ഭക്ഷ്യ ഔഷധങ്ങൾ
ഡോ. ടി. കെ. യൂസുഫ്
2025 ആഗസ്റ്റ് 30, 1447 റബീഉൽ അവ്വൽ 06

കിഡ്‌നി സംരക്ഷണത്തിന് ശുദ്ധജലം കഴിഞ്ഞാൽ ഏറ്റവും അത്യാവശ്യം പോഷകാഹരമാണ്. വൃക്ക സൗഹൃദമായ ധാരാളം ഭക്ഷണ വസ്തുക്കളുണ്ട്. കൂടുതൽ നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ സസ്യാഹാരങ്ങളാണ് കിഡ്‌നി രോഗികൾക്ക് ഉത്തമം. ഉപ്പ് കുറക്കുകയും സംസ്‌കൃത ആഹാരങ്ങൾ ഒഴിവാക്കുകയും വേണം. സസ്യാഹാരങ്ങൾ ഭക്ഷണത്തിലെ അസിഡിറ്റി കുറക്കുകയും തന്മൂലം കിഡ്‌നിയുടെ ജോലിഭാരം കുറക്കുകയും ചെയ്യും. അതുപോലെ പ്രോട്ടീൻ കുറഞ്ഞ ഭക്ഷണം കഴിക്കുകയാണെങ്കിൽ വൃക്കയുടെ തകരാർ നിയന്ത്രിച്ച് നിർത്താനും ഒരളവോളം അതിനെ സുഖപ്പെടുത്താനും കഴിയും.
മൃഗജന്യ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ കിഡ്‌നിക്ക് ജോലി ഭാരം കൂട്ടുകയും രോഗികളുടെ അവസ്ഥ മോശമാക്കുകയും ചെയ്യും. എന്നാൽ സസ്യ പ്രോട്ടീനുകൾ പലപ്പോഴും ഗുണകരമായി മാറുന്നുണ്ട്. മാംസങ്ങളിൽ ബീഫ് ഒഴിവാക്കി ചിക്കൻ കഴിച്ചാൽ മതി എന്ന ഒരു ധാരണ പലർക്കുമുണ്ട്. എന്നാൽ ഇവ രണ്ടും കിഡ്‌നിക്ക് ഒരേ ജോലി ഭാരം തന്നെയാണ് നൽകുന്നത്. മാംസത്തെക്കാൾ മത്സ്യത്തിന് പ്രധാന്യം നൽകുന്നതും ഇത് പോലെയാണ്. എല്ലാ പ്രോട്ടീനുകളും പ്രോട്ടീനാണ് എന്ന ധാരണ ഈ രംഗത്ത് തികച്ചും അസ്ഥാനത്താണ്. മത്സ്യങ്ങൾ പോലെ ഫോസ്ഫറസ് അടങ്ങിയ ഭക്ഷണവും കിഡ്‌നി രോഗികൾ വർജിക്കേണ്ടതാണ്. അമിത പ്രോട്ടീനുളള ഭക്ഷണങ്ങൾ അമിത ഫോസ്ഫറസ് കൂടി അടങ്ങിയതായതുകൊണ്ട് ഇത് ഒഴിവാക്കുന്നതിലൂടെ രണ്ട് ഗുണങ്ങളുണ്ട്. തന്നെയുമല്ല മാംസാഹാരം കഴിക്കുന്നവരിൽ അസിഡിറ്റി കൂടുതലായിരിക്കും. അതിനെ നിർവീര്യമാക്കാൻ കിഡ്‌നി കഠിനാധ്വാനം ചെയ്യേണ്ടിവരും. കക്കരി പോലുളള ക്ഷാരഗുണമുളള പച്ചക്കറികൾ കഴിച്ച് ഇത് പരിഹരിക്കാനാകുമെന്നാണ് പ്രകൃതി ചികിത്സകർ പറയുന്നത്.
