ജീവനെക്കാൾ വലുതല്ല തിരക്കുകൾ
നബീൽ പയ്യോളി
2025 ജനുവരി 11, 1446 റജബ് 11

ഈയിടെ പത്തനംതിട്ടയിൽ നവദമ്പതികളും അവരുടെ പിതാക്കന്മാരും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് നാല് പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ആലപ്പുഴയിലെ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് നാളെയുടെ പ്രതീക്ഷകളായ ആറ് കൗമാരക്കാരാണ് മരണമടഞ്ഞത്.
ഇങ്ങനെ എത്രയെത്ര ജീവനുകളാണ് നമ്മുടെ നിരത്തുകളിൽ ദിനേന പൊലിയുന്നത്! ഒരായിരം പ്രതീക്ഷകളുമായി യാത്ര പുറപ്പെട്ടവർ ചേതനയറ്റ് വീട്ടിലേക്ക് തിരിച്ചെത്തുന്ന കാഴ്ച ഹൃദയഭേദകമാണ്. കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2024 ഒക്ടോബർ മാസംവരെ 40821 റോഡപകടങ്ങളിലായി 3168 പേർക്കാണ് ജീവൻ നഷ്ടമായത്. 45657 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓരോ വർഷവും റോഡപകടങ്ങളിൽ മരിക്കുന്നവരും പരിക്കേൽക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്.
നമ്മളെല്ലാം തിരക്കിലാണ്. വിശ്രമമില്ലാത്ത യാത്രയ്ക്കിടയിൽ ജീവനറ്റ് വീഴുന്നവരുടെ കാഴ്ചകൾ ഈ ഓട്ടത്തിനിടയിൽ നമ്മൾ പലപ്പോഴും കാണാൻ ഇടവന്നിട്ടുണ്ട്. റോഡ് നിർമാണത്തിലെ അശാസ്ത്രീയത, വാഹനപ്പെരുപ്പം, അമിതവേഗത, ലഹരിവസ്തുക്കളുടെ ഉപയോഗം, മൊബൈൽ ഫോൺ, മൃഗങ്ങളുടെ ശല്യം, വാഹനങ്ങളുടെ തകരാറുകൾ അങ്ങനെ നിരവധി കാര്യങ്ങൾ റോഡപകടങ്ങൾക്ക് കാരണമാവുന്നു.
അപ്രതീക്ഷിതായി സംഭവിക്കുന്നതാണ് അപകടങ്ങൾ. നമ്മൾ എത്ര ശ്രദ്ധിച്ചാലും എതിരെ വരുന്നവർ ശ്രദ്ധിക്കാത്തത് അപകടങ്ങളിൽ ഒരു വില്ലനാണ്. എന്നാലും എല്ലാവരും ശ്രദ്ധിച്ചും കരുതിയും വാഹനം ഓടിക്കാൻ തയ്യാറായാൽ ഒരു പരിധിവരെ അപകടങ്ങൾ കുറക്കാൻ സാധിക്കും. സ്വന്തം ജീവൻ നഷ്ടപ്പെടാൻ ആരും ആഗ്രഹിക്കാത്തതുപോലെ മറ്റൊരാളുടെ ജീവഹാനിക്ക് താൻ കാരണക്കാരനായിക്കൂടാ എന്ന ഉറച്ച തീരുമാനവും അനിവാര്യമാണ്.
റോഡ് നിയമങ്ങൾ ആരെങ്കിലും ലംഘിച്ചാൽ അപകടം ഉണ്ടാവാം. നമ്മൾ അത്തരം നിയമംലംഘകരുടെ പട്ടികയിൽ ഉൾപ്പെട്ടുകൂടാ. നിയമങ്ങൾ അനുസരിക്കാൻ നാം തയ്യാറാവണം; അത് നമ്മുടെയും ഗുണത്തിനു വേണ്ടിയാണ്.
ലഹരിയും രാത്രി പകലാക്കിയുള്ള ആഘോഷങ്ങളും ജീവിതത്തെ സന്തോഷിപ്പിക്കുന്നു എന്ന് കരുതുന്നവർക്ക് മുൻപിൽ ഇത്തരം ആഘോഷങ്ങളും ലഹരിയുമൊക്കെ കവർന്നെടുത്ത ആയിരങ്ങളുടെ ജീവൻ സാക്ഷിയാണ്. മനുഷ്യൻ നിസ്സഹായനായി നിൽക്കുന്ന, മനസ്സ് മരവിക്കുന്ന കാഴ്ചകൾ നമ്മുടെയൊക്കെ കണ്ണ് തുറപ്പിക്കണം. സ്വയം തിരിച്ചറിയാനും ജീവിതയാഥാർഥ്യങ്ങളെ ഉൾക്കൊള്ളാനും തയ്യാറായാൽ മാത്രമെ ജീവൻ രക്ഷിക്കാൻ സാധ്യമാവൂ.
