പരദൂഷണക്കാരുടെ ചില തന്ത്രങ്ങൾ
ഇബ്‌നു തൈമിയ്യ(റഹി)
2025 ഏപ്രിൽ 05, 1446 ശവ്വാൽ 06

ഇബ്‌നു തൈമിയ്യ (റഹി) പറഞ്ഞു: ‘കൂടെയിരിക്കുന്ന ആളുകൾക്ക് വേണ്ടി ഗീബത്ത് (പരദൂഷണം) പറയുന്ന ചിലരുണ്ട്. താൻ ആരോപിക്കുന്ന കാര്യങ്ങൾ മുഴുവനും അയാളിൽ ഇല്ലെന്ന് അറിയാമെങ്കിലും ഒപ്പമുള്ളവർക്ക് അനിഷ്ടമുണ്ടാകാതിരിക്കുന്നതിന് വേണ്ടി അവരോടൊപ്പം കൂടുന്നവർ. ഒപ്പമിരിക്കുന്നവർ ഒരാളെ ആക്ഷേപിക്കുന്നത് കേട്ടാൽ അതിനെ എതിർക്കാതെ മിണ്ടാതിരിക്കുന്ന ചിലരുണ്ട്. താൻ എതിർത്താൽ ഈ കൂടിയിരുത്തം അവസാനിക്കുകയും വർത്തമാനം അവസാനിക്കുകയും ചെയ്യുമല്ലോ എന്നതാണ് അവരുടെ സങ്കടം! പല രൂപങ്ങളിൽ ഗീബത്ത് പുറത്തെടുക്കുന്ന വേറെ ചില വിരുതന്മാരുണ്ട്!
‘ആരെയെങ്കിലും കുറ്റം പറയുക എന്നത് എെൻറ ശീലമല്ല,’ ‘പരദൂഷണം പറയുന്നതും കളവു പറയുന്നതുമൊന്നും എനിക്ക് ഇഷ്ടമല്ല; പക്ഷേ, ഞാൻ അയാളുടെ കാര്യം നിങ്ങളെ അറിയിക്കുക മാത്രമാണ്’ എന്നൊക്കെ പറഞ്ഞുകൊണ്ടായിരിക്കും അവർ ഗീബത്ത് തുടങ്ങുക!
വേറെ ചിലർ പറയുക ഇങ്ങനെയാണ്: ‘അല്ലാഹുവാണെ! അവൻ ആള് വളരെ നല്ലവനാണ്, പാവമാണ്. പക്ഷേ, ഇന്നയിന്ന സ്വഭാവങ്ങൾ അവെൻറ അടുക്കലുണ്ട്.’
ചിലർ പറയും: ‘അവനെക്കുറിച്ച് ഒന്നും പറയേണ്ട; അല്ലാഹു അവനും നമുക്കും പൊറുത്തു തരട്ടെ!’ പൊറുത്തു കൊടുക്കപ്പെടാൻ മാത്രം എന്തൊക്കെയോ അവെൻറ അടുക്കലുണ്ടെന്നു സൂചിപ്പിക്കാനും അവനെ താഴ്ത്തിക്കെട്ടാനും മാത്രമായിരിക്കും ചിലപ്പോൾ ഈ പ്രാർഥന!
ദീനിെൻറയും സുക്ഷ്മതയുടെയും മറപിടിച്ചു ഗീബത്ത് പുറത്തെടുക്കുന്ന പല രീതികൾ വേറെയുമുണ്ട്. സൃഷ്ടികളെ പറ്റിക്കുന്നത് പോലെ അല്ലാഹുവിനെയും പറ്റിക്കാം എന്നാണു അവർ ധരിക്കുന്നത്!
മറ്റുള്ളവരെ പുകഴ്ത്തിപ്പറയുന്നതിലൂടെ സ്വന്തത്തെ പുകഴ്ത്തുന്ന ചിലരുമുണ്ട്. ഉദാ: ചിലർ പറയും: ‘ഒരാൾക്ക് വേണ്ടി ഇന്നത്തെ തഹജ്ജുദ് നമസ്‌കാരത്തിൽ ഞാൻ പ്രാർഥിച്ചാൽ മതിയായിരുന്നു; അയാൾ എന്തൊരു നല്ല മനുഷ്യനാണ്!’ തെൻറ നമസ്‌കാരം ഇതിലൂടെ മറ്റുള്ളവരെ അറിയിക്കാൻ കഴിഞ്ഞതിെൻറ സന്തോഷം അവന് ലഭിച്ചുകഴിഞ്ഞു!
തമാശക്ക് വേണ്ടിയും കളിയായും ഗീബത്ത് പറയുന്ന ചിലരുമുണ്ട്: ഒരാളെ അനുകരിച്ചു കാണിച്ചും കൊച്ചാക്കി കാണിച്ചും മറ്റുള്ളവരെ ചിരിപ്പിക്കലാണ് ഇവരുടെ ഉദ്ദേശ്യം.
ഇനി ചിലരുണ്ട്: ‘അവനൊക്കെ എങ്ങനെയാണ് ഇത്തരം മോശത്തരങ്ങൾ ചെയ്യാൻ കഴിയുക? അവനെ പോലുള്ള ഒരാളൊക്കെ എങ്ങനെയാണ് ഇത്തരം അബദ്ധത്തിൽ വീഴുക?’ എന്നൊക്കെ ചോദിക്കുന്നവർ. യഥാർഥത്തിൽ ‘അവെൻറ ’ പക്കലുള്ള തിന്മകൾ പുറത്തു പറയാനുള്ള ഒരു തന്ത്രം മാത്രമാണിത്!
ചിലരുണ്ട്: ‘അവന് ഇങ്ങനെ സംഭവിച്ചു പോയല്ലോ എന്നാലോചിക്കുമ്പോൾ എനിക്ക് വളരെ ദുഖമാണ്, വിഷമമാണ്’ എന്നൊക്കെ സങ്കടം പറയും; അവെൻറ ഹൃദയമാകട്ടെ ഒരാളുടെ ഇറച്ചി തിന്നതിലുള്ള സന്തോഷത്തിലുമായിരിക്കും!
തിന്മയെ എതിർക്കുന്നു എന്ന രൂപത്തിൽ, തിന്മക്കെതിരെ കോപിക്കുന്നു എന്നു തോന്നിപ്പിച്ച് മറ്റുള്ളവരെ ഗീബത്ത് പറയുന്നവരുമുണ്ട്. അവൻ പുറത്തേക്ക് കാണിച്ചതായിരിക്കില്ല അവെൻറ മനസ്സിൽ ഉണ്ടായിരിക്കുക.’
(മജ്മൂഉൽ ഫതാവാ, 28/237-238, ആശയവിവർത്തനം)

