ഭക്ഷ്യ ഔഷധങ്ങൾ

ഡോ. ടി. കെ. യൂസുഫ്

2025 സെപ്തംബർ 06, 1447 റബീഉൽ അവ്വൽ 12

(വൃക്കരോഗങ്ങൾ വരാതിരിക്കാൻ 3)

വൈറ്റമിനുകൾ

വൈറ്റമിൻ ഡി കിഡ്‌നി സംരക്ഷണ രംഗത്ത് സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിൽ തട്ടുമ്പോൾ ചർമത്തിനടിയിലെ കൊളസ്‌ട്രോൾ വൈറ്റമിൻ ഡി ആയി പരിവർത്തിക്കപ്പെടും. തികച്ചും സൗജന്യമായി ലഭിക്കുന്ന വൈറ്റമിൻ ഡിയുടെ കുറവ് മൂലം ഇന്ന് അനവധിയാളുകൾ രോഗികളായി മാറുന്നുണ്ട് എന്നതാണ് അത്ഭുതകരം. ട്യൂണ, അയല, സാൽമൺ എന്നീ മത്സ്യങ്ങളിലും കൂണിലും ഇത് കാണപ്പെടുന്നുണ്ട്. കുടലിൽനിന്ന് കാൽസ്യം ആഗിരണം ചെയ്യുന്നതിനെ ത്വരിതപ്പെടുത്തുകമൂലം അസ്ഥികൾക്ക് ശക്തി നൽകാൻ ഇതിന് കഴിയും. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളെ തടയാൻ വൈറ്റമിൻ ഡിക്ക് കഴിയുമെന്നും ഇതിന്റെ കുറവ് വൃക്ക രോഗങ്ങൾക്ക് കാരണമാകുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കിയിലെ അഞ്ച് ഡയാലിസിസ് സെന്ററുകളിൽ നടത്തിയ പഠനത്തിൽ അവിടങ്ങളിലെ രോഗികളിൽ 92 ശതമാനവും വൈറ്റമിൻ ഡിയുടെ കുറവുളളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മതിയായ അളവിൽ അവർക്ക് വൈറ്റമിൻ ഡി നൽകിയപ്പോൾ അവരുടെ പ്രമേഹവും രക്തസമ്മർധവും കുറയുന്നതായി കാണുകയുണ്ടായി. രക്തസമ്മർദത്തിന് കാരണമായ ആൻജിയോടെൻസിനെ അടിച്ചമർത്തിക്കൊണ്ടാണ് വൈറ്റമിൽ ഡി ഇത് നിർവഹിക്കുന്നത്.

ആരോഗ്യ സംരക്ഷണം ആഗ്രഹിക്കുന്നവരെല്ലാം രോഗങ്ങളുടെ പ്രയാസങ്ങളില്ലെങ്കിലും വർഷത്തിലോരിക്കൽ വൈറ്റമിൻ ഡിയുടെ അളവ് പരിശോധിക്കുന്നത് നന്നായിരിക്കും. 30 മുതൽ 100 വരെയുളള അളവാണ് നോർമലായി പരിഗണിക്കുന്നത്. 100ന് മുകളിലാണ് കൂടുതൽ സുരക്ഷിതം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. രോഗം വന്ന് ചികിത്സിക്കുന്നതിലും ഭേദം മുൻകൂട്ടി തടയുന്നതാണല്ലോ. വൈറ്റമിൻ ഡി ലഭിക്കാൻ ഇളം വെയിൽ കൊള്ളാനാണ് പലരും പറയാറുളളത്. സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികൾ ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത്. എന്നാൽ ഈ അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുമ്പോഴാണ് ചർമ്മത്തിനിടിയിലെ കൊളസ്‌ട്രോ

