അബ്ദുൽ അസീസ് ആലുശെയ്ഖ് വിടവാങ്ങി
ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ
ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
2025 ഒക്ടോബർ 04, 1447 റബീഉൽ ആഖിർ 12

സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായിരുന്ന ശെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശെയ്ഖ് (റഹി) 82ാം വയസ്സിൽ വിടപറഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ മുഹമ്മദ് ബിൻ ഇബ്‌റാഹീം ആലുശെയ്ഖ്, അബ്ദുൽ അസീസ് ബിൻബാസ് എന്നിവർക്കുശേഷം മൂന്നാമത്തെ ഗ്രാൻഡ് മുഫ്തിയായിരുന്നു അദ്ദേഹം. വിജ്ഞാനസമ്പത്ത്, പ്രഭാഷണങ്ങൾ, ഫത്‌വകൾ, മതപ്രബോധനം എന്നിവയിലൂടെ ഇസ്‌ലാമിക ലോകത്ത് അദ്ദേഹം വലിയ സ്വാധീനം ചെലുത്തി.
രിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജനാസ നമസ്‌കാരം നടന്നു. വിവിധ ലോക നേതാക്കളും പണ്ഡിതന്മാരും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
അറിവും സമർപ്പണവും നിറഞ്ഞ ജീവിതം
1943 നവംബർ 30ന് (ഹിജ്‌റ 1362ന്) മക്കയിൽ ജനിച്ച ശെയ്ഖ് അബ്ദുൽ അസീസ്, എട്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട ശേഷം അനാഥനായാണ് വളർന്നത്. മുഹമ്മദ് ബിൻ സിനാൻ എന്ന ഗുരുവിൽ നിന്ന് ചെറുപ്പത്തിൽത്തന്നെ അദ്ദേഹം ക്വുർആൻ ഹൃദിസ്ഥമാക്കി. തന്റെ ഇരുപതുകളിൽ കാഴ്ച നഷ്ടപ്പെട്ടെങ്കിലും അത് അദ്ദേഹത്തിന് അറിവ് നേടുന്നതിനോ സേവനം ചെയ്യുന്നതിനോ ഒരു തടസ്സമായില്ല.
മുൻ ഗ്രാൻഡ് മുഫ്തികളായിരുന്ന ശെയ്ഖ് മുഹമ്മദ് ബിൻ ഇബ്‌റാഹീം ആലുശെയ്ഖ്, അബ്ദുൽ അസീസ് ബിൻബാസ് എന്നിവരിൽ നിന്നാണ് അദ്ദേഹം പ്രധാനമായും മതവിജ്ഞാനം നേടിയത്. മുഹമ്മദ് ബിൻ ഇബ്റാഹീമിൽനിന്ന് കിതാബുത്തൗഹീദ്, ഉസൂലുസ്സലാസ, അർബഊൻ നവവിയ്യ എന്നീ ഗ്രന്ഥങ്ങൾ ആറു വർഷം പഠിച്ചു. ഫറാഇദ് (അവകാശ നിയമങ്ങൾ) അബ്ദുൽ അസീസ് ബിൻ ബാസിൽനിന്നും, നഹ്‌വ് (വ്യാകരണം), ഫറാഇദ് എന്നിവ അബ്ദുൽ അസീസ് അൽമർശദിൽനിന്നും അദ്ദേഹം സ്വായത്തമാക്കി.
ഔദ്യോഗികവും അധ്യാപനപരവുമായ ജീവിതം
1965ൽ (ഹിജ്റ 1384ൽ) രിയാദിലെ ഇമാം ദഅ്‌വ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. എട്ടുവർഷത്തെ സേവനത്തിനുശേഷം, അദ്ദേഹം ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ, രിയാദിലെ ശരീഅത്ത് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായും പിന്നീട് അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിച്ചു. ഹൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറിയിലും അദ്ദേഹം സേവനമനുഷ്ടിച്ചു. കൂടാതെ, നിരവധി യൂണിവേഴ്‌സിറ്റികളിലെ കൗൺസിലുകളിൽ അംഗവുമായിരുന്നു.
