ശെയ്‌ഖ് അബ്ദുൽ അസീസ് അബ്ദുല്ല ആലു ശെയ്‌ഖ് رَحِمَهُ ٱللَّٰهُ

ഐ.എസ്.ഐ.എസിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ മഹാ പണ്ഡിതൻ

പി.എൻ അബ്ദുൽ ലത്തീഫ് മദനി

പ്രസിഡന്റ്, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിത സഭാ മേധാവിയും ഫത്‌വ ബോർഡ് ചെയർമാനുമായിരുന്ന ശെയ്‌ഖ് അബ്ദുൽ അസീസ് അബ്ദുല്ല ആലു ശൈഖി(റഹി)ന്റെ വിയോഗം ഇസ്‌ലാമിക സമൂഹത്തിന് തീരാനഷ്ടമാണ്. ഒൻപത് പതിറ്റാണ്ടിൽ കൂടുതൽ ജീവിച്ച അദ്ദേഹം ഇസ്‌ലാമിക വൈജ്ഞാനിക രംഗത്തും പ്രബോധന രംഗത്തും ചെയ്ത സേവനങ്ങൾ നിസ്തുലമാണ്.

യുവാവായിരിക്കുമ്പോൾ തന്നെ കാഴ്ച ശക്തി നഷ്ടപ്പെട്ട അദ്ദേഹം തന്റെ ഇച്ഛാശക്തി കൊണ്ട് ഉന്നത പദവികൾ കരസ്ഥമാക്കി. രിയാദിലെ ജാമിഅഃ മുഹമ്മദ് ബിൻ സഊദിൽ നിന്നാണ് ബിരുദം നേടിയത്. ആലുശെയ്‌ഖ് ശരീഅഃ കോളേജിൽ അധ്യാപനം നടത്തുകയും തുടർന്ന് ഉന്നത പണ്ഡിതന്മാർ അംഗങ്ങളായുള്ള സൗദി പണ്ഡിത സഭയുടെ ദീർഘകാലത്തെ അധ്യക്ഷ പദവി അലങ്കരിക്കുകയും ചെയ്തു.

ഹജ്ജ് വേളയിൽ അറഫ ദിനത്തിൽ മിനായിൽ വെച്ചു നടക്കുന്ന പ്രഭാഷണം നിർവഹിക്കുന്ന ആറാമത്തെ പണ്ഡിതനായി ഹിജ്‌റ വർഷം 1402ൽ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 35 വർഷത്തിലധികം ആ പദവിയിൽ തുടർന്നു. രിയാദിലെ തുർക്കി ബ്‌നു സഊദടക്കമുള്ള പ്രമുഖ പള്ളികളിൽ ഖത്വീബും ഇമാമുമായിട്ട് അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഐ.എസ്.ഐ.എസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ അദ്ദേഹത്തിന്റെ അറഫാ പ്രസംഗം വളരെ പ്രസിദ്ധമാണ്. പിന്നീട് സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായി അദ്ദേഹം നിശ്ചയിക്കപ്പെട്ടു. ശെയ്‌ഖ് മുഹമ്മദ് ബിൻ ഇബ് റാഹീം, ശെയ്‌ഖ് ഇബ്‌നു ബാസ് എന്നിവരുടെ ശിഷ്യനായിരുന്ന അദ്ദേഹം അറിവിലും ആരാധനകളിലും പ്രബോധന മേഖലകളിലും രചനയിലും അറിയപ്പെട്ട ജീവിതമായിരുന്നു കാഴ്ചവെച്ചത്. എല്ലാ മൂന്നു ദിവസം കൂടുമ്പോഴും ക്വുർആൻ പൂർണമായും പാരായണം ചെയ്തു തീർക്കുമായിരുന്ന അദ്ദേഹം മുസ്‌ലിം ലോകത്തിന് ധിഷണാബോധം നൽകുന്ന നിരവധി ഫത്‌വകളും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നാം ബോധവാന്മാരാവേണ്ട മറ്റൊരു കാര്യം ഇടക്കിടെയുള്ള പണ്ഡിതന്മാരുടെ വിയോഗമാണ്. പ്രവാചക വചനമനുസരിച്ച് സമൂഹത്തിൽനിന്ന് അറിവ് നിഷ്‌കാസിതമാ കുന്നത് പണ്ഡിതന്മാരുടെ മരണം മൂലമാണ്. അറിവുള്ളവർ യാത്ര പറയുകയും പകരം അൽപജ്ഞാനികൾ രംഗം കയ്യടക്കുകയും ജനത്തെ വഴിതെറ്റിക്കുകയും ചെയ്യും. ഇരുത്തം വന്ന പണ്ഡിത ശ്രേഷ്ഠന്മാരാണ് സമുദായത്തിന്റെ കാവൽക്കാർ. ആ അർഥത്തിൽ നമുക്ക് നഷ്ടപ്പെട്ടത് ഒരു മഹാ പുരുഷനെയാണ് ഹിജ്‌റ 1362 ൽ (AD 1943) ശെയ്‌ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ സന്താന പരമ്പരയിൽ മുഹമ്മദ് ബിൻ അബ്ദുല്ലയുടെ മകനായി ജനിച്ചു. നാല് മക്കളുണ്ട്.