ളിന്റെ പ്രഥമിക രൂപം ജീവകം ഡി ആയി മാറുന്നത്. സൂര്യപ്രകാശത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് അതിലെ അൾട്രാ വയലറ്റ് രശ്മികളുടെ അളവ് കൂടും. കുറഞ്ഞ സമയം കൊണ്ട് അത് അതിവേഗം ചർമങ്ങൾക്കടിയിലെ കൊഴുപ്പിനെ വൈറ്റമിൻ ഡി ആക്കി മാറ്റും. വൈറ്റമിൻ ഡിയുടെ അളവ് വളരെ കുറവുളളവർക്ക് വെയിൽ കൊളളുന്നതുകൊണ്ട് മാത്രം മതിയാകുകയില്ല. സപ്ലിമെന്റുകൾ കഴിക്കേണ്ടി വരും. സപ്ലിമെന്റുകളാണെങ്കിൽ കാര്യമായ പാർശ്വഫലമില്ലാത്തതും കുറിപ്പടിയില്ലാതെ വാങ്ങാൻ കഴിയുന്നതുമാണ്. കിഡ്‌നി രോഗങ്ങളെ തടയാൻ മാത്രമല്ല ആരോഗ്യ സംരക്ഷണ രംഗത്ത് ക്യാൻസർ പ്രതിരോധമടക്കം വേറെയും ധാരാളം ധർമ്മങ്ങൾ നിർവഹിക്കാൻ വൈറ്റമിൻ ഡി അനിവാര്യമാണ്.

ആരോഗ്യ സംരക്ഷണത്തിന് പൊതുവെയും കിഡ്‌നി രോഗങ്ങൾ തടയുന്നതിനും അനിവാര്യമായ മറ്റൊരു ജീവകം വൈറ്റമിൻ ബി 6 ആണ്. ശരീരത്തിലെ അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുട ഉപാജയപ്രവർത്തനത്തിൽ ഇത് ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രമേഹം, ഹൃദയാഘാതം എന്നിവ തടയാൻ ഇത് സഹായകമാണ്. ജീവകം ബി 6 ഡയബറ്റിക് നെഫ്രോപതിക്ക് ശമനം നൽകുമെന്ന് മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ തെളിയക്കപ്പെട്ടത് കൊണ്ടുതന്നെ ജീവകം ബി 6 ന്റെ വകഭേദമായ പെരിഡോക്‌സാമിൻ മരുന്നിന്റെ പട്ടികയിലാണ് വരുന്നത്.

വൈറ്റമിൽ കഴിഞ്ഞാൽ കിഡ്‌നി സംരക്ഷണത്തിന്റെ മറ്റൊരു ഘടകം ഒമേഗ 3 ഫാറ്റീ ആസിഡുകളാണ്. നമ്മൾ കഴിക്കുന്ന കൊഴുപ്പുളള ഭക്ഷണത്തിന്റെ രാസവിനിമയത്തിന്റെ അന്തിമ ഉത്പന്നങ്ങളാണ് ഫാറ്റി ആസിഡുകൾ. ശരീരത്തിൽ നിരവധി ധർമങ്ങൾ നിർവഹിക്കുന്ന ഇവയെ പലത രമായി തിരിച്ചിട്ടുണ്ട്. മോണോ, പോളി, സാച്യുറേട്ടഡ്, അൺ സാച്യുറേട്ടഡ് എന്നിവയാണത്. അതിൽ പോളി അൺ സാചുറേട്ടഡ് ഫാറ്റി ആസിഡുകളുടെ ഗണത്തിലാണ് ഒമേഗ 3, 6, 9 എന്നിവ വരുന്നത്. ഇതിൽ ആദ്യത്തെ രണ്ടെണ്ണം ശരീരത്തിന് സ്വയം നിർമിക്കാൻ കഴിയാത്തതുകൊണ്ട് ഇത് ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ടതുണ്ട്.

