ഡോ.പി.അബൂബക്കർ: വിട പറഞ്ഞ മഹാ പ്രതിഭ

പത്രാധിപർ

2025 മെയ് 03, 1446 ദുൽഖഅദ് 05

പ്രശസ്തനായ നേത്രരോഗ വിദഗ്ധൻ, ആതുരസേവനരംഗത്തെ നിഷ്‌കാമ കർമയോഗി, ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സാമൂഹികസേവകൻ, ക്വുർആനിക വിജ്ഞാനങ്ങളെ ഉപാസിച്ച മഹാ ചിന്തകൻ, ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ദൈവവിശ്വാസത്തെ സമർഥിച്ച ധിഷണാശാലി; അന്തരിച്ച ഡോ.പി.അബൂബക്കറിനെ വിശേഷിപ്പിക്കാൻ ഇനിയുമെത്രയോ വിശേഷണങ്ങളുണ്ട്.

1940 ഏപ്രിൽ ഒന്നിന് അരീക്കോട്ട് ജനിച്ച അദ്ദേഹം ആലുവ യുസി കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയാണ് ആതുരസേവന മേഖലയിലേക്ക് കടന്നുവന്നത്. 1966 ഫെബ്രുവരി 18ന് പരപ്പനങ്ങാടി നെടുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം വേങ്ങര, കോഴിച്ചെന, കളിയാട്ടമുക്ക്, തിരൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. 1990ൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ചെങ്കിലും അന്ത്യം വരെ നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടറായി ആതുര സേവനരംഗത്ത് തുടർന്നു. 1996ൽ തിരൂരങ്ങാടി എംകെ ഹാജി ആശുപത്രി ആരംഭിച്ചപ്പോൾ പ്രഥമ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റ അദ്ദേഹം പള്ളിപ്പടി കരുണ കാൻസർ ഹോസ്പിറ്റലിന്റെ ചെയർമാനായും പ്രവർത്തിച്ചു. 1999 മുതൽ 2005 വരെ യു.എ.ഇയിലെ അൽഐനിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജനകീയ ഡോക്ടർ

ഒരു ഡോക്ടർ എങ്ങനെയായിരിക്കണം സമൂഹത്തിൽ ജീവിക്കേണ്ടത് എന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. വാഹനസൗകര്യങ്ങളില്ലാതിരുന്ന കാലത്ത് കുണ്ടും കുഴികളും നിറഞ്ഞ റോഡുകളിലൂടെ കിലോമീറ്ററുകൾ നടന്നും തോണിയിൽ സഞ്ചരിച്ചും അദ്ദേഹം നടത്തിയ സേവനങ്ങൾ പഴമക്കാർ ഏറെ വിസ്മയത്തോടെ അനുസ്മരിക്കുന്നു. ക്ഷയരോഗമടക്കമുള്ള ആരോഗ്യപ്രശനങ്ങൾ അലട്ടിയിരുന്ന മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ ബാഗും കിറ്റുമായി ചെന്ന് അവർക്ക് ആശ്വാസമായി. ആരോഗ്യസേവനങ്ങൾ മാത്രമല്ല, ആരുമറിയാതെ അവർക്ക് സാമ്പത്തികസഹായം നൽകുകയും ചെയ്തിരുന്നു. പ്രസവം ഒരു വലിയ പ്രശ്‌നമായിരുന്ന അക്കാലത്ത് ആശുപത്രികളിൽ സൗകര്യങ്ങൾ കുറവായിരുന്നു. ഒരു ഗൈനക്കോളജിസ്റ്റ് പോലുമല്ലാതിരുന്ന അദ്ദേഹം വീടുകളിൽ ചെന്ന് സഹോദരിമാർക്ക് വേണ്ടി ചെയ്ത സേവനങ്ങൾ വലുതായിരുന്നു.

തിരിച്ചറിയപ്പെട്ട സേവനമുദ്രകൾ

ഡോക്ടറുടെ സേവനമുദ്രകൾ തിരിച്ചറിഞ്ഞ മുൻ ഉപമുഖ്യമന്ത്രി കെ.അവുക്കാദർകുട്ടി നഹ അദ്ദേഹത്തിലൂടെ തിരൂരങ്ങാടി ഗവ.ആശുപത്രിയിലും സമീപപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വികസനത്തിന്റെ രജതരേഖകൾ വരച്ചു. മുൻ സ്പീക്കർ ചാക്കീരി അഹമ്മദ് കുട്ടിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ഊഷ്മളബന്ധം വേങ്ങരയിലെ ആരോഗ്യമേഖലക്ക് കരുത്തായി മാറുകയും ചെയ്തു. അനാഥകളുടെ തോഴനായിരുന്ന മഹാനായ എം.കെ.ഹാജി ഡോക്ടറുടെ സേവനങ്ങളെ ഏറെ തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു. എം.കെ.ഹാജിയുടെ അഭ്യർഥന പ്രകാരം തിരൂരങ്ങാടി യതീംഖാനയിലെ അനാഥമക്കളുടെ അത്താണിയാവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. മാരകമായ പല അസുഖങ്ങളും പകർച്ചവ്യാധികളും അനാഥകളെ ബാധിച്ചപ്പോഴെല്ലാം എല്ലാം മറന്ന് അവരുടെ കണ്ണീരൊപ്പാൻ അദ്ദേഹം മുൻപന്തിയിൽ നിന്നു.

