച്ചിട്ടാണ് അവ മൂത്രം ഉത്പാദിപ്പിക്കുന്നത്. കിഡ്‌നിയുടെ മറ്റൊരു ദൗത്യം രക്തസമ്മർദം നിയന്ത്രിക്കുകയാണ്. രക്ത ശുദ്ധീകരണത്തിന് സമ്മർദം ആവശ്യമാണെങ്കിലും അധികമായാൽ അത് വൃക്കയെ പ്രതികൂലമായി ബാധിക്കുകയും രക്തസമ്മർദം വീണ്ടും ഉയരുകയും ചെയ്യും.

വൃക്കയുടെ ജോലി ഇവയിൽ മാത്രം പരിമിതമാകുന്നില്ല. ശരീരത്തിലെ വൈറ്റമിൻ ഡി പ്രവർത്ത നക്ഷമമാക്കുന്നത് കിഡ്‌നിയാണ്. നമുക്ക് ഭക്ഷണത്തിലൂടെയോ സപ്ലിമെന്റിലൂടെയോ ലഭിക്കുന്ന
വൈറ്റമിൽ ഡി ആക്റ്റീവ് ആയിരിക്കില്ല. പിന്നീട് കരൾ അതിനെ ഹൈഡ്രോക്‌സിയും പിന്നീട് കിഡ്‌നി അതിനെ ഡിഹൈഡ്രോ
ക്‌സിയുമാക്കി മാറ്റുമ്പോഴാണ് അവ ശരീരത്തിന് പ്രയോജനപ്പെടുന്നത്. ഈ വൈറ്റമിൻ ഡി ഉണ്ടെങ്കിലേ ഭക്ഷണത്തിലെ കാൽസ്യം, ഫോസ്ഫറസ് എന്നി വ
വലിച്ചെടുക്കാൻ കഴിയൂ. ഇവയുടെ സന്തുലനവും നിർവഹിക്കുന്നത് കിഡ്‌നി തന്നെയാണ്. നമ്മുടെ ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കണമെങ്കിലും വൃക്കയുടെ പ്രവർത്തനം
അനിവാര്യമാണ്. രക്തം ഉണ്ടാകാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ നമ്മുടെ ശരീരത്തിൽ എത്രമാത്രം ഉണ്ടെങ്കിലും കിഡ്‌നി ഉത്പാദിപ്പിക്കുന്ന എരിത്രോപോയ്റ്റീൻ എന്ന ഹോർമോൺ മജ്ജക്ക് നിർദേശം നൽകുമ്പോഴാണ് രക്തനിർമാണം നടക്കുന്നത്. ഡയാലിസിസിന് വിധേയരാകുന്ന രോഗികളുടെ വിളർച്ച തടയാൻ ഇപ്പോൾ ഈ ഹോർമോൺ സമാനതകൾ കുത്തിവെക്കുന്നുണ്ട്. ഇത് കണ്ടെത്തുന്നതിനു മുമ്പ് ഇവർക്ക് ഇടക്കിടെ രക്തം കയറ്റേണ്ടിവന്നിരുന്നു.
കിഡ്‌നിയുടെ സുപ്രധാനമായ മറ്റൊരു ദൗത്യം ശരീരത്തിലെ അമ്ലവും ക്ഷാരവും സന്തുലിതമാക്കി പിഎച്ച് നിലനിർത്തുകയാണ്. നമ്മൾ കഴിക്കുന്ന ആഹരങ്ങളിൽ ഈ രണ്ട് ഗുണമുള്ളവയുമുണ്ട്. അമ്ല ഗുണമുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവരുടെ വൃക്കകൾ പിഎച്ച് നോർമലാക്കാൻ അമിത ജോലി ചെയ്യേണ്ടിവരും. അസ്ഥികളിലെ കാൽസ്യം വലിച്ചെടുത്താണ് കിഡ്‌നി അസിഡിറ്റി നിർവീര്യമാക്കുന്നത്. ശരീരത്തിലെ അസിഡിറ്റി നിയന്ത്രിക്കാൻ കഴിഞ്ഞാൽ കിഡ്‌നി പരാജയം തടയാനോ നിയന്ത്രിക്കാനോ കഴിയും.