തിരക്കാണ് മറ്റൊരു പ്രധാന കാരണം; റോട്ടിലെ തിരക്കും നമ്മുടെ തിരക്കും. റോട്ടിലെ തിരക്ക് കുറക്കാൻ പ്രായോഗിക ഇടപെടലുകൾ നടത്തേണ്ടത് അനിവാര്യമാണ്. വികസനത്തിന്റെ പേരിൽ മണിക്കൂറുകൾ ജനങ്ങളെ വഴിയിൽ കെട്ടിയിടുന്നത് നീതീകരിക്കാവതല്ല. പകരം സംവിധാനങ്ങൾ ഏർപ്പെടുത്തൽ അനിവാര്യമാണ്. കൃത്യസമയത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാവാറുണ്ട്.
സമയനിഷ്ഠ പാലിക്കാൻ വേണ്ടിയാകും പലരുടെയും മരണപ്പാച്ചിൽ. അതിനിടയിൽ ജീവൻ നഷ്ടമായാൽ ഒരു തിരക്കുമില്ലാതെ ലോകത്തേക്കാണ് യാത്ര, അതുകൊണ്ട്തന്നെ തിരക്കെത്രയുണ്ടെങ്കിലും അതൊന്നും ജീവനെക്കാൾ വലുതല്ലെന്ന തിരിച്ചറിവ് ഉണ്ടായേ തീരൂ. എത്തേണ്ടിടത്ത് സമയത്തിനെത്താൻ നേരത്തെ പുറപ്പെടുക. വൈകുമെങ്കിൽ ബന്ധപ്പെട്ടവരെ അറിയിച്ച് ശാന്തമായ മനസ്സുമായി വാഹനം ഓടിക്കുക. മനസ്സും ശരീരവും കണ്ണും കാതും ഒരേപോലെ ശ്രദ്ധിച്ചാൽ മാത്രമെ സുരക്ഷിതയാത്ര സാധ്യമാവൂ.
ഉറക്കം മറ്റൊരു വില്ലനാണ്. രാതിയാത്രകളിൽ നിരവധി ജീവനുകളാണ് ദിനേന പൊലിയുന്നത്. മനുഷ്യന്റെ ശരീരം ക്ഷീണിക്കുകയും വിശ്രമം ആവശ്യപ്പെടുകയും ചെയ്യുന്ന സമയമാണ് രാത്രി. ഇരുട്ടിന്റെ മറവും ശാന്തതയും രാത്രിയെ വിശ്രമത്തിന്റെതാക്കി മാറ്റിയിരിക്കുന്നു. പകൽ സമയം എത്ര ഉറങ്ങിയാലും അത് രാത്രിയുറക്കത്തിന് പകരമാവില്ല. പ്രക്ഷുബ്ധമായ പകലിൽനിന്നും ശാന്തസുന്ദരമായ രാത്രിയിൽ മനസ്സും ശരീരവും വിശ്രമിക്കുക എന്നത് അനിവാര്യത കൂടിയാണ്. അതിന് വിപരീതമായി ചെയ്യുന്നവർക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം.
എന്തായാലും രാത്രിയാത്ര ഒരിക്കലും സുരക്ഷിതമല്ല. റോട്ടിലെ തിരക്ക് കുറയും, ബുദ്ധിമുട്ടുകളില്ലാതെ ലക്ഷ്യസ്ഥാനത്ത് വേഗമെത്താം എന്ന് കരുതി രാതി യാത്രക്ക് പോകുന്നവരാണ് പലരും. യാത്ര നേരത്തെ പ്ലാൻ ചെയ്യുകയും അനാരോഗ്യകരമായ യാത്രകൾ ഒഴിവാക്കുകയും ചെയ്യുക. ആവശ്യത്തിന് വിശ്രമവും വെള്ളവും ഭക്ഷണവും ഒക്കെ ഉറപ്പ് വരുത്തണം. വാഹനത്തിന്റെ ക്ഷമതയും മറ്റ് സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കണം. നിയമങ്ങൾ പരമാവധി പാലിക്കാൻ ശ്രമിക്കുക. എത്ര അറിയുന്ന വഴികളാണെങ്കിലും നമ്മുടെ എതിരെ വരുന്ന ആൾക്ക് അതൊന്നും അറിയാൻ സാധ്യതയില്ലെന്ന് മറന്ന് പോകരുത്. കഴിയുന്നതും അതിരാവിലെ യാത്ര പുറപ്പെടാൻ ശ്രമിക്കുക. പണവും സമയവും മറ്റെന്തെങ്കിലും ലാഭമുണ്ടെങ്കിലും അതൊന്നും ജീവനെക്കാൾ വലുതല്ലെന്ന ബോധ്യം നമുക്കുണ്ടാവണം.