നിരവധി ഗവേഷണ പ്രബന്ധങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിക്കുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു. രിയാദിലെ ശെയ്ഖ് മുഹമ്മദ് ബിൻ ഇബ്‌റാഹീം പള്ളിയിലും പിന്നീട് ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിലും അദ്ദേഹം ഇമാമും ഖത്വീബുമായി സേവനമനുഷ്ഠിച്ചു. പ്രഭാഷണങ്ങൾ, സെമിനാറുകൾ, റേഡിയോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെയും അദ്ദേഹം ജനങ്ങളിലേക്ക് അറിവ് എത്തിച്ചു.
അറഫാ പ്രഭാഷണകനും ഉന്നത സ്ഥാനങ്ങളും
ഹജ്ജ് വേളയിൽ അറഫയിലെ നമിറ പള്ളിയിൽ 1982 മുതൽ 2015 വരെ തുടർച്ചയായി 35 വർഷം അദ്ദേഹം അറഫാ ദിനത്തിലെ പ്രഭാഷണം നിർവഹിച്ചു. ലോകത്തിലെ ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ ഉറ്റുനോക്കുന്ന ഒന്നാണ് ഈ പ്രഭാഷണം.
1987ൽ (ഹിജ്റ 1407ൽ) അദ്ദേഹം ഉന്നത പണ്ഡിതന്മാരുടെ സമിതിയിൽ (ഹൈഅതുകിബാറുൽ ഉലമ) അംഗമായി. 1991ൽ (ഹിജ്റ 1412ൽ) ശാസ്ത്രീയ ഗവേഷണ-ഫത്‌വയുടെ സ്ഥിരം കമ്മിറ്റിയിൽ ഫുൾടൈം അംഗമായി. 1995ൽ (ഹിജ്റ 1416ൽ) രാജ്യത്തിന്റെ ഗ്രാൻഡ് മുഫ്തിയുടെ ഡെപ്യൂട്ടിയായി നിയമിതനായി. 1999 മെയ് 14ന് (ഹിജ്‌റ 1420 മുഹർറം 29ന്) മുൻ മുഫ്തിയായിരുന്ന ശെയ്ഖ് അബ്ദുൽ അസീസ് ബിൻ ബാസിന്റെ മരണശേഷം അദ്ദേഹത്തെ രാജ്യത്തിന്റെ ഗ്രാൻഡ് മുഫ്തിയായും ഉന്നത പണ്ഡിതന്മാരുടെ സമിതിയുടെയും ശാസ്ത്രീയ ഗവേഷണ - ഫത്‌വയുടെയും തലവനായും മന്ത്രി പദവിയിൽ നിയമിച്ചു.
പ്രധാന രചനകൾ
കർമശാസ്ത്രം, വിശ്വാസം, ഫത്‌വകൾ എന്നിവയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. ‘അല്ലാഹുവിന്റെ മഹത്ത്വം’, ‘മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്ന സാക്ഷ്യത്തിന്റെ യാഥാർഥ്യം’ തുടങ്ങിയവ അതിൽ ചിലതാണ്.
‘നൂറുൻ അലദ്ദർബ്’ എന്ന ഫത്‌വ പരിപാടിയിൽ അദ്ദേഹം നൽകിയ ഫത്‌വകളുടെ സമാഹാരങ്ങളായ ‘ഫതാവാ അൽഅക്വീദ’ (വിശ്വാസ ഫത്‌വകൾ), ‘ഫതാവാ അത്ത്വഹാറതു വസ്സ്വലാത്’ (ശുദ്ധീകരണത്തെയും നമസ്‌കാരത്തെയും കുറിച്ചുള്ള ഫത്‌വകൾ), ‘ഫതാവാ അസ്സകാത്ത്’ (സകാത്തിനെക്കുറിച്ചുള്ള ഫത്‌വകൾ), ‘ഫതാവാ അസ്സ്വിയാം’ (നോമ്പിനെക്കുറിച്ചുള്ള ഫത്‌വകൾ), ‘ഫതാവാ അൽഹജ്ജ്’ (ഹജ്ജിനെക്കുറിച്ചുള്ള ഫത്‌വകൾ) എന്നിവ പ്രസിദ്ധമാണ്.

