സ്റ്റാറ്റസ്

ഉസ്മാൻ പാലക്കാഴി

2024 സെപ്തംബർ 07, 1446 റ. അവ്വൽ 04

ഉമ്മാ, ഇന്നും ചായക്ക് കടിയൊന്നുമില്ലേ?’’- കട്ടൻചായ വലിച്ചുകുടിക്കുന്നതിനിടയിൽ ഫൈസൽ മോൻ ചോദിച്ചു.

“മക്കൾ മദ്‌റസയിലേക്ക് പൊയ്‌ക്കോ. വരുമ്പോഴേക്കും ഉമ്മ കഞ്ഞിയുണ്ടാക്കാം’’- തേങ്ങല ടക്കാൻ പാടുപെട്ടുകൊണ്ട് സൈനബ പറഞ്ഞു. ഫൈസലും അനുജത്തി ഫസീലയും തിരിച്ചുവരുമ്പോൾ കഞ്ഞി കിട്ടുമല്ലോ എന്ന ആശ്വാസത്തോടെ മദ്‌റസയിലേക്കു പോയി.

സൈനബയുടെ ഭർത്താവ് ഹംസ മാസങ്ങളായി സുഖമില്ലാതെ കിടപ്പിലാണ്. കൂലിപ്പണിക്കാരനായ ആ മനുഷ്യൻ കിടപ്പിലായതോടെ കുടുംബം പട്ടിണിയിലായി. ചികിത്സിക്കാൻ കാശില്ലാതെ കഷ്ടപ്പെടുന്നു. ചില നല്ല മനസ്സുകളുടെ ഔദാര്യത്താൽ വല്ലപ്പോഴും വിശപ്പടക്കാൻ കഴിയുന്നു.

മാസങ്ങൾ കടന്നുപോയി. ഹംസയുടെ രോഗം ഭേദമായി. വീണ്ടും കൂലിപ്പണിക്കു പോയിത്തുടങ്ങി. ആയിടക്കാണ് പഴയൊരു സ്‌നേഹിതനെ കണ്ടുമുട്ടിയതും തന്റെ കഷ്ടപ്പാടുകൾ അയാളെ അറിയിച്ചതും. ഗൾഫിൽ ജോലിയുള്ള അയാൾ ഒരു വിസ സംഘടിച്ചുതരാമെന്നു പറഞ്ഞ് ഹംസയെ സമാധാനിപ്പിച്ചു.

താമസിയാതെ ഹംസ ഗൾഫിലേക്കു പറന്നു. ക്ലീനിംഗായിരുന്നു ജോലി. എങ്കിലും തരക്കേടില്ലാത്ത ശമ്പളം. ക്ലീനിംഗ് കോൺട്രാക്ടറായ ചാവക്കാട്ടുകാരൻ നിർദേശിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യണം. കൂടെയുള്ളവരെല്ലാം മലയാളികൾ.

കുടുംബത്തിലെ പട്ടിണി മാറി. നാട്ടിൽ പോകാതെ അഞ്ചുവർഷം അയാൾ ജോലി ചെയ്തു. ഓലമേഞ്ഞ കുടിലിന്റെ സ്ഥാനത്ത് കോൺക്രീറ്റ് സൗധമുയർന്നു. വീട്ടിൽ വാഷിംഗ് മെഷീനും ടി.വിയും ഗ്രൈന്ററുമെല്ലാം സ്ഥാനം പിടിച്ചു.

മക്കളെയും ഭാര്യയെയും പിരിഞ്ഞിട്ട് നീണ്ട അഞ്ചുവർഷങ്ങൾ കഴിഞ്ഞു. മക്കളൊക്കെ എത്ര വളർന്നിട്ടുണ്ടാകും. ഫൈസൽ മോൻ പ്ലസ് ടു കഴിഞ്ഞു പോലും! ഇനിയും പിടിച്ചുനിൽക്കാൻ വയ്യ. അയാൾ നാട്ടിലേക്കു വിളിക്കാനായി പോക്കറ്റിൽനിന്നും മൊബൈലെടുത്തു. ഭാര്യയുടെ മൊബൈലിലേക്കു വിളിക്കാനൊരുങ്ങിയപ്പോഴേക്കും ഒരു ഇൻകമിംഗ് കോൾ. നോക്കുമ്പോൾ അവൾ തന്നെ. അയാൾ സന്തോഷാധിക്യത്താൽ പറഞ്ഞു:

“സൈനൂ, എനിക്കു മടുത്തു. ഞാൻ ഉടനെ നാട്ടിൽ വരാനുദ്ദേശിക്കുന്നു. നിങ്ങളെയൊക്കെ കാണാതെ ഞാൻ വീർപ്പുമുട്ടുകയാണ്...’’ മറുതലക്കൽ മിണ്ടാട്ടമില്ല. സന്തോഷത്താൽ അവൾക്ക് വാക്കുകൾ കിട്ടാഞ്ഞിട്ടാകുമെന്ന് അയാൾ കരുതി. എന്നാൽ അൽപം നീരസം കലർന്ന വാക്കുകളാണയാൾക്ക് കേൾക്കാൻ കഴിഞ്ഞത്.

“ഇപ്പോൾ വന്നിട്ട് എന്തു ചെയ്യാനാ? പലചരക്കുകടയിൽ മാത്രം ആറായിരം കൊടുക്കാനുണ്ട്. കോഴിക്കടയിൽ മൂവായിരവും. പിന്നെ ഫൈസലിനെ ഡിഗ്രിക്ക് സെന്റ് തോമസ് കോളേജിൽ തന്നെ ചേർക്കണം. തെക്കേതിൽ ജമീലാന്റെ മോനും അവിടെയാ പഠിക്കുന്നത്. അഡ്മിഷന് ഒരു ലക്ഷം വേണ്ടിവരും. പിന്നെ നമ്മുടെ വീടിന്റെ കാർപോർച്ചിലിപ്പോൾ പഴയ സാധനങ്ങളൊക്കെ കൂട്ടിയിട്ടിരിക്കുകയാ. നിങ്ങൾ വന്നാൽ അതിൽ ഒരു കാറില്ലെങ്കിൽ അതൊരു കുറച്ചിലല്ലേ? അതുകൊണ്ട് ഇപ്പോൾതന്നെ ഓടിവരേണ്ട...’’ അവൾ ഫോൺ കട്ടാക്കി. അൽഫലാഹ് സ്‌കൂളിലെ, ആരോ വൃത്തികേടാക്കിയിട്ട കക്കൂസിൽ ശക്തിയായി വെള്ളം ചൊരിഞ്ഞ് വൃത്തിയാക്കവെ അയാൾ മനസ്സിൽ പറഞ്ഞു: ‘ശരിയാ...കാറില്ലാത്ത വീടും പ്രശസ്തി കുറഞ്ഞ സ്ഥാപനത്തിൽ മക്കൾ പഠിക്കുന്നതും നമ്മുടെ സ്റ്റാറ്റസിന് ചേർന്നതല്ല. അതുകൊണ്ട് ഇനിയും... ഇനിയും വർഷങ്ങൾ, ഈ മരുഭൂമിയിൽ... നിങ്ങൾക്കെല്ലാം സുഖമായിരിക്കട്ടെ. അതിനാണല്ലോ ഈ കഷ്ടപ്പാട്!’