ക്രോണിക് കിഡ്‌നി രോഗങ്ങൾ മാറ്റിയെടുക്കാൻ കഴിയില്ല എന്നാണ് വൈദ്യശാസ്ത്രം പരമ്പരാഗതമായി പഠിപ്പിച്ചുവരുന്നത്. രോഗികൾക്ക് ഇന്ന് നൽകപ്പെടുന്ന മരുന്നുകളെല്ലാം രോഗം നിയന്ത്രിക്കുകയോ സ്ഥിതി വഷളാകാതിരിക്കാൻ സംരക്ഷണം നൽകുകയോ മാത്രമാണ് ചെയ്യുന്നത്. ഈ മരുന്നുകൾക്കെല്ലാംതന്നെ അതിന്റെതായ പാർശ്വഫലങ്ങളുമുണ്ട്. എന്നാൽ പ്രകൃതി മാർഗങ്ങൾ പിന്തുടരുന്നതിലൂടെ അത് ഒരളവോളം മാറ്റിയെടുക്കാൻ കഴിയുമെന്നാണ് ചില സുപ്രസിദ്ധ നെഫ്രോളജിസ്റ്റുകൾ പറയുന്നത്. ഇത്തരം പഠന ഗവേഷണ ഫലങ്ങൾ പിയർ റിവ്യൂഡ് ജേർണലുകളിൽ പ്രസിദ്ധം ചെയ്തിട്ടുമുണ്ട്. ലളിതമായ ഭക്ഷണരീതികൾ പിന്തുടുന്നതിലൂടെ മരുന്നുകളില്ലാതെ, അല്ലെങ്കിൽ അവയുടെ പാർശ്വഫലങ്ങളില്ലാതെ വൃക്ക തകരാറുകളെ തടഞ്ഞുനിർത്താൻ കഴിയും. പോഷക സമൃദ്ധമായതും ധാരാളം നാരുകളുളളതും കുറഞ്ഞ പ്രോട്ടീനുളളതും കൂടുതൽ ആന്റി ഓക്്‌സിഡന്റുകളടങ്ങിയതുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. സംസ്‌ക്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, പൂരിത കൊഴുപ്പുകൾ എന്നിവ പാടെ വർജിക്കുകയും വേണം. അതിലേറെ പ്രധാനം ശുദ്ധജലം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുകയാണ്.
അമേരിക്കൻ, ആഫ്രിക്കൻ, ഏഷ്യൻ, യൂറോപ്യൻ നാട്ടുവൈദ്യങ്ങളെ കേന്ദ്രീകരിച്ച് പ്രകൃതി മാർഗങ്ങളിലൂടെ വൃക്കരോഗങ്ങൾ തടയാനുളള പഠനങ്ങൾ നടത്തിയിട്ടുണ്ട്. ആധുനിക വൈദ്യ ശാസ്ത്രവും ഇവയുടെ ഫലപ്രാപ്തി അംഗീകിരിച്ചിട്ടുണ്ട്. ഉദാഹരണമായി, ശുദ്ധമായ കുടിവെളളം ആരോഗ്യത്തിന്റെ അടിത്തറയാണെന്നത് ഏവരും അംഗീകരിച്ചതാണ്. രോഗം മാറാനും അത് അനിവാര്യമാണ്. കിഡ്‌നി രോഗങ്ങളുടെ കാര്യത്തിൽ അത് അത്യന്താപേക്ഷിതമാണ്. ശുദ്ധജലത്തിന്റെ അഭാവമാണ് പലരുടെയും കിഡ്‌നിയുടെ കഥ കഴിക്കുന്നത്. അതുകൊണ്ട് രോഗത്തെ തടയണമെങ്കിൽ മതിയായ അളവിൽ വെളളം കുടിക്കേണ്ടതുണ്ട്. ശുദ്ധമായ കിണർ ജലം സമൃദ്ധമായും സൗജന്യമായും ലഭിക്കുന്ന നമ്മുടെ നാട്ടിലും വെളളം കുടിക്കാതെ പലരും