ദന്ത ശുദ്ധീകരണം; ഇസ്‌ലാം നൽകുന്ന പ്രാധാന്യം

ഹന്ന മുഹമ്മദ്

2025 ജൂൺ 28, 1447 മുഹറം 02

ഒരു മുസ്‌ലിം എപ്പോഴും ശരീരം ശുചിയാക്കി ദുർഗന്ധങ്ങളിൽനിന്നും മുക്തമായിരിക്കണം എന്നത് ഇസ്‌ലാമിന്റെ മഹത്തായ കാഴ്ചപ്പാടാണ്. രാവിലെ ഉറക്കിൽനിന്നും എഴുന്നേൽക്കുന്ന സമയം മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെയും ഒട്ടേറെ കാര്യങ്ങൾ ഇസ്‌ലാം ദിനചര്യയായി പഠിപ്പിക്കുന്നുണ്ട്. മാനസികമായ വിശുദ്ധിയോടൊപ്പം ശാരീരികമായ ശുദ്ധിയുടെ കാര്യത്തിലും ശ്രദ്ധ വേണമെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. ഇതിൽപെട്ട ശ്രേഷ്ഠമായൊരു കാര്യമാണ് ദന്തശുദ്ധീകരണം.

പലരുമായും സംസാരത്തിൽ ഏർപ്പെട്ടാൽ മടുപ്പിക്കുന്ന തരത്തിലുള്ള ദുർഗന്ധം ഉണ്ടാവാറുള്ളത് ചിലർക്കെങ്കിലും അനുഭവത്തിൽ ഉണ്ടായിരിക്കും. ഇതേക്കുറിച്ച് ഗുണകാംക്ഷയോടെ ശ്രദ്ധയിൽ പെടുത്തിയാൽ അവരുടെ കുറ്റം കണ്ടെത്തിപ്പറയുന്നു എന്ന തോന്നലാണ് അവരിൽ ഉണ്ടാകാറുള്ളത്. തിരിച്ചുള്ള പ്രതികരണത്തിൽനിന്നും ആ അനിഷ്ടവും മനസ്സിലാക്കാം. ‘ഞാൻ ദിവസവും രണ്ടോ മൂന്നോ തവണ പല്ലു തേക്കാറുണ്ട്’ എന്നായിരിക്കും ചിലരുടെ പ്രതികരണം. അത്തരം ആളുകൾ മനസ്സിലാക്കേണ്ടത് പല്ലുകൾ വൃത്തിയാക്കിയാലും മാറാത്ത ദുർഗന്ധം ഉണ്ടാകുന്നുണ്ടെങ്കിൽ വിദഗ്ധനായ വൈദ്യനെ കണ്ടു പരിശോധിച്ച് പരിഹാരം തേടുക എന്നതാണ്.

ചിലർക്ക് ഉദരരോഗങ്ങളാലും പ്രമേഹം പോലുള്ള അസുഖങ്ങൾ നിമിത്തം വായ്ക്കകം വരണ്ടിരിക്കുന്നതിനാലും പല്ലുകൾക്ക് പുഴുക്കുത്തും ക്ലാവും പിടിച്ചിരിക്കുന്നതിനാലും ചിലർ വല്ലപ്പോഴും മാത്രം പല്ലു തേക്കുന്നതിനാലും പല്ലുകൾക്കിടയിൽ ഭക്ഷണവാശിഷ്ടം അടിഞ്ഞിരിക്കുന്നതിനാലും ദുർഗന്ധം ഉണ്ടാകാം. ഏതായിരുന്നാലും ഒരു വിശ്വാസി അവന്റെ വായ ദുർഗന്ധമുക്തമാക്കണം എന്നതാണ് മനസ്സിലാക്കേണ്ടത്.

വ്യക്തി ശുചിത്വത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ് പല്ലുകളും വായയും ശുചിയാക്കി ദുർഗന്ധം ഇല്ലാതിരിക്കുകയെന്നത്. അത് പരസ്പരമുള്ള ഇടപെടലുകളിൽ ബഹുമാനം ഉണ്ടാക്കുന്നതോടൊപ്പം സംസാരിക്കുമ്പോൾ മടുപ്പില്ലാത്ത അവസ്ഥയുമുണ്ടാക്കുന്നു. ഇണകൾ തമ്മിൽ അവരുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ ഈ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. വൃത്തിയിലാണ് ഭംഗി കൂടുന്നതെന്ന കാര്യം ഓർക്കുക.

നിയ്യത്തിനനുസരിച്ചു സുന്നത്ത് പിൻപറ്റിയതിനുള്ള പ്രതിഫലവും നമുക്ക് ഈ ഒരു പ്രവൃത്തിയിലൂടെ കരസ്ഥമാക്കുവാനാകും. പ്രവാചകന്മാരുടെ ചര്യകളായി അറിയപ്പെടുന്ന ചില കാര്യങ്ങളുണ്ട്. അവയിൽ പെട്ടതാണ് മിസ്‌വാക്ക് ചെയ്യുകയെന്നത്. ചില പണ്ഡിതന്മാർ പല്ല് വൃത്തിയാക്കൽ നിർബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും പ്രബലമായ അഭിപ്രായം അത് ശക്തമായ സുന്നത്താണെന്നാണ്.

അബു ഹുറയ്‌റ(റ)യിൽനിന്നും നിവേദനം; റസൂൽﷺ പറഞ്ഞു: “എന്റെ സമുദായത്തിന് ഞാൻ ഞെരുക്കമുണ്ടാക്കുന്നുവെന്ന ഭയം എനിക്ക് ഇല്ലായിരുന്നുവെങ്കിൽ എല്ലാ നമസ്‌കാരത്തിന്റെ കൂടെയും ദന്ദശുദ്ധി വരുത്തൽ നിർബന്ധമാക്കുമായിരുന്നു; അവരുടെ മേൽ വുദൂഅ് നിർബന്ധമാക്കിയതു പോലെ’’ (ബുഖാരി, മുസ്‌ലിം). മറ്റൊരിക്കൽ പ്രവാചകൻﷺ പറഞ്ഞു: “ദന്ത ശുദ്ധീകരണം വായയെ വൃത്തിയാക്കുന്നതും രക്ഷിതാവിന് തൃപ്തിയുള്ളതുമാണ്’’(നസാഈ).

പ്രവാചകപത്‌നി കടിച്ചു മയപ്പെടുത്തിയ അറാഖ് കൊണ്ട് പല്ലുകൾ വൃത്തിയാക്കിക്കൊണ്ടാണ് പ്രവാചകൻﷺ ഈ ലോകത്തുനിന്നും യാത്രയായതെന്ന കാര്യം ഓർക്കുക.