ശരീരത്തിലെ അസിഡിറ്റി കിഡ്‌നിയുടെ ജോലിഭാരം കൂട്ടുകയും അത് മൂലമുണ്ടാകുന്ന കിഡ്‌നി തകരാർ അസിഡിറ്റി വർധിപ്പിക്കുകയും ചെയ്യും. അസിഡിറ്റിയാകട്ടെ ഒട്ടേറെ അസുഖങ്ങൾക്ക് വഴിവെക്കുന്നതാണ്. ക്ഷാരാംശമുളള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ അസിഡിറ്റി നോർമലാക്കാൻ കഴിയും. അതോടൊപ്പം ഒട്ടേറെ രോഗശമനത്തിനും ഈ ഭക്ഷണരീതി ഉപകരിക്കും. കിഡ്‌നി രോഗങ്ങളെ ചെറുക്കാനുളള ഒന്നാമത്തെ കാൽവയ്പ് ഭക്ഷണ രീതിയിലെ ഈ മാറ്റമാണ്. ഏത് ഭക്ഷണമാണ് അമ്ലഗുണമുള്ളത്, ഏതാണ് ക്ഷാരഗുണമുള്ളത് എന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. പഴങ്ങളിൽ വാഴപ്പഴം, മാങ്ങ, കിവി, മുന്തിരി, ചെറി, ഓറഞ്ച് പൈനാപ്പിൾ എന്നിവയും ഉണങ്ങിയ പഴങ്ങളിൽ കറുത്ത ഉണക്കമുന്തരി, അത്തിപ്പഴം, ആപ്രിക്കോട്ട് എന്നിവയല്ലാം ക്ഷാരഗുണങ്ങളുള്ളവയാണ്. പച്ചക്കറികളിൽ കാബേജ്, കാരറ്റ്, ബ്രോക്കോളി, പച്ചത്തക്കാളി, കോളിഫ്‌ളവർ എന്നിവയെല്ലാം അമ്ലഗുണമുള്ളവയാണ്. ചെറുനാരങ്ങ അമ്ലഗുണമുള്ളതാണെന്നാണ് പൊതുധാരണയെങ്കിലും അതിൽ പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, വൈറ്റമിൻ സി, ബി-6 എന്നിവ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി ഒഴിവാക്കാൻ മൃഗജന്യ ഭക്ഷണങ്ങൾ ഉപേക്ഷിച്ചതുകൊണ്ട് മാത്രം കാര്യമില്ല; പഴങ്ങളും പച്ചക്കറികളും കഴിക്കുകയും വേണം. അതുപോലെ ഉപ്പ് കുറക്കുകയും വേണം.
ഔഷധഗുണമുള്ള വസ്തുക്കൾ ആഹാരത്തിലുൾപെടുത്തുന്നതിലൂടെ കിഡ്‌നിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചി. എല്ലാ രാജ്യങ്ങളിലുമുള്ള നാട്ടുവൈദ്യങ്ങളിലും ഇത് പ്രയോഗിച്ച് വരുന്നതായി കാണാം. വളരെ പ്രസിദ്ധമായ ഒരു ആയുർവേദ ഔഷധം കൂടിയാണിത്. ‘ചുക്കില്ലാതെ കഷായമില്ല’ എന്ന ഒരു പഴമൊഴി തന്നെയുണ്ട്. ഇഞ്ചിയിൽ സ്റ്റിറോൾ, ഫ്‌ളാവനോയിഡ്, ആൽക്കലോയിഡ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇഞ്ചിക്ക് രക്തധമനികളെ വിശാലമാക്കാനും