ഭൂമിക്ക് ചിലതു പറയാനുണ്ട്!

ശാനിദ ബിൻത് അഹ്‌മദ്, ഈങ്ങാപ്പുഴ

2025 ഏപ്രിൽ 26, 1446 ശവ്വാൽ 26

ശൈത്യകാലമെന്നോ ഉഷ്ണകാലമെന്നോ വ്യത്യാസമില്ലാതെ, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എന്നിലൂടെ ഗമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യസമൂഹമേ, നിങ്ങളോട് എനിക്ക് ചിലത് പറയാനുണ്ട്. മരണമാസന്നമായ ഉറ്റബന്ധുവിന്റെ വസ്വിയ്യത്ത് ശ്രവിക്കുന്നപോലെ നിങ്ങളെന്നെ ശ്രവിക്കണം.

ഞാനിതാ പ്രകമ്പനം കൊള്ളാൻ പോകുന്നു. എന്റെയുള്ളിലുള്ള ഭാരങ്ങളെല്ലാം പുറന്തള്ളുന്ന ദിവസം വിദൂരമല്ല. അന്ന്. ഈ ഭൂമിക്കിതെന്തു പറ്റി എന്ന് നിങ്ങൾ വിലപിച്ചിട്ടോ അലമുറയിട്ടിട്ടോ യാതൊരു പ്രയോജനവുമുണ്ടാകില്ല.

അന്ന് ഞാൻ എല്ലാ വാർത്തകളും പുറത്ത് പറയും. അതെ, ഞാൻ കണ്ടതും കേട്ടതും എന്നെ സാക്ഷിയാക്കി എന്റെ മേനിയിൽ ചവിട്ടി നിങ്ങൾ തിമിർത്താടിയതുമെല്ലാം വിളിച്ചുപറയാൻ ഞാൻ തയ്യാറായി നിൽക്കുകയാണ്. എന്റെ റബ്ബിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഞാൻ.

മനുഷ്യരേ... ഒരുപക്ഷേ, നിങ്ങൾ ചെയ്ത കാര്യങ്ങൾക്കെല്ലാം ഞാൻ സാക്ഷിയാവുന്നുണ്ട് എന്ന കാര്യം നിങ്ങൾക്ക് അറിയില്ലായിരിക്കാം. അത് ഓർത്തിരുന്നെങ്കിൽ നിങ്ങളിൽ പലരും മൃഗതുല്യം ജീവിക്കില്ലായിരുന്നു. മൃഗങ്ങൾ പരസ്പരം കൊന്നൊടുക്കുന്നത് സ്വരക്ഷയ്‌ക്കോ വിശപ്പടക്കാനോ ആണ്. എന്നാൽ നിങ്ങളിൽ പലരും അതിനീചമായി കൊന്നൊടുക്കുന്നുണ്ട്; കാരണമൊന്നുമില്ലാതെ! ലഹരിക്ക് അടിമകളായി ചെയ്തുകൂട്ടുന്ന അക്രമങ്ങൾ അതിഭീകരമാണ്. പലരും അന്യന്റെ ധനം അന്യായമായി കൈവശപ്പെടുത്തുന്നു. കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാൻ ശേഷിയുണ്ടായിട്ടും തിരിച്ചുകൊടുക്കുന്നില്ല ചിലർ.

മനുഷ്യരേ, നിങ്ങളുടെ നാവിന്റെ മൂർച്ചയുള്ള മുന തട്ടി എത്രയെത്ര ഹൃദയങ്ങളാണ് രക്തം വാർന്നൊലിച്ച് മുറിവുണങ്ങാതെ നീറിപ്പുകയുന്നത്! മാതാപിതാക്കളോടുള്ള കടമകളും ഇണകളോടും മക്കളോടുമുള്ള ബാധ്യതകളും മനഃപൂർവം വിസ്മരിച്ചുകളയുന്നു പലരും.

പള്ളി മിനാരത്തിൽനിന്ന് ബാങ്കുവിളി മുഴങ്ങുമ്പോൾ കർണപുടങ്ങൾക്ക് ബധിരത ബാധിച്ചവരായി പലരും മാറുന്നു. അതിന് ഉത്തരം നൽകാൻ അവർക്ക് സമയമില്ല. പാതിരാവിലും സംഗീതം കേൾക്കാനും സിനിമകൾ കാണാനും മറ്റും സമയം കണ്ടെത്തുകയും ചെയ്യുന്നു. എല്ലാ തെറ്റുകൾക്കും കൂടെ നിൽക്കാനുണ്ടായിരുന്ന ‘ചങ്കുകൾ’ സഹായത്തിനെത്താത്ത സമയം അടുത്തിരിക്കുന്നു.