പണ്ഡിതനല്ലാത്ത പണ്ഡിതൻ

അരീക്കോട്ടെ സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം പള്ളിദർസിൽ കിതാബോതി മതപാണ്ഡിത്യം കൂടി കരസ്ഥമാക്കിയിരുന്നു. അറബി വ്യാകരണത്തിൽ വലിയ വ്യുല്പത്തി നേടിയിരുന്ന അദ്ദേഹം സ്വന്തമായി ഏഴു വാള്യങ്ങളുള്ള വിശുദ്ധ ക്വുർആൻ ഇൻഡക്‌സ് തയ്യാറാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ കെ.എം.മൗലവി, എൻ.വി.അബ്ദുസ്സലാം മൗലവി തുടങ്ങിയ പണ്ഡിതശ്രേഷ്ഠരുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിരുന്നു. മരണം വരെ ഒരു ക്വുർആൻ വിദ്യാർഥിയാവണം എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. മുഹമ്മദ് അമാനി മൗലവി(റഹി)യുടെ വിശുദ്ധ ക്വുർആൻ വിവരണത്തിന്റെ പ്രഥമ കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം. കേരള നദ്‌വത്തുൽ മുജാഹിദീൻ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ടായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

ഇ‌സ്വ‌്ലാഹീ അമക്കാരൻ

ജീവിച്ച പ്രദേശങ്ങളിൽ ഇസ്വ് ലാഹിന്റെയും തൗഹീദിന്റെയും വെള്ളിവെളിച്ചം പ്രസരിപ്പിക്കുന്നതിൽ പ്രത്യേകം താല്പര്യമെടുത്തു കൊണ്ട് അദ്ദേഹം മുന്നേറി.

1970 കളുടെ തുടക്കത്തിൽ വേങ്ങര പ്രാഥമികരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുമ്പോൾ പികെഎം അബ്ദുൽ മജീദ് മദനിയുമായി ചേർന്ന് അദ്ദേഹം നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് വേങ്ങര ഹൈസ്‌കൂളിനടുത്തുള്ള ‘മനാറുൽ ഹുദ’ എന്ന പേരിൽ അറിയപ്പെടുന്ന മുജാഹിദ് പള്ളി.

1975ൽ ചെമ്മാട്ടെ ഗവ. ഹോസ്പിറ്റലിലേക്ക് മാറിയതോടെ അദ്ദേഹം ചെമ്മാട്ടും ഇസ്വ് ലാഹി കേന്ദ്രത്തിന് വേണ്ടി യത്‌നിച്ചു. പികെ അഹ്‌മദലി മദനിയോടൊപ്പം ചേർന്ന് അദ്ദേഹം അത് സാധ്യമാക്കി. അതാണ് ചെമ്മാട് സലഫി മസ്ജിദ്. മരണം വരെ ആ പള്ളിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന വൈകാരിക ബന്ധം വളരെ വലുതായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദിവസം പോലും വളരെ പ്രയാസപ്പെട്ട് സ്വുബ്ഹി നമസ്‌കാരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

തിരൂരങ്ങാടിയുടെയും പരപ്പനങ്ങാടിയുടെയും പരിസര പ്രദേശങ്ങളിൽ പിന്നീട് നിർമിക്കപ്പെട്ട മുജാഹിദ് പള്ളികളുടെ സാക്ഷത്കാരത്തിന് പിന്നിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാൻ കഴിയില്ല.

ക്വുർആൻ പഠിതാവ്

ഇസ്‌ലാമിക വിജ്ഞാനവും ക്വുർആൻ ആശയങ്ങളും പഠിക്കണമെന്ന അദമ്യമായ ആഗ്രഹവും ജനങ്ങളെ അത് പഠിപ്പിക്കണമെന്ന ഉൽക്കടമായ താല്പര്യവും മാത്രമാണ് അദ്ദേഹത്തെ മത പ്രവർത്തന മേഖലയിലേക്ക് തിരിച്ചത്. അദ്ദേഹം എല്ലാ മുസ്‌ലിം വിഭാഗങ്ങളുമായും നാനാജാതി മതസ്ഥരുമായും അടുത്ത ബന്ധം പുലർത്തി.