ശരീരഭാഗങ്ങളിലേക്കുളള രക്തമൊഴുക്ക് സുഗമമാക്കാനും കഴിവുണ്ട്. ഇത് കിഡ്‌നിക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ഭക്ഷണത്തിൽ ചേർക്കുന്ന ഇഞ്ചികൊണ്ട് മാത്രം ആവശ്യമായ അളവ് ലഭിക്കുകയില്ല. അതിന് വേണ്ട ഇഞ്ചി ക്യാപ്‌സ്യൂളുകൾ വിപണിയിൽ ലഭ്യമാണ്. രക്തസമ്മർദം കുറക്കുന്ന രംഗത്ത് കാൽസ്യം ചാനൽ ബ്ലോക്കർ മരുന്നുകളുടെ അതേ ഫലം തന്നെയാണ് ഇഞ്ചി ചെയ്യുന്നത്. പ്രമേഹം നിയന്ത്രിക്കാനും ഇത് സഹായകമാണ്. ഈ രണ്ട് നേട്ടങ്ങളും കിഡ്‌നിക്ക് സംരക്ഷണം നൽകുന്നതാണ്. ഇതുപോലെ സംരക്ഷണം നൽകുന്ന മറ്റൊരു സുഗന്ധ വ്യജ്ഞനമാണ് മഞ്ഞൾ. മഞ്ഞൾ ഡയബറ്റിക് നെഫ്രോപതി തടയുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
ആന്റി ഓക്‌സിഡന്റുകൾ
ഭക്ഷണപദാർഥങ്ങളെ പോലെ സപ്ലിമെന്റുകൾക്കും കിഡ്‌നി രോഗങ്ങളെ തടയാനും സംരക്ഷണം നൽകാനും കഴിവുണ്ട്. കീടനാശിനി മുക്തമായ പഴങ്ങളിൽനിന്നും പച്ചക്കറികളിൽനിന്നും ലഭിക്കുന്ന പ്രകൃതിദത്തമായ ആന്റി ഓക്‌സിഡന്റുകളാണ് കൂടുതൽ ഫലപ്രദമാകുന്നത്. പഴങ്ങളുടെ കൂട്ടത്തിൽ കറുത്ത മുന്തിരിക്ക് പ്രധാന സ്ഥാനമുണ്ട്. നമ്മൾ തുപ്പിക്കളയുന്ന മുന്തിരിയുടെ കുരുവിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഘടകങ്ങളും ഉള്ളതുകൊണ്ട് ഇതിന് ഒട്ടേറെ ആരോഗ്യ നേട്ടങ്ങളുണ്ട്. അത് കൊണ്ടുതന്നെ മുന്തിരിക്കുരുവിന്റെ എക്‌സ്ട്രാക്റ്റ് വിപണിയിൽ ലഭ്യമാണ്. ഒരു പക്ഷേ, മുന്തിരിയെക്കാൾ ഗുണം അതിന്റെ കുരുവിനാണ്. ഈ ഗുണങ്ങളറിയാത്തവരാണ് കുരുവില്ലാത്ത മുന്തിരിക്ക് മുൻഗണന നൽകുന്നത്. ആന്റി ഓക്‌സിഡന്റുകൾക്ക് വൈറ്റമിനുകളെക്കാൾ അമ്പത് ഇരട്ടി വരെ ശക്തിയുണ്ട്. ഇവയുടെ അഭാവത്തിൽ ഫ്രീറാഡിക്കലുകൾ കിഡ്‌നിയുടെ കാപ്പിലറി കോശങ്ങളെ നശിപ്പിക്കും. മുന്തിരക്കുരുവിലെ പോളിഫെനോൾസ് കിഡ്‌നിയുടെ ഓക്‌സിഡേറ്റിവ് സമ്മർദം കുറക്കുകയും പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം കിഡ്‌നിയിലുണ്ടാകുന്ന കല്ല് തടയാനും ഇതിലൂടെ കഴിയും.
