വിജയം അകലെയല്ല
ബിസ്മിത എം.
(സൽസബീൽ അറബിക് കോളേജ് വെങ്കിടങ്ങ്)
2024 നവംബർ 30, 1446 ജു. ഊലാ 28

അംന സംസാരിക്കാൻ എഴുന്നേറ്റു നിന്നു. സംസാരം തുടങ്ങുന്നതിനു മുമ്പ് അവൾ സദസ്സിലിരിക്കുന്ന വരിലേക്ക് നോക്കി. അവിടെ ഇടംപിടിച്ചവരിൽ തന്നെ കളിയാക്കിയവരും പരിഹസിച്ചവരുമുണ്ട്. പഠിപ്പി ച്ചവരുണ്ട്. ഉമ്മയും ഉപ്പയുമുണ്ട്. സ്റ്റേജിലാകട്ടെ തന്നെ ഈ അവസ്ഥയിലെത്തിക്കാൻ സാമ്പത്തികമായി അകമഴിഞ്ഞു സഹായിച്ച ആ മഹാമനസ്‌കനുണ്ട്.
അവളുടെ മിഴികൾ നിറഞ്ഞൊഴുകി. അവൾ സദസ്സിന് സലാം പറഞ്ഞു. ശേഷം പതിയെ സംസാരിച്ചു തുടങ്ങി:
“ഞാൻ അംന റിയാസ്. റിയാസ് എന്റെ പ്രിയപ്പെട്ട ഉപ്പയാണ്. ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് ഒരൊറ്റ കാര്യമെ നിങ്ങളോട് പറയുവാനുള്ളൂ; ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധിയിലൂടെ നാം കടന്നുപോയാലും യഥാർഥ ലക്ഷ്യം കൈവിടാതെ, കഠിനമായ പരിശ്രമവും നിരന്തരമായ പ്രാർഥന യും പ്രതീക്ഷയുമായി മുന്നോട്ടു പോകുക. എങ്കിൽ ദൈവാനുഗ്രഹത്താൽ വിജയം നമുക്ക് ഉറപ്പാണ്. മോഹങ്ങളെല്ലാം കുഴിച്ചുമൂടി തൊഴിലുറപ്പു ജോലിക്കാരിയോ മറ്റോ മാത്രമായി മാറുമായിരുന്ന എന്നെ ഈ അവസ്ഥയിലേക്കത്തിക്കാൻ സഹായിച്ച ഒരു മഹാമനസ്‌കൻ ഈ വേദിയിലിരിപ്പുണ്ട്. അദ്ദേഹത്തിന്റെ സംസാരം നമ്മൾ കേട്ടുകഴിഞ്ഞു. അർഹമായ പ്രതിഫലം ദൈവം അദ്ദേഹത്തിനു നൽകട്ടെ. അദ്ദേഹത്തിന് ഇനിയുമേറെ അഭിവൃദ്ധി സർവശക്തൻ നൽകട്ടെ എന്ന പ്രാർഥന എപ്പോഴും എന്റെ കൂടെയുണ്ട്. എനിക്ക് ജീവിതത്തിൽ ഒന്നും നൽകാൻ കഴിഞ്ഞിട്ടില്ല എന്ന് ഇപ്പോഴും വിചാരിക്കുന്ന എന്റെ ഉപ്പ, ജീവിതത്തിന്റെ കൈപ്പുനീര് കണക്കില്ലാതെ ആസ്വദിച്ച എന്റെ പ്രിയപ്പെട്ട ഉമ്മ, എന്റെ വലിയ മോഹം കണ്ട് എന്നെ കളിയാക്കുകയും അതുവഴി ലക്ഷ്യത്തിലെത്താനുള്ള വാശി എന്നിൽ വളർത്തുകയും ചെയ്ത കൂട്ടുകാരികൾ, ബഹുമാനപ്പെട്ട ഗുരുനാഥന്മാർ, ഈ പരിപാടി സംഘടിപ്പിച്ച പ്രിയപ്പെട്ട നാട്ടുകാർ...എല്ലാവർക്കും ഹദയം നിറഞ്ഞ നന്ദി...’’
നിറകണ്ണുകളോടെ പിന്നെയും കുറെ സംസാരിച്ചുകൊണ്ടാണ് അംന തന്റെ പ്രസംഗം അവസാനി പ്പിച്ചത്.
പൂക്കൾ അവളെ നോക്കി ചിരിച്ചു. ഇലകൾ അവൾക്കുവേണ്ടി നൃത്തമാടി. കിളികൾ അവൾക്കു വേ ണ്ടി പാട്ടുപാടി. നിശ്ശബ്ദമായ ആ സദസ്സിൽ ഉയർന്ന അവളുടെ ദൃഢമായ ശബ്ദം വിജയത്തിന്റെതല്ലായിരു ന്നു; ക്ഷമയുടെയും പ്രാർഥനയുടെയും വിശ്വാസത്തിന്റെയുമായിരുന്നു.
