ഡോ. അബ്ദുൽ അസീസ് വിടപറഞ്ഞു
ടി.കെ അശ്‌റഫ്
(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)
2025 നവംബർ 01, 1447 ജമാദുൽ അവ്വൽ 10

സർക്കാർ സ്ഥാപനങ്ങളിൽ ഉയർന്ന പദവികളിൽ ദീർഘകാലം സേവനമനുഷ്ഠിക്കുകയും അതോടൊപ്പവും അതിനു ശേഷവും പൂർണമായും പ്രബോധനരംഗത്ത് തന്റെ കഴിവുകൾ സമർപ്പിക്കു കയും ചെയ്ത് ഇസ്‌ലാഹി നേതൃനിരയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായി രുന്നു അസീസ് സർ.
മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒട്ടുമിക്ക മുതിർന്ന നേതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് അദ്ദേഹം. മുജാഹിദ് സെന്ററിൽ മുഴുവൻ ദിവസമെന്നതുപോലെ അസീസ് സാറിന്റെ സാന്നിധ്യമുണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം സമ്മേളനങ്ങളിലും സുവനീറുകളിലും പ്രസ്ഥാനത്തെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കറസ്‌പോണ്ടിംഗ് രംഗത്തും അദ്ദേഹത്തിന്റെ ഭാഷാ പ്രാവീണ്യം സംഘടന വേണ്ടുവോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറിയായി ദീർഘകാലം ഉത്തരവാദിത്തം നിർവഹിച്ചു. കാലിക്കറ്റ് സർവകലാശാല രജിസ്ട്രാറും ഫിനാൻസ് ഓഫീസറുമായിരുന്നു. സിഡി ടവറിന്റെ മാനേജിംഗ് ഡയറക്ടറും പുളിക്കൽ ജാമിഅ സലഫിയ്യ റജിസ്ട്രാറുമായിട്ടുണ്ട്. ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്.
രോഗിയായി ചികിത്സയിലേക്ക് തിരിയുംവരെയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പ്രവർത്തനങ്ങളോടൊപ്പം സജീവമായി നിലകൊണ്ടു. വിശ്രമജീവിതം നയിക്കുമ്പോഴും ഓരോ പരിപാടിയും വീക്ഷിച്ച് സുചിന്തിതമായ അഭിപ്രായങ്ങൾ പറയുമായിരുന്നു. എല്ലാവരോടും വളരെ സൗമ്യമായി പെരുമാറുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രധാന പ്രോഗ്രാമുകളിലെല്ലാം നിറസാന്നിധ്യമായിരുന്നു. അദേഹത്തിന്റെ ജന്മദേശമായ കൊല്ലം ജില്ലയിലെ കുന്നിക്കോട് എന്ന പ്രദേശത്ത് റോഡിന്റെ ഓരത്ത് കണ്ണായ സ്ഥലം പള്ളി നിർമിക്കുവാനായി വഖഫ് ചെയ്തത് തൗഹീദിന്റെ കേന്ദ്രമുണ്ടാകണമെന്ന അതിയായ ആഗ്രഹം കൊണ്ടാണ്. പള്ളിയുടെ നിർമാണത്തിലും അദ്ദേഹം അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. പ്രദേശത്തെ തൗഹീദീ പ്രബോധന രംഗത്തെ ഉണർവിന് പ്രസ്തുത പള്ളി കാരണമായി.അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.