കിഡ്‌നി സംരക്ഷണത്തിന് സഹായിക്കുന്ന മറ്റൊരു ആന്റി ഓക്‌സിഡന്റ് അൽഫ ലിപോയിക് ആസിഡാണ്. ബ്രോക്കോളി, ചീര, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഉപാപചയം ത്വരിതപ്പെടുത്തുകയും കിഡ്‌നി, പാൻക്രിയാസ്, ബ്രെയിൻ എന്നിവയെ സംരക്ഷിക്കുകയും ചെയ്യും. കാർബോഹൈഡ്രൈറ്റിനെ ശരീരത്തിന് ഊർജദായകമായി മാറ്റുന്നത് ഇതാണ്. അതുകൊണ്ട് ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായകമാണ്. ഇൻസുലിൻ പ്രതിരോധം തടയുന്ന അഡിപ്പോനെക്റ്റിൻ എന്ന ഹോർമോണിനെ പിന്തുണച്ചുകൊണ്ടാണ് എഎൽഎ പ്രമേഹം തടയുന്നത്. ഈ ആന്റി ഓക്‌സിഡന്റ് ശരീരത്തിൽ രക്തസമ്മർദം നിയന്ത്രിക്കുന്ന രംഗത്തും സ്വാധീനം ചെലുത്തുന്നുണ്ട്. ഇവ രണ്ടും നിയന്ത്രണവിധേയമായങ്കിലേ കിഡ്‌നിക്ക് സംരക്ഷണം ലഭിക്കുകയുളളൂ. ഈ ആന്റി ഓക്‌സിഡന്റിന് വേറെയും ആരോഗ്യ ഗുണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്യാൻസർ മരുന്നുകൾ കിഡ്‌നിക്ക് വരുത്തുന്ന പരിക്കുകൾ നിയന്ത്രിക്കുന്നു എന്നതാണ്.
എഴുപതോളം സസ്യജാലങ്ങിൽ കാണപ്പെടുന്ന റെസ് വറാട്രോൾ എന്ന ഫിനോൾ സംയുക്തവും കിഡ്‌നിക്ക് സംരക്ഷണം നൽകുന്നുണ്ട്. ബെറികളിലും ചുവന്ന മുന്തിരിയുടെ തൊലിയിലുമാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. നിലക്കടലയുടെ തൊലിയിലും കൊക്കോയിലും ചെറിയ അളവിൽ ഇവ കാണാം. കിഡ്‌നി രോഗമുളളവർക്ക് 500 മില്ലിഗ്രാം റെസ് വറാട്രോൾ നൽകിയപ്പോൾ അവരുടെ ക്രിയാറ്റിൻ അളവ് കുറയുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ ആന്റി ഓക്‌സിഡന്റ് ഇൻസുലിൻ സംവേദനം മെച്ചപ്പെടുത്തുന്നതുകൊണ്ട് പ്രമേഹം തടയാനും സഹായകമാണ്.
സ്രഷ്ടാവ് നമ്മുടെ ശരീരത്തിന് സ്വയം സുഖപ്പെടുത്താനുളള കഴിവ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും അതിനാവശ്യമായ ചില ഘടകങ്ങൾ ലഭിക്കാൻ ചിലപ്പോൾ നമ്മുടെ സഹായം ആവശ്യമായി വരും. പ്രകൃതിദത്തമായി ശരീരം ഉൽപാദിപ്പിച്ച് കലകളിൽ സൂക്ഷിക്കുന്ന കോയൻസൈം ക്യു 10 ആണ് ഇത് നിർവഹിക്കുന്നത്. പ്രായമാകുമ്പോൾ ഇതിന്റെ ഉത്പാദനം മന്ദഗതിയിലാകും. കരൾ, മത്തി, അയല. ബീഫ്, ചിക്കൻ, ചീര, ബ്രോക്കോളി, സൊയാബീൻ, നിലക്കടല, എള്ള്, പിസ്ത, പരിപ്പുകൾ, വിത്തുകൾ എന്നിവയിലെല്ലാം കോയൻസൈം ക്യു 10 അടങ്ങിയിട്ടുണ്ട്. പ്രാഥമികമായി ഇത് ശരീരത്തിന് ആവശ്യമായ ഊർജം ഉൽപാദിപ്പിക്കാൻ സഹായിക്കും. അതിലൂടെ കോശങ്ങൾക്ക് കിഡ്‌നി രോഗങ്ങളിലേക്ക് വഴിതെളിയിക്കുന്ന ഓക്‌സിഡേറ്റിവ് നാശം ചെറുക്കാനുളള കഴിവുണ്ടാകും. ഇതിന്റെ സപ്ലിമെന്റ് കഴിക്കുന്നതും ക്രിയാറ്റിൻ അളവ് കുറക്കാനും ക്യാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളിൽനിന്നും സംരക്ഷണം നൽകാനും സഹായകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
(അവസാനിച്ചില്ല)