പുതുതലമുറയുമായി ഈടുറ്റ ബന്ധം

വിശുദ്ധ ക്വുർആനിൽ നിന്ന് ലഭിക്കുന്ന ശാസ്ത്രസൂചനകളിൽ പലതും അദ്ദേഹം പുതിയ തലമുറയിലെ വിദ്യാർഥികളോട് സംവദിക്കാൻ താല്പര്യം കാണിച്ചിരുന്നു. വളരെ കൗതുകത്തോടെ വിദ്യാർഥികൾ അത് ശ്രദ്ധിക്കുകയും പലരുടെയും പഠനഗവേഷണങ്ങളിൽ അത് വെളിച്ചമായിത്തീരുകയും ചെയ്തു.

വീടൊരു വിജ്ഞാന കേന്ദ്രം

ചെമ്മാട്ടെ അദ്ദേഹത്തിന്റെ വീട് ഒരു വൈജ്ഞാനിക ചർച്ചാ കേന്ദ്രം കൂടിയായിരുന്നു. ഡോ.എം.ഉസ്മാൻ, കെ.പി.മുഹമ്മദ് മൗലവി, ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി, സി.പി ഉമർ സുല്ലമി, കെ.കെ.മുഹമ്മദ് സുല്ലമി, എസ്.എം.ഐദീദ് തങ്ങൾ തുടങ്ങിയ പ്രമുഖരായ പല പണ്ഡിതന്മാരും അവരുടെ ധൈഷണിക സംഭാവനകൾ പങ്കുവെച്ചിരുന്ന ഇടംകൂടിയായിരുന്നു അത്. ഭാര്യാപിതാവും ഗണിതശാസ്ത്രജ്ഞനും ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പാളുമായിരുന്ന പ്രൊഫ.എൻ.വി.ബീരാൻ, പി.എസ്.എം.ഒ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.കെ.അഹമ്മദ്കുട്ടി, എഞ്ചിനീയർ എ. എം ഉസ്മാൻ സാഹിബ് തുടങ്ങിയവരെല്ലാം പ്രസ്തുത ചർച്ചകളിലെ വൈജ്ഞാനിക അലങ്കാരങ്ങളായിരുന്നു. നാസ്തികതയും ലിബറലിസവും അരങ്ങുവാഴുന്ന കാലത്ത് ക്വുർആനിനോടും ശാസ്ത്രത്തോടും അദ്ദേഹം സ്വീകരിച്ച സമീപനം പുതുതലമുറക്ക് മാതൃകയാണ്.

വിസ്ഡം ഹെൽത്ത് കെയറിൽ

1987ൽ കുറ്റിപ്പുറത്തു വച്ച് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ രൂപീകരിച്ച ഐഎംബിയുടെ സംസ്ഥാന വൈസ് ചെയർമാനായിരുന്നു ഡോക്ടർ. 2013 മുതൽ കരുണ കാൻസർ ഹോസ്പിറ്റലിെൻറ ചെയർമാനാണ്. നിലവിൽ വിസ്ഡം ഹെൽത്ത് കെയറിെൻറ വൈസ് ചെയർമാൻ കൂടിയായിരുന്നു. വിസ്ഡം ജന. സെക്രട്ടറി ടി.കെ അശ്റഫ്, ഫൈസൽ മൗലവി എന്നിവരുമായി ഹെൽത്ത് കെയറിെൻറ വിഷയത്തിലും സംഘടനാ കാര്യങ്ങളിലും നിരന്തരം ബന്ധപ്പെട്ടിരുന്നു..

ഏതൊരു മനുഷ്യനെയും ചരിത്രം രേഖപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ജനങ്ങളുമായുള്ള ആത്മാർഥമായ ബന്ധത്തിന്റെയും അദ്ദേഹം സ്വാംശീകരിച്ച വിജ്ഞാനത്തിന്റെയും ചിന്തയുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തിലാണ്. ആരോഗ്യമേഖല കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്ന കാലത്ത് താൻ പഠിച്ച വൈദ്യശാസ്ത്രത്തെ സേവനമായി കാണുകയും ആരോഗ്യശാസ്ത്രത്തിന് ഹൃദയഭാഷ്യം സമ്മാനിക്കുകയും ചെയ്ത അദ്ദേഹം തീർച്ചയായും ചരിത്രത്തിലെ ഒരു വിസ്മയമായി അവശേഷിക്കും.