വിജയം അകലെയല്ല

ബിസ്മിത എം.

(സൽസബീൽ അറബിക് കോളേജ്, വെങ്കിടങ്ങ്)

2024 നവംബർ 16, 1446 ജു. ഊലാ 14

ജനലഴികൾക്കിടയിലൂടെ തെറിച്ചുവീണ മഴത്തുള്ളികൾ അംനുവിന്റെ മിഴികളെ തുറപ്പിച്ചു. ഉച്ചമയക്കത്തിന്റെ ആലസ്യത്തോടെ എഴുന്നേറ്റ അവൾ ജനലിലൂടെ പുറത്തേക്കു നോക്കി, മഴ തിമർത്തു പെയ്യുകയാണ്. എത്ര വേഗമാണ് വരൾച്ചയും കൊടുംചൂടും മാറിക്കിട്ടിയത്! ഇങ്ങനെയൊക്കയല്ലേ മനുഷ്യന്റെ ജീവിതവും? അപ്രതീക്ഷിതമായി എന്തെല്ലാം മാറ്റങ്ങളാണ് ജീവിതത്തിൽ സംഭവിക്കുന്നത്! അവൾ ഓർത്തു.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കുട്ടിയാണ് അംനു എന്ന അംന. അംനുവിന്റെ ഉപ്പ ഒരു മുഴുക്കുടിയനായിരുന്നു. അത് അവളെ വല്ലാതെ വേദനിപ്പിച്ചു. നേരാംവണ്ണം വിശപ്പുമാറാൻ ഭക്ഷണം കിട്ടാറില്ല. നല്ല വസ്ത്രമില്ല. സന്താനമായി ആകെയുള്ളത് ഒരു മകൾ മാത്രം; അവൾക്ക് ഈ ഗതി വന്ന ല്ലോ എന്നോർത്ത് അംനുവിന്റെ ഉമ്മ കരയാത്ത ദിവസങ്ങളില്ലായിരുന്നു.

ഒരുദിവസം രാവിലെ സ്‌കൂളിലേക്ക് പോകാനൊരുങ്ങവെ അംനു ഉമ്മയോട് പരഞ്ഞു: “ഉമ്മാ, ഇന്ന് സ്‌കൂളിൽ കളർ ഡ്രസ്സ് ഇടാൻ അനുമതിയുള്ള ദിവസമാണ്. എന്നും യൂണിഫോം ഇട്ട് മടുത്തു. ഇന്ന് ഞാൻ കളർ ഡ്രസ്സ് ഇട്ടോട്ടെ?’’

ഉമ്മ മറുപടിയൊന്നും പറയാതെ, അവൾക്ക് നല്ലതെന്നു പറയാൻ ആകെയുണ്ടായിരുന്ന ഡ്രസ്സ് എടുത്തുകൊടുത്തു. ആ ഡ്രസ്സുമിട്ട് അവൾ സ്‌കൂളിലേക്ക് പോയി. മറ്റു കുട്ടികളെല്ലാം വളരെ നല്ല വസ്ത്രങ്ങളണിഞ്ഞാണ് വന്നിരുന്നത്. അവർക്കിടയിൽ അവളുടെ വസ്ത്രം പഴയതായി തോന്നിക്കുന്നതും ഫാഷനല്ലാത്തതുമായിരുന്നു. പലരും അവളെ കളിയാക്കാൻ മടിച്ചില്ല.

അന്ന് ടീച്ചർ ഓരോരുത്തരോടും ഭാവിയിൽ ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ചു. ഡോക്ടർ, എഞ്ചിനീയർ, പൈലറ്റ്... എന്നിങ്ങനെ ഓരോരുത്തരും മറുപടി പറഞ്ഞു. അംനുവിന്റെ അവസരം വന്നപ്പോൾ അവൾ പറഞ്ഞു: “എനിക്ക് മാതൃകായോഗ്യയായ, ലോകർക്ക് സേവനം ചെയ്യുന്ന ഒരു വ്യക്തിയാവണം. കഴിയുമെങ്കിൽ ഐഎഎസ് നേടി കളക്ടറാകണം.’’