വേദിയിൽനിന്നിറങ്ങിയ ഉടൻ അവൾ ഓടിച്ചെന്നത് അവളെ ക്ഷമിക്കുവാനും സഹിക്കുവാനും പഠി പ്പിച്ച ഉമ്മയുടെ കരവലയത്തിലേക്കായിരുന്നു. അധ്യാപകരടക്കം ഒട്ടേറെ പേർ അവളുടെ അടുത്തെത്തി അഭിനന്ദിച്ചു. അവളെ അന്ന് കളിയാക്കിയ ഫിദ അവൾക്ക് മുന്നിൽ വന്ന് സോറി പറഞ്ഞു. അംന പറഞ്ഞു:
“എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല. ജീവിതത്തിൽ ഉയർച്ചയും താഴ്ചയുമുണ്ടാകും. പണവും പ്രതാപവുമല്ല മനുഷ്യത്വവും നല്ല സ്വഭാവവുമാണ് ജീവിത്തിൽ വേണ്ടത്.’’
കരയുന്ന കണ്ണുകളുമായി ഫിദ പറഞ്ഞു: “ഇന്ന് ഞാൻ ഒറ്റയ്ക്കാണ്. എനിക്ക് വലിയ വീടും വിലകൂടിയ കാറുമുണ്ട്. എന്നാൽ മാതാപിതാക്കളില്ല. എന്നെ ഏറെ സ്‌നേഹിച്ച അവർ ഒരു അപകടത്തിൽ മരണപ്പെട്ടു. ഞാൻ അവർക്ക് വേണ്ട പരിഗണനയും സ്‌നേഹവും കൊടുത്തിരുന്നില്ല. നിന്റെ കാര്യമാകട്ടെ നേരെ മറിച്ചാണ്. നീ ലോകത്തിനു മാതൃകയാണ് അംനാ...’’
“മോളേ, ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ കടന്നുവരും. നീ വിഷമിക്കേണ്ട, അല്ലാഹുവിനെ നീ മറക്കാതിരുന്നാൽ അവൻ കൂടെയുണ്ടാവും. ഈ കൂട്ടുകാരി സാധിക്കുന്ന എന്തു സഹായവും ചെയ്തു തരും.’’
പുഞ്ചിരിയോടെ അവർ ആലിംഗനം ചെയ്തു. ജീവിതത്തിൽ ഇതുവരെ അനുഭവപ്പെടാത്ത ഒരു സമാധാനം ഫിദയുടെ മനസ്സിന് അനുഭവപ്പെട്ടു.
അംനയുടെ ഉപ്പ ഓടിവന്ന് അവളെ ചേർത്തുപിടിച്ചു:
“മോളേ, ഇന്ന് ഉപ്പാക്ക് എല്ലാം മനസ്സിലായി. ഒന്നിനും കൊള്ളാത്ത, നിനക്കും നിന്റെ ഉമ്മാക്കും പ്രയാസങ്ങൾ മാത്രം സമ്മാനിച്ച ഈ ഉപ്പാനെ വെറുക്കാത്ത, എന്റെ പേര് സ്വന്തം പേരിനൊപ്പം ചേർത്തു പറയാൻ മടികാണിക്കാത്ത നീ എന്നെ ഒരുപാട് പഠിപ്പിച്ചിരിക്കുന്നു. നിന്നോടും നിന്റെ ഉമ്മയോടു ഞാൻ കാണിച്ച ദ്രോഹങ്ങൾ പൊറുത്തുതരാൻ നിങ്ങൾ റബ്ബിനോട് പ്രാർഥിക്കണം.’’
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് കണ്ടു നിൽക്കുകയായിരുന്ന ഉമ്മ സന്തോഷത്താൽ കരയുന്നുണ്ടായിരുന്നു.
“ഉപ്പാ, ഞാൻ ജീവിക്കുന്നത് ആരുടെ മുമ്പിലും ആളാവാനല്ല. അല്ലാഹുവിന്റെ തൃപ്തിക്കപ്പുറം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. എന്തൊക്കെ തന്നെയായാലും എന്റെ ഉപ്പ എന്നും എന്റെ ഉപ്പ തന്നെയല്ലേ. എന്നെങ്കിലും ഒരിക്കൽ നന്നാവും എന്നുള്ള പ്രതീക്ഷയും അതിനുവേണ്ടിയുള്ള നിരന്തരമായ പ്രാർഥനയും എന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും ഞാൻ ഉപ്പാനെ വെറുത്തിട്ടില്ല. ഇനിയെങ്കിലും എന്റെ ഉമ്മക്ക് സമാധാനം നിറഞ്ഞ ജീവിതം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’ ദുഃഖഭാരത്താൽ ഒന്നും പറയാനാകാതെ ഉപ്പ മകളെ കെട്ടിപ്പിടിച്ചു തേങ്ങി. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. (അവസാനിച്ചു)

