എന്റെ തേട്ടം
നസീമ വാടാനപ്പള്ളി
2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01

അതെ, എനിക്കു ഞാൻ ഞാനായിത്തന്നെ ഇരിക്കുന്നതായിരുന്നു ഇഷ്ടം. ഇന്നും അങ്ങനെത്തന്നെ. ഇടയ്‌ക്കെപ്പോഴോ എനിക്കെന്നെത്തന്നെ നഷ്ടപ്പെട്ടുപോയിരുന്നു. നടന്നുതീർത്ത ജീവിത വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എനിക്കേറ്റ ഏറ്റവും വലിയ നഷ്ടവും അതുതന്നെ. ആ നഷ്ടങ്ങളുടെ താളുകളിൽ നിന്നാണ് എന്നിലെയെന്റെ മൂല്യങ്ങളെ ഞാൻ വായിച്ചെടുത്തത്.
എന്നെന്നും ജീവിച്ചിരിക്കുന്ന, എല്ലാം നിയന്ത്രിക്കുന്ന പ്രപഞ്ച നാഥാ! കണ്ണിമ വെട്ടുന്ന നേരത്തേക്കു പോലും എന്റെ കാര്യങ്ങൾ എന്നെ നീ ഏൽപിക്കരുതേ...പേടിയാണെനിക്ക്. അതെ...നിന്നെക്കുറിച്ചുള്ള സ്മരണ എന്റെ ഹൃദയത്തിൽനിന്ന് എപ്പോഴെല്ലാം മാറിപ്പോയിട്ടുണ്ടോ അപ്പോഴൊക്കെ എനിക്ക് എന്നെത്തന്നെ നഷ്ടമായിട്ടുണ്ട്. വീണ്ടും എന്നിലെ എന്നെ എനിക്കു നഷ്ടപ്പെട്ടുകൂടാ. ജീവിതത്തിൽ പ്രശ്‌നങ്ങൾ ഒരുപാട് നേരിട്ടതാണ്. അല്ലെങ്കിലും പ്രശ്‌നങ്ങളില്ലാത്ത മനുഷ്യരുണ്ടോ? മാനസികവും ശാരീരികവും സാമ്പത്തികവും സാമൂഹികവും... അങ്ങനെയങ്ങനെ എത്രയോ പ്രശ്‌നങ്ങൾ. പക്ഷേ, അതൊന്നും തന്നെ എന്നിലെ എന്നെ ബാധിച്ചിട്ടില്ല എന്നത് റബ്ബേ, നിന്റെ കാവൽകൊണ്ട് മാത്രമാണ്. നിനക്കാകുന്നു സർവസ്തുതിയും. പലതുകൊണ്ടും പരീക്ഷിക്കുമെന്ന് നീ മുന്നറിയിപ്പ് നൽകിയതാണല്ലോ.
“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക. തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയുന്നത്; ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സൻമാർഗം പ്രാപിച്ചവർ’’ (ക്വുർആൻ 2: 155,156).
എന്നാൽ നിന്നെക്കുറിച്ചുള്ള സ്മരണ എന്റെ ഹൃദയത്തിൽനിന്നും പടിയിറങ്ങും നിമിഷം തക്കം പാർത്തിരിക്കുന്ന പിശാച് ദുർമന്ത്രവുമായി കടന്നുവരികയാണ്. ആ ദുർമന്ത്രത്തിലേക്ക് മനസ്സ് ചായുമ്പോൾ എനിക്ക് നഷ്ടമാവുന്നത് എന്നെത്തന്നെയാണ്. വയ്യ...! എനിക്കു ഭയമാണത്. മറ്റേതു പ്രയാസവും ക്ഷമിക്കാൻ കഴിയുമെനിക്ക്. കാരണം, ഒരു മുള്ളു തറച്ചാൽ പോലും ക്ഷമിക്കുന്ന വിശ്വാസിക്ക് പ്രതിഫലമുണ്ടെന്നതും ഒരു പ്രയാസം സഹിക്കുന്നതിന് രണ്ടു പ്രതിഫലം തരുമെന്നതുമെല്ലാം റബ്ബിന്റെ വാഗ്ദാനമാണെന്ന് റസൂൽﷺ പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹു എത്ര പരിശുദ്ധൻ! പ്രയാസങ്ങളിലെ പ്രതീക്ഷകളും അതൊക്കെത്തന്നെയാണ്. കൂടാതെ, ക്ഷമിക്കുന്നവരോടൊപ്പം ഞാനുണ്ടെന്ന എന്റെ റബ്ബിന്റെ വാഗ്ദാനം മാത്രം മതി ക്ഷമയുടെ ഏതറ്റം വരെയും എനിക്കു നടന്നടുക്കാൻ.
എന്റെ റബ്ബേ, ഞാൻ തെറ്റു ചെയ്‌തെങ്കിൽ അത് എന്റെ പരാജയം മാത്രം. നിന്റെ അതിർവരമ്പുകൾ ലംഘിച്ചതിനാൽ, നീ നൽകുന്ന സുരക്ഷിതത്വം നഷ്ടപ്പെട്ടതിനാൽ, കാലിടറിപ്പോയതിനാൽ മാത്രം. അല്ലാഹുവേ, നിന്നിലാണഭയം. നിന്റെ കാവൽ വേണമെനിക്ക്. ‘എന്റെ നിഷ്‌കളങ്കരായ അടിമകളുടെ മേൽ നിനക്ക് ഒരു സ്വാധീനവും ചെലുത്താനാവില്ല’ എന്ന് നീ പിശാചിനോട് പറഞ്ഞല്ലോ. അങ്ങനെയുള്ള അടിമകളിൽ എന്നെ നീ ഉൾപ്പെടുത്തേണമേ. എന്നിൽ തെറ്റുകളും വീഴ്ചകളും വന്നിട്ടുണ്ടെങ്കിലും നിന്നെയെനിക്കേറെ ഇഷ്ടമാണ്. നീ മാത്രമാണ് യഥാർഥ ആരാധ്യൻ. നീയെന്നെ കൈവെടിയരുതേ...