കൂടുതൽ ആരോഗ്യ ഗുണങ്ങളുളള ഒമേഗ 3 ഇപ്പോൾ കൂടുതൽ പ്രസക്തമായിട്ടുണ്ട്. ഇതിന്റെ നേട്ടങ്ങളെ കുറിച്ചുളള മിക്ക ഗവേഷണങ്ങളും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ വൃക്കയുടെ ആരോഗ്യത്തിനും ഇതും ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മിസിസിപ്പി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് നൽകിയ എലികളിൽ പ്രമേഹ വൃക്കരോഗം തടയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒമേഗ 3യുടെ ഭക്ഷ്യ ഉറവിടം അയല, മത്തി, സാൽമൺ തുടങ്ങിയ മത്സ്യങ്ങളാണ്. മറ്റൊരു മികച്ച ഉറവിടം കോഡ് ലിവർ ഓയിലാണ്. സസ്യങ്ങളിൽ ചിയസീഡ്, ചണവിത്ത്, വാൾനട്ട് എന്നിവയിലും ഇത് ധാരാളമുണ്ട്. മത്സ്യങ്ങളിലുളളതിനെക്കാൾ കൂടുതൽ അളവ് ഇവയിലാണ് കാണപ്പെടുന്നത്. ഒമേഗ 3 ദിവസവും കഴിക്കുന്നതിലൂടെ ആൽബുമിൻ, ക്രിയാറ്റിൻ എന്നിവയുടെ അളവ് കുറയുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഒലീവ് എണ്ണ പ്രവാചക വൈദ്യത്തിൽ പരാമർശിക്കപ്പെട്ട ഒരു ഔഷധമാണ്. അനവധി ആരോഗ്യ ഗുണങ്ങളുളള ഇത് വൃക്കരോഗ സംരക്ഷണത്തിനും സഹായകമാണ്. ഒലീവ് ഇലയുടെ സത്തിൽ അതിന്റെ എണ്ണയിൽ അടങ്ങിയതിനെക്കാൾ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. എണ്ണ കഴിക്കുന്ന പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇത് കഴിക്കാവുന്നതാണ്. ഒലീവ് ഇലയിലെ ഒലീറൂപിൻ ജെൻഡാമൈസിൻ പ്രേരിത കിഡ്‌നി രോഗങ്ങൾ തടയുമെന്ന് മൃഗങ്ങളിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇതര രോഗങ്ങളെ പോലെ വൃക്കരോഗങ്ങളെ തടയാനും ധാരാളം പ്രകൃതിദത്ത ഔഷധസസ്യ മാർഗങ്ങളിലൂടെ കഴിയും. എന്നാൽ പല ഡോക്ടർമാരും സംശയത്തോടുകൂടിയാണ് ഇതിനെ വീക്ഷിക്കുന്നത്. സകല രാജ്യങ്ങളിലും കാലങ്ങളായി ഉപയോഗിച്ച് വരുന്ന ഭക്ഷ്യ വസ്തുക്കൾ മാത്രമാണ് ഇതിൽ നിർദേശിച്ചിട്ടുളളത്. അവ ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷണമായോ ജീവകമായോ സുഗന്ധ വ്യജ്ഞനമായോ കഴിക്കുന്നതാണ്. കിഡ്‌നിയുടെ ജോലി ഭാരം കുറക്കുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മാർഗങ്ങളാണ് അതിൽ നിർദേശിക്കപ്പെടുന്നത്. അതിൽ നിർദേശിക്കപ്പെടുന്ന സമീകൃതാഹാരങ്ങൾ യാതൊരു പാർശ്വഫലങ്ങളുമില്ലാത്തതും ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമായതും മാത്രമാണ്. കിഡ്‌നിയുടെ ആരോഗ്യത്തിന് ഹാനികരമായ ഫാസ്റ്റു ഫുഡുകളും സംസ്‌കൃത ഭക്ഷണങ്ങളും വർധിച്ച് വരുന്ന ഇക്കാലത്ത് പ്രകൃതിദത്തമായ ആഹാര രീതിയിലൂടെ രോഗങ്ങൾ തടയാനുളള ഒരു ബോധവത്ക്കരണം അനിവാര്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്: Reverse Chronic Kidney Disease . How to Improve Kidney Function and Avoid Dialysis. By Yaw Boateng, MD, PhD.