സ്വന്തം പരലോകം മറന്ന് പരിമിത സുഖത്തിനുവേണ്ടി എന്റെ മണ്ണിലൂടെ നെട്ടോട്ടമോടുന്നവർ നന്മയുപദേശിക്കുന്നവരെ പുച്ഛിക്കുന്നു. കർമരേഖ കൈയിൽ ലഭിക്കുന്ന ഒരു ദിവസത്തെ ഓർക്കുന്നേയില്ല.

മനുഷ്യാ...യഥേഷ്ടം നിനക്ക് ജീവിക്കാൻ അനുയോജ്യമായ രീതിയിൽ എല്ലാ അനുഗ്രഹങ്ങളും നൽകിക്കൊണ്ട് എന്നെ നിനക്കായി പാകപ്പെടുത്തിയ നമ്മുടെയെല്ലാം സ്രഷ്ടാവായ അല്ലാവിനോട് നന്ദി കാണിക്കാൻ നീ മറക്കുന്നു. നീ നടക്കുന്നതും ഇരിക്കുന്നതും ഓടുന്നതും സമ്പാദിക്കുന്നതുമെല്ലാം നിന്റെ മാത്രം കഴിവുകൊണ്ടാണെന്ന് നീ അഹങ്കരിക്കുന്നു. നിന്റെ ചലനം പൂർണമായും ഒരിക്കൽ നിലയ്ക്കുമെന്ന യാഥാർഥ്യം നീ ഓർക്കുന്നുണ്ടോ?

ഇന്ന് നീ എന്റെമേൽ ചവിട്ടി ആഹ്ലാദിച്ചു നടക്കുന്നു. നാളെ നീ എന്റെ അകത്തായി മാറുമെന്ന കാര്യം നീ മറക്കുന്നു. നിനച്ചിരിക്കാത്ത നേരത്ത് സർവസുഖത്തെയും ഹനിച്ചു കളയുന്ന മരണം നിന്നെ പിടികൂടും. അന്ന് നിന്റെ അഹങ്കാരവും ആഹ്ലാദവും പ്രമാണിത്തവുമെല്ലാം നിലയ്ക്കും. നീ എന്റെ വയറ്റിൽ കിടക്കുമ്പോൾ ഞാൻ നിന്നെ വല്ലാതെയങ്ങ് ഞെരുക്കിക്കളയും. നിനക്ക് ഏറെ അസഹ്യമായിരിക്കും അത്. അതിൽനിന്നും പിന്നെ നിനക്ക് മോചനമില്ലല്ലോ!

മുഴുവൻ മനുഷ്യരും ഒരുമിച്ചുകൂടുന്ന മഹാസമ്മേളന വേദിയായ മഹ്ശറിൽ നിന്റെ കാര്യങ്ങളെല്ലാം റബ്ബിന്റെ മുമ്പിൽ ഞാൻ വിളിച്ചു പറയും; എന്റെ റബ്ബിന്റെ ബോധനത്താൽ. ഇന്ന് നീ സംസാരിച്ചുകൊണ്ട് നടക്കുന്നു, എനിക്ക് സംസാരിക്കാനാവില്ല. നാളെ നിന്നെ നിശ്ശബ്ദനാക്കും, എനിക്ക് സംസാരശേഷി നൽകും. ആ ഒരു ദിവസത്തെ നീ ഭയപ്പെടുക.

ചെയ്തുപോയ തിന്മകൾ ഏറ്റു പറഞ്ഞ് പൊറുക്കലിനെ ചോദിച്ചാൽ ഏറെ പൊറുക്കുന്നവനാണ് നമ്മുടെ റബ്ബ്. അവനോളം കാരുണ്യമുള്ള മറ്റാരുമില്ല. തന്റെ പിഞ്ചോമനയെ നഷ്ടപ്പെട്ട ഉമ്മാക്ക് അതിനെ തിരിച്ചുകിട്ടുമ്പോൾ എത്രമാത്രം സന്തോഷമുണ്ടാകുമോ, അതിലേറെ റബ്ബ് സന്തോഷിക്കുന്ന ഒരു സന്ദർഭമാണ് തെറ്റ് ചെയ്തുപോയ ഒരു അടിമ തന്റെ തെറ്റിൽ പശ്ചാത്തപിക്കുന്നത്. നിന്റെ നന്മക്കും തിന്മക്കും ഞാൻ സാക്ഷിയാണെന്നത് നീ മറക്കാതിരിക്കൂ മർത്യാ...