ധാരാളം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. കുടിവെളളത്തിന് മിനറൽ ബോട്ടിലുകളെ ആശ്രയിക്കുന്ന രീതി ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കിഡ്‌നി രോഗികളെ സംബന്ധിച്ചേടത്തോളം ഇത് അത്ര നല്ലതല്ല. കാരണം കുപ്പിവെളളത്തിൽ ചേർക്കുന്ന മിനറലുകൾ രാസലവണങ്ങളായതിനാൽ അതിനെ പുറന്തളളുന്ന ജോലികൂടി കിഡ്‌നി നിർവഹിക്കേണ്ടിവരും. നമ്മുടെ ശരീരത്തിന് ആവശ്യമായ ലവണങ്ങൾ സാധാരണ ഗതിയിൽ ഭക്ഷണത്തിൽനിന്നുതന്നെ ആവശ്യത്തിന് ലഭിച്ചിരിക്കും. ബോട്ടിൽ ജലത്തിന്റെ മറ്റൊരു പ്രശ്‌നം അതിൽ കലരുന്ന ബിസ്ഫനോൾ എ പോലുളള പ്ലാസ്റ്റിക് കണികകളാണ്. ഇവയുണ്ടാക്കിനിടയുളള ആരോഗ്യ പ്രശ്‌നങ്ങൾ അനവധിയാണ്.
ഒരാൾ ഒരു ദിവസം കുടിക്കേണ്ട വെളളത്തിന്റെ അളവ് എത്രയാണ് എന്നതാണ് പലർക്കും അറിയാത്തത്. ഒരു പുരുഷൻ 3.7 ലിറ്ററും സ്ത്രീ 2.7 ലിറ്ററും കുടിക്കണമെന്നാണ് അമേരിക്കയിലെ ദേശീയ സയൻസ് അക്കാദമി നിർദേശിക്കുന്നത്. എല്ലാ പാനീയങ്ങളുമടക്കമാണ് ഇത് കണക്കാക്കുന്നത്. ചായ, കാപ്പി, കോള പോലുളള പാനീയങ്ങൾ വെള്ളത്തിന്റെ ആവശ്യം പരിഹരിക്കുമെങ്കിലും അതിന് ഒരു നിർജലീകരണ പ്രവണത കൂടിയുണ്ടെന്ന് നാം മനസ്സിലാക്കണം. കിഡ്‌നി മാറ്റിവെച്ചവരും ഡയാലിസ് ചെയ്യുന്നവരും അവരുടെ ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രമാണ് വെളളം കുടിക്കേണ്ടത്. അല്ലാത്തവർ എത്ര തിരക്കുളളവരാണെങ്കിലും വെളളം കുടിക്കാൻ സമയം കണ്ടെത്തേണ്ടതാണ്. മറ്റു ശരീര കോശങ്ങളെ പോലെ കിഡ്‌നിയുടെ നല്ലൊരു ശതമാനവും വെളളമാണ്. അതിന് പ്രവർത്തിക്കണമെങ്കിലും ജലം ആവശ്യമാണ്. ഭക്ഷണത്തിന്റെ ഇടവേളകളാണ് വെളളം കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. 200 മില്ലി അളവുളള പത്തു ഗ്ലാസ് വെളളമെങ്കിലും പല സമയത്തായി കുടിക്കണം. എന്നാൽ ശരീരത്തിന് ആവശ്യമുളള വെളളം ഒട്ടകത്തെ പോലെ ഒറ്റയടിക്ക് അകത്താക്കുന്ന ശീലം നല്ലതല്ല. കാരണം അത് സോഡിയം കുറവ് പോലുളള വിപരീത ഫലമുണ്ടാക്കും. മൂത്രത്തിൽ പതയും നിറവ്യത്യാസവുമുണ്ടാകുന്നത് കാണുന്നവർ ജാഗ്രതി പാലിക്കേണ്ടതാണ്.
(തുടരും)