അവളുടെ മറുപടി കേട്ടതും അടുത്തിരുന്ന പണക്കാരിയായ ഫിദ കളിയാക്കാൻ തുടങ്ങി. ‘മാറ്റിയുടുക്കാൻ നല്ല വസ്ത്രം പോലുമില്ലാത്ത നീയാണോ കളക്ടറാന്നത്, നല്ല കഥ’ അവൾ അംനുവിനോട് ശബ്ദം താഴ്ത്തിപ്പറഞ്ഞു.

മറ്റാരും പ്രകടിപ്പിക്കാത്ത ഈ ആഗ്രഹം കേട്ട് ടീച്ചർ അവളെ അരികിലേക്കു വിളിച്ചു. ടീച്ചർക്കും താൻ പറഞ്ഞത് ഇഷ്ടമായില്ലേ എന്ന ശങ്കയോടെ അവൾ എഴുന്നേറ്റു ചെന്നു. ടീച്ചർ അവളെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു: “അംനു മോളേ, നിന്റെ ആഗ്രഹം പ്രശംസനീയമാണ്. നീ ജീവിതത്തിൽ വിജയിക്കും, വിജയിക്കണം.’’ ആ വാക്കുകൾ അവൾക്ക് അതിരില്ലാത്ത ആശ്വാസം നൽകി.

അന്നു രാത്രി അവൾ ഉമ്മയോടു ചോദിച്ചു: “ഉമ്മാ, എന്നാണ് നമ്മുടെ വിഷമങ്ങൾ അവസാനിക്കുക?’’ ഉമ്മ സങ്കടം കലർന്ന ചെറുപുഞ്ചിരിയോടെ പറഞ്ഞു: “അതിനൊന്നും ഇവിടെ ഒരു അവസാനവും ഇല്ലായിരിക്കും മോളേ, പരലോകത്തെ സമാധാനത്തിലാണ് പ്രതീക്ഷ.’’

ഉമ്മാന്റെ വാക്കുകൾ അവളെ കരയിക്കുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്തു. പടച്ചവനിലുള്ള ഉറച്ച വിശ്വാസവും പ്രാർഥനയും തനിക്ക് രക്ഷയുടെ മാർഗം തുറന്നുതരുമെന്ന് അവൾ പ്രതീക്ഷിച്ചു. അത് അവൾക്ക് കൂടുതൽ കരുത്തു പകർന്നു. പഠനത്തിൽ മികവു പുലർത്താൻ കഠിനമായി പ്രയത്‌നിച്ചു.

കാലചക്രം ആരെയും കാത്തുനിൽക്കാതെ കറങ്ങിക്കൊണ്ടിരുന്നു. അതിനൊപ്പം കുട്ടികൾ വളർന്നു. പത്താം ക്ലാസ്സും പ്ലസ് ടുവും കഴിഞ്ഞു. ഉന്നത പഠനത്തിനായി പണമുള്ളവർ പല നാടുകളിലേക്കും പറന്നു. നല്ല മാർക്കോടെ ജയിച്ചെങ്കിലും വിദ്യനേടാൻ വലിയ പണച്ചെലവുള്ള ഇക്കാലത്ത് തന്റെ സ്വപ്നങ്ങൾ വാടിക്കൊഴിയുമോ എന്ന് അംന ഭയന്നു. ആരുടെയും സഹായം തേടി അവൾ പോയില്ല. പ്ലസ് ടുവിന് ഉന്നത മാർക്കു കിട്ടിയതിന് ചില സമ്മാനങ്ങളൊക്കെ പല സംഘടനകളിൽനിന്നായി കിട്ടി എന്നല്ലാതെ അവസ്ഥ കണ്ടറിഞ്ഞ് സഹായിക്കാൻ ആരുമുണ്ടായില്ല.

(തുടരും)