ബഹുമാന്യ പണ്ഡിതനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പണ്ഡിതസഭ ചെർമാനുമായ കുഞ്ഞു മുഹമ്മദ് മദനി പറപ്പൂരിന്റെ നേതൃത്വത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ഒരു പ്രതിനിധി സംഘം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അറിവും വിനയവും വിവേകവുമുള്ള പണ്ഡിതന്മാരുടെ മടക്കം ഏറെ വേദനിപ്പിക്കുന്നതാണ്. അല്ലാഹു അദ്ദേഹത്തിന് ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.


ആലുശെയ്‌ഖ്:

അറിവും വിനയവും വിവേകവും ഒത്തുചേർന്ന പണ്ഡിതൻ

ടി.കെ അശ്‌റഫ്

ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

സുഊദി അറേബ്യ ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്‌വ ബോർഡ് ചെയർമാനുമായ ശെയ്‌ഖ് അബ്ദുൽ അസീസ് ആലു ശെയ്ഖ് അല്ലാഹുവിലേക്ക് യാത്രയായ വിവരം അറിഞ്ഞപ്പോൾ അദ്ദേഹത്തെ സന്ദർശിച്ച ആ ദിനങ്ങൾ ഓർമയിൽ അലയടിച്ചു.

ബഹുമാന്യ പണ്ഡിതൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂരിന്റെ നേതൃത്വത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ഒരു പ്രതിനിധി സംഘം അദ്ദേഹത്തെ സന്ദർശിച്ച വേളയിലാണ് ആ മഹാപണ്ഡിതനെ കാണാനും അദ്ദേഹത്തിന്റെ പാണ്ഡിത്യവും എളിമയും ആതിഥ്യ മര്യാദയും നേരിട്ടനുഭവിക്കാനും അവസരമുണ്ടായത്.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സ്വപ്നനഗരയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ക്വുർആൻ കോൺഫറൻസിനെ ഓൺലൈനിലൂടെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചത് ഈ കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം പ്രബോധന രംഗത്ത് ഏറെ ആവേശം പകർന്ന ഒന്നായിരുന്നു.

ഇരുപതാമത്തെ വയസ്സിൽ തനിക്ക് അന്ധത ബാധിച്ചപ്പോഴും അറിവിന്റെ അക്ഷയഖനി അദ്ദേഹത്തിന് അന്യമായില്ല. മതപരമായ ഏത് കാര്യം ചോദിച്ചാലും പ്രാമാണികമായ മറുപടി നൽകുന്നതിൽ അദ്ദേഹത്തിന്റെ വിജ്ഞാനവും വിവേകവും ലോക മുസ്‌ലിംകൾ തൊട്ടറിഞ്ഞതാണ്.

അറിവും വിനയവും വിവേകവുമുള്ള പണ്ഡിതന്മാരുടെ മടക്കം ഏറെ വേദനിപ്പിക്കുന്നതാണ്. അല്ലാഹു അദ്ദേഹത്തിന് ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ക്വുർആനും സുന്നത്തും സച്ചരിതരുടെ പാതയിൽ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരെ അദ്ദേഹത്തിന്റെ പിൻഗാമികളായി നമുക്ക് ലഭിക്കുമാറാകട്ടെ - ആമീൻ